ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബി.ജെ.പി പ്രവർത്തകരെ അഭിമുഖീകരിക്കെ, രണ്ടുതരം നിയമങ്ങളുമായി രാജ്യം എങ്ങനെ മുന്നോട്ടുപോവുമെന്ന് ആശ്ചര്യപരതന്ത്രനായി ചോദിച്ചിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് വ്യത്യസ്ത നിയമം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഏക സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ട കാര്യംകൂടി ഓർമിപ്പിച്ചിട്ടുണ്ട്. അപ്പോൾ സംഗതി ദുരൂഹമോ സംശയകരമോ അല്ല. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പും അതിനുമുമ്പ് നടക്കേണ്ട സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും മുന്നിൽകണ്ട് ബി.ജെ.പി നേതൃത്വം കണ്ടെത്തിയ ഇഷ്യൂ ആണ് ഏകീകൃത സിവിൽ കോഡ്. കഴിഞ്ഞ ഒമ്പതുവർഷത്തിനകം ജമ്മു-കശ്മീരിന്റെ പ്രത്യേക ഭരണഘടനപദവി എടുത്തുകളയാനും ബാബരി മസ്ജിദ് വഖഫ് ഭൂമിയിൽ രാമക്ഷേത്രം പണിയാനും മുസ്ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കാനും ഗോക്കളെ കടത്തുന്നവർക്കും മാംസം വിൽക്കുന്നവർക്കും കഠിന ശിക്ഷ നൽകാനും നിയമഭേദഗതികളിലൂടെ നടപടികൾ സ്വീകരിച്ച ഹിന്ദുത്വ സർക്കാറിന്റെ പ്രഖ്യാപിത അജണ്ടയിൽ അവശേഷിക്കുന്നത് രാജ്യത്തിനാകെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നതാണ്. അത് സാധ്യമാകണമെങ്കിൽ ഭരണത്തിൽ ഇനിയൊരു ഊഴംകൂടി ബി.ജെ.പിക്ക് ലഭിക്കണം. ഇക്കാര്യമായിരിക്കും വരാനിരിക്കുന്ന കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ മുഖ്യ പ്രചാരണവിഷയം. ഭിന്നമതക്കാരും അനേകായിരം ജാതികളും ഗിരിജനങ്ങളും ഗോത്രവർഗക്കാരും വൈവിധ്യപൂർണമായി വിശ്വാസാചാരങ്ങളോടെ കഴിഞ്ഞുകൂടുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയിൽ അവയൊക്കെ അടിച്ചുടച്ച് ഒരേ അച്ചിൽ വാർത്തെടുക്കുക പ്രായോഗികമല്ലെന്ന് 21ാം നിയമ കമീഷൻ സമഗ്രമായ പഠനത്തിന് ശേഷം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നതാണ്. അത് പക്ഷേ, ബി.ജെ.പിക്ക് സ്വീകാര്യമായില്ല. അതിനാൽ ഏക സിവിൽ കോഡിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിക്കുമെന്നുറപ്പുള്ളവരെമാത്രം ചേർത്ത് 22ാം നിയമ കമീഷൻ തട്ടിക്കൂട്ടി. ഏക സിവിൽ കോഡിന് അനുകൂലമായി റിപ്പോർട്ടും നൽകി.
നേരത്തേ രണ്ടുതവണ സാധിച്ചപോലെ ഇത്തവണയും വർഗീയ ധ്രുവീകരണത്തിലൂടെ ലക്ഷ്യം നേടാമെന്ന കണക്കുകൂട്ടലിൽ ഇറക്കിയ കാർഡാണ് ഏക സിവിൽ കോഡ്. ഇത് മുസ്ലിം ന്യൂനപക്ഷത്തെമാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് പ്രതിപക്ഷവും രാജ്യത്തിന്റെ ഗുണകാംക്ഷികളും സമാധാനപ്രിയരും പൊതുവെ ചൂണ്ടിക്കാട്ടുമ്പോഴും അവരെ കുറ്റപ്പെടുത്താനും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനുമാണ് ഹിന്ദുത്വരുടെ പുറപ്പാട്. നരേന്ദ്ര മോദിതന്നെ നടേപറഞ്ഞ പ്രവർത്തക കൺവെൻഷനിൽ പാവപ്പെട്ട മുസ്ലിംകളെ ഇളക്കിവിടുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് മുസ്ലിംകളുടെ പട്ടിണിക്കും പിന്നാക്കാവസ്ഥക്കും കാരണമെന്നും മോദി ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കേന്ദ്ര മന്ത്രാലയ റിപ്പോർട്ടുകളിൽ മുസ്ലിംകളാണ് രാജ്യത്തെ പരമദരിദ്രരും വിദ്യാഭ്യാസപരമായി പിന്നാക്കക്കാരെന്നും വെളിപ്പെടുത്തിയത് മോദിയുടെ ഒമ്പതുവർഷത്തെ ഭരണനേട്ടമാണെന്നോർക്കണം! ചുരുക്കത്തിൽ തീർത്തും രാഷ്ട്രീയ ലാക്കോടെയാണ് മോദിയും കൂട്ടുകാരും ഏക സിവിൽ കോഡ് ഇഷ്യൂ കുത്തിപ്പൊക്കുന്നതെന്നും രാജ്യനന്മയോ അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമോ അവരുടെ അജണ്ടയിലേ ഇല്ലെന്നും വ്യക്തമായിരിക്കുകയാണ്. അല്ലെങ്കിൽ വിഷയം ചർച്ചചെയ്ത പാർലമെന്റ് സ്റ്റാൻഡിങ് സമിതി യോഗത്തിൽ അധ്യക്ഷനായ ബി.ജെ.പി പ്രതിനിധിതന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ-ആദിവാസി വിഭാഗങ്ങളെ ഏക സിവിൽ കോഡിൽനിന്ന് ഒഴിച്ചുനിർത്തേണ്ടിവരുമെന്ന് പറഞ്ഞതിന്റെ അർഥമെന്താണ്! ഏകീകൃത കുടുംബ നിയമങ്ങൾ ഇന്ത്യയിൽ അപ്രായോഗികം എന്നുതന്നെയല്ലേ?
ബി.ജെ.പി ഒരു മുഴം നീട്ടിയെറിഞ്ഞ ഈ കുതന്ത്രത്തിൽ പ്രതിപക്ഷം കുരുങ്ങുന്നതിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിരിക്കുന്നു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് ദേശീയതലത്തിൽ യൂനിഫോം സിവിൽ കോഡിനെ അടച്ചെതിർക്കാൻ വയ്യ. എന്നാൽ, കേരളത്തിൽ ഏക സിവിൽ കോഡിനെ അസന്ദിഗ്ധമായി എതിർത്തില്ലെങ്കിൽ യു.ഡി.എഫ് മുഖ്യഘടകമായ മുസ്ലിംലീഗിനെ പിണക്കേണ്ടിവരും. അവസരമുപയോഗിച്ച് സി.പി.എം ഏകീകൃത സിവിൽ കോഡിനെതിരായ പ്രചാരണത്തിനിറങ്ങാനാണ് തീരുമാനം. ‘വർഗീയ’മെന്ന് അവർ മുദ്രകുത്താത്ത എല്ലാ മുസ്ലിം സംഘടനകളെയും കൂടെകൂട്ടി പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ മാതൃകയിൽ പ്രചാരണ കോലാഹലങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം. 1985-86 കാലത്ത് ശാബാനു ബീഗം കേസിലെ സുപ്രീംകോടതി വിധിയുടെ പേരിലും മറവിലും ഇ.എം.എസിന്റെ നേതൃത്വത്തിൽ ശരീഅത്ത് വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടവരാണ് സി.പി.എം. അന്നവരും വാദിച്ചത് ഏക സിവിൽ കോഡിനായിരുന്നു. അഖിലേന്ത്യ മുസ്ലിംലീഗിനെ ഇടതുമുന്നണിയിൽനിന്ന് പുറത്തുചാടിച്ച് പകരം ഭൂരിപക്ഷ സമുദായ വോട്ട് സമാഹരണമായിരുന്നു അന്നത്തെ ലക്ഷ്യം. ഇപ്പോൾ സമസ്തയുടെ രണ്ടു വിഭാഗങ്ങളെയും കൂടെ കൂട്ടി യു.ഡി.എഫിലും മുസ്ലിംലീഗിലും ആശയക്കുഴപ്പമുണ്ടാക്കുകയാണ് തന്ത്രം. അതായത്, പ്രതിപക്ഷവും കളിക്കുന്നത് ഏക സിവിൽ കോഡ് ഇഷ്യൂവിന്റെ മറവിൽ രാഷ്ട്രീയംതന്നെ. ഏക സിവിൽ കോഡ് അപ്രായോഗികമാണെന്നേ നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് തോന്നൂ. പകരം, ഓരോ വിഭാഗത്തിന്റെയും പരമ്പരാഗത കുടുംബ നിയമങ്ങളെ സ്ത്രീ-പുരുഷ തുല്യനീതിക്ക് അനുസൃതമായി പരിഷ്കരിക്കാൻ നടപടികളെടുക്കണം. മുസ്ലിംകളിലെ മുത്തലാഖ് നേരത്തേതന്നെ പരമോന്നത കോടതി നിയമവിരുദ്ധമായി വിധിയെഴുതിയതാണ്. തലാഖിനെ തള്ളിപ്പറഞ്ഞിട്ടുമില്ല. മുത്തലാഖ് ചൊല്ലിയവന് കഠിനശിക്ഷ വ്യവസ്ഥചെയ്തുകൊണ്ട് മോദിസർക്കാർ കൊണ്ടുവന്ന നിയമ നിർമാണം, മറ്റു സമുദായക്കാരിൽനിന്ന് വ്യത്യസ്തമായി മുസ്ലിം പുരുഷന്മാരെ ജയിലിൽ അടക്കാനുള്ള ഏർപ്പാടാണെന്ന് യഥാസമയം ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. പക്ഷേ, ഇത് പൊക്കിപ്പിടിച്ചാണ് മുസ്ലിംകൾക്ക് ചെയ്ത മഹത്തായ സേവനമായി പ്രധാനമന്ത്രി കൊട്ടിഘോഷിച്ചത്. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിനനുഗുണമായി മുസ്ലിം വ്യക്തിനിയമങ്ങളടക്കം നീതിപൂർവമായി പരിഷ്കരിക്കുകയാണ് സന്ദർഭത്തിന്റെ താൽപര്യം. ഇന്നുവരെ ഒരു രൂപരേഖ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഭാവനാസൃഷ്ടിയായ ഏകീകൃത സിവിൽ കോഡിന്റെ പേരിലെ മുറവിളി വെറും കബളിപ്പിക്കലല്ലാതെ മറ്റൊന്നുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.