നാമോരോരുത്തരും യുദ്ധത്തിന്റെ ഇരകളാണ്

ഫലസ്തീനിലും യുക്രെയ്നിലും സുഡാനിലും വീഴുന്ന ബോംബുകൾ അവിടത്തുകാരെ മാത്രമേ ബാധിക്കൂ എന്ന നിസ്സംഗതയിൽ ആശ്വാസം കണ്ടെത്തുന്ന ഭൂനിവാസികളുടെ ഉറക്കം കെടുത്താൻ പോന്ന സന്ദേശമാണ് കാലാവസ്ഥ നൽകുന്നത്. ഇങ്ങ് കേരളത്തിൽ കാലാവസ്ഥ തകിടം മറിഞ്ഞത് അനുഭവം കൊണ്ട് അറിയാത്തവരില്ല. ഉത്തരേന്ത്യയിൽ ഭൂമി തിളക്കുകയാണ്; ഗൾഫ് നാടുകൾ വെന്തുരുകുന്നു.

പലയിടത്തും കൊടുങ്കാറ്റും പ്രളയവും നാശം വിതക്കുന്നു. ഈ മാസം പരിസ്ഥിതി ദിനത്തിനുവന്ന കണക്കനുസരിച്ച്, ഭൂമിയുടെ ചരിത്രത്തിൽ രേഖപ്പെട്ടിട്ടില്ലാത്ത കൊടും ചൂടാണ് തുടർച്ചയായി കഴിഞ്ഞ 12 മാസങ്ങളിൽ അനുഭവിച്ചത്; ഓരോ മാസവും കാലാവസ്ഥാ കെടുതിയുടെ പുതിയ റെക്കോഡുകൾ സ്ഥാപിക്കപ്പെടുന്നു. എന്നിട്ടും ഏറ്റവും കൂടുതൽ കാലാവസ്ഥക്ക് ദോഷം വരുത്തുന്ന യുദ്ധം നമ്മുടെ കാലാവസ്ഥാ ചർച്ചകളിൽ വിഷയമാകുന്നില്ല. എന്നാൽ സത്യമെന്താണ്? യുദ്ധം ‘അവരുടെ’ മാത്രം പ്രശ്നവും കാലാവസ്ഥ ‘നമ്മുടെ’ കൂടി പ്രശ്നവുമെന്ന് തീരുമാനിക്കാനാവാത്തവിധം രണ്ടും പരസ്പരബന്ധിതമാണ്.

കാലാവസ്ഥാ പ്രതിസന്ധി സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും കാരണമാകുമെന്നത് ഒരു സംഭവ്യതയാണെങ്കിൽ, യുദ്ധം കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാക്കുമെന്നത് സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണ്. 2023 മേയ് 15 മുതൽ 2024 മേയ് 15 വരെയുള്ള 12 മാസം മനുഷ്യരുണ്ടാക്കിയ മലിനീകരണം അത്യാപത്കരമാംവിധം അന്തരീക്ഷതാപം കുത്തനെ ഉയർത്തിക്കൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടും ഈയിടെ വന്നു. ഇതിൽ വലിയൊരു ഭാഗം യുദ്ധജന്യമായ മലിനീകരണമാണെന്നുറപ്പ്. അതായത്, ഏതാനും ചില രാജ്യങ്ങൾ ചെയ്യുന്ന യുദ്ധത്തിന് വിലയൊടുക്കുന്നത് എല്ലാ രാജ്യങ്ങളുമാണ്. ഗസ്സയിൽ തുണ്ടംതുണ്ടമാകുന്ന കുരുന്നുകളെ നോക്കി യുദ്ധത്തിന്റെ ഇരകളെന്ന് ഒരുവട്ടം പറഞ്ഞ് നിഷ്ക്രിയത്വത്തിലേക്ക് തിരിയുന്ന ഭാഗ്യവാന്മാർ അറിയണം, അവിടെ മനുഷ്യർ തൽക്ഷണം കൊല്ലപ്പെടുകയാണെങ്കിൽ മറ്റിടങ്ങളിൽ ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്നുണ്ടെന്ന്.

ഗസ്സയിൽ അഭയാർഥി ക്യാമ്പിൽ വരെ ബോംബിടുന്ന ഇസ്രായേൽ മിനിറ്റിൽ ഒന്ന് എന്ന തോതിലാണ് നുസൈറാത്തിൽ നാശം വർഷിച്ചത്. രക്ഷാപ്രവർത്തനത്തിനെന്നു പറഞ്ഞ് അമേരിക്ക നിർമിച്ച കടൽപാലത്തിലൂടെ കടത്തിയ അമേരിക്കൻ ആയുധങ്ങളും ഉപയോഗിച്ചതായാണ് വാർത്ത. യുദ്ധമില്ലാതെതന്നെ ഭൂമിയെ ഏറ്റവും കൂടുതൽ മലിനീകരിക്കുന്ന അമേരിക്ക അവിടത്തെ ആയുധവ്യവസായികൾക്കുകൂടി വിട്ടുകൊടുത്ത് ഭൂമിയെ പൂർണനാശത്തിലേക്ക് നയിക്കുമ്പോൾ ആഗോള വംശനാശം തന്നെയാണ് സംഭവിക്കുന്നത്.

അമേരിക്ക മാത്രമല്ല, യുദ്ധം ശീലമാക്കിയ മറ്റനേകം രാജ്യങ്ങളും ഇതിൽ കുറ്റവാളികളാണ്. യുദ്ധത്തെപ്പറ്റി വേവലാതിപ്പെടാതെ വാഹനപ്പുകയെപ്പറ്റിയും എ.സി മാലിന്യത്തെപ്പറ്റിയും മാത്രം പറഞ്ഞ് കാലാവസ്ഥാ ഉടമ്പടികളിറക്കുന്ന ലോകം മഹാവിനാശത്തിന്റെ ഈ വക്കിലെങ്കിലും ആയുധങ്ങൾ അവ വീഴുന്ന ദേശങ്ങളിലെ മനുഷ്യരെ മാത്രമല്ല ഇല്ലാതാക്കുന്നതെന്ന് തിരിച്ചറിയണം. സാധാരണ യാത്രക്കാരന്റെ വാഹനപ്പുക മലിനീകരണം ചൂണ്ടി കുറ്റപ്പെടുത്തുന്നവർ സൈന്യങ്ങൾ പ്രതിനിമിഷം വിസർജിക്കുന്ന ഫോസിൽ മാലിന്യം കാണണം-ആഗോള മാലിന്യ വികിരണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, ഗണ്യമായ വിഹിതവുമായി യു.എസ് മിലിറ്ററി 47ാം സ്ഥാനത്തുണ്ട്. ‘പരിഷ്‍കൃത’ യുദ്ധം വന്യജീവനും ജൈവവൈവിധ്യവുമൊന്നും ബാക്കിവെക്കുന്നില്ല. ഉപയോഗയോഗ്യമല്ലാതായ ജലവും മണ്ണും വായുവുമൊക്കെയാണ് യുദ്ധത്തിന്റെ യഥാർഥ നേട്ടം. വനനാശം, വസ്തുനാശം എന്നിവ വേറെയും. ഗസ്സയിൽ മാത്രം, ഇപ്പോഴത്തെ യുദ്ധത്തിന്റെ ആദ്യത്തെ നാലുമാസത്തിനുള്ളിൽ രണ്ടുലക്ഷം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു. പിന്നീടും നാശം തുടരുകയാണ്.

പാരിസ് കാലാവസ്ഥാ ഉടമ്പടിയിലും പിന്നീടും മലിനീകരണത്തിന്റെ പരിധി വിവിധ രാജ്യങ്ങൾ ഏറ്റെടുത്തു. എന്നാൽ, അതിനുശേഷവും അവർ യുദ്ധത്തിലൂടെ വൻതോതിൽ മാലിന്യം സൃഷ്ടി​ച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധജന്യ കാർബൺ നിർഗമനം 43 കോടി ടൺ എന്നതാണ് അപ്രഖ്യാപിത കണക്ക്. യഥാർഥ കണക്ക് പുറത്തുവിടുന്നില്ല; അത് ഇപ്പറഞ്ഞ ഊഹക്കണക്കിനേക്കാൾ കൂടുമെന്ന് നിരീക്ഷകർ പറയുന്നു. യഥാർഥ കണക്ക് ലഭ്യമാകാതിരിക്കാൻ കാരണം, രാജ്യാന്തര ഉടമ്പടി ഈ രഹസ്യാത്മകത അനുവദിക്കുന്നു എന്നതാണ്. 1997ൽ ക്യോട്ടോ പ്രോട്ടോകോൾ ഒപ്പുവെക്കു​മ്പോഴേ ഉണ്ടാക്കിയ ധാരണ, ഓരോ രാജ്യവും സൃഷ്ടിക്കുന്ന മലിനീകരണത്തിന്റെ കണക്ക് നൽകുമ്പോൾ സൈനിക പ്രവർത്തനത്തിലൂടെയുള്ള മാലിന്യക്കണക്ക് ഉൾപ്പെടുത്തേണ്ടതില്ല എന്നായിരുന്നു. ഏറ്റവും കൂടുതൽ മാലിന്യമുൽപാദിപ്പിക്കുന്ന യുദ്ധവ്യവസായം കാലാവസ്ഥാ ഓഡിറ്റിന് പുറത്താണ് എന്നർഥം.

ഭയാനകമാണ് ഈ സ്ഥിതി. കൺമുന്നിൽ ലോകം നശിപ്പിക്കപ്പെടുമ്പോഴും വസ്തുത ആരുമറിയുന്നില്ല. യഥാർഥ കണക്ക് വന്നാൽ ലോകം മനസ്സിലാക്കും, യുദ്ധത്തിന്റെ ഇരകൾ കൊല്ലപ്പെടുന്നവർ മാത്രമല്ല, നമ്മിലോരോരുത്തരുമാണെന്ന്; പ്രത്യാഘാതത്തിൽനിന്ന് യുദ്ധമുതലാളിമാരും ഒഴിവാകില്ലെന്ന്. നിശ്ചയിക്കപ്പെട്ട രണ്ടര ഡിഗ്രി സെൽഷ്യസ് എന്ന അധികപരിധി യുദ്ധങ്ങൾ വഴി ലംഘിക്കപ്പെടുകയാണ്. ആഗോള ഉൽപാദനവും ഉപഭോഗവും കുത്തനെ ഇടിയുന്നതോടെ മുതലാളിമാർക്കും രക്ഷയില്ലാതാകുമെന്ന് ഹാർവഡ് സാമ്പത്തിക വിദഗ്ധരുടെ ഒരു പഠനം പറയുന്നു. യുദ്ധം ഇല്ലാതാകേണ്ടത് എല്ലാവരുടെയും അടിയന്തരാവശ്യമായിരിക്കുന്നു.

Tags:    
News Summary - Each of us is a victim of war climate change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.