പശുവിെൻറ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന പൈശാചികതക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നു. പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിെൻറ മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി സമ്മേളനത്തിലാണ് ഇൗ കാടത്തത്തിനെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടത്. തുടർന്ന് സമൂഹമാധ്യമമായ ട്വിറ്ററിലും അദ്ദേഹം ഇൗ സന്ദേശം കുറിച്ചു. പശുവിെൻറയും കാലികളുടെയും പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നത് ലോകത്തിനു മുന്നിൽ രാജ്യത്തിെൻറ പ്രതിച്ഛായ തകർക്കുമെന്ന് അദ്ദേഹം കുണ്ഠിതപ്പെടുന്നുണ്ട്. ജനങ്ങൾക്കു നല്ല നാൾ നേർന്ന് എല്ലാവരെയും കൂടെനിർത്തി എല്ലാവരുടെയും വികസനത്തിന് പ്രതിജ്ഞയുറക്കെ ചൊല്ലി ഭരണത്തിലേറിയ പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പശുഭീകരതക്കെതിരെ സംസാരിക്കേണ്ടിവരുന്നത്. കഴിഞ്ഞ രണ്ടു തവണ പ്രസ്താവനകളിറക്കിയിട്ടും തല്ലിക്കൊലകൾക്ക് വട്ടംകൂട്ടുന്ന സംഘ്പരിവാറിലെ സ്വന്തം അണികളെ പ്രധാനമന്ത്രിക്ക് നിയന്ത്രിക്കാനായില്ല. എന്നാൽ, വ്യക്തമായ ഹിന്ദുത്വവർഗീയ അജണ്ടയുടെ പേരിൽ മനുഷ്യരെ മതവും ജാതിയും തിരിച്ച് തല്ലിക്കൊല്ലുന്ന ഭീകരതയെ വെറും ക്രമസമാധാനപ്രശ്നമായി അവതരിപ്പിച്ച് നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്കുമേൽ വെച്ചുകെട്ടുകയാണ് പ്രധാനമന്ത്രി. തെരുവുപട്ടികൾക്കുപോലും കേന്ദ്രം സുരക്ഷ ഉറപ്പിക്കുേമ്പാൾ ആക്രമികളുടെ കൈക്കുപിടിക്കുന്നതിനു പകരം പൊന്തയിൽ തല്ലി അവരെ രക്ഷപ്പെടാൻ വിടുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇൗ തല്ലിക്കൊലകൾക്കു പിന്നിൽ ഏതോ ആൾക്കൂട്ടമാണെന്നു വരുത്തിത്തീർക്കുന്നത് ഇന്ത്യയിലെ സാധാരണ പൗരസഞ്ചയത്തെ അപമാനിക്കുന്ന നടപടിയാണ്. ഗോരക്ഷ എന്ന ഹിന്ദുത്വ അജണ്ട ഏറ്റെടുത്ത സംഘ്പരിവാറിെൻറ പല പേരിലുള്ള കാവിക്കൂട്ടങ്ങളാണ് ഇൗ അറുകൊലകളുടെ പിന്നിലുള്ളത്. വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ഇൗ സംഘങ്ങൾക്ക് െഎ.ഡി കാർഡും ഫേസ്ബുക് പേജുമുണ്ട്. ആരെങ്കിലും പശുവിനെ ദ്രോഹിക്കുന്നതു കണ്ടാൽ വിളിച്ചറിയിക്കാനുള്ള നമ്പറുകൾ സഹിതമുള്ള ബിസിനസ് കാർഡുകൾ അവർ വിതരണം ചെയ്യുന്നുവെന്ന് ദേശീയമാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒാരോ കൊലയും അതിക്രമവും തത്സമയം വിഡിയോയിൽ പകർത്തി യു ട്യൂബിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്ത് അതിന് പ്രചാരം നൽകുന്നു. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിെൻറയും പൊലീസ് അധികാരികളുടെയുമൊെക്ക അറിവോടെയും ഒത്താശയോടെയുമാണ് ഇതെല്ലാം നടക്കുന്നത്. ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ കൊന്ന കേസിൽ കുറ്റാരോപിതൻ പ്രാദേശിക ബി.ജെ.പി നേതാവിെൻറ മകനാണ്. കേന്ദ്രമന്ത്രി മഹേഷ് ശർമയുടെ സ്വന്തക്കാരൻ. അവിടെ പിടിയിലായവരുടെ വീടുകൾ സന്ദർശിച്ച് സമാശ്വസിപ്പിക്കാനും തടവിൽ മരിച്ച കുറ്റവാളിയെ ദേശീയപതാക പുതപ്പിച്ച് ആദരിക്കാനും ഇൗ മന്ത്രിയും എം.എൽ.എ സംഗീത് സോമും ഒാടിയെത്തി.
ഝാർഖണ്ഡിൽ രണ്ടു മുസ്ലിം കാലിവ്യാപാരികളെ കൊന്നു കെട്ടിത്തൂക്കിയ കേസിൽ പിടിയിലായത് ഗോ ക്രാന്തി മഞ്ചിെൻറ നേതാവാണ്. ഗുഡ്ഗാവ് ഗോരക്ഷാ ദളിലെ ആളുകളാണ് രണ്ടു മുസ്ലിം വ്യാപാരികളെ ചാണകം തീറ്റിച്ചത്. രാജസ്ഥാനിലെ പ്രതാപ്ഗഢിൽ ഗോ രക്ഷാസമിതിയുടെയും ബജ്റംഗ്ദളിെൻറയും പ്രവർത്തകരാണ് അതിക്രമം നടത്തിയത്. ആക്രമികളെ അറസ്റ്റ് ചെയ്തപ്പോൾ ഗോ രക്ഷാദൾ ദേശീയ പ്രസിഡൻറ് സാധ്വി കമൽദീദി നാഷനൽ ഹൈവേയിൽ ഉപരോധസമരം നയിച്ചു. ആൽവാറിൽ പഹലുഖാനെ അടിച്ചുകൊന്ന് വിഡിയോയിൽ പ്രചാരണത്തിനിട്ടതും ഇതേ പശു ഭീകരസംഘം തന്നെ. ഗുജറാത്തിലെ ഉനയിൽ ചത്ത പശുവിെൻറ തൊലിയുരിച്ചെന്നു പറഞ്ഞ് ദലിതർക്കുനേരെ ആക്രമണമഴിച്ചുവിട്ടത് ശിവസേനയുടെയും ഗോരക്ഷ സംഘത്തിെൻറയും ജില്ല നേതാവിെൻറ നേതൃത്വത്തിലായിരുന്നു. ഇങ്ങനെ സ്വന്തം പരിവാറിൽനിന്ന് ഉടലെടുത്തു രാജ്യമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ മുസ്ലിം വിദ്വേഷവും അക്രമവും പടർത്തുകയും ചെയ്യുന്ന അണികളെ കൈകാര്യം ചെയ്യാൻ പ്രധാനമന്ത്രിയും പാർട്ടിയും സന്നദ്ധമാകുമോ? ഇവർക്കെതിരെ മുഖം നോക്കാതെ സ്വതന്ത്രമായി നീങ്ങാൻ സംസ്ഥാന ഭരണകൂടങ്ങളെ ശട്ടം കെട്ടുമോ? അതോ പശ്ചിമ ബംഗാളിലെപോലെ ഗവർണറെ വിട്ടു വിരട്ടുമോ?
ആക്രമിസംഘങ്ങൾ ഒാരോന്നും സമൂഹമാധ്യമങ്ങളിലൂടെ സംഘടനകളുടെ തലക്കെട്ടിൽ തന്നെ പ്രചരിപ്പിക്കുേമ്പാഴും ഇത്തരത്തിലുള്ള കേസുകളൊന്നും കേന്ദ്രം അറിഞ്ഞില്ലെന്ന മട്ടാണ്. ദേശീയതലത്തിൽ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ സമാഹരിക്കുന്ന നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കൈയിലോ മനുഷ്യാവകാശ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദേശീയ മനുഷ്യാവകാശ കമീഷെൻറയോ കൈയിൽപോലും തല്ലിക്കൊലകളുടെ കണക്കില്ല. 2015 ഡിസംബറിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലമെൻറിൽ ഉന്നയിച്ച ചോദ്യത്തിന് ഇങ്ങനെയൊരു വേറിട്ട കണക്ക് കേന്ദ്രത്തിെൻറ പക്കൽ ഇല്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മറുപടി. പശു ഭീകരരുടെ തല്ലിക്കൊലകൾ ഒാരോന്നും അതതിടത്തെ ഒറ്റപ്പെട്ട കൊലപാതക കേസുകളോ സംഘർഷങ്ങളോ ആയി സംസ്ഥാന പൊലീസ് കൈകാര്യം ചെയ്തുകൊള്ളുമെന്നാണ് കേന്ദ്ര ഭരണകൂടത്തിെൻറ മട്ട്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 20 സംഭവങ്ങളിലായി 32 പേരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ കാലയളവിൽ പ്രതിമാസം ഇത്തരത്തിൽ നാലു അതിക്രമങ്ങൾ വീതം നടന്നെന്നാണ് കണക്ക്.
ഇതൊക്കെയായിട്ടും അനാചാരപ്പേരിൽ കാട്ടുജാതിക്കാരും പ്രാകൃത ഗോത്രവർഗങ്ങളും നടത്തിവന്ന ഇൗ നരനായാട്ടിനെ വെറും ക്രമസമാധാനപ്രശ്നമായി ഒതുക്കുകയാണ് കേന്ദ്രഭരണകൂടം. കാട്ടാളത്തം വാഴുേമ്പാൾ അതിനെ വരിഞ്ഞുകെട്ടാൻ കർക്കശമായ നിയമനിർമാണം ഇൗ ഗുണ്ടസംഘങ്ങളുടെ തല്ലിക്കൊലകൾക്കെതിരെ വേണമെന്ന് ഇതിനകം മുറവിളി ഉയർന്നു കഴിഞ്ഞിട്ടുണ്ട്. പശുഭീകരതക്കെതിരെ ‘എെൻറ പേരിലല്ല’ എന്ന തലക്കെട്ടിൽ ആഗോളവ്യാപകമായി പ്രക്ഷോഭത്തിനിറങ്ങിയ സാമൂഹികപ്രവർത്തകർ രാജ്യത്തെ മനുഷ്യരുടെ രക്ഷക്കായി ‘മാനവ സുരക്ഷാ കാനൂൻ’ എന്ന പുതിയൊരു നിയമത്തിെൻറ കരട് ചർച്ചക്കായി സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ലോകസമക്ഷം നാണംകെടുത്തരുതെന്ന് നിർബന്ധമുണ്ടെങ്കിൽ പൊന്തയിൽ തല്ലുകയല്ല, വാളും കുന്തവുമായി പട്ടാപ്പകൽ ആൾക്കൂട്ടത്തിൽ അഴിഞ്ഞാടുന്നവരെ കൈക്കു പിടിക്കാൻ ആർജവം കാണിക്കുകയാണ് വേണ്ടത്. സ്വന്തം പരിവാറിലുള്ളവരെ നിലക്കു നിർത്താനാവാത്ത പ്രധാനമന്ത്രിക്കും പാർട്ടിക്കും പിന്നെ രാജ്യത്തെ എങ്ങനെ നേരാംവണ്ണം നയിക്കാനാകും?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.