നിയമപാലകരുടെ അമിതോത്സാഹത്തിന് കോടതിവിലക്ക്

ഗുവാഹതി ഹൈകോടതിയിൽനിന്ന് ചൊവ്വാഴ്ച വന്ന ഒരു വിധിയും പരാമർശങ്ങളും ഭരണകൂട നടപടികളെക്കുറിച്ച ചില സുപ്രധാന നിരീക്ഷണങ്ങളായിരുന്നു. അസമിൽ ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് കുറ്റം ചാർത്തപ്പെട്ട ഒമ്പതു പേരുടെ മുൻ‌കൂർ ജാമ്യഹരജി അനുവദിച്ചുകൊണ്ടുള്ള വിധിയായിരുന്നു അത്. ഒപ്പം ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ചതിന് പോക്സോ നിയമം പ്രയോഗിക്കുന്നതിനെ ജഡ്ജി ചോദ്യം ചെയ്തു. ഫെബ്രുവരി മൂന്നിന് അസം പൊലീസ് നടത്തിയ കർശനനീക്കത്തിൽ ശൈശവ വിവാഹക്കുറ്റത്തിന്റെ പേരിൽ മൂവായിരത്തോളം ആളുകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തുടർന്ന് വീടുകളിലെ ഏക വരുമാന സ്രോതസ്സായ പുരുഷന്മാരെ പിടിച്ചുകൊണ്ടു പോയതിൽ സ്ത്രീകൾ രോഷാകുലരായി. അവരുടെ സങ്കടഹരജിക്കുള്ള മറുപടിയായിരുന്നു കോടതിയുടെ ഇടപെടൽ. ഹരജിയുമായി ഹൈകോടതിയിൽ എത്താൻ കഴിയാത്ത അസംഖ്യം ആളുകൾക്ക് ഈ നിയമ പരിരക്ഷ കിട്ടുമോ എന്നതും വ്യക്തമല്ല.

ശൈശവ വിവാഹത്തിനെതിരെ ഒരു സുപ്രഭാതത്തിൽ തുടങ്ങിയ പൊലീസ് നടപടി ഭരണകൂടത്തിന്റെ പിന്തുണയോടെ കൃത്യമായ സാമുദായിക-രാഷ്ട്രീയ ലാക്കോടെയാണെന്നതും കുറ്റാരോപിതരിൽ ബഹുഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരായിരുന്നുവെന്നതും വ്യക്തമായിരുന്നു. ഈ സാമൂഹിക തിന്മക്കെതിരെ പോരാട്ടം തുടരുമെന്നു പറഞ്ഞുകൊണ്ടാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പൊലീസ് നടപടി പ്രഖ്യാപിച്ചതും. വർഷങ്ങൾക്കു മുമ്പ് നടന്ന നിയമലംഘനത്തിനെതിരെ ഹരജി പരിഗണിക്കുന്നതിനിടയിൽ ഭരണകൂട നടപടികളെ അപലപിച്ചു ജസ്റ്റിസ് സുമൻ ശ്യാം നടത്തിയ വാചാ നിരീക്ഷണങ്ങൾ പൊലീസിന്റെ അമിതോത്സാഹത്തിനും നെറികേടിനുമെതിരായുള്ള താക്കീതായിരുന്നു. "നിയമം ലംഘിച്ചുള്ള വിവാഹങ്ങളെ നിയമത്തിന്റെ വഴിക്കു വിടാം. എന്നാൽ ഞങ്ങളിപ്പോൾ നോക്കുന്നത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോ എന്നാണ്. ഈ ഘട്ടത്തിൽ ഇതൊന്നും അത്തരം നടപടി ആവശ്യമുള്ളതല്ല... ഇത് മയക്കുമരുന്നു കേസോ, കള്ളക്കടത്തോ, വസ്തു മോഷണമോ അല്ല."

പക്ഷേ, ഇത് ഗുരുതര കൃത്യമാണെന്ന് സർക്കാർ വാദിച്ചപ്പോൾ പിടികൂടിയവരുടെ മേൽ പോക്സോ ചുമത്തുന്നതിലെ അധാർമികതയും കോടതി ചോദ്യംചെയ്തു. സർക്കാറിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും പ്രതികൾ കുറ്റക്കാരാണെങ്കിൽ അവർ ശിക്ഷിക്കപ്പെടട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു. ഇവിടെ ആളുകളുടെ സ്വകാര്യജീവിതം ആകെ കുഴപ്പത്തിലാവുകയാണ്. ഇവിടെ കുട്ടികളുണ്ട്, കുടുംബങ്ങളും പ്രായംചെന്നവരുമുണ്ട്. ശൈശവ വിവാഹം മോശമായ കാര്യം തന്നെയാണെന്നും ഇപ്പോൾ അറസ്റ്റ് ചെയ്തു ജയിലിലിടേണ്ട കാര്യമുണ്ടോ എന്നത് മാത്രമാണ് വിഷയമെന്നും കോടതി കൂട്ടിച്ചേർത്തു. മറ്റൊരു കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 ാം വകുപ്പ് ഉൾപ്പെടുത്തിയത് കണ്ട കോടതി ഇവിടെ ബലാത്സംഗം നടന്നതായി ആരോപണമുണ്ടോ എന്ന് അത്ഭുതം കൂറി. ഈ വിഷയത്തിലുള്ള മുൻ‌കൂർ ജാമ്യം അനുവദിച്ചു.

സംഭവത്തിൽ അന്തർലീനമായ മുഖ്യവിഷയം രാജ്യത്തെ നിയമപാലന സംവിധാനം എത്ര നിസ്സംഗമായും നിസ്സാരമായുമാണ് പൗരന്മാരെ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്നത് എന്നതാണ്. 4000 പേർക്കെതിരെ കേസെടുക്കുകയും അതിലേതാണ്ട് 3000 പേരെ അറസ്റ്റ് ചെയ്തു തടവിലിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പതിവ് ജയിലുകളിൽതന്നെ ജീവിതം എത്ര ദുസ്സഹമാണെന്ന് എല്ലാവർക്കുമറിയാം; എങ്കിൽ താൽക്കാലിക തടവുകേന്ദ്രങ്ങളിലെ കാര്യം ഊഹിക്കാവുന്നതാണ്. ജയിലിൽ, വിശിഷ്യ കരുതൽ തടങ്കലിൽ കഴിയുന്നവർക്കും അവരുടേതായ മനുഷ്യാവകാശങ്ങളുണ്ടെന്നതൊന്നും ഇന്ത്യൻ നിയമപാലക വ്യവസ്ഥയിൽ അത്ര വിലപ്പോവുന്ന തത്ത്വങ്ങളല്ലായിരിക്കാം. എങ്കിലും ഇത്രയുമാളുകളെ പെട്ടെന്ന് പിടിച്ചുകൊണ്ടുപോയി വിചാരണ പൂർവഘട്ടത്തിൽ 'അകത്തിടാൻ' മാത്രം എന്തു തരം ഭീഷണിയാണ് ഈ പാവങ്ങൾ ഉയർത്തുന്നത് എന്നും ചിന്തിക്കണം.

ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് വിവാഹം കഴിച്ച പുരുഷനും അതിന് ഒത്താശ ചെയ്തവരും കാർമികത്വം വഹിച്ചവരുമാണ് പിടിക്കപ്പെട്ടത്. പാരമ്പര്യമനുസരിച്ചും സാമ്പത്തിക, സാമൂഹിക നിർബന്ധിതാവസ്ഥകളിലുമാണ് ഭൂരിപക്ഷം സമൂഹങ്ങളിലും ഈ അനാചാരം നിലനിൽക്കുന്നത്. ആ സമ്പ്രദായത്തിന് ദുഷ്ഫലങ്ങളുണ്ട് എന്നതും പുരോഗമനപരമായ മുന്നേറ്റങ്ങൾക്കും പലപ്പോഴും ആരോഗ്യകരമായ കുടുംബവ്യവസ്ഥക്കും അത് പോറലേൽപിക്കുന്നുവെന്നതും ശരിയാണ്. അതോടൊപ്പം നിലവിലെ കുറഞ്ഞ വിവാഹ പ്രായപരിധി തന്നെ ശാസ്ത്രീയമായും നൈയാമികമായും ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നതും ഒരു ആഗോള നിയമമല്ല അതെന്നതും സത്യമാണ്. ഇതിലടങ്ങിയ സാമൂഹികശാസ്ത്രപരവും മനഃശാസ്ത്രപരവുമായ മാനങ്ങളെയൊന്നും അഭിസംബോധന ചെയ്യുകയോ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി എന്തെങ്കിലും കളമൊരുക്കൽ നടത്തുകയോ ചെയ്യാതെ വടിയെടുത്തു നടപ്പാക്കാവുന്നതല്ല ഇത്തരം നിയമങ്ങളെന്ന് നിയമപാലകരും അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയ നേതൃത്വങ്ങളും മനസ്സിലാക്കണം. അത്തരമൊരു ഉണർത്തലിന് അസം സർക്കാറിനെ ഹൈകോടതി വിധി പ്രേരിപ്പിക്കുമെന്നു പ്രത്യാശിക്കാം.

Tags:    
News Summary - Madhyamam Editorial 2023 february 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.