വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ സാക്ഷി മഹാരാജിനെയോ സ്വാധി പ്രജ്ഞസിങ്ങിനെയോ മറ്റു ഹിന്ദുത്വവാദികളെയോ നിഷ്പ്രഭമാക്കുന്ന ഭാഷയിലും ശൈലിയിലും ഒരു ഹൈകോടതി ന്യായാധിപൻ കാഴ്ചവെച്ച ഉറഞ്ഞുതുള്ളൽ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തെ ഞെട്ടിച്ചതിൽ തെല്ലും അത്ഭുതമില്ല.
ആത്യന്തിക വർഗീയ ചെയ്തികൾക്കും ആക്രോശങ്ങൾക്കും കുപ്രസിദ്ധിയാർജിച്ച വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച വേദിയിലാണ് അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർകുമാർ യാദവ് തന്റെ മലിന മനസ്സ് പച്ചയായി അനാവരണം ചെയ്തത്. തദ്വിഷയകമായി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഇന്ത്യൻ ലോയേഴ്സ് യൂനിയൻ അയച്ച കത്തിൽ ജസ്റ്റിസ് യാദവിനെതിരെ ഉടനടി നടപടി വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും മറ്റ് ശ്രദ്ധേയ വ്യക്തിത്വങ്ങളും ഇതേ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്കും സുപ്രീംകോടതി മുഖ്യ ന്യായാധിപനും കത്തുകളയച്ചിട്ടുണ്ട്.
ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏതെങ്കിലും ഹൈകോടതിയിലെ ജഡ്ജി സർവിസിലിരിക്കെ രാജ്യത്തിന്റെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ ഇവ്വിധം പരസ്യമായി തെറിയഭിഷേകം നടത്തിയിട്ടുണ്ടാവില്ല. വിദ്വേഷ ഭാഷണത്തിന്റെ സാമ്പ്ൾ ഇങ്ങനെയാണ്: ‘‘ഈ രാജ്യം ഹിന്ദുസ്ഥാൻ ആണെന്ന് പറയാൻ ഒരു ശങ്കയുമില്ല. ഭൂരിപക്ഷത്തിന്റെ ഹിതമേ ഇവിടെ നടക്കൂ. അതാണ് നിയമം. ഭൂരിപക്ഷത്തിന് അനുസരിച്ചാണ് നിയമം പ്രവർത്തിക്കുന്നത്. കുടുംബകാര്യമായാലും സമൂഹകാര്യമായാലും ഭൂരിപക്ഷത്തിന്റെ സന്തോഷമാണ് പരിഗണിക്കപ്പെടുക. എന്നാൽ, ഈ കഠ്മുല്ലയുണ്ടല്ലോ അവർ ഈ രാജ്യത്തിന് അപകടമാണ്. അവർ രാജ്യത്തിനും ജനങ്ങൾക്കും ഉപദ്രവമാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ഇത്തരമാളുകളെ കരുതിയിരിക്കണം. മുസ്ലിംകൾ നിരവധി ഭാര്യമാർ വേണമെന്നത് അവകാശമായി കരുതുന്നവരാണ്.....’’
ഇവ്വിധത്തിൽ പരസ്യമായി ന്യൂനപക്ഷ വിദ്വേഷം പ്രകടിപ്പിച്ചില്ലെങ്കിലും പരോക്ഷമായി അതേ മനോഭാവം വെച്ചുപുലർത്തുന്നവരും തദടിസ്ഥാനത്തിൽ പ്രമാദമായ കേസുകളിൽ വിധി പുറപ്പെടുവിക്കുന്നവരും സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെന്ന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്ത ജുഡീഷ്യറിയിൽ കയറിപ്പറ്റുകയോ റിക്രൂട്ട് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നതിന് സമീപകാലത്ത് നിസ്സാരമല്ലാത്ത ഉദാഹരണങ്ങളുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാർ തന്നെയാണെന്ന അനൗചിത്യം ചൂണ്ടിക്കാട്ടി ന്യായാധിപ നിയമനത്തിൽ കൊളീജിയത്തിന്റെ ബദൽ സംവിധാനം വേണമെന്ന നിർദേശം പാർലമെന്റിൽ ഉയർന്നിരുന്നതാണ്. പക്ഷേ, പരമോന്നത കോടതി അതംഗീകരിക്കാനാവില്ലെന്ന നിലപാടെടുത്തു.
അതാണ് ശരിയെങ്കിൽ കൊളീജിയത്തിലൂടെ ന്യായാധിപന്മാരുടെ തെരഞ്ഞെടുപ്പും നിയമനവും നൂറു ശതമാനവും കുറ്റമറ്റതും നീതിപൂർവവുമായിരിക്കണമെന്ന് സുപ്രീംകോടതി ഉറപ്പുവരുത്തണം. പലപ്പോഴും അതല്ല സംഭവിക്കുന്നതെന്ന് ഒരേയൊരു ശേഖർകുമാർ യാദവിന്റെ ഉദാഹരണം മുൻനിർത്തിയല്ല ചൂണ്ടിക്കാട്ടേണ്ടിവരുന്നത്. ഹിന്ദുത്വ സംഘടനകളിൽനിന്നും വക്താക്കളിൽനിന്നും മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെയും മത സാംസ്കാരിക കേന്ദ്രങ്ങളുടെയും ഉടമാവകാശത്തെയോ ഉപയോഗത്തെയോ ചോദ്യം ചെയ്തുകൊണ്ടും ന്യായീകരണമില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ടും സമർപ്പിക്കപ്പെടുന്ന ഹരജികളിൽ ഭരണഘടനാ തത്ത്വങ്ങളോട് നീതിചെയ്യാത്ത വിധികൾ വരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. രാജ്യത്തെയാകെ പതിറ്റാണ്ടുകളോളം അസ്വസ്ഥമാക്കിയ ബാബരി മസ്ജിദ് രാമജന്മഭൂമി ഉടമാവകാശ കേസിൽ ചരിത്രപരമായോ പുരാവസ്തു സർവേ വകുപ്പിന്റെ ഗവേഷണ ഫലമായോ സാധുതയില്ലെന്ന് സംശയമില്ലാത്തവിധം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഭൂരിപക്ഷത്തിന്റെ വികാരം മാനിച്ച് മാത്രം മസ്ജിദ് നിലനിന്ന സ്ഥലം ഹിന്ദു സംഘടനകൾക്ക് വിട്ടുകൊടുക്കാൻ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്. 1947 ആഗസ്റ്റ് 15ന് ഏതെല്ലാം ആരാധനാലയങ്ങൾ ആരുടെയെല്ലാം കൈവശത്തിലിരിക്കുന്നുവോ അതിലൊരു മാറ്റവും പാടില്ലെന്ന് അതേ വിധിയിൽ അസന്ദിഗ്ധമായി പ്രസ്താവിച്ചതാണ്. എന്നിട്ടോ! വാരാണസിയിലെ ഗ്യാൻവാപി, മഥുരയിലെ ഈദ്ഗാഹ്, സംഭലിലെ ശാഹി മസ്ജിദ് തുടങ്ങി 12 പുരാതന പള്ളികളുടെ മേൽ ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നു. അവർ നൽകിയ ഹരജികളുടെ അടിസ്ഥാനത്തിൽ എ.എസ്.ഐക്ക് അന്വേഷിക്കാൻ കോടതികൾ അനുവാദവും നൽകിയിരിക്കുന്നു.
അടുത്തിടെ വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഗ്യാൻവാപി പള്ളിക്കുള്ളിലെ പുരാവസ്തു ഗവേഷണ വകുപ്പിന്റെ വസ്തുതാ അന്വേഷണാവശ്യത്തിന് 1991ലെ ആരാധനാലയ നിയമം ബാധകമല്ലെന്ന് വിധിച്ചതാണ് സകല അവകാശവാദങ്ങളുടെയും നാരായവേരെന്ന് മുതിർന്ന നിയമജ്ഞൻ ദുഷ്യന്ത് ദവെ രോഷാകുലനായി ചൂണ്ടിക്കാട്ടിയത് ഈയിടെയാണ്. യു.പിയിലെ കോടതികൾ ഈയിനത്തിലെ ഹരജികൾക്കൊക്കെയും സാധുത നൽകുന്നതും ജുഡീഷ്യറിയുടെ നിഷ്പക്ഷത സന്ദിഗ്ധമാക്കുന്നുണ്ട്. തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മഹിള മോർച്ച അധ്യക്ഷക്ക് ജഡ്ജിയായി സെലക്ഷൻ ലഭിച്ചതും ഇതോട് ചേർത്തുവായിക്കണം.
എന്നാൽ, ഒടുവിലത്തെ ജസ്റ്റിസ് ശേഖർകുമാർ യാദവിന്റെ വിദ്വേഷപ്രസംഗം ജുഡീഷ്യറിയുടെ തീവ്രവലതുപക്ഷ ചായ്വിന് അടിവരയിടുന്നു എന്നതിലേറെ ഏറ്റവും സ്വതന്ത്രവും നീതിനിർവഹണത്തിന്റെ അദ്വിതീയാവലംബവുമായിരിക്കേണ്ട കോടതിയുടെ വിശ്വാസ്യതക്ക് ഗുരുതരമായി പോറലേൽപിക്കുന്നു എന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെയാണ് ഉടനടി നടപടി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ ലോയേഴ്സ് യൂനിയനും മറ്റ് പ്രമുഖരും ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും കത്തെഴുതിയിരിക്കുന്നതും.
ജസ്റ്റിസ് യാദവിന്റെ വിഷം തുപ്പൽ ഭരണഘടനാ വിരുദ്ധവും അടിസ്ഥാന തത്ത്വങ്ങളായ മതേതരത്വത്തോടും ജുഡീഷ്യറിയുടെ സ്വതന്ത്രതയോടും ഏറ്റുമുട്ടുന്നതുമാണെന്ന് വിലയിരുത്തുന്നു ലോയേഴ്സ് യൂനിയൻ - ജുഡീഷ്യറിയെ അതിന്റെ ഉള്ളിൽനിന്നുതന്നെ അട്ടിമറിക്കാനുള്ള നീക്കമായി ഇതിനെ കാണുന്ന അഭിഭാഷക സംഘടന ജഡ്ജിമാരുടെ സത്യപ്രതിജ്ഞാലംഘനമാണെന്നും എടുത്തുപറയുന്നുണ്ട്. ശക്തമായ ഈ പ്രതിഷേധം പോലും പരിഗണിക്കപ്പെടാതെ പോയാൽ ജുഡീഷ്യറിയുടെ നിഷ്പക്ഷതക്കും നീതിബോധത്തിനും അതേൽപിക്കുന്ന ആഘാതം താങ്ങാനാവാത്തതാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.