പ്രതിപക്ഷം മണിപ്പൂർ വിഷയത്തിൽനിന്ന് ഒളിച്ചോടിയതാണ് പാർലമെന്റിൽ കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരിക്കുന്നു. ‘പ്രതിപക്ഷത്തിന് രാജ്യത്തെക്കാൾ പ്രധാനം പാർട്ടിയാണ്. ജനാധിപത്യത്തിൽ പറയാനുള്ളത് കേൾക്കണം. പ്രതിപക്ഷം അതു ചെയ്തില്ല’ -ബി.ജെ.പി ബംഗാൾ ഘടകത്തിന്റെ ഒരു സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ട് മോദി ആരോപിച്ചതാണിത്. വാസ്തവത്തിൽ ഇതുതന്നെയാണ് പ്രതിപക്ഷം മോദിസർക്കാറിനെ പറ്റി പറയുന്നതും. ‘പ്രധാനമന്ത്രി മൂന്നുമാസം മണിപ്പൂർ വിഷയത്തിൽനിന്ന് ഒളിച്ചോടിയതുകൊണ്ടാണ് തോൽക്കുമെന്നറിഞ്ഞിട്ടും അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഒട്ടനേകം പാർട്ടി പരിപാടികളിൽ പങ്കെടുക്കുമ്പോഴും പ്രധാനമന്ത്രി പാർലമെന്റിൽ വരാൻ മടിക്കുന്നു; മറുപക്ഷത്തെ കേൾക്കാൻ വിസമ്മതിക്കുന്നു. ഒടുവിൽ, അവിശ്വാസപ്രമേയത്തിനുള്ള മറുപടിയിൽപോലും രാഷ്ട്രീയം പറയാനാണ് ഏറെസമയം അദ്ദേഹം വിനിയോഗിച്ചത്’ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ആര് പറയുന്നതാണ് ശരിയെന്ന് കണ്ടെത്താൻ പ്രയാസമൊന്നുമില്ല. പക്ഷേ, പ്രതിപക്ഷത്തിനുള്ളതിനെക്കാൾ ഉത്തരവാദിത്തമുള്ള സർക്കാർ പാർലമെന്റിലെ ബഹളവും അസ്വാരസ്യവും മുതലെടുത്ത് വിവാദനിയമങ്ങൾ ചർച്ചയില്ലാതെ പാസാക്കാൻശ്രമിച്ചത് ഏതായാലും ജനാധിപത്യ പ്രക്രിയയിൽനിന്നുള്ള ഒളിച്ചോട്ടമാണ്. വർഷകാലസമ്മേളനത്തിൽ പാർലമെന്റ് പകുതിസമയംപോലും പ്രവർത്തിച്ചില്ല. എന്നാൽ, ഈ ചുരുങ്ങിയ നേരംകൊണ്ട് 23 ബില്ലാണ് ചുട്ടെടുത്തത്. അവിശ്വാസപ്രമേയ ചർച്ചക്കെടുത്ത സമയമൊഴിച്ചാൽ 25 മണിക്കൂർ മാത്രമാണ് ലോക്സഭ നടന്നത്. വ്യത്യസ്ത വീക്ഷണങ്ങൾ കേട്ടുമാത്രം തീരുമാനിക്കേണ്ട അതിപ്രധാനമായ അനേകം ബില്ലുകൾ ശബ്ദവോട്ടിനിട്ട് പാസാക്കാനുള്ള തിടുക്കമാണ് കണ്ടത്. ഡൽഹി ഭരണത്തിൽ നിയന്ത്രണം പിടിച്ചെടുക്കുന്ന ബില്ലിന്മേൽ അഞ്ചു മണിക്കൂർ ചർച്ച നടന്നെന്നുമാത്രം. ബാക്കി 22 ബില്ലിനും കൂടി മൊത്തം എടുത്തത് 20 മണിക്കൂർ. ഡിജിറ്റൽ വ്യക്തി സുരക്ഷാനിയമം പോലുള്ള സുപ്രധാന ബില്ലിന് ഒരു മണിക്കൂർപോലും എടുത്തില്ല. രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പാർലമെന്റിൽനിന്നുള്ള ഒളിച്ചോട്ടമാണ് ഫലത്തിൽ സർക്കാർ നടത്തുന്നതെന്ന് പറഞ്ഞാൽ തെറ്റാകില്ല. ഒന്നരവർഷം മുമ്പത്തെ കണക്കനുസരിച്ച് മോദിസർക്കാർ ശരാശരി 11 ഓർഡിനൻസുകൾ പ്രതിവർഷം ഇറക്കുന്നുണ്ട്; മൻമോഹൻ സർക്കാറിന്റെ കാലത്ത് ആറ് ഓർഡിനൻസായിരുന്നു ശരാശരി. നോട്ടുനിരോധനം, കാർഷിക നിയമങ്ങൾ, തൊഴിൽചട്ടങ്ങൾ തുടങ്ങിയ ഒരുപാട് പരിഷ്കാരങ്ങൾ പാർലമെന്റിന്റെ പരിശോധനയില്ലാതെ നിയമമാക്കി. പൗരത്വഭേദഗതി നിയമം പാസാക്കിയത് രണ്ടു ദിവസം കൊണ്ടാണ്; രാജ്യസഭയിൽ ചർച്ചയേ ചെയ്തില്ല. എൻ.ഡി.എക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ രാജ്യസഭയെ മറികടക്കാൻവേണ്ടി കുറെ നിയമങ്ങൾ പണബിൽ (മണിബിൽ) ആയിട്ടാണ് അവതരിപ്പിച്ചത്. ചട്ടങ്ങളുടെ ദുരുപയോഗമായിരുന്നു അത് -ജനാധിപത്യ ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടവും. നികുതി, സർക്കാർവ്യയം, സർക്കാർവായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടവ മാത്രമേ ‘മണിബില്ലി’ന്റെ പരിധിയിൽ വരൂ എന്നിരിക്കെ ആധാർ നിയമം വരെ ‘മണിബില്ലാ’യി അവതരിപ്പിക്കുന്നത് മറ്റെന്തിനാണ്? സമ്മേളനദിനങ്ങൾ വെട്ടിച്ചുരുക്കിയും ചർച്ചക്കുള്ള സമയം കുറച്ചും പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരുപറഞ്ഞ് സമ്മേളനം കൂടക്കൂടെ നിർത്തിവെച്ചും ഉത്തരവാദിത്തത്തിൽനിന്ന് വഴുതിമാറുകയാണ് സർക്കാർ ചെയ്യുന്നത്. പാർലമെന്റിനെ അഭിമുഖീകരിക്കുന്നതിലും പ്രധാനമന്ത്രി മോദി പിന്നിലാണെന്ന് കണക്കുകൾ പറയുന്നു. ‘മൗനി’ എന്ന കുറ്റപ്പെടുത്തൽ ധാരാളം കേട്ട മൻമോഹൻ സിങ്ങിന്റെതിന്റെ പകുതിതവണയേ നരേന്ദ്ര മോദി പാർലമെന്റിൽ സംസാരിച്ചിട്ടുള്ളൂ.
ചർച്ച നടക്കുമ്പോൾതന്നെ സർക്കാർഭാഗത്തുനിന്ന് ഉത്തരവാദിത്തത്തോടെയുള്ള പ്രസംഗങ്ങൾ ചുരുക്കമാണ്. രാഷ്ട്രീയപ്രസംഗങ്ങളാണ് ഏറെയും. അവിശ്വാസപ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി ചെയ്ത പ്രസംഗം ഒളിച്ചോട്ടത്തിന്റെ മികച്ച ഉദാഹരണമായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ് സഹകരിക്കുന്നതിനാൽ അദ്ദേഹത്തെ പിരിച്ചുവിടേണ്ടതില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണഘടനാസംവിധാനം അപ്പാടെ തകർന്നു എന്ന് സുപ്രീംകോടതി നിരീക്ഷിച്ച ഒരു സംസ്ഥാനത്തെപ്പറ്റിയാണ് ഇത്; അവിടത്തെ യാഥാർഥ്യവുമായി ഒട്ടുംചേരാത്ത കാര്യങ്ങളാണ് ആഭ്യന്തരമന്ത്രി സഭയിൽ പറഞ്ഞത്. നൂറുദിവസം കഴിഞ്ഞിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്ത മുഖ്യമന്ത്രി ഇനിയും തുടരട്ടെ എന്ന്. കുക്കി വിഭാഗക്കാരായ ഏഴ് ബി.ജെ.പി എം.എൽ.എമാരും ബിരേൻ സിങ്ങിൽ വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് രണ്ടു മാസമായി. മെയ്തേയ് വിഭാഗക്കാരായ വേറെ എട്ട് ബി.ജെ.പി എം.എൽ.എമാർ, ബിരേൻ സർക്കാറിൽ പൊതുജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് കത്തെഴുതിയിട്ട് ഒരുമാസം കഴിഞ്ഞു. മണിപ്പൂർ വിഷയം കേന്ദ്രീകരിച്ചുനടന്ന പാർലമെന്റ് ചർച്ചയിൽ അന്നാട്ടുകാരനായ ബി.ജെ.പി എം.പിക്ക് സംസാരിക്കാൻ അനുമതിനൽകിയില്ല. പക്ഷേ, പ്രധാനമന്ത്രി പറയുന്നു പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന്. അധികാരത്തിനുവേണ്ടി ജനാധിപത്യ സംവിധാനങ്ങളിൽനിന്ന് ഒളിച്ചോടുന്നത് ആരാണെന്ന് രാജ്യം കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.