ഏറ്റുമുട്ടൽ കൊലകൾ ആഘോഷമാക്കിയിരിക്കുന്നു ഉത്തർപ്രദേശ്. ശനിയാഴ്ച രാത്രിയാണ് കൊലക്കേസ് പ്രതിയും മുൻ ലോക്സഭാംഗവും സമാജ്വാദി പാർട്ടി നേതാവുമായ ആതിഖ് അഹ്മദും സഹോദരൻ അശ്റഫും പൊലീസ് കസ്റ്റഡിയിൽവെച്ച് വെടിയേറ്റു മരിച്ചത്. രണ്ടുപേരെയും വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് പോകാനിരിക്കെ ഗുണ്ടാസംഘം വന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. കാമറക്ക് മുന്നിൽ, തത്സമയ സംപ്രേഷണമായിട്ടാണ് കൊല. ഇതിനു രണ്ടു ദിവസം മുമ്പ് ആതിഖിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദിനെയും സുഹൃത്ത് ഗുലാമിനെയും വെടിവെച്ചത് യു.പി പൊലീസ് തന്നെയാണ്. താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി ആതിഖ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. കോടതി അത് മുഖവിലക്കെടുത്തില്ല. മകൻ കൊല്ലപ്പെട്ടതറിഞ്ഞ് ദുഃഖിതനായിരുന്ന ആതിഖിനെയും സഹോദരനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് കാവൽ കുറവായിരുന്നു. തലേന്നുണ്ടായിരുന്ന ആൾബലംപോലും കുറച്ച്, വെറും ഏഴു പൊലീസുകാരെയാണ് കൂടെ അയച്ചത്. കൊലയാളികൾക്ക് ആക്രമിച്ചുകൊല്ലാൻ അത് സൗകര്യമൊരുക്കിയതായി ആരോപണമുണ്ട്. കൊല നടന്നതിന് പിന്നാലെ ഉയർന്നിട്ടുള്ള വിവാദത്തെ തുടർന്ന് ഉന്നതതല അന്വേഷണത്തിന് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ജുഡീഷ്യൽ കമീഷനെ നിയോഗിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, നിയമബാഹ്യമായ കൊലപാതകങ്ങൾ യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ വർധിച്ചുവരുന്നതിൽ ഭരണകൂടങ്ങൾക്കുള്ള പങ്ക് ചെറുതല്ല. അസദിനെയും ഗുലാമിനെയും ഏറ്റുമുട്ടലിൽ കൊന്നതിന് പൊലീസിനെ അഭിനന്ദിക്കാൻ ആദിത്യനാഥിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആതിഖിന്റെ മകനും ആതിഖും കൊല്ലപ്പെട്ട സംഭവങ്ങൾക്ക് മുമ്പ് ആതിഖിന്റെ സഹായികളായ രണ്ടുപേരെ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ യു.പി പൊലീസ് കൊന്നിരുന്നു. സർക്കാറിന്റെ പ്രോത്സാഹനവും ശിക്ഷിക്കപ്പെടില്ലെന്ന പൊലീസിന്റെ ഉറപ്പുമാണ് ഏറ്റുമുട്ടൽ കൊലകൾ ഇത്ര വ്യാപിക്കാൻ കാരണം.
ആദിത്യനാഥിന്റെ ഭരണത്തിൽ ആറുവർഷംകൊണ്ട് ഏറ്റുമുട്ടൽകൊലകൾ റെക്കോഡ് സ്ഥാപിച്ചുകഴിഞ്ഞു. ആതിഖ്-അശ്റഫ് സഹോദരന്മാരുടേത് 184ാം ഏറ്റുമുട്ടലാണ്. 2016-2022 കാലത്ത് ഇന്ത്യയിൽ 813 ഏറ്റുമുട്ടൽകൊലകൾ നടന്നു. ഒരേയൊരിക്കൽ മാത്രമാണ് ദേശീയ മനുഷ്യാവകാശ കമീഷൻ പൊലീസിനെതിരെ അച്ചടക്ക നടപടി നിർദേശിച്ചത്. മറുവശത്ത് സർക്കാറുകൾ ‘എൻകൗണ്ടർ’ വിദഗ്ധരെ പ്രശംസിക്കുന്നു. ഛത്തിസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, കശ്മീർ, അസം എന്നിവിടങ്ങളിലും ഈ ഭരണകൂട കൊലകൾ ധാരാളം നടന്നതായി കണക്കുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളിൽ ഏറ്റുമുട്ടൽ കൊലകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ‘ഓപറേഷൻ ലാങ്ഡ’ എന്ന അനൗദ്യോഗിക പൊലീസ് പദ്ധതിയിൽ 2002 ജൂലൈ വരെ 8472 ഏറ്റുമുട്ടലിലായി യു.പിയിൽ 3,300ലേറെ കുറ്റവാളികളെ വെടിവെച്ച് പരിക്കേൽപിച്ചു. സർക്കാർ ഒത്താശയോടെയും തുറന്ന പ്രോത്സാഹനത്തോടെയും ഇതെല്ലാം നടത്തുന്നത് കുറ്റവാളികളെ ഒതുക്കാനും ഇല്ലാതാക്കാനുമാണെന്ന് പറയാറുണ്ടെങ്കിലും നിയമലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ല ഇത്. അത് ചെയ്യുന്നത് പൊലീസും സർക്കാറുമാകുമ്പോൾ കൂടുതൽ ഗുരുതരമാകുന്നു. സ്വയം പ്രതിരോധത്തിന് വെടിവെക്കേണ്ടിവന്നു എന്ന ന്യായമാണ് പൊലീസ് പതിവായി ഉന്നയിക്കാറ്. ഈ അവകാശവാദം പരിശോധിക്കപ്പെടാറില്ല. ദേശീയ മനുഷ്യാവകാശ കമീഷൻ 1997ൽ മാർഗനിർദേശങ്ങൾ തയാറാക്കിയത് അതുകൊണ്ടാണ്. ഏറ്റുമുട്ടൽകൊല നടന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തുക, പൊലീസ് കുറ്റം ചെയ്തതായി തെളിഞ്ഞാൽ ശിക്ഷാനടപടി കൈക്കൊള്ളുക തുടങ്ങിയവ നിർദേശങ്ങളിൽപെടും. എന്നാൽ, ഇതൊന്നും മിക്ക സംസ്ഥാനങ്ങളും പാലിക്കുന്നില്ലെന്നാണ് 2010ൽ മനുഷ്യാവകാശ കമീഷൻതന്നെ നിസ്സഹായതയോടെ തുറന്നുപറഞ്ഞത്. 2014ൽ സുപ്രീംകോടതി ചില നടപടിക്രമങ്ങൾ നിർബന്ധമാക്കി. മറ്റൊരു പൊലീസ് സേനയെകൊണ്ട് പ്രാഥമിക അന്വേഷണം നടത്തിക്കുക, എഫ്.ഐ.ആർ ഉടനെ രജിസ്റ്റർ ചെയ്ത് തെളിവുകൾ ശേഖരിക്കുക, സംഭവത്തിലുൾപ്പെട്ട പൊലീസുകാർ അവരുടെ ആയുധങ്ങൾ വിട്ടുനൽകുക, മജിസ്ട്രേറ്റ്തല അന്വേഷണവും വേഗത്തിലുള്ള വിചാരണയും അച്ചടക്ക നടപടിയും തുടങ്ങിയവയാണ് കോടതി നിഷ്കർഷിക്കുന്നത്. ഇതും ഫലപ്രദമായി നടപ്പാകുന്നില്ല.
എന്നുമാത്രമല്ല, ഏറ്റുമുട്ടൽ കൊലകൾ വലിയ സേവനമായി ആഘോഷിക്കപ്പെടുന്ന അന്തരീക്ഷം വളർന്നുവന്നിരിക്കുന്നു. നിയമബാഹ്യമായ കൊലയിലൂടെ കുപ്രസിദ്ധ കുറ്റവാളികൾ ഇല്ലാതാക്കപ്പെടുമ്പോൾ ജനങ്ങൾ ആശ്വാസം പ്രകടിപ്പിക്കുക സ്വാഭാവികമാണ്. ഇവിടെ പ്രതിസ്ഥാനത്ത് നിൽക്കേണ്ടത് കോടതി നടപടികളിലെ സങ്കീർണതകളും കാലതാമസവുമാണ്. കുറ്റം നടന്ന് വൈകാതെതന്നെ ‘ശിക്ഷ’ മാതൃകപരമായി നടപ്പാകുന്നു എന്നനിലക്കാണ് ഏറ്റുമുട്ടൽ കൊലകൾ ചിത്രീകരിക്കപ്പെടുന്നത്. രണ്ടാമത്തെ പ്രശ്നം രാഷ്ട്രീയംതന്നെ കുറ്റകൃത്യങ്ങൾക്ക് അരങ്ങായി മാറുന്നു എന്നതാണ്. ആതിഖ് അഹ്മദിന്റെ മുഖ്യ പ്രവർത്തന മേഖലകൾ രാഷ്ട്രീയവും കുറ്റകൃത്യങ്ങളുമായിരുന്നു. യോഗി ആദിത്യനാഥിന് കീഴിൽ ഏറ്റുമുട്ടൽ കൊലകൾ റെക്കോഡ് സ്ഥാപിക്കുക മാത്രമല്ല, ബുൾഡോസർ ഉപയോഗിച്ച് എന്തും തകർക്കൽ നിയമത്തിന് പുറത്തുള്ള പുതിയതരം ‘ശിക്ഷാരീതി’യായി വളർന്നിരിക്കുന്നു. ഇതിന്റെയൊക്കെ പരിണിതഫലമായി ഉത്തർപ്രദേശിൽ ഇപ്പോൾ നിയമവാഴ്ചതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സർക്കാറും പൊലീസും കുറ്റവാളികളെ നിശ്ചയിക്കുകയും ശിക്ഷ വിധിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന ഈ അവസ്ഥ ഗൗരവതരമാണ്. നിയമവാഴ്ച തകർന്നു എന്നുപറഞ്ഞാൽ അതിനർഥം ഭരണംതന്നെ തകർന്നു എന്നാണ്. ആദിത്യനാഥ് സർക്കാറിന് കീഴിൽ നടക്കാൻ പോകുന്ന അന്വേഷണവും പരിഹാര നടപടികളും ഫലപ്രദമോ വിശ്വാസയോഗ്യമോ ആകുമെന്ന് കരുതാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.