രാമനവമി ആഘോഷത്തെതുടർന്ന് പശ്ചിമ ബംഗാളിലും ബിഹാറിലും ഉണ്ടായ സംഘർഷങ്ങൾ ഇതെഴുതുമ്പോഴും അവസാനിച്ചിട്ടില്ല. മാർച്ച് 30ന് രാമനവമി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയാണ് പശ്ചിമ ബംഗാളിലെ ഹൗറ, ദാൽഖോല, ബിഹാറിലെ മുൻഗർ, ബിഹാർ ശരീഫ്, സസറാം, ഉത്തർപ്രദേശിലെ ലഖ്നോ, ഗോരഖ്പൂർ, മഥുര, ഗുജറാത്തിലെ വഡോദര, കർണാടകയിലെ ഹാസൻ എന്നിവിടങ്ങളിൽ സംഘർഷത്തിൽ കലാശിച്ചത്. സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകളിൽ ആയുധമേന്തി, പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി മുസ്ലിം ന്യൂനപക്ഷവിഭാഗങ്ങൾ താമസിക്കുന്ന ഭാഗങ്ങളിലൂടെ നീങ്ങിയതിനെത്തുടർന്നാണ് പലയിടങ്ങളിലും സംഘർഷം ഉടലെടുത്തതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ബി.ജെ.പിയുടെയും ബദ്ധവൈരികളായ തൃണമൂൽ കോൺഗ്രസിന്റെയും പ്രാദേശിക നേതൃത്വങ്ങൾ ശോഭായാത്ര സംഘടിപ്പിക്കാൻ മത്സരിച്ച് മുന്നിൽനിന്നു. നാലുനാൾ കഴിഞ്ഞും സംഘർഷം നിയന്ത്രണാധീനമാക്കാൻ കഴിയാത്തതിന്റെ പേരിൽ ഭരണകക്ഷിയും പ്രതിപക്ഷവും ചേരിതിരിഞ്ഞ് രാഷ്ട്രീയ കിടമത്സരത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കുന്നതിനേക്കാൾ അതിന്റെ രാഷ്ട്രീയലാഭം വീതംവെക്കുന്നതിനുള്ള മത്സരത്തിലാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നൽകിയ പൊതുതാൽപര്യ ഹരജിയിൽ, സംഘർഷം അമർച്ച ചെയ്യാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ബുധനാഴ്ചയോടെ സമർപ്പിക്കാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടിരിക്കുകയാണ്. ബിഹാറിലും ഗുജറാത്തിലും കഴിഞ്ഞ ദിവസവും സംഘർഷങ്ങൾക്ക് അയവുണ്ടായില്ല. സമാനസംഭവങ്ങൾ മുൻവർഷങ്ങളിലും ആവർത്തിച്ച അതേ സ്ഥലങ്ങളിലൂടെ പിന്നെയും ശോഭായാത്ര കടന്നുപോകാൻ എന്തുകൊണ്ട് അവസരം നൽകിയെന്ന് കോടതി അഡ്വക്കറ്റ് ജനറലിനോട് ചോദിച്ചു.
വർഷംതോറും രാമനവമി ശോഭായാത്രയുടെ പേരിൽ നടന്നുവരുന്ന അതിക്രമങ്ങളും കൊലയും കൊള്ളിവെപ്പും പരിശോധിച്ചാൽ ഏതു സാമാന്യ ബുദ്ധിയിലുമുദിക്കുന്ന ലളിതചോദ്യമാണ് കോടതിയും ഉന്നയിച്ചത്. കഴിഞ്ഞ വർഷത്തെ രാമനവമി ആഘോഷത്തിലും ഗുജറാത്ത്, മധ്യപ്രദേശ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഡൽഹി, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി പതിനഞ്ചിടങ്ങളിൽ സംഘർഷങ്ങളുണ്ടായി. ദൗർഭാഗ്യകരമെന്നു പറയട്ടെ, പതിറ്റാണ്ടുകളായി രാമനവമി ആഘോഷങ്ങൾ വംശീയസംഘർഷങ്ങൾക്കുള്ള അവസരമായി തൽപരകക്ഷികൾ മാറ്റിയെടുത്തിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ ലാഭചേതം നോക്കി പ്രശ്നങ്ങളിൽ ഇടപെടാൻ തീർച്ചപ്പെടുത്തിയതോടെ ഭരണകൂടവും ഔദ്യോഗിക സംവിധാനങ്ങളും വെറും നോക്കുകുത്തികളായി മാറുന്നു. വർഷംതോറും ഒരേ കാലം, ഒരേ ഇടത്ത് സംഘർഷങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. ബ്രിട്ടീഷ് കാലം തൊട്ടുതന്നെ മതാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഘോഷയാത്രകൾ വംശവിദ്വേഷത്തിന്റെ വക്താക്കൾ സംഘർഷത്തിനുള്ള ഉപാധിയാക്കി മാറ്റുന്ന പ്രവണത നിലവിലുള്ളതാണ്. ഇപ്പോഴത്തെ ബിഹാർകൂടി ഉൾക്കൊള്ളുന്ന അന്നത്തെ ബംഗാളിൽ 1920കളിൽ ഭീകരമായ കലാപങ്ങളിലേക്ക് ഈ സംഘർഷങ്ങൾ വഴിതെളിച്ചിട്ടുണ്ട്. ഇത്തരം ഘോഷയാത്രകൾക്ക് ഒരു പതിവുരീതിയുണ്ട്; ന്യൂനപക്ഷ വിഭാഗം താമസിക്കുന്ന പ്രദേശങ്ങളിലൂടെ നീങ്ങുന്ന യാത്രകളുടെ വമ്പിച്ച ശബ്ദഘോഷങ്ങൾ മസ്ജിദുകളുടെ മുന്നിലെത്തുന്നതോടെ ഉച്ചസ്ഥായിയിലെത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളുയരുകയും ചെയ്യും. മറുഭാഗം പ്രകോപിതരാകുന്നതോടെ വഴക്കും കല്ലേറുമായി. അത് കൊലയിലേക്കും കൊള്ളിവെപ്പിലേക്കും വഴിതുറക്കുകയാണ് ചെയ്യുക. മിക്ക സംഭവങ്ങളിലും പ്രശ്നങ്ങളൊഴിവാക്കാനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കാതിരിക്കുകയും കാര്യങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ മാത്രം തീകെടുത്തൽ അഭ്യാസവുമായി അധികൃതരും ഔദ്യോഗിക സംവിധാനങ്ങളും രംഗത്തെത്തുകയും ചെയ്യുന്നു. അപ്പോഴേക്കും വംശീയ വെറിയന്മാർ അവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞിരിക്കും. തുടർന്ന് അന്വേഷണ കമീഷനുകളെ നിയമിക്കുകയാണ് ഭരണകൂടത്തിന്റെ അവസാന നടപടി. അങ്ങനെ നിയോഗിക്കപ്പെട്ട കമീഷനുകളെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞതാണ് കലാപസാധ്യതയുള്ള പ്രദേശങ്ങളിൽ അനിഷ്ട സംഭവങ്ങൾക്ക് അവസരമൊരുക്കാതിരിക്കാനുള്ള അതിജാഗ്രത. എന്നാൽ, റിപ്പോർട്ടുകളെല്ലാം അവഗണിക്കപ്പെടുകയായിരുന്നുവെന്നതിന് തെളിവ് ആവർത്തിക്കുന്ന സംഘർഷങ്ങൾതന്നെ. അതുകൊണ്ടാണ് പഴയ തെറ്റ് ആവർത്തിച്ചതെന്തെന്ന് കൊൽക്കത്ത ഹൈകോടതി മമത സർക്കാറിനോട് ചോദിച്ചതും.
അതേസമയം, രാമനവമി അതിക്രമങ്ങളെക്കുറിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് നടത്തിയ നിരീക്ഷണം ഏറെ ഗൗരവമർഹിക്കുന്നതാണ്. ബി.ജെ.പി രാജ്യത്ത് കലാപങ്ങളുടെ ആസൂത്രണവും സ്പോൺസർഷിപ്പും നിർവഹിച്ചുവരുകയാണെന്നും ഇന്ത്യയിലുടനീളം കലാപങ്ങളുണ്ടാക്കാൻ അവർ ഒരുവിഭാഗത്തെതന്നെ ഏർപ്പാടാക്കിയിരിക്കുകയാണെന്നും തിങ്കളാഴ്ച മുംബൈയിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചിരിക്കുന്നു. ‘‘ബി.ജെ.പി ഒരു പ്രത്യേക വിങ്ങിന് രൂപം നൽകിയിരിക്കുന്നു. അവരിലൂടെയാണ് കലാപങ്ങളുണ്ടാക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് കലാപങ്ങൾ തുടങ്ങിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനോ തെരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കാനോ ആണ് അവരുടെ പരിപാടിയെന്നു തോന്നുന്നു’’ -സംഘ് പരിവാറിന്റെ രാപ്പനി അറിയുന്ന പഴയ സഹയാത്രികൻ പറയുന്നു. രാമനവമിയുടെ പേരിലുണ്ടായ കുഴപ്പങ്ങളും കർണാടകയിൽ കഴിഞ്ഞ ദിവസം പശുവിന്റെ പേരിൽ നടന്ന ആൾക്കൂട്ടക്കൊലയും മറ്റു പലയിടങ്ങളിലായി തലപൊക്കുന്ന സംഘർഷ സാധ്യതകളുമൊക്കെ ഇതിനോടു ചേർത്തുവായിക്കുമ്പോൾ ലഭിക്കുന്ന ചിത്രം ആശങ്കജനകമാണ്. അതിനെ മറികടക്കണമെങ്കിൽ അക്രമങ്ങൾക്കും അക്രമികൾക്കുമെതിരെ മുഖംനോക്കാത്ത നടപടിയാണാവശ്യം. മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുമുണ്ടാകണം. അതിനുള്ള ആർജവവും ഇച്ഛാശക്തിയും ഭരണകൂടവും അതിനെ നയിക്കുന്ന രാഷ്ട്രീയകക്ഷികളും കാണിക്കുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.