ശബരിമലയിൽ ജനുവരി രണ്ടിന് പുലർച്ച രണ്ട് യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധി ച്ച് സംഘ്പരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനുവരി മൂന്നിന് നടന്ന ഹർത്താൽ രണ്ടു ന ിലയിൽ പ്രത്യേകതയുള്ളതാണ്. കേരളം അടുത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള അതിക ്രമങ്ങൾ ഹർത്താലിലുണ്ടായി എന്നതാണ് ഒന്ന്. ഹർത്താൽ അതിക്രമങ്ങൾക്കെതിരെ പ്രത്യക്ഷ മായ ജനകീയ ചെറുത്തുനിൽപുകൾ വ്യാപകമായുണ്ടായി എന്നതാണ് രണ്ടാമത്തെ കാര്യം. ശബരിമ ല വിഷയത്തിൽ നാലു മാസത്തിനിടെ ആറാമത്തെ ഹർത്താലാണ് ഇന്നലെ നടന്നത്. ശബരിമലയിലെ പുതിയ വിവാദങ്ങളുടെ കാരണം എല്ലാവർക്കുമറിയാം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന ഹരജിയിൽ 2018 സെപ്റ്റംബർ 28ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് അനുകൂലമായ വിധി പുറപ്പെടുവിച്ചുവെന്നതാണത്. െതരുവിൽ ടയർ കത്തിച്ചും ബസുകൾ എറിഞ്ഞു തകർത്തും കടകൾ കൊള്ളയടിച്ചും നാട്ടുകാരുടെ യാത്രാവകാശം നിഷേധിച്ചും പൊലീസിനെ കല്ലെറിഞ്ഞും കോടതിവിധിയെ മറികടക്കാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അനുയായികളാണ് സുപ്രീംകോടതി വിധിക്കെതിരെ ഈ മട്ടിൽ സമരം നടത്തുന്നത്.
ശബരിമല ഹർത്താലുകളിൽ ഏറ്റവും അക്രമാസക്തമായിരുന്നു ഇന്നലേത്തത്. യാദൃച്ഛികമായി അക്രമങ്ങൾ രൂപപ്പെട്ടതല്ല എന്നും മനസ്സിലാക്കണം. ബുധനാഴ്ചതന്നെ ഇതിെൻറ റിഹേഴ്സൽ നടന്നിരുന്നു. വിവിധ സംഘ്പരിവാര നേതാക്കൾ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ ഫേസ് ബുക്കിൽ പ്രസിദ്ധം ചെയ്തിരുന്നു. അതിെൻറയെല്ലാം തുടർച്ചയെന്ന നിലക്കാണ് വ്യാഴാഴ്ചത്തെ സംസ്ഥാന വ്യാപക ആക്രമണങ്ങളെ കാണേണ്ടത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിറകിലുണ്ട്. നേരിട്ട് അക്രമത്തിൽ പങ്കെടുത്തവരും അതിന് പ്രചോദനം നൽകിയവരും ഗൂഢാലോചനയിൽ പങ്കാളികളായവരുമെല്ലാം വിചാരണ ചെയ്യപ്പെടണം.
സാധാരണക്കാരോടൊപ്പം ഹർത്താലിെൻറ ബുദ്ധിമുട്ട് ഏറ്റവും അനുഭവിക്കുന്നത് വ്യാപാരി വ്യവസായി സമൂഹമാണ്. പൊറുതിമുട്ടിയ അവർ ഡിസംബർ 20ന് കോഴിക്കോട്ട് യോഗം ചേർന്ന് ഇനി ഹർത്താലുമായി സഹകരിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തിരുന്നു. അതായത്, ഹർത്താലിനോടും അതിൽ ഉന്നയിക്കുന്ന ആവശ്യങ്ങളോടും അനുഭാവമുള്ളവർ ഹർത്താൽ ആചരിച്ചോട്ടെ; ആരെങ്കിലും ഹർത്താൽ ആഹ്വാനം ചെയ്യുമ്പോഴേക്ക് ഷട്ടറുകൾ താഴ്ത്തുന്ന ഏർപ്പാട് ഞങ്ങൾ നിർത്തുകയാണ് എന്നതായിരുന്നു തീരുമാനം. 2019 ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കാനും അവർ തീരുമാനിച്ചു. അങ്ങനെ അവർ തീരുമാനിച്ച വർഷത്തിെൻറ മൂന്നാം നാൾ തന്നെ ഹർത്താൽ വന്നുവെന്നത് കൗതുകകരം. വ്യാപാരി വ്യവസായി സംഘടനകളുടെ ഈ തീരുമാനം വന്നതിന് ശേഷമുള്ള ആദ്യ ഹർത്താൽ എന്ന പ്രത്യേകതയും വ്യാഴാഴ്ചത്തെ ഹർത്താലിനുണ്ട്. കടകളും ബിസിനസ് സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അവർ തീരുമാനിക്കുകയും സുരക്ഷയൊരുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. തീരുമാനമനുസരിച്ച് പലേടത്തും കടകൾ തുറന്നു. സാഹസത്തിന് വയ്യ എന്ന് തോന്നിയവർ അടച്ചിടുകയും ചെയ്തു. എന്നാൽ, തുറന്ന് പ്രവർത്തിക്കുന്നവർക്ക് സുരക്ഷയൊരുക്കും എന്ന വാഗ്ദാനം നിറവേറ്റാൻ പൊലീസിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കോഴിക്കോട് മിഠായിതെരുവിലടക്കം കടകൾക്കു നേരെ വ്യാപകമായ അക്രമമാണ് സംഘ്പരിവാർ പ്രവർത്തകർ അഴിച്ചുവിട്ടത്. പലേടത്തും കച്ചവടക്കാരും നാട്ടുകാരും സംഘടിതമായി ചെറുത്തുനിന്നതു കൊണ്ടാണ് അക്രമികൾ പിന്തിരിഞ്ഞുപോയത്. ആലുവയിലും എടപ്പാളിലുമെല്ലാം ഇത് സംഘർഷം നിറഞ്ഞ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അനാവശ്യ ഹർത്താലുകൾക്കെതിരായ ജനകീയ വികാരത്തെ പ്രതിഫലിപ്പിക്കുന്ന ദിവസമായിരുന്നു വ്യാഴാഴ്ച.
ഒരൊറ്റ ദിവസം ഇത്രയേറെ ആക്രമണങ്ങൾ മാധ്യമ പ്രവർത്തകർക്ക് നേരിടേണ്ടിവന്ന അനുഭവം ഒരു പക്ഷേ, മുമ്പുണ്ടായിട്ടുണ്ടാവില്ല. ശബരിമല വിവാദം തുടങ്ങിയ അന്നു മുതൽ മാധ്യമപ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. ദേശീയ മാധ്യമങ്ങളുടെ വനിത റിപ്പോർട്ടർമാർവരെ ശബരിമലയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സന്നിധാനത്തുനിന്ന് മാധ്യമപ്രവർത്തകർക്ക് കൂട്ടപലായനം ചെയ്യേണ്ട സന്ദർഭവുമുണ്ടായിട്ടുണ്ട്. ബുധനാഴ്ച പതിനഞ്ചിലേറെ മാധ്യമപ്രവർത്തകരാണ് പലയിടങ്ങളിലായി ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഇത് ഒരു പദ്ധതിയെന്നപോലെയാണ് നടപ്പാക്കപ്പെട്ടത്. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്ന ജോലിയാണ് മാധ്യമപ്രവർത്തകർ ചെയ്യുന്നത്. അവരെ സംഘ്പരിവാർ ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ അതിെൻറയർഥം നാട്ടുകാർ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ അവർ ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ്. ബി.ജെ.പി നേതാക്കളുടെ വാർത്തസമ്മേളനങ്ങൾ ബഹിഷ്കരിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകർ ഈ കൂട്ട ആക്രമണങ്ങളോട് പ്രതികരിച്ചത്. പ്രഫഷനൽ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ആരുടെയെങ്കിലും വാക്കുകളെ ബഹിഷ്കരിക്കുക എന്നത് ശരിയായ നടപടിയല്ല. പക്ഷേ, അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മാധ്യമപ്രവർത്തകരെ എത്തിച്ച സാഹചര്യം മനസ്സിലാക്കേണ്ടതാണ്.
ഹർത്താലിെൻറ പേരിൽ അക്രമം നടത്തിയവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുണ്ട്. സംഘ്പരിവാർ അതിക്രമങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം ഇടതുസർക്കാറിനെതിരെ നിലവിലുണ്ട്. അത് ശരിവെക്കുന്ന സമീപനം ആവർത്തിക്കരുത്. നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവർ ദയാരഹിതമായി ശിക്ഷിക്കപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.