രാഷ്ട്രാന്തരീയ മനുഷ്യാവകാശ പോരാട്ടസംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ അതിെൻറ ഇന്ത്യയിലെ മുഴുവൻ പ്രവർത്തനങ്ങളും നിർത്തിയതായി ആംനസ്റ്റി ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അവിനാശ് കുമാർ അറിയിച്ചിരിക്കുകയാണ്. സംഘടനയുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മോദി സർക്കാർ മരവിപ്പിച്ചതാണ് കാരണം.
സെപ്റ്റംബർ 10നാണ് വിവരം ആംനസ്റ്റി ഓഫിസ് അറിയുന്നത്. എഫ്.സി.ആർ.എ കർശനമായി നിയന്ത്രിച്ചുകൊണ്ടുള്ള ഭേദഗതി കേന്ദ്രസർക്കാർ നിയമമാക്കിയപ്പോൾതന്നെ ഇത്തരം എല്ലാ സംഘടനകൾക്കും ലഭിക്കുന്ന വിദേശസഹായം വിലക്കുകയാണ് അതിെൻറ പ്രാഥമിക ലക്ഷ്യമെന്ന് വ്യക്തമായിരുന്നതാണ്. എന്നാൽ, ഒരു ലക്ഷത്തോളം ഇന്ത്യക്കാരുടെ സാമ്പത്തിക സഹായംകൊണ്ടാണ് കഴിഞ്ഞ എട്ടുവർഷമായി ആംനസ്റ്റി ഇൻറർനാഷനൽ ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് സംഘടന പുറത്തുവിട്ട എക്സിക്യൂട്ടിവ് ഡയറക്ടറുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നിട്ടും രാഷ്ട്രീയ പ്രതിയോഗികളെയും മറ്റു ഭിന്നാഭിപ്രായക്കാരെയും വേട്ടയാടാൻ മോദി-അമിത് ഷാ ടീം പ്രധാനമായും ഉപയോഗിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെത്തന്നെ ഉപയോഗിച്ച് ധനാഗമന സ്രോതസ്സ് വറ്റിക്കാനാണ് നിരന്തരം ശ്രമിച്ചത്. 2018 ഒക്ടോബർ 25ന് ഇ.ഡിയിലെ ഒരു സംഘം ഉദ്യോഗസ്ഥർ ആംനസ്റ്റി കേന്ദ്ര ഓഫിസിെൻറ കോമ്പൗണ്ടിലെത്തി ഗേറ്റടച്ച് 10 മണിക്കൂർ നീണ്ട റെയ്ഡ് നടത്തി ഒട്ടും രഹസ്യമല്ലാത്ത കുറെ ഫയലുകൾ എടുത്തുകൊണ്ടുപോയി. ഡയറക്ടർമാരിൽ ഒരാളുടെ വീട്ടിലും എൻഫോഴ്സ്മെൻറ് നടത്തി റെയ്ഡ്.
ഉടനെത്തന്നെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തദ്ഫലമായി ഓഫിസ് സ്റ്റാഫിൽ നല്ലൊരു വിഭാഗത്തെ പറഞ്ഞുവിടേണ്ടിവന്നു. 2019ൽ ആദായ നികുതി വകുപ്പ്, ആംനസ്റ്റിക്ക് കൃത്യമായി സംഭാവന നൽകാറുള്ള 30 പേർക്ക് നോട്ടീസയച്ചു. റെയ്ഡ് നടത്തിയ ഐ.ടി വകുപ്പിന് നിയമലംഘനം നടത്തിയതായുള്ള രേഖകളൊന്നും ലഭിച്ചില്ലെങ്കിലും ആംനസ്റ്റി ഇന്ത്യയുടെ ഫണ്ട് സമാഹരണയത്നത്തെ ഈ നടപടി പ്രതികൂലമായി ബാധിച്ചു. ജമ്മു-കശ്മീരിൽ പൊതുസുരക്ഷ നിയമം ദുർവിനിയോഗം ചെയ്യുന്നതിനെക്കുറിച്ച് 'നിയമരഹിത നിയമം' എന്ന പേരിലെ റിപ്പോർട്ട് പുറത്തിറക്കാൻ ആംനസ്റ്റി ശ്രീനഗറിൽ വിളിച്ചുചേർത്ത ചടങ്ങിന് അനുമതി നിഷേധിക്കപ്പെട്ടു.
ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി കേന്ദ്രസർക്കാർ ജമ്മു-കശ്മീർ ഭരണം നേരിേട്ടറ്റെടുത്ത ശേഷം സംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ആംനസ്റ്റി അനാവരണം ചെയ്തുകൊണ്ടിരുന്നതാണ് മോദി സർക്കാറിനെ ഏറെ പ്രേകാപിപ്പിച്ചത്. 2019 നവംബർ 15ന് സി.ബി.ഐ ആംനസ്റ്റി ഓഫിസുകൾ വീണ്ടും റെയ്ഡ് ചെയ്തു. വിദേശ സംഭാവന ഭേദഗതി നിയമം ലംഘിച്ചുവെന്ന കുറ്റംചുമത്തി ആംനസ്റ്റിയുടെ പേരിൽ എഫ്.ഐ.ആർ തയാറാക്കിയ ശേഷമായിരുന്നു റെയ്ഡ്. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ ആസൂത്രിതമായി നടത്തപ്പെട്ട വർഗീയാക്രമണങ്ങളിൽ കൊല്ലപ്പെട്ട 53 പേരിൽ ഭൂരിഭാഗവും മുസ്ലിംകളാണെന്നും പൊലീസ് കലാപത്തിൽ പങ്കുവഹിച്ചുവെന്ന് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് ആംനസ്റ്റി പുറത്തുവിട്ടതും സർക്കാറിെൻറ പ്രതികാരനടപടികൾക്ക് ആക്കം കൂട്ടി.
ഇതെല്ലാമാണ് 1961ൽ ലണ്ടൻ കേന്ദ്രമായി ആരംഭിച്ച സർക്കാറിതര സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷണൽ ഇന്ത്യ തീവ്രവലതുപക്ഷത്തിനും അവരാൽ നിയന്ത്രിക്കപ്പെടുന്ന സർക്കാറിനും ചതുർഥിയായത്. പക്ഷേ, 150 രാജ്യങ്ങളിലായി 46 ലക്ഷം നിയമജ്ഞരും പൊതുപ്രവർത്തകരുമടങ്ങുന്ന ആംനസ്റ്റിയെ ഫലത്തിൽ നിരോധിക്കുക വഴി ലോകത്തിെൻറ മുന്നിൽ നരേന്ദ്ര മോദിയുടെ മുഖം രക്ഷിച്ചെടുക്കാനാവുമോ എന്നതാണ് ചോദ്യം.
കെട്ടിച്ചമച്ച കേസുകളിലൂടെ രാജ്യേദ്രാഹക്കുറ്റം, ദേശീയ സുരക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം തുടങ്ങിയവ ചുമത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലിടുന്ന രീതി വർധിക്കുകയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോക്കൂർ തലസ്ഥാനനഗരിയിൽ നടന്ന വെബിനാറിൽ ചൂണ്ടിക്കാട്ടിയത് കഴിഞ്ഞദിവസമാണ്. 2018ൽ മാത്രം രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് 70 പേർക്കെതിരെയാണെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ, എല്ലാവരും കുറ്റമുക്തരാക്കപ്പെട്ടു. അവരെല്ലാവരും നഷ്ടപരിഹാരത്തിന് അർഹരാണെങ്കിലും നഷ്ടപരിഹാരം കൊണ്ട് പരിഹരിക്കാവുന്നതല്ല അവർ അനുഭവിച്ച മാനസികപീഡനമെന്നും ജസ്റ്റിസ് ലോക്കൂർ ഓർമിപ്പിച്ചു. വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. 2019 മാർച്ച് ആറിന് രാത്രി വയനാട്ടിലെ വൈത്തിരിയിലെ ഉപവൻ റിസോർട്ടിൽ മാവോവാദി സംഘം പണപ്പിരിവ് നടത്തുന്നു എന്നറിഞ്ഞെത്തിയ പൊലീസ് സംഘത്തിനുനേരെ വെടിവെച്ച ജലീൽ എന്ന മാവോവാദിയെ പൊലീസ് സേനക്ക് വെടിവെച്ചു കൊല്ലേണ്ടിവന്നു എന്നായിരുന്നു നാമൊക്കെ വിശ്വസിച്ചത്.
ജലീലിെൻറ തോക്കും തെളിവിനായി പൊലീസ് ഹാജരാക്കിയിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ട് പക്ഷേ, പൊലീസ് ഭാഷ്യം നിരാകരിക്കുന്നതാണ്. പൊലീസ് കണ്ടെടുത്ത നാടൻ തോക്കിൽനിന്ന് വെടിപൊട്ടിയിട്ടില്ലെന്നാണ് വിദഗ്ധർ വെളിപ്പെടുത്തിയിരിക്കുന്നത്. മാവോയിസ്റ്റ്, നക്സലൈറ്റ്, ഐ.എസ്, അൽഖാഇദ എന്നൊക്കെ പേരിട്ടാൽ ആരെയും എവിടെവെച്ചും പിടികൂടാം, വെടിവെച്ചു കൊല്ലാം; സംശയിക്കാനോ ചോദിക്കാനോ ആരെങ്കിലും സാഹസം കാട്ടിയാൽ അവരെയും െപാക്കിയെടുത്ത് അനിശ്ചിതകാലം തടങ്കലിലിടാം എന്നൊക്കെയാണ് നിലവിലെ രാജ്യാവസ്ഥ.
മുഴുവൻ മാധ്യമങ്ങളും സർക്കാർ ഭാഷ്യം അപ്പടി ശരിവെക്കുന്ന നിലവിലെ സാഹചര്യത്തിൽ മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും നിശ്ശബ്ദരാക്കുക കൂടി ചെയ്യുന്നതോടെ എല്ലാം ഭദ്രമായെന്ന് വിശ്വസിക്കുകയാണ് വാഴുന്നവർ. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നവരെക്കുറിച്ച് എന്തുപറയാൻ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.