അടിച്ചേൽപിച്ചിട്ട് എന്ത് ഐക്യം?

ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം ആശയവിനിമയത്തിന് ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചിരിക്കുന്നു. പാർലമെന്ററി ഔദ്യോഗിക ഭാഷസമിതിയുടെ 37-ാമത് യോഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. സ്വാഭാവികമായും ഇതു വിവാദമായിരിക്കുന്നു. അഹിന്ദി പ്രദേശങ്ങൾക്കുമേൽ ഹിന്ദി അടിച്ചേൽപിക്കാൻ മുമ്പേ തുടങ്ങിയ ശ്രമങ്ങൾ ബി.ജെ.പി ഭരണത്തിൽ ശക്തിപ്പെടുകയാണെന്ന് അഹിന്ദിക്കാർ -പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങൾ -കരുതുന്നു. വാസ്തവത്തിൽ ഇന്ത്യയിലെ 120 ലധികം ഭാഷകളിൽ ഒന്നു മാത്രമാണ് ഹിന്ദി; അതു മാതൃഭാഷയായിട്ടുള്ളവരുടെ എണ്ണം കൂടുതലാണെന്നു മാത്രം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭാഷകൾ തന്നെ 22 എണ്ണമുണ്ട്. കേന്ദ്ര സർക്കാറിന്റെയും ഉന്നത കോടതികളുടെയും മറ്റും നടത്തിപ്പിലെ സൗകര്യത്തിനാണ് 343-ാം വകുപ്പനുസരിച്ച് ഔദ്യോഗിക ഭാഷ പദവി നിശ്ചയിച്ചത്. അതിൽതന്നെ ഹിന്ദിക്കൊപ്പം ഇംഗ്ലീഷുമുണ്ട്.

ഇതു ദേശീയതലത്തിൽ ഭരണ സൗകര്യത്തിനുള്ളതാണ്. സംസ്ഥാനങ്ങൾക്ക് അവരുടേതായ ഔദ്യോഗിക ഭാഷ(കൾ) സ്വീകരിക്കാം. ഇന്ത്യക്ക് ദേശീയഭാഷ ഇല്ല; ഹിന്ദി അടക്കം ഒന്നും ദേശീയ ഭാഷയല്ല. ഹിന്ദിക്ക് ക്രമേണ കൂടുതൽ പ്രചാരം നൽകണമെന്ന് ഔദ്യോഗിക ഭാഷ നിയമം പറയുന്നുണ്ടെങ്കിലും അത് അഹിന്ദിക്കാർക്ക് സ്വീകാര്യമായ രീതിയിലാകണമെന്നു കൂടി നിഷ്കർഷിക്കുന്നുണ്ട്. ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗിക ഭാഷകളായി നിശ്ചയിച്ച ഭരണഘടന, 15 വർഷം കഴിഞ്ഞ് ഇംഗ്ലീഷിന്റെ സ്ഥാനം കുറച്ചുകൊണ്ടുവരണമെന്നും ഹിന്ദിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും കൂടി ശിപാർശ ചെയ്തിരുന്നു. അതുപ്രകാരം, 1965 ഓടു കൂടി ഇംഗ്ലീഷിനെ ഒഴിവാക്കി ഹിന്ദിക്കു മാത്രം ഔദ്യോഗിക പദവി നൽകാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങുകയും അഹിന്ദി സംസ്ഥാനങ്ങളിൽനിന്ന് കടുത്ത എതിർപ്പ് ഉയരുകയും ചെയ്തു.

അതിരൂക്ഷമായ ഭാഷാപ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് ക്ഷതമേൽപിക്കുമെന്നു വന്നപ്പോൾ പ്രധാനമന്ത്രി നെഹ്റു ഒരു ഉറപ്പു നൽകി: അഹിന്ദിക്കാർക്ക് ഇഷ്ടമില്ലാത്തിടത്തോളം കാലം ഇംഗ്ലീഷിനുപകരം ഹിന്ദി കൊണ്ടുവരില്ലെന്ന്. ഇപ്പോൾ അമിത് ഷാ വീണ്ടും അടിച്ചേൽപിക്കലിന്റെ സൂചന നൽകിയിരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി എന്ന നിലക്കാണെന്നത് വിചിത്രംതെന്ന. അടിച്ചേൽപിക്കില്ലെന്ന ഉറപ്പാണ് 1967ൽ പാസാക്കിയ ഔദ്യോഗിക ഭാഷ നിയമത്തിന്റെ കാതൽ. അതാണ് ഐക്യത്തിന്റെ വഴി.

'ഇന്ത്യയുടെ ഭാഷ'യെന്ന് അമിത് ഷാ വിശേഷിപ്പിക്കുന്നത് ഹിന്ദിയെ ആണ്. എന്നാൽ, മലയാളവും തമിഴും തെലുങ്കും ഒഡിയയും ബംഗാളിയും ഇംഗ്ലീഷുമെല്ലാം ഇന്ത്യയുടെ ഭാഷകൾ തന്നെയാണ്. നിയമം പാസാക്കി മാറ്റിയെടുക്കാവുന്നതല്ല ജനങ്ങളുടെ ഭാഷ. അത് അടിച്ചേൽപിക്കുന്നത് ഫാഷിസമാണ്. ഭാഷാവൈവിധ്യം ഐക്യത്തിന് തടസ്സമാണെന്നതും ഫാഷിസ്റ്റ് കാഴ്ചപ്പാടുതന്നെ. ഭരണരംഗത്ത് ഭാഷാവൈവിധ്യം അസൗകര്യമുണ്ടാക്കിയിരുന്നു. എന്നാൽ, ഡിജിറ്റൽ വിദ്യ പുരോഗമിക്കുന്ന മുറക്ക് തൽക്ഷണ തർജമകൾ ലഭ്യമാവുകയും മുമ്പുണ്ടായിരുന്ന അസൗകര്യങ്ങൾ കുറയുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ 'പ്രാദേശിക'മെന്നു വിളിക്കപ്പെടുന്ന മലയാളമടക്കമുള്ള ഭാഷകൾ കൂടി ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിൽപ്പെടുത്തുമ്പോഴാണ് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുക. ആ വഴിക്കാണ് സർക്കാർ ചിന്തിക്കേണ്ടത്. സ്വിറ്റ്സർലൻഡ് പോലുള്ള ചില രാജ്യങ്ങൾ അനേകം ഭാഷകളെ ഔദ്യോഗിക ഭാഷകളായി സ്വീകരിച്ചിട്ടുണ്ട്; അതുകൊണ്ട് അവയുടെ ഐക്യത്തിനോ പുരോഗതിക്കോ ഭംഗം വന്നിട്ടില്ലെന്നു മാത്രമല്ല, അവയെ സഹായിക്കുകയാണ് ബഹുഭാഷാ രീതി ചെയ്തിട്ടുള്ളത്. ആഗോള ഭാഷയെന്ന നിലക്കും ഇന്ത്യക്കുള്ളിൽ ബന്ധഭാഷയെന്ന നിലക്കും ഇംഗ്ലീഷ് നമ്മുടെ പുരോഗതിയെ സഹായിച്ചിട്ടുണ്ട്. തന്നെയുമല്ല, ഈ രണ്ടു നിലക്കും ഹിന്ദി അതിന് പകരമാകില്ലതാനും.

ഏകത്വവും ഐക്യവും രണ്ടാണെന്ന് നാം തിരിച്ചറിഞ്ഞേ തീരൂ. ഒരു രാജ്യമെന്നാൽ ഒരു ഭാഷയും ഒരു വേഷവും ഒറ്റ ഭക്ഷണശീലവുമൊക്കെയാണെന്ന ചിന്ത ഉപേക്ഷിക്കുകതന്നെ വേണം. അടിച്ചേൽപിക്കുന്ന ഏകത ഐക്യത്തെ തകർക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്താംതരം വരെ ഹിന്ദി നിർബന്ധമാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് അവിടത്തുകാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. 2017ൽ ഒരു പ്രസംഗത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഹിന്ദിയെ ദേശീയ ഭാഷയെന്ന് വിശേഷിപ്പിച്ചതും യു.എന്നിൽ ഹിന്ദി അംഗീകരിപ്പിക്കാൻ അതേ വർഷം ഇന്ത്യൻ സർക്കാർ ശ്രമിച്ചതും കേന്ദ്ര സർവകലാശാലകളിലെല്ലാം ബിരുദതലത്തിൽ ഹിന്ദി നിർബന്ധ കോഴ്സാക്കണമെന്ന് 2018ൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കൽപന ഇറക്കിയതും ഐക്യം വളർത്താനല്ല സഹായിച്ചത്.

ഹിന്ദിക്ക് അമിത പദവി നൽകാനും മറ്റു ഭാഷകളെ അവഗണിക്കാനുമാണ് അതെല്ലാം വഴിവെക്കുക. കേന്ദ്ര മന്ത്രിസഭയുടെ അജണ്ടയിൽ 70 ശതമാനവും ഹിന്ദിയിലാണെന്നും എട്ട് അഹിന്ദി സംസ്ഥാനങ്ങളിലേക്കായി 22,000 ഹിന്ദി അധ്യാപകരെ പുതുതായി നിയമിച്ചിട്ടുണ്ടെന്നും അമിത് ഷാ പറയുമ്പോൾ അതിന്, മറ്റു ഭാഷകളും ഭാഷക്കാരും പിന്തള്ളപ്പെടുന്നു എന്നുകൂടി അർഥമുണ്ട്. ആകാശവാണിയുടെയും ദൂരദർശന്റെയും പ്രാദേശിക കേന്ദ്രങ്ങളിൽപോലും ഹിന്ദിയുടെ അതിപ്രസരമാണ്. കേന്ദ്ര സർക്കാർ പദ്ധതികളുടെ പേരുകൾ ഹിന്ദിയിലേ ആകാവൂ എന്ന് ആർക്കോ നിർബന്ധമുണ്ട് -'പോഷൺ ശക്തി നിർമാൺ സ്കീമും' 'സ്വമിത്വ യോജന'യും 'ഗരീബ് കല്യാൺ റോസ്ഗാർ യോജന'യും 'കിസാൻ ഊർജ സുരക്ഷ ഏവം ഉത്ഥാൻ മഹാഭിയാനും' പോലുള്ള അസംഖ്യം പേരുകൾ ഐക്യത്തിന്റെയോ ഉൾക്കൊള്ളലിന്റെയോ വികസന സന്ദേശമാണോ അതോ അപരവത്കരണത്തിന്‍റെയും പുറന്തള്ളലിന്‍റെയും സന്ദേശമാണോ നൽകുന്നത്? ഏതെങ്കിലും ഭാഷക്ക് അമിതമായ ആനുകൂല്യം നൽകുന്നത് ഐക്യം മാത്രമല്ല സമത്വവും നശിപ്പിക്കുകയല്ലേ ചെയ്യുക? ഹിന്ദി അടിച്ചേൽപിക്കുന്നതിനു പകരം ഇതര ഭാഷകൾക്ക് കൂടുതൽ പരിഗണന നൽകുകയാണ് ചെയ്യേണ്ടത്.

Tags:    
News Summary - hindi imposition Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.