അങ്ങനെ ആ പതനം സംഭവിച്ചു; ഒളിവിലിരുന്ന് ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു, പ്രസിഡന്റ് ഗോടബയ രാജപക്സ രാജിസന്നദ്ധതയുമറിയിച്ചു. ഒട്ടും ആകസ്മികമല്ല ശ്രീലങ്കൻ ഭരണകൂടത്തിന്റെ വീഴ്ച. മാസങ്ങൾക്കു മുമ്പുതന്നെ അന്താരാഷ്ട്ര നിരീക്ഷകർ ഇത് പ്രവചിച്ചിരുന്നു. കുടിക്കാൻ വെള്ളമോ കഴിക്കാൻ അപ്പമോ ഇല്ലാതെ, ചായ തിളപ്പിക്കാൻ ഒരു തുള്ളി മണ്ണെണ്ണപോലും നീക്കിയിരിപ്പില്ലാതെ ജീവിതം പൊറുതിമുട്ടി ജനം തെരുവിലിറങ്ങിയാൽ ഭരണാധികാരികൾക്കു മുന്നിൽ വേറെന്തു പോംവഴി?പട്ടിണിയാൽ മരണത്തെ മുഖാമുഖം കണ്ട ജനങ്ങൾ പട്ടാളത്തിന്റെ തോക്കിനെയും ബൂട്ടിനെയും എങ്ങനെ ഭയക്കാനാണ്?
അവകാശങ്ങളേതുമില്ലാതെ പുഴുക്കളെപ്പോലെ നരകിക്കുന്നതിലും ഭേദം തോക്കും ലാത്തിയുമേറ്റ് മരിക്കുന്നതാണ് എന്നുറച്ച് ജനത തെരുവിലിറങ്ങിയിട്ട് ആഴ്ചകളായി. അടിയന്തരാവസ്ഥയും കടുത്ത നിയന്ത്രണങ്ങളും വഴി അടിച്ചമർത്താൻ ആവുന്നത്ര ശ്രമിച്ചുനോക്കി, ഏതൊരു ലോക രാജ്യത്തെയും പുറത്തുനിന്ന് നിയന്ത്രിക്കണം എന്ന ദുര കാത്തുസൂക്ഷിക്കുന്ന സാമ്രാജ്യത്വശക്തികളുടെ സകല പിന്തുണയും വിക്രമസിംഗെ, രാജപക്സ എന്നിവർക്കുണ്ടായിരുന്നു. എങ്കിലെന്ത്, ഏതൊരു സാമ്രാജ്യത്തെക്കാളും വലുതാണ് മുറിവേറ്റ ജനങ്ങളുടെ എഴുന്നുനിൽപ് എന്ന് ഒരിക്കൽകൂടി ലോകത്തെ ബോധ്യപ്പെടുത്തുന്നു ലങ്കൻ തലസ്ഥാനനഗരിയിൽ നിന്നുള്ള വാർത്തകൾ.
ഗോടബയ വീട്ടിലേക്കു പോകൂ എന്ന അവരുടെ ആവശ്യം അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലെന്ന് വന്നപ്പോൾ അവർ ഗോടബയയുടെ വീട്ടിലേക്കു മാർച്ച് ചെയ്തു. രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ പലകോണുകളിൽനിന്നും കൊളംബോയിലേക്ക് ഒഴുകിവന്ന ജനങ്ങൾ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറി, പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് തീവെച്ചു. കുഞ്ഞുങ്ങൾക്ക് ഒരു കവർ പാൽ വാങ്ങാൻപോലും പണമില്ലാതെ സാധാരണ മനുഷ്യർ വലയവെ രാഷ്ട്രനായകരുടെ വസതികളിൽ സൂക്ഷിച്ചിരിക്കുന്ന സമ്പത്തും ആഡംബര ചിഹ്നങ്ങളും തങ്ങളുടെ പ്രതിഷേധവും പോരാട്ടവും ശരിയായ ദിശയിലാണ് എന്ന് തെളിയിക്കുന്നതായി പ്രക്ഷോഭകാരികൾ മാധ്യമങ്ങളോട് പറയുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പുപോലും കടുത്ത വംശീയ അതിക്രമങ്ങളും വർഗീയ മുൻവിധികളും മൂലം ഭിന്നിച്ചുനിന്ന ദേശമാണ് ശ്രീലങ്ക. ട്രെയിനുകളിൽ സീറ്റ് പങ്കിട്ട് തലസ്ഥാനനഗരിയിലേക്കു കുതിക്കുന്ന ജനങ്ങൾക്കിടയിൽ ആ വേർതിരിവുകൾപോലും ഇപ്പോൾ പ്രകടമല്ല. പുതിയ സർക്കാർ രൂപവത്കരിക്കാൻ തിരക്കുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്. തൽക്കാലം ജനങ്ങളെ കൊട്ടാരമുറ്റത്തുനിന്ന് പിരിച്ചയക്കാം എന്നല്ലാതെ വലിയ അത്ഭുതങ്ങളൊന്നും നടത്താൻ വരുന്ന സർക്കാറിനും കഴിഞ്ഞെന്നുവരില്ല. അത്രമാത്രം രൂക്ഷമാണ് സാമ്പത്തിക പ്രതിസന്ധി. 5100 കോടി ഡോളറാണ് രാജ്യത്തിന്റെ കടബാധ്യത. ഭീകരാക്രമണശേഷമുണ്ടായ അരക്ഷിതാവസ്ഥയും കോവിഡ് മഹാമാരിയും വിനോദസഞ്ചാരമേഖലയെ തകർത്തു. കൃഷിക്കാർക്ക് വളംപോലും ലഭിക്കാതായതോടെ കാർഷിക മേഖലയും ദുർബലമാണ്. നിത്യച്ചെലവിനുപോലും നീക്കിയിരിപ്പില്ല രാജ്യത്ത്. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഉൾപ്പെടെയുള്ള നവ ഉദാര സാമ്പത്തിക സ്ഥാപനങ്ങൾക്ക് വഴങ്ങി നയങ്ങൾ ചിട്ടപ്പെടുത്തിയ രാജ്യമാണ് ശ്രീലങ്ക. വികസനത്തിന് എന്ന പേരിൽ ലഭിച്ച വിദേശ വായ്പകൾക്കെല്ലാം കടുത്ത ഉപാധികൾ ഉണ്ടായിരുന്നു. ജനങ്ങളുടെ ക്ഷേമം എന്നതിലേറെ സാമ്പത്തിക ഏജൻസികളുടെ ഉപാധികൾ അനുസരിച്ച് നയങ്ങൾ രൂപപ്പെടുത്തുന്നതിലായി സർക്കാറിന്റെ മുൻഗണന. പൊതുസ്വത്തുക്കൾ വിറ്റൊഴിച്ചു, സകല സേവന മേഖലകളും സ്വകാര്യവത്കരിക്കപ്പെട്ടു. അഴിമതിയും സ്ഥാപിത താൽപര്യങ്ങളും അതിന്റെ പാർശ്വഫലമായി വ്യാപിച്ചു. ഇന്ത്യൻ ഭരണകൂടംപോലും അവരുടെ ചങ്ങാത്തമുതലാളിയായ വണിക്കിനുവേണ്ടി വൈദ്യുതിനയത്തിൽ സമ്മർദം ചെലുത്തിയ വിവരം ഈയിടെ വെളിപ്പെട്ടിരുന്നു.
ജനങ്ങളെ മറന്ന് കുത്തകകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും പുണർന്നാൽ വന്നുചേരുന്ന വിപത്ത് എന്തായിരിക്കുമെന്ന് ലോകത്തെ ഭരണകൂടങ്ങൾക്കും ഭരണീയർക്കുമുള്ള മുന്നറിയിപ്പാണ് ലങ്കയുടെ അനുഭവം. ലോകബാങ്കിനെയും ഏഷ്യൻ വികസന ബാങ്കിനെയും ജപ്പാൻ വികസന ബാങ്കിനെയും കണ്ണടച്ച് വിശ്വസിക്കുകയും ജനങ്ങളെയും കർഷകരെയും സാമൂഹിക പ്രവർത്തകരെയും അവിശ്വസിച്ച് തള്ളിപ്പറയുകയും ചെയ്യുന്ന നമ്മുടെ ഭരണാധികാരികൾ അയൽപക്കത്ത് നടക്കുന്നത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ ആവോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.