യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങും തമ്മിൽ ബുധനാഴ്ച നടന്ന ഫോൺസംഭാഷണം റഷ്യ-യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ വാർത്തപ്രാധാന്യം നേടിയത് സ്വാഭാവികം. അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഇരുരാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിൽ ഒരു ആശയവിനിമയം നടക്കുന്നത്. 2022 ഫെബ്രുവരി 22ന് റഷ്യ യുക്രെയ്നിൽ അതിക്രമിച്ച് കയറിയ ശേഷം ഇതുവരെ ചൈന ഈ വിഷയത്തിൽ സക്രിയമായ ഒരു പങ്കും വഹിച്ചിട്ടില്ല. റഷ്യയെ അപലപിക്കാനോ അധിനിവേശത്തിൽനിന്നു പിന്മാറാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ പിന്തുണക്കാനോ തയാറാവാതെ ചൈന മാറിനിൽക്കുകയാണുണ്ടായത്. ഏറെയൊന്നും ഫലം ചെയ്യാൻ ഈ സംഭാഷണത്തിനു പെട്ടെന്നു സാധിച്ചില്ലെങ്കിലും ചൈനക്ക് ഒരു മധ്യസ്ഥന്‍റെ റോളിനുള്ള സാധ്യത നിഷേധിക്കാൻ പറ്റില്ല. അകമേ ചൈനക്ക് റഷ്യൻ നടപടിയിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്നു. രണ്ട് സോഷ്യലിസ്റ്റ് രാജ്യങ്ങൾ തമ്മിലെ ബന്ധം വഷളാവുന്നത് അമേരിക്കൻ നേതൃത്വത്തിലുള്ള ചേരിക്ക് അനുകൂലമാവുന്നതിലെ പ്രയാസവും അവർക്കുണ്ട്.
സംഭാഷണത്തെക്കുറിച്ച് ചൈന ഇറക്കിയ സംക്ഷിപ്ത കുറിപ്പോ സെലൻസ്കി ട്വിറ്ററിൽ കുറിച്ചതോ കാര്യമായ വിശദാംശങ്ങളും സൂചനകളുമൊന്നും നൽകുന്നില്ല. ഷിയുമായി ‘ദീർഘവും അർഥവത്തു’മായ സംഭാഷണം നടത്തി എന്നാണു സെലൻസ്കി കുറിച്ചത്. ചൈനയുടെ കുറിപ്പിൽ ‘ഉത്തരവാദപ്പെട്ട ഒരു വൻരാഷ്ട്രമെന്ന നിലയിൽ തങ്ങൾ തീപിടിത്തം കണ്ട് നിൽക്കുകയില്ലെന്നും അതിൽനിന്ന് മുതലെടുക്കുന്നത് പോയിട്ട് അതിനു ഇന്ധനം പകരില്ലെന്നും’ വ്യക്തമാക്കിയിട്ടുണ്ട്. അതിലെ മുനവെച്ച പരാമർശത്തിലെ ഉന്നം യുദ്ധത്തിൽ സജീവമായി യുക്രെയ്ൻ പക്ഷത്തിനു ആയുധങ്ങൾ നൽകുന്ന അമേരിക്കയാണ്. എന്നാൽ, സംഭാഷണം നടന്നെന്നു പ്രതികരിച്ച വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പക്ഷേ, അതിന്‍റെ ഫലം സംബന്ധിച്ച് വേണ്ടത്ര ശുഭാപ്തി പ്രകടിപ്പിച്ചിട്ടില്ല. പിന്തിരിയാനുള്ള ഒരു താല്പര്യവും റഷ്യ ഇതുവരെ കാണിക്കാത്ത സ്ഥിതിക്ക് പെട്ടെന്ന് ചൈനീസ് മുൻകൈയിൽ ഒരു യുദ്ധവിരാമം വിദൂര സാധ്യത മാത്രമാണ്. മറു ഭാഗത്ത് അതിർത്തിവിഷയത്തിൽ ഒത്തുതീർപ്പ് നടത്തി സമാധാനം നേടാൻ തങ്ങൾ ഒരുക്കമല്ല എന്ന സെലൻസ്കിയുടെ പ്രസ്താവനയുമുണ്ട്. റഷ്യ പിടിച്ചടക്കി കൈവശം വെച്ചിരിക്കുന്ന ക്രിമിയ യുക്രെയ്നിനു മുഖ്യ വിഷയമാണ്. റഷ്യക്കാണെങ്കിൽ അയൽരാജ്യമായ ഫിൻലൻഡ് നാറ്റോയിൽ അംഗത്വമെടുത്തത് മുതൽ പുതിയ പ്രകോപനം കൂടി ഉണ്ടായിരിക്കുന്നു. ഏപ്രിൽ ആദ്യം ഫിൻലൻഡ് നാറ്റോയിലെ 31ാമത്തെ അംഗമായതോടുകൂടി അംഗരാജ്യങ്ങൾക്ക് റഷ്യയുമായുള്ള അതിർത്തി നേരത്തെ ഉണ്ടായിരുന്ന 754 മൈലിനു പുറമെ പുതുതായി 830 മൈൽകൂടി ചേർന്ന് ഇരട്ടിയായിരിക്കുന്നു. ഒരു മഞ്ഞുരുക്കം നടക്കാൻ വേറെയും തടസ്സങ്ങളുണ്ട്. റഷ്യ വാദിക്കുന്നത് യുക്രെയ്നിൽനിന്ന് 2014ൽ പിടിച്ചടക്കിയ ക്രിമിയ അടക്കം കൈവശം വെക്കുന്ന വിശാലമായ ഭൂപ്രദേശങ്ങൾ റഷ്യൻ ഭൂമിയാണെന്നും അത് തങ്ങൾക്ക് വിട്ടു കിട്ടണമെന്നുമാണ്. ചൈനക്കാണെങ്കിൽ റഷ്യയുമായുള്ള വ്യാപാരബന്ധങ്ങൾ ഈയിടെയായി കുതിച്ചുയരുകയും ചെയ്യുന്നുണ്ട്.
സെലൻസ്കിയിൽനിന്ന് വ്യത്യസ്തമായി, റഷ്യൻ പ്രസിഡന്റ് പുടിൻ ഷിയുമായി അഞ്ച് തവണ ഫോണിൽ സംസാരിക്കുകയും രണ്ടു തവണ നേരിട്ട് കാണുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഷി ക്രെംലിൻ സന്ദർശിച്ചപ്പോൾ ഒരു പന്ത്രണ്ട് ഇന സമാധാന നിർദേശം മുന്നോട്ടു വെച്ചെങ്കിലും അത് ഏറെ അവ്യക്തവും സെലൻസ്കിക്ക് അസ്വീകാര്യവുമായിരുന്നു. എങ്കിലും യുദ്ധത്തിൽ ഒരു തികഞ്ഞ റഷ്യൻ അനുകൂല നിലപാട് ചൈന സ്വീകരിച്ചിരുന്നില്ല എന്നതും കാണേണ്ടതുണ്ട്. പക്ഷേ, ഇതിനിടയിൽ ഫ്രാൻസിലെ റഷ്യൻ സ്ഥാനപതി, റഷ്യയിൽനിന്ന് വിഘടിച്ച് പോയ മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ അടിസ്ഥാനപരമായി റഷ്യൻ രാജ്യങ്ങളാണെന്നും അവക്ക് അന്താരാഷ്ട്ര നിയമമനുസരിച്ച് സാധുതയില്ല എന്നും പറഞ്ഞു ഒരു പ്രകോപനം നടത്തി. അതുകൊണ്ടുള്ള പൊല്ലാപ്പ് ചൈന ഏറ്റെടുക്കാതെ വ്യക്തിപരമായ അഭിപ്രായപ്രകടനമാണതെന്ന് പറഞ്ഞൊതുക്കി. ഷിയുടെ ഫോൺവിളി യുക്രെയ്നിലെ സമാധാന ശ്രമത്തിന്റെ തുടക്കമാവാൻ സാധ്യതയുണ്ടോ എന്നതാണ് മർമം. ചൈനക്ക് മാത്രമേ നിലവിൽ ഒരു മധ്യസ്ഥകക്ഷി ആവാൻ പറ്റൂ എന്ന നിലയുണ്ട്. ഏറെ അകന്നു കഴിഞ്ഞ ഇറാനും സൗദിയുമായുള്ള ബന്ധം ഈയിടെ പുനഃസ്ഥാപിക്കാൻ ചൈനയുടെ ഇടപെടലിനു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ചൈനക്കുള്ള സാമ്പത്തിക-വ്യാപാര മേധാവിത്വം കാരണം രാഷ്ട്രങ്ങൾ ചൈനയെ വേഗം തള്ളിക്കളയുന്നില്ല, റഷ്യയുമായി ചൈനക്ക് ചായ്‌വുണ്ടെങ്കിലും.
ഈയിടെയായി യുക്രെയ്നും റഷ്യയും കൂടുതൽ വിപുലമായ ഒരു വസന്തകാല പോരാട്ടത്തിന് ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ സമാധാനത്തിനുള്ള സാഹചര്യത്തെ പ്രതികൂലമാക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ധാരാളം ആയുധങ്ങൾ ശേഖരിച്ച യുക്രെയ്നിനു, അമേരിക്കയുടെ എഫ്-16 പോലുള്ള വ്യോമ ശക്തിയുടെ അഭാവം ഒഴിച്ച് നിർത്തിയാൽ മേൽകൈ ഉണ്ടാകുമെന്ന പ്രവചനങ്ങളും വന്നു തുടങ്ങിയിരുന്നു. ഈയവസ്ഥയിൽ ഏറെ നാളായി പരസ്പരം മിണ്ടാതിരുന്ന യുക്രെയ്ൻ-ചൈന സാരഥികൾ സംസാരിച്ചു എന്നതിൽ ശുഭ സൂചനകൾ കല്പിക്കുന്നതിൽ തെറ്റില്ല. പരാജയപ്പെട്ട ഒരു മധ്യസ്ഥൻ എന്ന പേരുദോഷത്തിൽ കാര്യം അവസാനിക്കാൻ ചൈന ഒരിക്കലും ഇഷ്ടപ്പെടില്ല. ഒപ്പം പുടിന്‍റെ യുദ്ധവിരാമ നിബന്ധനകൾ എത്രവരെ വിട്ടുവീഴ്ചകൾക്ക് വിധേയമാണ് എന്നതും നിർണായക ചോദ്യമാണ്. ഇതെല്ലാം കൂട്ടിയും കിഴിച്ചും കിട്ടുന്നതിനെ ആശ്രയിച്ചിരിക്കുന്നു ലോകശ്രദ്ധ നേടിയ ഇപ്പോഴത്തെ ഫോൺസംഭാഷണത്തിന്‍റെ ഭാവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.