2016 ജൂൺ 16നാണ് ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ എം.പി ജോ കോക്സ് യോർക്ഷെയറിലെ ബിസ്റ്റാൽ ലൈബ്രറിക്കു മുന്നിൽ വെടിയേറ്റു മരിച്ചത്^ യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ പിന്മാറുന്നത് (ബ്രെക്സിറ്റ്) സംബന്ധിച്ച ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കെ. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽതന്നെ തുടരണമെന്ന് വാദിച്ച ലേബർ പാർട്ടിയുടെ പ്രധാന പ്രചാരകയായിരുന്നു ജോ കോക്സ്. ബ്രെക്സിറ്റ് അനുകൂലികളായ ‘ബ്രിട്ടൻ ഫസ്റ്റ്’ എന്ന തീവ്രവലതുപക്ഷ പാർട്ടിയുടെ പ്രവർത്തകൻ തോമസ് മേർ ആണ് ആ 41കാരിക്കുനേരെ വെടിയുതിർത്തത്. ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ സംരക്ഷിക്കണമെന്ന് തുറന്നുപറഞ്ഞതായിരുന്നു കോക്സ് ചെയ്ത ‘കുറ്റം’. ഒരാഴ്ച കഴിഞ്ഞ് ബ്രെക്സിറ്റ് ഹിതപരിശോധന നടന്നു; പ്രതീക്ഷിച്ചതുപോലെ രാജ്യത്തെ കുടിയേറ്റ വിരുദ്ധർക്കും തീവ്രദേശീയവാദികൾക്കും അനുകൂലമായ വിധിയെഴുത്താണുണ്ടായത്. രണ്ട് പ്രമുഖ പാർട്ടികൾ എതിർത്തിട്ടും യൂറോപ്യൻ യൂനിയനിൽനിന്ന് പിൻവാങ്ങണെമന്ന് 52 ശതമാനം പേരും അഭിപ്രായപ്പെട്ടു. ‘രാജ്യാതിർത്തികളില്ലാത്ത ലോക’മെന്ന സ്വപ്നം നെഞ്ചിലേറ്റിയ യൂറോപ്യൻ യൂനിയൻ രാഷ്ട്രങ്ങൾ എത്രമാത്രം സങ്കുചിതമായെന്നതിെൻറ സൂചനയായി ബ്രെക്സിറ്റ്.
ബ്രെക്സിറ്റ് ഫലത്തെ ‘ഭൂകമ്പം’ എന്നു വിശേഷിപ്പിച്ചവരുണ്ട്. ഒരു രാജ്യത്തെ നൂറ്റാണ്ടുകേളാളം പിന്നോട്ടുതള്ളാൻ പോന്നതാണിതെന്ന് അന്നേ മുന്നറിയിപ്പ് നൽകിയവരുമുണ്ട്. ബ്രിട്ടൻ രാഷ്ട്രീയമായും സാമ്പത്തികമായും മേഖലയിൽ ഒറ്റപ്പെടുമെന്ന് ഉറപ്പായിരുന്നു. അതിെൻറ സൂചനകൾ തുടക്കം മുതലേ ലഭിച്ചതിനാലാകാം, യൂറോപ്യൻ യൂനിയനുമായി അനുരഞ്ജനത്തിലൂടെ ‘മൃദു ബ്രെക്സിറ്റ്’ മതിയെന്ന് പ്രധാനമന്ത്രി തെരേസ മേയ് തീരുമാനിച്ചത്. സാേങ്കതികമായി യൂനിയനിൽനിന്ന് പുറത്തുപോവുകയും നിലവിലുള്ള ബന്ധങ്ങൾ പരമാവധി നിലനിർത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്. ബ്രിട്ടെൻറ നിലനിൽപിന് അത് ആവശ്യവുമായിരുന്നു. എന്നാൽ, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ ബ്രെക്സിറ്റ് അനുകൂലികൾ ഇതിനെ എതിർത്തു. അവരെ അവഗണിച്ച് മേയ് മുന്നോട്ടുപോകാൻ ഒരുങ്ങിയപ്പോഴാണ് പാർട്ടിയെയും സർക്കാറിനെയും പ്രതിസന്ധിയിലാഴ്ത്തി മൂന്ന് മന്ത്രിമാർ രാജിവെച്ചത്. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ, ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്, അദ്ദേഹത്തിെൻറ സഹമന്ത്രി എന്നിവരാണ് പ്രതിഷേധസ്വരം മുഴക്കിയിരിക്കുന്നത്. തീർത്തും ‘സ്വതന്ത്ര’മായ ബ്രിട്ടൻ എന്ന ആശയത്തിലൂന്നിയ ബ്രെക്സിറ്റ് വാദമാണ് ബോറിസ് ജോൺസണും കൂട്ടർക്കുമുള്ളത്. പാർട്ടിയുടെ 316 എം.പിമാരിൽ 48 പേർ ഇവർക്കൊപ്പമുണ്ട്. ചെറു കക്ഷികളുടെ സഹായത്തോടെ ഭരണം മുന്നോട്ടുനീക്കുന്ന തെരേസ മേയെ അട്ടിമറിച്ച്, രണ്ടു വർഷം മുമ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട പ്രധാനമന്ത്രിപദം പിടിച്ചെടുക്കുകയാണ് ബോറിസിെൻറ ലക്ഷ്യമെന്ന് നിരീക്ഷിക്കുന്നവരേറെയാണ്. ഏതായാലും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ വിഷയത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.
മറ്റു യൂറോപ്യൻ രാജ്യങ്ങളിലെന്നപോലെ 90കളിൽ ‘നവനാസിസ’ത്തിെൻറ വേരുകൾ ബ്രിട്ടനെയും പിടികൂടിയിരുന്നു. യൂറോപ്യൻ യൂനിയൻ രൂപംകൊണ്ട 1993ൽതന്നെയാണ് യു.കെ ഇൻഡിപെൻഡൻസ് പാർട്ടി (യു.കെ.െഎ.പി) എന്ന തീവ്രവലതുപക്ഷ പ്രസ്ഥാനം ബ്രിട്ടനിൽ നിലവിൽവന്നത്. ബ്രിട്ടീഷ് യൂനിയനിസവും വംശീയതയിലധിഷ്ഠിതമായ കുടിയേറ്റ വിരുദ്ധതയും മുഖമുദ്രയാക്കിയ യു.കെ.െഎ.പിക്കും സമാന സംഘടനകൾക്കും മുഖ്യധാരയിൽ ഇടം ലഭിച്ചതോടെയാണ് ബ്രിട്ടെൻറ രാഷ്ട്രീയ സമീപനങ്ങളിൽ മാറ്റം പ്രകടമാകുന്നത്. 2015െല െപാതുതെരഞ്ഞെടുപ്പിൽ ഒരു സീറ്റുമാത്രം ലഭിച്ച യു.കെ.െഎ.പിയാണ് തൊട്ടടുത്ത വർഷം നടന്ന ബ്രെക്സിറ്റ് കാമ്പയിെൻറ മുഖ്യ പ്രചാരകരായതെന്നോർക്കണം. ഇവർക്കൊപ്പം ബോറിസ് ജോൺസെൻറ നേതൃത്വത്തിലുള്ള ഒരു വിഭാഗം കൺസർവേറ്റീവുകളും ചേർന്നാണ് ബ്രെക്സിറ്റ് ഫലം അവർക്ക് അനുകൂലമാക്കിയത്. യൂറോപ്യൻ യൂനിയൻ യാഥാർഥ്യമായതോടെ ബ്രിട്ടനിലേക്ക് കുടിയേറ്റം വർധിച്ചതുകാരണം തങ്ങൾക്ക് സ്വസ്ഥത നഷ്ടപ്പെട്ടുവെന്നാണ് ബ്രെക്സിറ്റ് അനുകൂലികളുടെ വാദം. ബ്രിട്ടീഷ് ജനതക്കുണ്ടായ തൊഴിൽ നഷ്ടം, മേഖലയിലെ തീവ്രവാദി ആക്രമണം തുടങ്ങിയ ‘ഉദാഹരണ’ങ്ങളും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, കുടിയേറ്റം ബ്രിട്ടനുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ച് അവർ മിണ്ടില്ല.
ഇൗ നേട്ടങ്ങളെയെല്ലാം അവഗണിച്ചുള്ള നീക്കത്തിെൻറ പരിണിത ഫലങ്ങൾ കഴിഞ്ഞ രണ്ടുവർഷമായി ബ്രിട്ടൻ അനുഭവിക്കുന്നുണ്ട്. ഹിതപരിശോധന ഫലം പുറത്തുവന്ന് രണ്ടുദിവസത്തിനുള്ളിൽ രാജ്യത്തിെൻറ പണപ്പെരുപ്പം 1.67 ശതമാനം വർധിച്ചു. രണ്ടു വർഷത്തിനിടെ ആഭ്യന്തരോൽപാദനത്തിൽ 2.5 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. 23 ബില്യൺ പൗണ്ടിെൻറ നഷ്ടം ഇതിലൂടെ സംഭവിച്ചു. ബ്രെക്സിറ്റ് നടപടികൾ പൂർണമാകുന്നതോടെ യൂനിയനിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള 148 കരാറുകളിൽനിന്ന് ബ്രിട്ടൻ പുറത്താകും. ഇതോടെ വ്യാപാരം, ഗവേഷണം തുടങ്ങി ഒേട്ടറെ മേഖലകളിൽ അടിസ്ഥാന ആവശ്യങ്ങൾക്കുപോലും വേറെ വഴി തേടേണ്ടി വരും. കൃത്യമായ ബദൽ മുന്നോട്ടുവെക്കാൻ കൺസർവേറ്റീവ് പാർട്ടിക്ക് ഇനിയും സാധിച്ചിട്ടുമില്ല. ഇൗ സാഹചര്യത്തിൽ തെരേസ മേയ് നടത്തിയ അനുരഞ്ജന ചർച്ചകൾക്ക് സ്വീകാര്യത ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ‘മൃദു ബ്രെക്സിറ്റി’നെ അംഗീകരിക്കാനാവില്ലെന്ന ബോറിസിെൻറ പിടിവാശി പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചുവെന്ന് മാത്രമല്ല, അത് തെരേസ മേയ്ക്കുനേരെയുള്ള രാഷ്ട്രീയ ആയുധം കൂടിയായി. ഇൗ രാഷ്്ട്രീയ പോരാട്ടത്തിൽ ബോറിസ് പിടിമുറുക്കിയാൽ അത് ബ്രിട്ടനെ വലിയൊരു അപകടത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.