മലപ്പുറം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങൾ വാങ്ങുന്നതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കു വേണ്ടി 20 കോടി രൂപ സമാഹരിക്കാൻ പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണ് ജില്ല ഭരണകൂടം. ലളിതമാണ് പദ്ധതി. 20 കോടി രൂപ ജനങ്ങളിൽനിന്ന് പിരിച്ചെടുക്കും. പരിപാടിക്ക് 'പ്രാണവായു' എന്ന പേര് നൽകി മുഖ്യമന്ത്രിയുടെ പടംവെച്ച് പോസ്റ്ററിറക്കി, നടൻ മമ്മൂട്ടിയെകൊണ്ട് ഓൺലൈനിൽ ഉദ്ഘാടനവും നടത്തി. പിരിവുകൾ കൂമ്പാരമായാൽ സർക്കാർ ഉപകരണങ്ങൾ കൊണ്ടുവെച്ചുതരും. സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങൾ വാങ്ങാൻ നാട്ടുകാരോട് പിരിക്കുന്നതിെൻറ ലോജിക് എന്താണെന്ന് ചോദിക്കരുത്. ഇതു മലപ്പുറത്തെ സ്ഥിരം ഏർപ്പാടാണ്.
സർക്കാർ സേവനങ്ങൾ ഏറ്റവും കുറഞ്ഞ അളവിൽ വിതരണം ചെയ്യപ്പെടുന്ന ജില്ലയാണ് മലപ്പുറം. ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ല. വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് ഉപരിപഠനത്തിന് സീറ്റുകളില്ലാത്ത ജില്ല. ആവശ്യത്തിന് െറഗുലർ സീറ്റുകൾ ഇല്ലാത്തതിനാൽ ഓപൺ /ഡിസ്റ്റൻറ് സ്ട്രീമിൽ പഠിക്കുന്ന വിദ്യാർഥികൾ ഏറ്റവും കൂടുതലുള്ള ജില്ല. ജി.ഡി.പിയിൽ പതിനാലാം സ്ഥാനത്തു നിൽക്കുന്ന ജില്ല. അത്തരമൊരു ജില്ലയിൽ സാധാരണഗതിയിൽ സർക്കാർ മെഷിനറി കൂടുതൽ ഉൗർജസ്വലമായി പ്രവർത്തിക്കുകയാണ് വേണ്ടത്. പക്ഷേ, മലപ്പുറത്ത് വിചിത്രമായ മറ്റൊരു പതിവാണുള്ളത്. അവിടെ സർക്കാർ സംവിധാനങ്ങൾ മിക്കതും ജനങ്ങൾ പിരിവെടുത്താണ് ഏർപ്പെടുത്താറുള്ളത്. മഞ്ചേരി മെഡിക്കൽ കോളജ് കെട്ടിടത്തിനുള്ള തുക വെള്ളിയാഴ്ച പള്ളികളിൽ പിരിവു നടത്തിയാണ് സമാഹരിച്ചത്. പയ്യനാട് സ്റ്റേഡിയത്തിന് പണം കണ്ടെത്തിയതും പിരിവിലൂടെ. വിവിധ പ്രദേശങ്ങളിൽ സ്കൂൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിച്ചതും അങ്ങനെ തന്നെ. സംസ്ഥാനത്ത് പലേടത്തും സർക്കാർ തുച്ഛ വിലയ്ക്ക് പാട്ടത്തിന് നൽകിയ ഭൂമിയിൽ വിവിധ സമുദായ സംഘടനകളുടെ എയ്ഡഡ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതായത്, സർക്കാർ ഭൂമിയിൽ സ്വകാര്യ സ്ഥാപനങ്ങൾ എന്നതാണ് നില. പക്ഷേ, മലബാറിൽ പൊതുവെയും മലപ്പുറത്ത് വിശേഷിച്ചും സംഗതി നേരെ തിരിച്ചാണ്. അവിടെ സർക്കാർ സ്ഥാപനങ്ങൾക്ക് ജനങ്ങൾ ഭൂമി സംഘടിപ്പിച്ചു കൊടുക്കുകയാണ് രീതി.
മലപ്പുറത്ത് കാര്യങ്ങൾ ഇവ്വിധമായതിന് പല കാരണങ്ങളുണ്ട്. ഒന്ന് ഉദാരമതികളാണ് അവിടത്തുകാർ പൊതുവെ. ആ സ്വഭാവത്തെ ചൂഷണം ചെയ്യുകയായിരുന്നു ഭരണകൂടം. ജില്ലയിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. വികസന പ്രശ്നങ്ങളെ രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടു. രാഷ്ട്രീയ പാർട്ടി എന്നതിനെക്കാൾ ചാരിറ്റി സംഘടനയെന്ന നിലക്കാണ് അവർ പ്രവർത്തിക്കുന്നത്. വികസന പ്രശ്നം പിരിവുനടത്തി പരിഹരിക്കാം എന്ന സംസ്കാരം ആ ജില്ലയിൽ വളർത്തുന്നതിൽ ആ പാർട്ടിക്ക് വലിയ പങ്കുണ്ട്. സർക്കാറിന് കാത്തുനിന്നാൽ കാര്യങ്ങൾ നടക്കില്ല; നമുക്കുതന്നെ അതങ്ങ് ചെയ്തേക്കാം എന്ന ജനങ്ങളുടെ നിരാശയിൽ നിന്നുടലെടുത്ത നിലപാടും പിരിവ് രാജിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് പ്രാണവായു എന്ന പുതിയ പിരിവു നയം.
പക്ഷേ, ഇത്തവണ ജില്ല ഭരണകൂടത്തിന് അടിതെറ്റി. പ്രാണവായു പിരിവു യജ്ഞ പ്രഖ്യാപനം വന്നതു മുതൽ ജില്ലയിലെ ചെറുപ്പക്കാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നു. 'മഹത്തായ മലപ്പുറം മാതൃക' എന്നൊക്കെ ചില മുഖ്യധാരാ മാധ്യമങ്ങളെക്കൊണ്ട് എഡിറ്റോറിയൽ എഴുതിപ്പിച്ച്, മലപ്പുറത്തുകാരെ രസിപ്പിച്ച് പറ്റിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല എന്നാണ് അവർ പറയുന്നത്. ഈ പ്രതിഷേധങ്ങളുടെ ചൂട് മനസ്സിലായതുകൊണ്ടാണെന്നു തോന്നുന്നു, പിരിവു യജ്ഞത്തിന്റെ പ്രധാന പ്രമോട്ടറായി സാധാരണ രംഗത്തു വരാറുള്ള മുസ്ലിം ലീഗും പ്രാണവായു പിരിവിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
പുതിയ പിരിവ് പരിപാടി പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ, സംഭവിക്കാൻ പോവുന്നത് മറ്റൊന്നാണ്. സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ടാണല്ലോ 20 കോടി പിരിക്കാൻ തീരുമാനിച്ചത്. ആ ഉപകരണങ്ങൾ ജില്ലയിലെ ആശുപത്രികളിൽ എത്തില്ല എന്നതായിരിക്കും ഇതിന്റെ അനന്തര ഫലം. പ്രാണവായു പിരിവിനെതിരെ രൂപപ്പെട്ട ജനകീയ സമ്മർദം ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള സമരമായി രൂപപ്പെട്ടാലേ ഈ ജനകീയ ഉണർവ് ലക്ഷ്യം കാണുകയുള്ളൂ. മലപ്പുറത്തെ ആരോഗ്യ സംവിധാനങ്ങളുടെ ദയനീയ സ്ഥിതി കോവിഡ് കാലത്ത് നാം കണ്ടതാണ്. വികസന വിവേചനത്തിനെതിരായുള്ള വലിയ മുന്നേറ്റമായി പുതിയ ഉണർവുകളെ മാറ്റിയെടുക്കേണ്ടതുണ്ട്.
സർക്കാർ ഉത്തരവാദിത്തങ്ങൾ കൈയൊഴിയുകയും ജനങ്ങളുടെ മേൽ വെച്ചുകെട്ടുകയും ചെയ്യുന്ന പ്രവണത അടുത്തകാലത്തായി വർധിക്കുന്നുണ്ട്. സ്പൈനൽ മസ്കുലാർ അേട്രാഫി (എസ്.എം.എ) എന്ന മാരക രോഗം ബാധിച്ച കണ്ണൂരിലെ മുഹമ്മദ് എന്ന കുരുന്നിന്റെ ചികിത്സ ചെലവിനുവേണ്ടി മലയാളികൾ ഒന്നിച്ചുചേർന്ന് 18 കോടി സമാഹരിച്ച സംഭവം ആവേശകരമായ അനുഭവമാണ്. മുഹമ്മദിനെപോലെ സമാനമായ രോഗം ബാധിച്ച വേറെയും കുരുന്നുകൾ നാട്ടിലുണ്ടെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. അവർക്കെല്ലാം വേണ്ടത് 18 കോടി ചെലവാകുന്ന ഒറ്റ ഡോസ് മരുന്നുതന്നെയാണ്. യഥാർഥത്തിൽ ഇവരുടെയെല്ലാം ചികിത്സക്ക് ജനങ്ങൾ പിരിവെടുക്കുന്നത് ശരിയായ രീതിയല്ലല്ലോ. സർക്കാറിന് ഈ കുരുന്നുകളുടെ കാര്യത്തിൽ ഉത്തരവാദിത്തമില്ലേ? 18 കോടിയിൽ ആറു കോടിയും നികുതിയാണ്. അതുപോലും ഒഴിവാക്കിക്കൊടുക്കാൻ സർക്കാർ സന്നദ്ധമാവാത്തതെന്ത്? നാട്ടുകാരെക്കൊണ്ട് പിരിവെടുത്ത് കാര്യംനടത്താൻ നമുക്ക് സർക്കാറിന്റെ ആവശ്യമില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.