വാക്സിനുകളുടെ വരവോടെ കോവിഡ് വിരുദ്ധ പോരാട്ടം പാതി പിന്നിട്ടുവെന്ന പൊതുവിശ്വാസത്തെ അട്ടിമറിച്ച് വീണ്ടും നീരാളിക്കൈകളാൽ വരിഞ്ഞുമുറുക്കുകയാണ് നൂറ്റാണ്ടിെൻറ മഹാമാരി. വികസിതമെന്നോ വികസ്വരമെന്നോ വ്യത്യാസമില്ലാതെ ലോകരാഷ്ട്രങ്ങളെ എമ്പാടും മുൾമുനയിൽ നിർത്തുന്നു ഈ ആഗോള അടിയന്തരാവസ്ഥ. എന്നാൽ, ഇന്ത്യയിലെ സാഹചര്യം ആഗോള അവസ്ഥയെക്കാൾ ഏറെ മടങ്ങ് ഗുരുതരവുമാണ്. ജനിതക മാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങൾ രാജ്യമൊട്ടുക്ക്. ലോകത്ത് റിപ്പോ
ർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ അഞ്ചിലൊന്ന് ഇന്ത്യയിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,00,739 പുതിയ രോഗബാധിതരെ കണ്ടെത്തിയിരിക്കുന്നു. ആദ്യതരംഗത്തിൽ പ്രായമായവരും കടുത്ത രോഗങ്ങളുള്ളവരുമാണ് ഇരകളായിരുന്നതെങ്കിൽ ഇക്കുറി യുവജനങ്ങളെ വൻതോതിൽ ബാധിക്കുന്നുവെന്നാണ് രാജ്യ തലസ്ഥാനമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ട്. പ്രതിരോധ മരുന്നു കുപ്പികൾ കാലിയായിരിക്കുന്നു. രോഗ മൂർധന്യത്തിൽ നിൽക്കുന്ന വയോധികരെപ്പോലും പ്രവേശിപ്പിക്കാൻ ഇടമില്ലാത്ത വിധം ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഓക്സിജൻ സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നു, എന്തിനേറെ, മരണപ്പെട്ടവരെ സംസ്കരിക്കാൻ ശ്മശാനങ്ങളിൽപ്പോലും സ്ഥലം തികയാതെയായിരിക്കുന്നു. രോഗബാധിതനായ പിതാവുമായി മഹാരാഷ്ട്രയിലെ നിരവധി ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ഒരു കിടക്ക കിട്ടാതെ അയൽസംസ്ഥാനമായ തെലങ്കാനയിലേക്ക് ചികിത്സ തേടിപ്പോവുകയും അവിടെയും രക്ഷയില്ലാതെ 'ഒന്നുകിൽ ചികിത്സ നൽകൂ, അല്ലെങ്കിൽ പിതാവിനെ കൊന്നു തരൂ' എന്നു കേണുപറയുന്ന യുവാവ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന സാഹചര്യത്തിെൻറ നേർചിത്രമാണ്.
കഴിഞ്ഞ വർഷം രോഗവ്യാപനം തുടങ്ങിയ ഘട്ടത്തിൽ ഒരു മുന്നൊരുക്കവുമില്ലാതെ ലോക്ഡൗൺ പ്രഖ്യാപിക്കുകയും രാജ്യത്തെ ജനങ്ങളുടെ ജീവിതം കോവിഡിനേക്കാൾ ദുരിതപൂർണമാക്കി മാറ്റുകയും ചെയ്ത ഇന്ത്യൻ ഭരണകൂടത്തിന് ഇനിയെന്തു ചെയ്യണമെന്ന് തെല്ലും നിശ്ചയമില്ലാത്ത അവസ്ഥയാണ്. പാവപ്പെട്ട ജനതയെക്കൊണ്ട് പാത്രം കൊട്ടിച്ചതും വിളക്ക് കത്തിപ്പിച്ചതുമെല്ലാം കോവിഡ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലുകളായി എണ്ണുന്ന ഭരണാധികാരിയും ശിങ്കിടിയും രാജ്യമൊട്ടുക്ക് ചികിത്സ കിട്ടാതെ മരിച്ചുവീഴുന്ന മനുഷ്യരെക്കുറിച്ച് ആലോചിക്കാൻ മെനക്കെടാതെ പശ്ചിമബംഗാൾ സംസ്ഥാനത്തിെൻറ ഭരണം ഏതുവിധേനയും പിടിച്ചെടുക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ്.
ലോകത്ത് ഏറ്റവുമധികം വാക്സിൻ ഉൽപാദിപ്പിക്കുന്ന രാജ്യമെന്നും വിവിധ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്ന രാജ്യമെന്നുമുള്ള ഖ്യാതിക്കൊപ്പം ഏറ്റവുമധികം വാക്സിൻ ക്ഷാമം നേരിടുന്ന രാജ്യവും ഇന്ത്യ തന്നെ. ഊതിപ്പെരുപ്പിച്ച കണക്കുകളും പബ്ലിക് റിലേഷൻ സാഹിത്യങ്ങളും ആവോളം ലഭ്യമാണെങ്കിലും മുൻനിര കോവിഡ് പോരാളികൾക്കുപോലും രണ്ടു ഡോസ് ലഭ്യമാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രോഗപ്രതിരോധ പ്രവർത്തനത്തിന് നിസ്തുലമായ പങ്കുവഹിക്കുന്ന ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ വലിയ ഒരു സമൂഹം ഇപ്പോഴും വാക്സിനേഷൻ ലഭിക്കാതെ പുറത്താണ്.
ക്ഷാമം പരിഹരിക്കാനെന്ന പേരിൽ ലോകത്ത് പ്രചാരത്തിലുള്ള വാക്സിനുകൾക്കെല്ലാം അതിവേഗ അനുമതി നൽകാനുള്ള തീരുമാനം ആശാസ്യമാണെന്നു പറയാനാവില്ല. മറ്റു രാജ്യങ്ങളിൽ പ്രയോഗശേഷം ഫലസിദ്ധിയെക്കുറിച്ച് സംശയനിഴലിലായ വാക്സിനുകളും ഈ മറവിൽ ഇന്ത്യൻവിപണിയിലേക്ക് കടന്നുകൂടിയേക്കുമെന്നത് രോഗത്തോളം വലിയ ആശങ്ക തന്നെയാണ്.
ആരോഗ്യ പ്രവർത്തകരും നയവിദഗ്ധരും മാധ്യമങ്ങളുമെല്ലാം ചേർന്ന് നിരന്തര ബോധവത്കരണത്തിലൂടെ സാധ്യമാക്കിയ ജാഗ്രത രാഷ്ട്രീയറാലികൾക്കു വേണ്ടിയും ആഘോഷ-ആചാരങ്ങൾക്കുവേണ്ടിയും കാറ്റിൽ പറത്തിയതാണ് രണ്ടാം തരംഗം ഇത്രമേൽ തീവ്രമാവാൻ കാരണമെന്നത് കാണാതിരുന്നു കൂടാ. അസമിലെ ആരോഗ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കവെ സംസ്ഥാനത്തെ ജനങ്ങൾ മാസ്ക് ധരിക്കേണ്ടതില്ല എന്ന് പരസ്യമായി നിർദേശം നൽകിയ സംഭവം പോലുമുണ്ടായി. ലോക്ഡൗണിനും കോവിഡ് വ്യാപനത്തിനും മുമ്പ് നടന്ന തബ്ലീഗ് സമ്മേളനത്തിെൻറ പേരിൽ കോവിഡിെൻറ പാപഭാരം രാജ്യത്തെ മുസ്ലിം സമുദായത്തിെൻറ തലയിൽ കെട്ടിവെച്ച് വേട്ടയാടാൻ മത്സരിച്ച ഭരണകൂടവും മാധ്യമങ്ങളും ലക്ഷക്കണക്കിനാളുകൾ സംഗമിക്കുന്ന മറ്റു സമ്മേളനങ്ങളിലൊന്നും അപകട സാധ്യത ദർശിക്കുന്നുമില്ല.
ഭരണകൂടത്തിന് വീഴ്ച പറ്റിയാലും ജാഗ്രത കൈവിടില്ലെന്ന് പൗരജനങ്ങൾ അടിയന്തര തീരുമാനമെടുക്കേണ്ട സമയമാണിത്. ഉത്തരവാദിത്ത ബോധമുള്ള ജനങ്ങളുടെ കൂട്ടായ്മ വലിയ പങ്കുവഹിക്കേണ്ട സമയം. ഇനിയൊരു ലോക്ഡൗണിലേക്ക് നീങ്ങില്ല എന്ന് അധികാരികൾ ആവർത്തിക്കുന്നുണ്ടെങ്കിലും അതിനു സമാനമായ കർശന നടപടികളിലേക്ക് നീങ്ങാൻ വരും ദിവസങ്ങളിൽ നിർബന്ധിതമാകുമെന്നുതന്നെയാണ് നിലവിലെ സൂചനകൾ. വിവിധ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ നിലവിൽ വന്നു കഴിഞ്ഞു. കഴിഞ്ഞ ലോക്ഡൗൺ മൂലം തന്നെ ആകെ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയും സാധാരണ ജനങ്ങളുടെ ജീവിതവും കൂടുതൽ പ്രശ്നസങ്കീർണമാകുമെന്ന് സാരം. എന്തു തന്നെയായാലും മറ്റുള്ള പാർട്ടികളോ സംഘങ്ങളോ സമൂഹങ്ങളോ നിയമം ലംഘിച്ചത് നമുക്ക് ജാഗ്രത കൈവിടാനുള്ള കാരണമല്ല. പോയ വർഷം പാലിച്ചതിെൻറ ഇരട്ടി സൂക്ഷ്മത നിലനിർത്തിയാൽ മാത്രമേ പാതി പിന്നിട്ടു എന്ന് ആശ്വസിച്ച പോരാട്ടം ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.