യാഥാർഥ്യബോധത്തിന്​ എത്ര വിഹിതം?




വരാനിരിക്കുന്ന കാൽനൂറ്റാണ്ടു കാലത്തേക്കുള്ള വികസനരേഖ എന്ന ആമുഖത്തോടെയാണ്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്‍റിൽ വാർഷിക ബജറ്റ്​ അവതരിപ്പിച്ചത്​. എന്നാൽ, അത്തരമൊരു സ്വപ്നത്തിലേക്ക്​ കുതിക്കാൻതക്ക യാതൊരു പ്രഖ്യാപനവും നിർമലയുടെ ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിലൊരിടത്തും കേൾക്കാനായില്ല എന്നതാണ്​ ​ബജറ്റാനന്തരം നടന്ന വിവിധ ചർച്ചകളിൽനിന്നു മനസ്സിലാവുന്നത്​. പ്രതിപക്ഷവും ഒന്നടങ്കം ഇക്കാര്യം ശരിവെക്കുന്നുണ്ട്​. 'അച്ഛേ ദിൻ' എന്ന വാഗ്ദാനവുമായി ഭരണത്തിലേറിയ മോദി സർക്കാർ, ആ സ്വപ്നനേട്ടങ്ങളിലെത്താൻ രാജ്യം ഇനിയും ചുരുങ്ങിയത്​ 25 വർഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന ധ്വനിയും ബജറ്റ്​ പ്രസംഗത്തിന്‍റെ ആമുഖത്തിൽനിന്ന്​ വായിച്ചെടുക്കാം. അതെന്തായാലും, പുതിയ സാമ്പത്തികവർഷ​ത്തേക്കുള്ള ബജറ്റ്​ മുൻ ബജറ്റുകളുടെ ആവർത്തനമല്ലാതെ മറ്റൊന്നുമല്ലെന്ന്​ തീർത്തുപറയാനാകും. സാധാരണക്കാരും കർഷകരും യുവാക്കളുമെല്ലാം ഏറക്കുറെ സമ്പൂർണമായി അവഗണിക്കപ്പെട്ടിരിക്കുന്നു. അ​​വ​​ശേ​​ഷി​​ക്കു​​ന്ന പൊ​​തു​​മേ​​ഖ​​ല സ്​​​ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​കൂ​​ടി ഓ​​ഹ​​രി വി​​റ്റ​​ഴി​​ക്കു​​ക, സാ​​ധാ​​ര​​ണ​​ക്കാ​​ര​​​നു​​മേ​​ൽ പ​​ല​​രൂ​​പ​​ത്തി​​ൽ സാ​​മ്പ​​ത്തി​​ക​ഭാ​​രം അ​​ടി​േ​​ച്ച​​ൽ​​പി​​ക്കു​​ക തു​​ട​​ങ്ങി​​യ പ​​തി​​വുപ​​രി​​പാ​​ടി​​ക​​ൾ ഇക്കുറിയും മാറ്റമില്ലാതെ തുടരുന്നു; മ​​റു​​വ​​ശ​​ത്ത്, കോ​​ർ​​പ​​റേ​​റ്റ്​ സേ​​വ​​യു​​ടെ പ​​ഴ​​യ വീ​​ഞ്ഞും യ​​ഥേ​​ഷ്​​​ടം ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. ഡിജിറ്റൽ കറൻസി കൊണ്ടുവരാനുള്ള തീരുമാനവും ഡിജിറ്റൽ സ്വത്തുക്കൾക്ക്​ സവിശേഷമായ നികുതി ഏർപ്പെടുത്തിയതുമൊക്കെയാണ്​ ബജറ്റിൽ പുതുതായി ഉൾപ്പെടുത്തി എന്നു പറയാവുന്ന കാര്യങ്ങൾ.

കോവിഡ്​ കാലം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളിൽനിന്ന്​ രാജ്യവും ജനതയും മെല്ലെ കരകയറിവരുന്നുവെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിന്‍റെകൂടി പശ്ചാത്തലത്തിലാണല്ലോ പുതിയ ബജറ്റ്​ അവതരണം. കോവിഡിനുമുന്നേയുള്ള സാമ്പത്തികനിലയിലേക്കുതന്നെ രാജ്യം തിരിച്ചെത്തിയിരിക്കുന്നുവെന്ന്​ റിപ്പോർട്ട്​ അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. പുതിയ കാലത്തെ വെല്ലുവിളികളെ ഏറ്റെടുക്കാൻ നമ്മുടെ സമ്പദ്​വ്യവസ്ഥ പര്യാപ്​തമായിരിക്കുന്നുവെന്നതിന്‍റെ പുതിയ കണക്കുകൾക്കൊപ്പം ഇപ്പോഴും പ്രതിസന്ധിയിൽ ഉഴലുന്ന മറ്റു ചില മേഖലകളെക്കൂടി റിപ്പോർട്ടിൽ സവിസ്തരം പരാമർശിക്കുന്നുണ്ട്​. ​തൊഴിൽ, വിദ്യാഭ്യാസ, ടൂറിസം, സേവന മേഖലകളാണ്​ ഇതിൽ പ്രധാനപ്പെട്ടത്​. രാജ്യത്തെ 60 ശതമാനത്തിലധികം വരുന്ന ജനങ്ങൾ അവരുടെ ജീവിതമാർഗം കണ്ടെത്തുന്നത്​ ഈ മേഖലയിലാണ്​. മറ്റൊരർഥത്തിൽ, സാമ്പത്തികനില മെച്ചപ്പെട്ടുവെന്ന്​ പൊതുവിൽ പറയുമ്പോഴും, ആ വളർച്ചയുടെ ഗുണഫലം അടിസ്ഥാന ജനവിഭാഗങ്ങൾക്ക്​ ഇനിയും ലഭ്യമായിട്ടില്ല. ആ യാഥാർഥ്യത്തെ ഒട്ടും മുഖവിലക്കെടുക്കാതെയാണ്​ ബജറ്റ്​ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്​. കഴിഞ്ഞ സാമ്പത്തികവർഷത്തെ ബജറ്റിന്‍റെയും അതിനുമുന്നേ അവതരിപ്പിച്ച കോവിഡ്​ ഉത്തേജന പാക്കേജിന്‍റെയും തനിയാവർത്തനം മാ​ത്രമാണ്​ പുതിയ ബജറ്റ്​. ദേ​​ശീ​​യ​പാ​​ത, തു​​റ​​മു​​ഖം, റെ​​യി​​ൽ ഗ​താ​​ഗ​​തം തു​​ട​​ങ്ങി​​യ​​വ​​യു​​ടെ വി​​ക​​സ​​ന​​മ​​ട​​ക്കം അ​​ടി​​സ്​​​ഥാ​​ന​സൗ​​ക​​ര്യ വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​നും പ​​തി​​വി​​ൽ​​നി​​ന്ന്​ ഭി​​ന്ന​​മാ​​യി വ​​ലി​​യ തു​​ക മാ​​റ്റി​​വെ​​ച്ചതായിരുന്നുവല്ലോ കഴിഞ്ഞവർഷത്തെ ബജറ്റിന്‍റെ പ്രത്യേകത. ഈ പ്രഖ്യാപനങ്ങളത്രയും 'പ്രധാനമന്ത്രി ഗതി ശക്തി മിഷൻ' എന്ന പേരിൽ ആവർത്തിക്കുക മാത്രമാണ്​ ചെയ്തിരിക്കുന്നത്​. ഈ ആവർത്തനങ്ങൾക്കിടയിൽ മുൻ ബജറ്റിലെ നീക്കിയിരിപ്പുകൾ വകമാറ്റുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി, കഴിഞ്ഞവർഷം ആരോഗ്യമേഖലക്ക്​ 64,000 കോടിയും കോവിഡ്​ വാക്സിനേഷന്​ 35,000 കോടിയും നീക്കിവെച്ചിടത്ത്​ ഇക്കുറി വിഹിതം നന്നേ കുറഞ്ഞു. വാക്സിനുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്​ 5000 കോടി മാത്രം!

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കോവിഡ്​ കാലത്ത്​ തുടങ്ങിയതല്ല. അതിനുമുന്നേ നമ്മുടെ സമ്പദ്​വ്യവസ്ഥ പ്രതിസന്ധിയുടെ പടുകുഴിയിലെത്തിയിട്ടുണ്ട്​. ആഗോളതലത്തിൽതന്നെ പൊതുവിൽ പ്രകടമായ മാന്ദ്യത്തോടൊപ്പം, മോദി സർക്കാർ സവിശേഷമായി നടപ്പാക്കിയ നോട്ടുനിരോധനംപോലുള്ള 'സാമ്പത്തിക പരിഷ്​കരണ' പരിപാടികളാണ്​ രാജ്യത്തെ ഈ നിലയിലെത്തിച്ചതെന്ന്​ ആരും സമ്മതിക്കും. തൊഴിൽമേഖലയെയാണ്​ ഈ പ്രതിസന്ധി ഏറ്റവും ആഴത്തിൽ ബാധിച്ചത്​. കഴിഞ്ഞ നാലു​ പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ്​ ഈ രാജ്യത്തെ യുവത്വമിപ്പോൾ അഭിമുഖീകരിക്കുന്നത്​. ആളുകൾക്ക്​ ​തൊഴിൽ നൽകുന്ന പുതിയ പദ്ധതികൾ ആവിഷ്കരിക്കപ്പെടേണ്ടതുണ്ടായിരുന്നു. സാമ്പത്തിക സർവേ റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്​. എന്നാൽ, ആ വക കാര്യങ്ങളൊന്നും ബജറ്റിലില്ല. എന്നല്ല, ഗ്രാമീണമേഖലയിൽ ആളുകളുടെ ദാരിദ്ര്യം അൽപമെങ്കിലും ലഘൂകരിച്ചിരുന്ന തൊഴിലുറപ്പ്​ പദ്ധതികൾക്കായുള്ള വിഹിതംപോലും ഈ ബജറ്റിൽ വെട്ടിയിരിക്കുന്നു. കാർഷിക മേഖലക്കായുള്ള സഹായവും കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾപോലും പരിഗണിക്കപ്പെട്ടില്ലെന്നു ചുരുക്കം. പകരം, ഡിജിറ്റൽ കറൻസിയുടെയും മറ്റും മായികലോകത്തെ അവതരിപ്പിക്കുന്ന തീർത്തും യാഥാർഥ്യബോധമില്ലാത്ത ചെപ്പടിവിദ്യകൾ മാത്രമാണ്​ ഇക്കുറിയും 'നിർമല മാജിക്​' എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്​. ഡിജിറ്റൽ കറൻസികളും 5ജി ലൈസൻസുകളും രാജ്യത്തെ പട്ടിണി മാറ്റില്ലെന്ന്​ ആർക്കാണ്​ അറിയാത്തത്​. ആർക്കുവേണ്ടിയുള്ള ബജറ്റാണിതെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി ചോദിച്ചത്​ വെറുതെയല്ല. ഇതാണ്​ മോദി സർക്കാറിന്‍റെ സാമ്പത്തികാസൂത്രണത്തിന്‍റെ രീതിശാസ്​ത്രമെങ്കിൽ കാൽനൂറ്റാണ്ടിനപ്പുറമുള്ള ഇന്ത്യ ഒട്ടും ആശ്വാസകരമാവില്ല. ​

Tags:    
News Summary - feb 2nd editorial on union budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT