ധൈഷണിക പാപ്പരത്തത്തിന്റെ ഹാലിളക്കം

ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഇന്ത്യാ മഹാരാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിനുവേണ്ടി രാഷ്ട്രീയ സ്വയം സേവക് സംഘ് കഠിനപ്രയത്നം ആരംഭിച്ചിട്ട് നൂറ്റാണ്ട് പൂർത്തിയാകാൻ പോകുന്നു. മതനിരപേക്ഷ ഇന്ത്യയെക്കുറിച്ച് അംബേദ്കറും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ളവരുടെ സ്വപ്നങ്ങളെപ്പറ്റി എത്ര വാചാലമായി സംസാരിച്ചാലും, ജനാധിപത്യ ഭരണഘടനയിലെ ഖണ്ഡികകൾ എത്ര ശക്തമായി ഉദ്ധരിച്ചാലും 2014 മുതൽ രാജ്യത്തിന്റെ അധികാരം ജനകീയ വോട്ടുകളുടെ പിൻബലത്തോടെതന്നെ പിടിച്ചെടുക്കാൻ ആർ.എസ്.എസിന് സാധിച്ചിട്ടുണ്ടെന്നത് അനിഷേധ്യ സത്യമാണ്. മതേതര പാർട്ടികളുടെയും മതന്യൂനപക്ഷങ്ങളുടെയും എതിർപ്പിനെ വകവെക്കാതെ 2019ൽ രണ്ടാമൂഴം പൂർവാധികം കരുത്തോടെ തരപ്പെടുത്താൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാറിന് സാധിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. അതുവഴി തങ്ങൾ രാജ്യത്തിന്റെ മുമ്പാകെ സമർപ്പിച്ച അജണ്ടകൾ ഓരോന്നോരോന്നായി നടപ്പാക്കാനും ഭരണഘടനയോ ജുഡീഷ്യറിയോപോലും അവർക്ക് തടസ്സമായിട്ടില്ല. എതിർശബ്ദങ്ങളെ അടിച്ചമർത്തിയോ അവഗണിച്ചോ മുന്നോട്ടുപോകാനുള്ള നിശ്ചയദാർഢ്യവും ഹിന്ദുത്വ കൂട്ടായ്മ ആർജിച്ചിട്ടുണ്ട്. കേന്ദ്രഭരണം മാത്രമല്ല, മിക്ക സംസ്ഥാനങ്ങളുടെയും ഭരണവും തങ്ങളുടെ ചൊൽപ്പടിയിൽ കൊണ്ടുവരാനും പ്രതിപക്ഷ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളെ ഗവർണർമാരെ ഉപയോഗിച്ച് ചൊൽപ്പടിക്കു നിർത്താനും കേന്ദ്ര സർക്കാറിന് പ്രയാസമൊന്നും നേരിടുന്നില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ മൂന്നാമൂഴം പൂർവാധികം കരുത്തോടെ ഉറപ്പാക്കാനുള്ള നീക്കങ്ങളും ശ്രമങ്ങളുമാണിപ്പോൾ നടക്കുന്നത്. സഹസ്ര കോടികളുടെ ബലത്തിൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെക്കൊണ്ട് അമ്മാനമാടുന്ന കോർപറേറ്റ് ഭീമന്മാരുടെ നിർലോഭമായ സഹായത്തോടെ ഏതു പ്രതിസന്ധിയെയും നേരിടാനാവുമെന്ന ആത്മവിശ്വാസം തീവ്ര വലതുപക്ഷത്തിനുണ്ടുതാനും. ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നത് കേവലം സമയത്തിന്റെ പ്രശ്നമാണെന്ന് വ്യക്തമാണ്.

പക്ഷേ, ഇക്കളിയൊക്കെ ദീർഘകാലമായി കളിക്കുമ്പോഴും ഹിന്ദുത്വരാഷ്ട്രദർശനം എന്താണെന്നോ എങ്ങനെയായിരിക്കുമെന്നോ മനുഷ്യർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിശദീകരിക്കാൻ ഏറ്റവും വലിയ സംഘ്പരിവാർ ബുദ്ധിജീവികൾക്കുപോലും കഴിയുന്നില്ലെന്നതാണ് വിചിത്രമായ മറുവശം. താത്ത്വികാചാര്യനായിരുന്ന എം.എസ്. ഗോൾവാൾക്കറുടെ ‘വിചാരധാര’ പോലും അക്കാര്യത്തിൽ പരാജയപ്പെടുകയേ ചെയ്തിട്ടുള്ളൂവെന്ന് പറയേണ്ടിവരുന്നു. ഹിന്ദുവിന് ഒരു നിർവചനം നൽകുന്നതിൽ പരാജയപ്പെട്ട അദ്ദേഹം ഒടുവിൽ ഹിന്ദു അനിർവചനീയനാണെന്ന് സമാധാനിക്കുകയാണ് ചെയ്തത്​. ഹിന്ദുത്വം മതമാണെന്ന് സമ്മതിക്കാൻ ആചാര്യന്മാരോ പണ്ഡിറ്റുകളോ ​തയാറല്ല. ആസ്തികവാദികൾക്കും നാസ്തികർക്കും ഒരുപോലെ ഹിന്ദുക്കളാവാം. ദൈവത്തിൽ വിശ്വസിക്കാത്ത ചാർവാകന്മാരും ഹിന്ദുസമൂഹത്തിന്റെ ഭാഗമായിരുന്നല്ലോ. ക്ഷേത്രങ്ങൾക്കുവേണ്ടി പടവെട്ടുമ്പോഴും ക്ഷേത്രത്തിൽ പോവണമെന്ന് ഹിന്ദുവിനെ ഒരാൾക്കും നിർബന്ധിക്കാനാവില്ല. ബ്രാഹ്മണ്യം ജന്മംകൊണ്ടല്ല, കർമംകൊണ്ടാണെന്ന് വാദിക്കുമ്പോഴും ബ്രാഹ്മണർ സർവാദരണീയരായ ഉന്നതജാതിക്കാരായി തുടരുന്നു. അനേകായിരം ജാതികൾ പ്രയോഗത്തിലല്ല, തത്ത്വത്തിൽതന്നെ അവർണരും അധമരുമായി ജീവിതത്തിന്റെ പുറമ്പോക്കിൽ കഴിയുന്നു. ബിഹാറിൽ നിതീഷ് സർക്കാർ ജാതി സെൻസസ് തുടങ്ങിയപ്പോൾ അതിനെ അനുകൂലിച്ചവരും എതിർക്കുന്നവരും ബി.ജെ.പിയിലുണ്ട്. അന്തർജാതി വിവാഹബന്ധങ്ങൾ ഇണകൾക്ക് മരണശിക്ഷ വിധിക്കാനുള്ള കാരണമാണ് ഹൈന്ദവസമൂഹങ്ങളിൽ. അന്യമതസ്ഥരുടെ ദേവാലയങ്ങൾ പിടിച്ചടക്കി തകർത്ത് തൽസ്ഥാനത്ത് ക്ഷേത്രം പണിയാനുള്ള ശ്രമങ്ങൾ അധികാരപീഠങ്ങളുടെ പിന്തുണയോടെ ശക്തിപ്രാപിക്കുമ്പോഴും കീഴ്ജാതികൾക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രങ്ങൾ വേണ്ടതിലധികമുണ്ട് രാജ്യത്തെമ്പാടും. ഇതിൽനിന്നൊക്കെ ശ്രദ്ധതിരിക്കാൻ കൂടിയാണ് മുസ്‍ലിം-ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ നാനാവിധത്തിൽ വേട്ടയാടാനുള്ള പരിപാടികൾ. പ​ക്ഷേ, അതുകൊണ്ടുമാത്രം ലക്ഷ്യംനേടാനാവില്ലെന്നും ഹൈന്ദവ സംസ്കാരത്തിന്റെ മാഹാത്മ്യം തെളിയിക്കാൻ മറ്റു മാർഗങ്ങൾകൂടി സ്വീകരിക്കണമെന്നുമുള്ള തോന്നൽകൊണ്ടാവാം ലോകത്തിന്റെ മുന്നിൽ പരിഹാസ്യമായ കാര്യങ്ങൾകൂടി സർക്കാർ പരിപാടികളിൽ ഉൾപ്പെടുത്തേണ്ടിവന്നിരിക്കുന്നത്. അതിലൊന്നാണ്​ ഫെബ്രുവരി 14ലെ വാല​ൈന്റൻദിനത്തിൽ പ്രണയപ്രകടനം മനുഷ്യർ തമ്മിൽ വേണ്ട, ഗോമാതാക്കളുമായി മതി എന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡ് തീട്ടൂരം. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റത്തെ ഭാരതീയ സംസ്കാരമുയർത്തി പ്രതിരോധിക്കുകയാണത്രെ ലക്ഷ്യം. പശുവിനെ കെട്ടിപ്പിടിക്കുന്നത് വീടുകളിൽ ഐശ്വര്യത്തിനും ജനങ്ങൾക്ക് സന്തോഷത്തിനും വഴിതെളിയിക്കുമെന്നും കേന്ദ്ര മൃഗസംരക്ഷണ ബോർഡ് കണ്ടെത്തി. ഹിന്ദു മഹാസഭ സ്ഥാപകനും ഗാന്ധിവധത്തിലെ വിവാദപുരുഷനും പാർലമെന്റിൽ സ്ഥാപിക്കപ്പെട്ട പ്രതിമപുരുഷനുമായ വി.ഡി. സവർക്കർ തന്നെ ഗോപൂജയെ തള്ളിക്കളഞ്ഞതായ വിവരം പുറത്തുവരുമ്പോഴാണ് ഈ പശുവാലിംഗനാഹ്വാനം. ‘‘ചപ്പുചവർ തിന്ന് തോന്നുന്നിടത്തെല്ലാം ചാണകമിട്ട് നടക്കുന്ന നാൽക്കാലിയെ ദേവതയാക്കരുത്’’ എന്നാണ് അദ്ദേഹം എഴുതിയത്. ‘എന്റെ ദൃഷ്ടിയിൽ മനുഷ്യത്വത്തെയും ദിവ്യത്വത്തെയും പരിഹസിക്കുന്നതാണ് ഇത്. എന്റെ കാഴ്ചപ്പാട് ദൈവനിന്ദയെന്ന് കരുതുന്നവരോട് പറയാനുള്ളത് പാവം മൃഗത്തിന്റെ വയറ്റിൽ മുപ്പത്തിമുക്കോടി ദൈവങ്ങളെ നിറക്കുക വഴി നിങ്ങളാണ് ദൈവനിന്ദ നടത്തുന്നത്’ എന്നും സവർക്കർ തുടർന്നെഴുതി. ഇത് വല്ലതും ഒരു മുസ്‍ലിമോ ക്രിസ്ത്യാനിയോ ആണെഴുതിയതെങ്കിൽ അവർക്കെതിരെ മാത്രമല്ല, മൊത്തം സമുദായത്തിനെതിരെതന്നെ ത്രിശൂലങ്ങൾ ഉയരുമായിരുന്നു. സവർക്കറിനെ വായിച്ചോ

അതോ, നാനാഭാഗത്തു നിന്നുമുയർന്ന രൂക്ഷവിമർശനങ്ങളും പരിഹാസങ്ങളുമേ​േറ്റാ എന്നറിയില്ല, ഒടുവിൽ തീരുമാനം പിൻവലിച്ചിരിക്കുകയാണ്​ കേന്ദ്രസർക്കാർ. സനാതന ധർമത്തെക്കുറിച്ച വ്യക്തവും ശക്തവുമായ ദർശനം ജനസമൂഹത്തിന്റെ മുമ്പാകെ സമർപ്പിക്കാൻ കഴിയാതെവന്ന ധൈഷണിക പാപ്പരത്തത്തിന്റെ ഹാലിളക്കം ഇനി ഏതു വിധമൊക്കെയാണാവോ രാജ്യം അനുഭവിക്കേണ്ടി വരുക!

Tags:    
News Summary - Madhyamam Editorial 2023 february 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.