പ്രാതിനിധ്യ ജനാധിപത്യത്തിൽ പാർലമെന്റും അസംബ്ലികളുമാണ് ചർച്ചക്കും വിയോജിപ്പിനും ചോദ്യങ്ങൾക്കുമുള്ള വേദികൾ. സർക്കാറിന്റെ പ്രവർത്തനങ്ങളും വീഴ്ചകളും നിരൂപണം ചെയ്യുന്നത് ഈ ജനപ്രതിനിധി സഭകളിലാണ്. എന്നാൽ, ഇപ്പോൾ പാർലമെന്റിൽ ചർച്ചയെക്കാളേറെ സെൻസർഷിപ്പാണോ നടക്കുന്നതെന്ന് ചോദിച്ചുപോകുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച സർക്കാറിെൻറ നയനിലപാടുകൾ പരിശോധിക്കാനുള്ള അവസരമായി ഉപയോഗിക്കുക പാർലമെന്റിൽ പതിവുള്ളതാണ്. പ്രതിപക്ഷത്തിന് ലഭിക്കേണ്ട അവസരം കൂടിയാണ് അത്. എന്നാൽ, ലോക്സഭയിൽ രാഹുൽഗാന്ധിയുടെ പ്രസംഗത്തിലെ കുറെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതായി സ്പീക്കർ ഓംബിർള അറിയിച്ചു. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിന് അധ്യക്ഷൻ ജഗ്ദീപ് ധൻകറും കത്തിവെച്ചു. സഭ്യേതരമോ മര്യാദകെട്ടതോ ആയ പദപ്രയോഗങ്ങൾ ഒഴിവാക്കുന്നത് മനസ്സിലാക്കാം. എന്നാൽ, സർക്കാറിനെ വിമർശിക്കുന്നതും സർക്കാറിന്റെ വീഴ്ചകൾ ശക്തമായി ചൂണ്ടിക്കാട്ടുന്നതും രേഖയിൽനിന്ന് മാറ്റുമ്പോൾ ജനകീയ സഭയിൽ ജനശബ്ദം തടയപ്പെടുകയാണ് ചെയ്യുന്നത്. രാഹുലിന്റെ പ്രസംഗത്തിൽനിന്ന് വെട്ടിമാറ്റിയ 18 ഭാഗങ്ങളിൽ പ്രധാനമന്ത്രിയെ വിമർശിക്കുകയും ചില ചോദ്യങ്ങൾ ഉന്നയിക്കുകയുമാണ് ചെയ്തത്. പാർലമെന്റിൽപോലും പ്രധാനമന്ത്രിയെ വിമർശിക്കാൻ പാടില്ലെങ്കിൽ പിന്നെ എവിടെ ജനാധിപത്യം? ഇപ്പോഴത്തെ ഭരണത്തിൽ അദാനി ഗ്രൂപ്പിന്റെ അസാധാരണമായ ഉയർച്ചയെപ്പറ്റി ജനങ്ങൾ അത്ഭുതം കൂറുന്നു എന്നും മോദിയുമായുള്ള അദാനിയുടെ ബന്ധത്തെപ്പറ്റി അവർ ജിജ്ഞാസുക്കളാണെന്നും പറഞ്ഞ രാഹുൽ മുംബൈ വിമാനത്താവളം ജി.വി.കെ. ഗ്രൂപ്പിൽനിന്ന് അദാനി ഗ്രൂപ്പിലേക്ക് മാറ്റാൻ ഇടപെടലുണ്ടായെന്ന ആരോപണത്തെയും പരാമർശിച്ചു. ഇതൊന്നും പാടില്ലത്രെ. രാജ്യസഭയിൽ ഖാർഗെ നടത്തിയ പ്രസംഗത്തിൽനിന്ന് ചില ഭാഗങ്ങൾ വെട്ടിമാറ്റപ്പെട്ടു.
വിയോജിപ്പും ആരോപണവും പ്രതിപക്ഷത്തുനിന്നുണ്ടാവുമ്പോൾ അതെല്ലാം രേഖയിൽനിന്ന് ഒഴിവാക്കുന്നത് പാർലമെന്റിനെ പരിഹസിക്കലാണ്. മറുപടി പറയാനുള്ള അവസരം ഭരണപക്ഷത്തിനുണ്ടല്ലോ. പക്ഷേ, രണ്ടു സഭകളിലും പ്രധാനമന്ത്രി സംശയങ്ങൾ ദൂരീകരിക്കാനല്ല, പ്രതിപക്ഷത്തെ ശകാരിക്കാനാണ് മുതിർന്നത്. ഒന്നര മണിക്കൂറോളം ലോക്സഭയിലും മൂന്നു മണിക്കൂറിലേറെ രാജ്യസഭയിലും സംസാരിച്ചിട്ടും പ്രധാനമന്ത്രി, അദാനി എന്ന വാക്കോ രാജ്യം മുഴുവൻ മുഴങ്ങിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളോ കേട്ട ഭാവം നടിച്ചില്ല. ജനങ്ങൾ കേൾക്കാനാഗ്രഹിച്ച വിശദീകരണം നൽകുന്നതിനുപകരം പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പാർലമെന്റിനെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് വേദിയാക്കുകയാണ് അദ്ദേഹം ചെയ്തത്. ആരോപണങ്ങളെയും സംശയങ്ങളെയുമെല്ലാം മൊത്തമായി നുണയെന്ന് വിളിച്ച് മറുപടി പറയാതെ ഒഴിഞ്ഞുമാറി. അദാനിക്കെതിരെ ആഗോളതലത്തിൽ ഉയർന്ന ആരോപണങ്ങളെപ്പറ്റി സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള സമിതിയോ അന്വേഷിക്കണമെന്ന ആവശ്യത്തിന്മേലും മൗനം പാലിച്ചു. ഇതൊരു രാഷ്ട്രീയ പ്രശ്നമായി അദ്ദേഹം എടുത്തുവെങ്കിൽ അത് ശരിയല്ല. രാജ്യത്തിന്റെ സുരക്ഷയുമായും അടിസ്ഥാന സൗകര്യങ്ങളുമായുമൊക്കെ നേരിട്ടു ബന്ധമുള്ള ഒരു വാണിജ്യ ഗ്രൂപ് സ്റ്റോക്കിലും കണക്കിലും അഴിമതി കാണിച്ചു എന്ന ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. രാജ്യതാൽപര്യം അതാണ്. ഇത്തരം സുപ്രധാന വിഷയങ്ങളിൽ പ്രധാനമന്ത്രിയെക്കൊണ്ട് ഉത്തരം പറയിക്കാനാണ് മറ്റുചില ജനാധിപത്യ രാജ്യങ്ങളിൽ സഭാധ്യക്ഷർ ശ്രദ്ധിക്കാറ്. എന്നാൽ, ഒന്നും പറയാതെ രക്ഷപ്പെടാൻ സർക്കാറിന് അവസരമൊരുക്കുന്നതാണ് ഇവിടെ നാം കണുന്നത്. ഭരണപക്ഷത്തിന്റെ താൽപര്യം സംരക്ഷിക്കേണ്ട ബാധ്യത സഭാധ്യക്ഷർക്കില്ല എന്ന് അവർ മനസ്സിലാക്കണം.
തെളിവോ മുൻകൂർ നോട്ടീസോ ഇല്ലാതെ ആരോപണമുന്നയിച്ചു എന്നതാണത്രെ, രാഹുലിന്റെ പ്രസംഗഭാഗങ്ങൾ വെട്ടാൻ ഒരു കാരണം. അദ്ദേഹം ആരോപണമല്ല, സംശയങ്ങളാണ് ഉന്നയിച്ചത്. അവ പൊള്ളയാണെങ്കിൽ സർക്കാറിന് വിശദമാക്കാൻ പറ്റേണ്ടതായിരുന്നു. സത്യത്തിൽ അദാനിക്കെതിരെ ആസ്ട്രേലിയയിൽ ആരോപണമുയർന്നിരുന്നു. ജനരോഷം വകവെക്കാതെ 2021 ഡിസംബറിൽ ആസ്ട്രേലിയയിൽനിന്ന് അദാനി ഗ്രൂപ് കൽക്കരി കയറ്റുമതി ചെയ്യാൻ തുടങ്ങി; അടുത്ത മേയിൽ ഇന്ത്യ കൽക്കരിയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി; ഡിസംബറോടെ ഇന്ത്യയിലേക്ക് ഒേന്നകാൽ കോടിയോളം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യയോട് സർക്കാർ നിർദേശിച്ചു. അദാനി ഗ്രൂപ്പിന് (ബംഗ്ലാദേശിലെ ആവശ്യത്തിനുവേണ്ടി) ഝാർഖണ്ഡിൽ താപനിലയം അനുവദിച്ചത് ചട്ടവും നയവും മാറ്റിയിട്ടാണെന്ന് 2015 ൽ തന്നെ തെളിവുസഹിതം ആരോപണമുയർന്നിരുന്നു. ശ്രീലങ്കയിൽ അദാനി ഗ്രൂപ്പിന് കൊളംബോ തുറുഖ ടെർമിനൽ നൽകാൻ നരേന്ദ്ര മോദി സമ്മർദം ചെലുത്തിയതായി പരസ്യ ആരോപണമുന്നയിച്ചത് ജീവനക്കാരുടെ നേതാവ് പ്രസന്ന കലു തരഗെയാണ്. പാലിത അതുകൊരാള എന്ന മറ്റൊരു നേതാവും അത് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥൻ ഫെർഡിനാണ്ടോയും 2022ൽ അത് ആവർത്തിച്ചു. മുംബൈ വിമാനത്താവളം, മുൻദ്ര തുറമുഖം തുടങ്ങിയവയുടെ കാര്യത്തിലും സമാന ആരോപണങ്ങൾ ഉണ്ടായി. അവക്കെല്ലാം പിൻബലമായി ഏതാനും വസ്തുതകളും ചൂണ്ടിക്കാണിക്കപ്പെട്ടു. അദാനിക്ക് ഭരണത്തിൽ അമിത സ്വാധീനമുണ്ടെന്നത് പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന പരാതിയാണ്. ഇപ്പോൾ രാജ്യസുരക്ഷയെ അടക്കം ബാധിക്കുന്ന തരത്തിൽ അഴിമതിയും തട്ടിപ്പും കൂടി ഗ്രൂപ് ചെയ്യുന്നതായി ഹിൻഡൻബർഗ് വസ്തുതാപരമായി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ പഴയതും പുതിയതുമായ സംശയങ്ങൾ സർക്കാറിന്റെ വിശദീകരണത്തിനും അന്വേഷണത്തിനുമായി ഉന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. അത് പ്രതിപക്ഷത്തിന്റെ അവകാശം മാത്രമല്ല, ഉത്തരവാദിത്തവുമാണ്. അതൊന്നും പറയാൻ പറ്റില്ലെങ്കിൽ പാർലമെന്റ് കൊണ്ട് ജനങ്ങൾക്ക് എന്താണ് പ്രയോജനം?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.