രാജ്യത്തെ ശാസ്ത്രസമൂഹത്തിന്റെയും കർഷകരുടെയും ആശങ്കകളെ പൂർണമായും അവഗണിച്ച് അതിനിർണായകമായൊരു കൃഷിപരീക്ഷണത്തിനൊരുങ്ങുകയാണ് കേന്ദ്രഭരണകൂടം. ജനിതക മാറ്റം വരുത്തിയ കടുക് (ജി.എം കടുക്) വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള ജനിറ്റിക് എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റി (ജി.ഇ.എ.സി) അനുമതി നൽകിയിരിക്കുന്നു. 20 വർഷം മുന്നേതന്നെ, ജി.എം വിളകളുടെ കൃഷിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഭക്ഷ്യവിളക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി ലഭിക്കുന്നത്. ഇന്ത്യൻ കടുകിനമായ 'വരുണ'യും പൂർവ യൂറോപ്പിൽനിന്നുള്ള മറ്റൊരു കടുകു വർഗവും തമ്മിൽ സങ്കരണം നടത്തി വികസിപ്പിച്ച 'ധാരാ മസ്റ്റാർഡ് ഹൈബ്രിഡ് 11' എന്ന ജി.എം വിത്താണ് വിപണിയിലെത്താൻ പോകുന്നത്. 2008 മുതൽതന്നെ ഈ വിത്തിനത്തിന്റെ ജൈവസുരക്ഷ പരീക്ഷണം ആരംഭിച്ചിരുന്നു; 2016ൽ, വിവിധ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി നൽകുകയും ചെയ്തു. പക്ഷേ, ജൈവസാങ്കേതികവിദ്യാ മേഖലയിലെ ഏതാനും ഗവേഷകരുടെയും കർഷകസമൂഹത്തിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും കടുത്ത പ്രതിഷേധവും കോടതി ഇടപെടലുമെല്ലാം കാരണം കേന്ദ്രത്തിന് അതിൽനിന്ന് പിൻവാങ്ങേണ്ടിവന്നു. അന്ന് അനുമതി നൽകുന്നതിന് ആധാരമായ അതേ റിപ്പോർട്ടുകളുടെയും ശിപാർശകളുടെയും പിൻബലത്തിലാണ് വീണ്ടും ജി.ഇ.എ.സിയുടെ അംഗീകാരം. സ്വതവേ, പലകാരണങ്ങളാൽ വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ കർഷകസമൂഹത്തിന്റെ ദുരിതം ഇരട്ടിയാക്കാനേ ജൈവസാങ്കേതിക വിദ്യയുടെ ഈ തലതിരിഞ്ഞ പരിഷ്കാരം ഉപകരിക്കൂ. ഇതഃപര്യന്തമുള്ള അനുഭവങ്ങൾ അതാണ്. അതുകൊണ്ടായിരിക്കാം, തീരുമാനത്തിനുപിന്നാലെ വലിയ പ്രതിഷേധങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
20ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സാങ്കേതികവിദ്യകളിലൊന്നാണ് ജനിതക എൻജിനീയറിങ്. ഈ സാങ്കേതികവിദ്യയുടെ ഫലമായാണ് ഇൻസുലിൻ അടക്കമുള്ള മരുന്നുകൾ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമായിത്തുടങ്ങിയത്. കുറഞ്ഞവിലയ്ക്ക് ലഭ്യമാകുന്നുവെന്നു മാത്രമല്ല, ഇവ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളെ അങ്ങനെത്തന്നെ നിലനിർത്താനും കഴിയുന്നുവെന്നതാണ് അതിന്റെ പ്രത്യേകത. ഈ മേഖലയിൽ നമ്മുടെ രാജ്യവും വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. പുഷ്പ എം. ഭാർഗവയെപ്പോലുള്ള ലോകപ്രശസ്തരായ ഗവേഷകരുടെ നാടാണിത്. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലാർ ബയോളജി പോലുള്ള രാജ്യത്തെ എണ്ണംപറഞ്ഞ ലബോറട്ടറികളെല്ലാം സ്ഥാപിതമായത് അദ്ദേഹത്തെപ്പോലുള്ളവരുടെ ശ്രമഫലമായിട്ടാണ്. അതിന് ഫലമുണ്ടായി. കെ.എസ്.എൻ പ്രസാദിനെപ്പോലുള്ള പ്രതിഭകളെ ശാസ്ത്രലോകത്തിന് സംഭാവന ചെയ്യാൻ ഇന്ത്യക്കായി. ഡോ. പ്രസാദും സംഘവുമാണ് രാജ്യത്ത് ആദ്യമായി ഒരു ജി.എം ഉൽപന്നം വികസിപ്പിച്ചത് -ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ. അതോടെ, ഇന്ത്യക്കാർക്ക് ഈ വാക്സിൻ പകുതിവിലയ്ക്ക് ലഭ്യമായി. രാജ്യത്തെ ശാസ്ത്ര-സാങ്കേതികവിദ്യാ നയംകൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൗതുകകരമായ കാര്യമെന്താണെന്നുവെച്ചാൽ, ഡോ. ഭാർഗവയെപ്പോലുള്ള ജൈവസാങ്കേതികവിദ്യയുടെ പ്രണേതാക്കൾ പോലും ജനിതകമാറ്റം വരുത്തിയ വിളകളെയും ഇതര സസ്യങ്ങളെയും അനുകൂലിച്ചിരുന്നില്ല എന്നതാണ്. ജൈവസാങ്കേതികവിദ്യയുടെയും ജനിതക എൻജിനീയറിങ്ങിന്റെയും ഗുണവശങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുമ്പോഴും, അതിന്റെ അപകടകരമായ മറ്റൊരു വശത്തെ നിരന്തരം തുറന്നുകാട്ടാനും അവർ തയാറായി. അതുകൊണ്ടാണ്, അദ്ദേഹം ജനിതകവ്യതിയാനം വരുത്തിയ പരുത്തി, വഴുതന തുടങ്ങിയവക്കെതിരായ കർഷകസമൂഹത്തിന്റെ സമരത്തിന്റെ മുന്നിൽ അണിനിരന്നത്. ആറുവർഷം മുമ്പ്, ജി.എം കടുകിന് കാർഷികാനുമതി നൽകിയപ്പോഴും അദ്ദേഹം പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ നിലപാട് ചോദ്യംചെയ്ത് പരിസ്ഥിതി മന്ത്രാലയത്തിന് അദ്ദേഹം തുറന്ന കത്തെഴുതി. അതിൽ ഉന്നയിച്ച 25 ചോദ്യങ്ങൾക്ക് ജി.എം അനുകൂലികൾ ഇന്നോളം മറുപടി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സസ്യങ്ങളുടെ കാര്യത്തിൽ ജി.എം സാങ്കേതികവിദ്യ അപകടം ചെയ്യുമെന്നതിന് നമുക്കു മുന്നിൽതന്നെ അനുഭവങ്ങളുണ്ട്. പണ്ട് അമേരിക്കയിൽനിന്ന് പി.എൽ 480 ഗോതമ്പുകൾക്കൊപ്പം ഇവിടെയെത്തിയ കുളവാഴ സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്നങ്ങൾ ഇതിനകംതന്നെ ചർച്ചയായതാണ്. ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനത്തിന് അനുമതി ലഭിച്ച ബി.ടി പരുത്തിയുടെ കാര്യമെടുത്താലും ഇതുതന്നെ സ്ഥിതി. വർഷപാത മേഖലകളിൽ ജി.എം പരുത്തികൃഷി വലിയ നഷ്ടമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് മൂന്നിൽരണ്ട് പരുത്തികൃഷിയും മഴവെള്ളത്തെ മാത്രം ആശ്രയിച്ചാണെന്നോർക്കണം. പരുത്തിച്ചെടിയുടെ അവശിഷ്ടങ്ങൾ ഭക്ഷിച്ച നൂറുകണക്കിന് കന്നുകാലികൾ ആന്ധ്രയിൽ ചത്തുവീണ സംഭവവും ഇതോട് ചേർത്തുവായിച്ചാൽ, ജി.എം വിളകളുടെ അപകടങ്ങളെക്കുറിച്ച് വ്യക്തത വരും. പരുത്തിക്കുശേഷം, എന്തുകൊണ്ട് മറ്റൊരു വിളക്കും ഇക്കാലമത്രയും അംഗീകാരം കൊടുത്തില്ലെന്ന ചോദ്യത്തിനും ഈ അനുഭവങ്ങളിൽനിന്ന് ഉത്തരം കണ്ടെത്താനാകും. പക്ഷേ, ചെറിയൊരു ഇടവേളക്കുശേഷം കേന്ദ്രസർക്കാർ രണ്ടും കൽപിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. കടുകിനുശേഷം ജനിതകമാറ്റം വരുത്തിയ വാഴപ്പഴം, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ കൃഷിക്കും അനുമതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഈ പുറപ്പാടിന്റെ ലക്ഷ്യം ഊഹിക്കാവുന്നതേയുള്ളൂ. കാർഷികമേഖലയിൽ കുത്തകകളുടെ കടന്നുവരവിന് വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് മോദിയും കൂട്ടരും. കർഷകസമരത്തിൽ അൽപമൊന്ന് പിന്നാക്കം പോയെങ്കിലും അത് പിന്മാറ്റമായി കണക്കാക്കാനാവില്ല. ആഗോളതലത്തിൽ ഭക്ഷ്യോൽപാദനത്തിന്റെ നിയന്ത്രണം ആർക്കാണോ, അവരാണ് ലോകത്തിന്റെ യഥാർഥ അധിപൻമാർ. ആ നിയന്ത്രണം കൈവരണമെങ്കിൽ വിത്തുകളുടെയും വളങ്ങളുടെയുമെല്ലാം ഉൽപാദനത്തിന്റെ കുത്തക സ്വന്തമാക്കേണ്ടതുണ്ട്. വിവാദ കർഷകബില്ലുകളും ജി.എം കടുകുമെല്ലാം അതിനുള്ള വഴികളാണ്. കടുകിനുള്ളിലെ ഈ കോർപറേറ്റ് കണ്ണുകൾ തിരിച്ചറിഞ്ഞേ മതിയാകൂ. പുതിയൊരു കർഷകസമരത്തിന് സമയമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.