മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ ‘നീറ്റ്’ (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) നിബന്ധനയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നടത്തിവരുന്ന പ്രതിരോധ നടപടികൾ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത നിരാഹാര സത്യഗ്രഹത്തിൽ എത്തിനിൽക്കുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ ഒട്ടേറെ മന്ത്രിമാർ ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുക്കുകയും ‘നീറ്റി’നെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ‘നീറ്റി’നുവേണ്ടി ശക്തിയായി വാദിക്കുകയും അതിനെതിരെ നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോവുകയും ചെയ്ത ബി.ജെ.പി സർക്കാർ നോമിനിയായ ഗവർണർ ആർ.എൻ. രവിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ വേറെയും.
2016 ൽ സുപ്രീംകോടതി വിധിയെത്തുടർന്നാണ് എം.ബി.ബി.എസ്, ബി.ഡി.എസ് തുടങ്ങിയ കോഴ്സുകൾക്കുള്ള ദേശീയ അർഹത പരീക്ഷയായി ‘നീറ്റ്’ നിലവിൽ വന്നത്. അതിനു മുമ്പ്, 2009ൽ തന്നെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അഖിലേന്ത്യതലത്തിൽ പ്രവേശനത്തിന് തുല്യനിലവാരം വേണമെന്നും വിദ്യാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ വെവ്വേറെ പരീക്ഷ എഴുതുന്നതിന്റെ പ്രയാസം ഇല്ലാതാക്കണമെന്നും അതിനു പൊതുവായ പ്രവേശന പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2013ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പൊതു പ്രവേശനപരീക്ഷ ഭരണഘടനവിരുദ്ധമാണെന്നും മെഡിക്കൽ കൗൺസിലിനു വൈദ്യ വിദ്യാഭ്യാസം സംബന്ധമായി അത്തരം ഒരുത്തരവും നൽകാൻ അധികാരമില്ലെന്നും പറഞ്ഞു 2:1 ഭൂരിപക്ഷത്തോടെ പ്രസ്തുത തീരുമാനം റദ്ദാക്കി. പക്ഷേ, മൂന്നു വർഷം കഴിഞ്ഞ് 2016 ൽ അഞ്ചംഗ ബെഞ്ച് പ്രസ്തുത തീരുമാനം റദ്ദു ചെയ്തു ‘നീറ്റി’നു നിയമപ്രാബല്യം നൽകി. ചില സംസ്ഥാനങ്ങളുടെ പ്രത്യേക അപേക്ഷ മാനിച്ച് കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് അവർക്ക് ഇളവുനൽകി. എന്നാൽ, 2017 ൽ സുപ്രീംകോടതി ആ ഇളവ് നീട്ടിനൽകാതെ ദേശവ്യാപകമായി ‘നീറ്റ്’ നിർബന്ധമാക്കി. ഏകീകൃത പ്രവേശന മാനദണ്ഡങ്ങൾക്കൊപ്പം യോഗ്യത മാത്രം മാനദണ്ഡമായി പ്രവേശനം നൽകണമെന്നും പണം കൊടുത്തു ചുരുങ്ങിയ യോഗ്യതപോലും ഇല്ലാത്തവർ പ്രവേശനം നേടുന്നത് നിർത്തണമെന്നും കൂടി കോടതി നിഷ്കർഷിച്ചിരുന്നു. അതിനാൽ, സ്വാശ്രയകോളജുകളിലും ‘നീറ്റ്’ യോഗ്യത നിർബന്ധമായി.
തമിഴ്നാട് മാത്രമല്ല. ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും വ്യത്യസ്ത കാരണങ്ങളാൽ ‘നീറ്റി’നെ എതിർത്തിട്ടുണ്ട്. തമിഴ്നാടിന്റെ രൂക്ഷമായ എതിർപ്പ് ഭരണഘടനാപരവും സാമൂഹികവുമായ തലങ്ങളുള്ളവയാണ്. ‘നീറ്റി’നു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് കോച്ചിങ് സെന്ററുകളിൽ പരിശീലനം നേടേണ്ടിവരും. ദരിദ്ര വിദ്യാർഥികൾക്ക് അത് താങ്ങാനാവില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രവേശന പരീക്ഷയിലെ സ്കോർ എന്ന ഒറ്റ ഘടകം മാനദണ്ഡമാവുമ്പോൾ ഹയർ സെക്കൻഡറി തലം വരെ പഠിച്ച അറിവും നൈപുണ്യവും അപ്രസക്തമാകും. എതിർപ്പുകൾക്കിടയിലും കേന്ദ്രത്തിനു ഇതു തുടർന്ന് നടത്താൻ അനുകൂലമായ നിയമഘടകം വിദ്യാഭ്യാസം സമാവർത്തിപ്പട്ടികയിൽ (കൺകറന്റ് ലിസ്റ്റ്) പെട്ട വിഷയമാണ് എന്നതാണ്. അഥവാ, നിയമനിർമാണത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഭിന്നത വന്നാൽ യൂനിയൻ നിയമത്തിനു പ്രാബല്യം കിട്ടും. തമിഴ്നാട് വാദിക്കുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ്. ബി.ജെ.പി സർക്കാറിന്റെ എല്ലാറ്റിനും ഒരു രാജ്യം, ഒറ്റ നിയമം, ഒറ്റപ്പരീക്ഷ, ഒറ്റ വളം തുടങ്ങിയ മുദ്രാവാക്യങ്ങളോടുള്ള ജനിതകമായ എതിർപ്പും ഇതിൽ നിഴലിക്കുന്നത് കാണാം.
തുല്യതക്കുള്ള അവകാശം ഉറപ്പുനൽകുന്ന ഖണ്ഡിക 14 ലെ മൗലികാവകാശത്തിന്റെ ലംഘനമാണ് ‘നീറ്റ്’ സംവിധാനം എന്നും ഒരു വാദമുണ്ട്. പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവരിൽ 99 ശതമാനവും കോച്ചിങ് സെന്ററുകളിൽ പഠിച്ചവരാണെന്ന വസ്തുത വെച്ചുനോക്കുമ്പോൾ അത്തരം ചെലവ് താങ്ങാൻ പറ്റാത്തവരും ധനികരും തമ്മിൽ അവസരസമത്വമില്ലാത്ത മത്സരമാണ് നടക്കുക. ഇതു കൂടാതെ, ‘നീറ്റ്’ പരീക്ഷ ഒരു പ്രാവശ്യം തോറ്റാൽ വീണ്ടും അതിനു ശ്രമിക്കുന്നവരാണ് ഇന്ന് യോഗ്യത നേടുന്നവരിൽ വലിയ ഒരു ഭാഗം. ഇതും ദരിദ്രർക്ക് താങ്ങാൻ കഴിയാത്തതാണ്. പണച്ചെലവിനു പുറമെ, പ്രവേശന പരീക്ഷ തന്നെ എല്ലാമെല്ലാമായി പരിണമിക്കുന്ന ഈ അവസ്ഥയെയാണ് തമിഴ്നാട് രൂക്ഷമായി എതിർക്കുന്നത്. 2021ൽ തമിഴ്നാട് നിയമസഭ ബി.ജെ.പി ഒഴികെ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ പാസാക്കിയ ‘നീറ്റ്’ ഒഴിവാക്കുന്ന ബിൽ ഗവർണർ ആർ.എൻ. രവി ഏറെ വൈകിപ്പിച്ചശേഷം തിരിച്ചയച്ചു. തുടർന്ന് 2022ൽ ചരിത്രത്തിലാദ്യമായി അതേ ബിൽ തന്നെ നിയമസഭ വീണ്ടും പാസാക്കി അയച്ചെങ്കിലും അത് ഒരു നടപടിയുമെടുക്കാതെ വീണ്ടും പിടിച്ചുവെച്ചു. അതിനകം സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാർ ‘നീറ്റ്’ ഒഴിവാക്കാൻ ഹരജി നൽകി. ബിൽ ഗവർണർ രാഷ്ട്രപതിയുടെ ഒപ്പിനായി അയച്ചിരുന്നതിനാൽ ഹരജി ആറു മാസത്തേക്ക് മാറ്റിവെക്കാൻ സർക്കാർ അപേക്ഷ നൽകി. ഇപ്പോൾ ബിൽ രാഷ്ട്രപതിക്ക് മുമ്പാകെ കാത്തിരിക്കുമ്പോഴാണ് കേന്ദ്രത്തിനുമേൽ സമ്മർദം മുറുക്കാൻ പ്രത്യക്ഷ പ്രതിഷേധ നടപടികളുമായി സർക്കാർ നേരിട്ടു രംഗത്തിറങ്ങിയിരിക്കുന്നത്. ഇനി രാഷ്ട്രപതി സ്വയമോ കേന്ദ്ര സർക്കാറിന്റെ അഭിപ്രായം തേടിയ ശേഷമോ ബില്ലിന്റെ കാര്യത്തിൽ എന്തു തീരുമാനമെടുക്കും, അത് ഒപ്പിട്ടാൽ തന്നെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ പൊതുവെ ‘നീറ്റി’നു അനുകൂലമായി നിന്ന കോടതി അതിനെ എങ്ങനെ സമീപിക്കും, പ്രതികൂലമായ ഒരു തീരുമാനം വന്നാൽ തമിഴ്നാട് സർക്കാർ അതിനെ ഏതു രീതിയിൽ നേരിടാനാവും ശ്രമിക്കുക തുടങ്ങിയ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നുവരുന്നുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ചൂഴുന്ന ഭാവി രാഷ്ട്രീയത്തിൽതന്നെ പ്രതിഫലിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണിവ. അതുകൊണ്ടുതന്നെ, അതീവ പ്രധാനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.