കോവിഡ് മഹാമാരി തീർത്ത ആരോഗ്യ അടിയന്തരാവസ്ഥയിൽനിന്ന് എങ്ങനെ മുക്തി നേടാം എന്ന ആലോചനയിൽനിന്നാണ് രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റ് രൂപംകൊണ്ടിരിക്കുന്നതെന്നു തോന്നുന്നു. പ്രാഥമികമായി ഇതിനെയൊരു ആരോഗ്യ ബജറ്റ് എന്നു വിശേഷിപ്പിക്കാം. കോവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുന്നതോടൊപ്പം, ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും ഇതേ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെയാണ് കെ.എൻ. ബാലഗോപാൽ തെൻറ കന്നി ബജറ്റിൽ ഉൗന്നൽ നൽകിയിരിക്കുന്നത്. ധനമന്ത്രിതന്നെ പറഞ്ഞതുപോലെ, 'എല്ലാത്തിനും മുന്നേ ആരോഗ്യം' എന്നതാണ് ബജറ്റിെൻറ അടിസ്ഥാന സമീപനം.
ജീവിക്കാനുള്ള അവകാശം എന്നതിനു പകരം, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവകാശം എന്ന് പല രാജ്യങ്ങളും തങ്ങളുടെ ഭരണഘടനയിൽ രേഖപ്പെടുത്തിയ ഇക്കാലത്ത് എന്തുകൊണ്ടും ഇൗയൊരു സമീപനം സ്വാഗതംചെയ്യപ്പെടേണ്ടതുതന്നെ. കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ആരോഗ്യ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ 20,000 കോടി രൂപയുടെ പാക്കേജാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടിയും വകയിരുത്തിയിരിക്കുന്നു. ഇതിനുപുറമെ, സൗജന്യ വാക്സിനേഷനും അനുബന്ധ ഉപകരണങ്ങൾക്കുമായി 1500 കോടി രൂപയും, കോവിഡിെൻറ മൂന്നാം തരംഗത്തെ മുന്നിൽകണ്ട് ചികിത്സാലയങ്ങളുടെ വികസനത്തിനായി 700 കോടിയിലധികവും നീക്കിവെച്ചിട്ടുണ്ട്. കോവിഡിെൻറ മൂന്നാം തരംഗം വന്നുഭവിച്ചാൽ, ഇൗ കരുതിവെപ്പ് കേരളത്തിന് വലിയ സുരക്ഷയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഇതൊരു സമ്പൂർണ ബജറ്റാണെന്ന അവകാശവാദം ധനമന്ത്രിക്കുപോലുമില്ല. ഇക്കഴിഞ്ഞ ജനുവരി 15ന് ഡോ. തോമസ് െഎസക് അവതരിപ്പിച്ച ഒന്നാം പിണറായി സർക്കാറിെൻറ അവസാന ബജറ്റിെൻറ തുടർച്ചയാണിതെന്നാണ് ബജറ്റ് പ്രസംഗത്തിെൻറ തുടക്കത്തിൽതന്നെ അദ്ദേഹം വ്യക്തമാക്കിയത്. െഎസക്കിെൻറ ബജറ്റിലെ എല്ലാ നിർദേശങ്ങളും നടപ്പാക്കുന്നതിനൊപ്പം, കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തുകയും മുൻ ബജറ്റ് നിർദേശങ്ങളിലെ മുൻഗണനകളിൽ ചില്ലറ മാറ്റങ്ങൾ വരുത്തുകയുമാണ് മന്ത്രി ചെയ്തിരിക്കുന്നത്. െഎസക്കിെൻറ അവസാന ബജറ്റിനെ പലരും 'ബാലറ്റ് ബജറ്റ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള, ഒട്ടും യാഥാർഥ്യബോധ്യമില്ലാത്ത ചില ഗിമ്മിക്കുകൾക്കപ്പുറം അതിനൊരു ബജറ്റിെൻറ സ്വഭാവമില്ലെന്ന വിമർശനം അന്നേ ഉയർന്നതാണ്.
എട്ടു ലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനമടക്കം ക്ഷേമത്തിനും വികസനത്തിനും ഉൗന്നൽ നൽകുന്നതായിരുന്നു പ്രസ്തുത ബജറ്റ്. പുതിയ നികുതിനിർദേശങ്ങളൊന്നുമില്ലാത്ത ആ ബജറ്റിൽ, ഖജനാവിൽ കാര്യമായൊന്നും ബാക്കിയില്ലാതിരുന്നിട്ടും 191 കോടിയുടെ നികുതി ഇളവും പ്രഖ്യാപിച്ചു. എന്നാലും, െഎസക്കിെൻറ പ്രഖ്യാപനങ്ങളത്രയും ഭാവനാത്മകമായിരുന്നു. ഏതുവിധേനയെങ്കിലും യാഥാർഥ്യമായാൽ സംസ്ഥാനത്തിെൻറ ഭാഗധേയംതന്നെ മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നു അവ. ആ പ്രഖ്യാപനങ്ങൾ പുതിയ സർക്കാർ ഏറ്റെടുക്കുമെങ്കിൽ അത്രയും നല്ലത്. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ഞെരുക്കവും െതാഴിലില്ലായ്മയുമെല്ലാം പരിഹരിക്കാൻ സമഗ്രമായ പദ്ധതികൾ അതിലുണ്ടായിരുന്നു. എന്നാൽ, സമീപനങ്ങൾ എത്രകണ്ട് പ്രായോഗികമാണെന്നായിരുന്നു അന്നുയർന്ന ചോദ്യം. ആ ചോദ്യത്തെ ക്രിയാത്മകമായി നേരിടാനായാൽ അത് മികച്ചൊരു കാൽവെപ്പായിരിക്കും.
അപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നു. മഹാമാരിയെ നേരിടാൻ വലിയ സംഖ്യ നീക്കിവെച്ചു എന്നു പറയുേമ്പാഴും അതിെൻറ വിതരണം എത്രമാത്രം നീതിപൂർവകമായിരിക്കുമെന്നതുതന്നെയാണ് ഒന്നാമത്തെ ചോദ്യം. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലയിൽ കേരളം ഏറെ മുന്നിലാണെങ്കിലും നമ്മുടെ 'ആരോഗ്യ മോഡലി'ൽ കാര്യമായ പഴുതുകളുണ്ടെന്ന് ഇതിനകംതന്നെ വ്യക്തമായതാണ്. സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മലബാറിൽ ചികിത്സാസൗകര്യങ്ങൾ കുറവാണെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല.
ജനസംഖ്യാനുപാതികമായി മലബാറിൽ ചികിത്സാസംവിധാനങ്ങളില്ല എന്നുതന്നെ പറയേണ്ടിവരും. മലബാറിലെ, വിശേഷിച്ച് മലപ്പുറം ജില്ലയിലെ കോവിഡ് വാക്സിനേഷൻ നിരക്ക് താരതമ്യേന കുറഞ്ഞുകാണുന്നത് ഇതുകൊണ്ടാണ്. ആരോഗ്യ മേഖലയിൽ മാത്രമല്ല, വിദ്യാഭ്യാസ മോഡലിലും ഇൗ മേഖല വല്ലാതെ അരികുവത്കരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ബജറ്റ് സമയങ്ങളിലും ഇതൊക്കെ ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെങ്കിലും അതൊന്നും കാര്യമായി പരിഗണിക്കപ്പെടാറില്ല.
ഇക്കുറിയും മലബാർ അവഗണിക്കപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി വലിയൊരു പാക്കേജ് പ്രഖ്യാപിച്ചിട്ടും ഇൗ പിന്നാക്ക ജില്ലകളെ കരകയറ്റാൻ സവിശേഷമായി അതിലൊന്നുമില്ല എന്നത് നിർഭാഗ്യകരമാണ്. കോവിഡ് കാലത്ത് മടങ്ങിയെത്തിയ പ്രവാസികളുടെ കാര്യത്തിലും ഇൗ അവഗണന തുടരുകയാണ്. 14 ലക്ഷത്തിൽപരം പ്രവാസികൾ മടങ്ങിയെത്തിയെന്നാണ് മന്ത്രി പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്. ഇവർക്ക് ആശ്വാസംപകരുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. നാമമാത്രമായ ചില വായ്പാപദ്ധതികൾക്കപ്പുറം, അവർക്കാവശ്യം സമഗ്രമായ പുനരധിവാസ, തൊഴിൽ പദ്ധതികളാണ്. മടങ്ങിയെത്തിയ പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു ഒന്നാം പിണറായി സർക്കാർ. അക്കാര്യത്തിലൊന്നും പിന്നീട് തുടർച്ചയുണ്ടായില്ല. െഎസക്കിെൻറ ബജറ്റിൽ പ്രഖ്യാപിച്ച പെൻഷനെങ്കിലും അവർക്ക് ലഭിക്കേണ്ടതുണ്ട്.
െഎസക്കിെൻറ മാതൃകയിൽ പുതിയ നികുതിനിർദേശങ്ങളൊന്നുമില്ലാതെയാണ് ബാലഗോപാലും പ്രസംഗം അവസാനിപ്പിച്ചിരിക്കുന്നത്. അതൽപം ആശ്വാസത്തിന് വകനൽകുന്നതാണെങ്കിലും, സമീപ ഭാവിയിൽ ചില പ്രഖ്യാപനങ്ങളുണ്ടായേക്കാം എന്ന ചില സൂചനകൾ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.
വരുമാനം നിലക്കുകയും ചെലവുകൾ പതിന്മടങ്ങ് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ നികുതിനിർദേശങ്ങൾ സർക്കാറിന് പരിഗണിക്കേണ്ടിവരും. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 3.82 ശതമാനമാണ് ഇടിവ്. ഇൗ യാഥാർഥ്യം തിരിച്ചറിയുേമ്പാഴാണ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമോ എന്ന ചോദ്യമുയരുന്നത്. ഇൗ പ്രതിസന്ധിയെ അതിജീവിക്കാൻ ബാലഗോപാലിെൻറ വികസനമന്ത്രങ്ങൾക്ക് കഴിയെട്ടയെന്ന് ആശംസിക്കാനേ ഇപ്പോൾ നിർവാഹമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.