നേരവും തരവും തെറ്റി പെയ്യുന്ന പേമാരി ഉത്തരേന്ത്യയിൽ ജനജീവിതം തകിടം മറിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുദിവസം പെയ്ത മഴയിൽ ഒന്നര ഡസനിലേറെ പേർ മരിച്ചു. ഡൽഹിയിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഞായറാഴ്ച സാധാരണയിൽ കവിഞ്ഞ് 81 ശതമാനം മഴ ഇന്ത്യയിൽ ലഭിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നു. ഡൽഹി, ചണ്ഡിഗഢ്, ഹരിയാന, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ ഞായറാഴ്ച സാധാരണയിലേതിനേക്കാൾ ഒമ്പതുമടങ്ങ് മഴ അധികം പെയ്തു. 104 മില്ലി മീറ്റർ പെയ്ത ഹിമാചൽ പ്രദേശിൽ 13 മടങ്ങും പഞ്ചാബിൽ 12 മടങ്ങും അധികമഴയാണ് കഴിഞ്ഞ ദിവസം വർഷിച്ചത്. തുടർന്നുള്ള രണ്ടുദിവസങ്ങളിലും മഴ കനക്കുമെന്നാണ് കണക്ക് എന്നിരിക്കെ, ഉത്തരേന്ത്യ രൂക്ഷ പ്രളയത്തിന് സാക്ഷ്യംവഹിച്ചേക്കുമെന്ന ഭീഷണിയുയർന്നിട്ടുണ്ട്. റോഡുകൾ പുഴകളായി മാറിയ രാജ്യതലസ്ഥാനത്ത് അനേകം വാഹനങ്ങൾ ഒലിച്ചുപോയി. ഹിമാചലും ഉത്തരഖണ്ഡും മണ്ണിടിച്ചിൽ ഭീതിയിലാണ്. ഹരിയാനയിൽ നിറഞ്ഞുകവിഞ്ഞ ഡാമുകൾ തുറന്നുവിടേണ്ട സാഹചര്യമുള്ളതിനാൽ പ്രളയപ്പേടി വർധിച്ചിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും
മഴയിലും മഴക്കുശേഷവുമുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുമുള്ള വഴികളൊരുക്കുന്നതിനെക്കുറിച്ച ആധിയിലാണ് സംസ്ഥാന ഭരണകൂടങ്ങൾ.
കാലംതെറ്റി പെയ്യുന്ന മഴയെക്കുറിച്ച മുന്നറിയിപ്പുകൾ നേരത്തേയുണ്ടായിട്ടും അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താഞ്ഞത് സ്ഥിതിഗതികൾ ഏറെ വഷളാക്കിയെന്നാണ് തലസ്ഥാന നഗരിയായ ന്യൂഡൽഹിയിലെ തന്നെ അനുഭവങ്ങൾ തെളിയിക്കുന്നത്. ക്രമാതീതമായ മഴ അവിടെ കഴിഞ്ഞ കുറേ സീസണുകളായി നിലവിലുണ്ട്. രണ്ടുനാൾ മഴ കോരിച്ചൊരിഞ്ഞാൽ വെള്ളക്കെട്ടുകളിൽ നഗരം മുങ്ങുക പതിവാണ്. എന്നാൽ ഓരോ ഘട്ടത്തിലും നാടു വെള്ളത്തിൽ മുങ്ങിനിൽക്കെ, പരസ്പരം പഴിചാരിയും വാദപ്രതിവാദം നടത്തിയും രക്ഷപ്പെടുകയാണ് ഭരണ നേതൃത്വം. പ്രശ്ന പരിഹാരത്തിന്, അഥവാ നേരാംവണ്ണം ഡ്രെയിനേജ്, സ്വീവേജ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതുപോകട്ടെ, നിലവിലിരിക്കുന്നതു പ്രവർത്തനക്ഷമമാക്കുന്നതിൽ പോലും തദ്ദേശം മുതൽ കേന്ദ്രം വരെയുള്ള ഭരണസംവിധാനങ്ങൾ പരാജയപ്പെടുകയാണ്. സെൻട്രൽ വിസ്റ്റ പദ്ധതി പൂർത്തിയാക്കി തലസ്ഥാനത്തിന്റെ മുഖംമിനുക്കി പേരു നന്നാക്കാനുള്ള തിരക്കിലാണ് കേന്ദ്ര ഭരണകൂടം. ഡൽഹിയിലെ ആം ആദ്മി സർക്കാറാകട്ടെ, പൊതുമരാമത്ത് മന്ത്രി ആതിഷി സിങ്ങിന്റെ വീട്ടിലേക്കുള്ള വഴിയടക്കം വെള്ളത്തിൽ മുങ്ങിനിൽക്കെ, നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങൾ അവതാളത്തിലായതിനു ബി.ജെ.പിയുടെ തദ്ദേശഭരണത്തിനുനേരെ വിരൽചൂണ്ടി രക്ഷപ്പെടാൻ നോക്കുന്നു. കിട്ടിയ അധികാരം കൈവിടാതെ നോക്കാനും അതു സർവവ്യാപകമാക്കാനുമുള്ള തിരക്കിൽ ഭരണാധികാരികൾ വെറും ദുരന്തമായി കലാശിക്കുമ്പോൾ ഇത്തരം പ്രകൃതിദുരന്തങ്ങൾക്കുമുന്നിൽ അന്തിച്ചുനിൽക്കുകയല്ലാതെ എന്തുചെയ്യാൻ!
കാലാവസ്ഥയെക്കുറിച്ച സാമാന്യധാരണ മുന്നിൽ വെച്ചുള്ള അടിസ്ഥാനപരമായ പ്രവർത്തനങ്ങൾക്കു മുതിരാത്ത ഭരണകൂടങ്ങളിൽനിന്ന് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകളോട് ക്രിയാത്മകമായ പ്രതികരണം പ്രതീക്ഷിക്കുന്നതെങ്ങനെ? കഴിഞ്ഞ മാസാന്ത്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ അതിവർഷപാതം സൃഷ്ടിച്ച പ്രളയക്കെടുതി, ബിപർജോയ് ചുഴലിക്കാറ്റിനെത്തുടർന്ന് രാജസ്ഥാനിലുണ്ടായ പേമാരി, തമിഴ്നാട്ടിലെ പലയിടങ്ങളിലായുള്ള വേലിയേറ്റവും മഴമൂലമുള്ള വെള്ളക്കെട്ടും, യു.പി, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തെത്തുടർന്നുണ്ടായ മരണനിരക്ക് 120 വരെയെത്തിയത്-ഇങ്ങനെ അതിതീവ്ര കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധിയൊന്നും നിനക്കാതെ വന്നുചേർന്നതല്ല. കൂടുതൽ മാരകവും ഗുരുതരവുമായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച മുന്നറിയിപ്പുകൾ മുൻകൂട്ടിത്തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകിക്കൊണ്ടിരുന്നിട്ടുണ്ട്. പരിസ്ഥിതി വിദഗ്ധരും സന്നദ്ധ സംഘടനകളുമൊക്കെ ഈ വിഷയത്തിൽ നിരന്തരം ഭരണകൂടത്തെ ജാഗ്രതപ്പെടുത്താറുണ്ട്. ഈ വർഷം തന്നെ രാജസ്ഥാനിലും ഗുജറാത്തിലും സാധാരണയിലും കവിഞ്ഞ് 200 ശതമാനം വർധന മഴയിലുണ്ടായപ്പോൾ അത്യുഷ്ണത്തിലുരുകിയ മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിൽ കാലവർഷം 90 ശതമാനം കുറഞ്ഞുവെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗം വിലയിരുത്തിയതാണ്. ഹിമാലയൻ നിരകൾ, തീരപ്രദേശങ്ങൾ, പൂർണ ഊഷരവും പാതി വരണ്ടതുമായ മേഖലകൾ എന്നിങ്ങനെ കാലാവസ്ഥ വ്യതിയാനം പ്രതിഫലിക്കുന്ന മൂന്നു പ്രധാന മേഖലകളുൾക്കൊള്ളുന്നതാണ് ഇന്ത്യ. പർവത പ്രദേശങ്ങളിലും തീരമേഖലകളിലും ഇടമുറിയാത്ത കനത്ത മഴ, സമുദ്രനിരപ്പിന്റെ ക്രമം വിട്ട വ്യത്യാസങ്ങൾ, ചുഴലിയടക്കമുള്ള അസാധാരണ പ്രതിഭാസങ്ങൾക്കുള്ള സാധ്യത, വരണ്ട പ്രദേശങ്ങളിൽ ഉഷ്ണക്കാറ്റ് ഇങ്ങനെ പ്രകൃതിദുരവസ്ഥകളെല്ലാം പ്രതിവർഷം അനുഭവിക്കേണ്ടിവരുന്ന നാടാണ് ഇന്ത്യ. അവിടെ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ഭീകരമായിരിക്കും. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ ജീവരക്തമാണ് മഴ. അതു കാലം തെറ്റിയാലും അതിപാതമായി മാറിയാലും മാറിക്കളിച്ചാലുമൊക്കെ നമ്മുടെ വിതയെയും കൊയ്ത്തിനെയും ധാന്യപ്പുരകളെയും ഖജനാവിനെയും ബാധിക്കും. അത് കണ്ടറിഞ്ഞു കാലാവസ്ഥ വ്യതിയാനത്തിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളൊരുക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കുണ്ട്. അതിന് മുതിരുന്നതിനുപകരം പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തു പ്രകോപിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഭരണകൂടവും അതിന്റെ മറപിടിച്ച് ജനങ്ങളിൽ ഒരുപറ്റവും ചെയ്തുവരുന്നത്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളിൽപോലും പ്രകൃതിയെ ചൂഷണംചെയ്ത് കൊഴുക്കാനുള്ള കോർപറേറ്റുകളുടെ താൽപര്യങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്. ഭൂവുടമാവകാശത്തിലും ജനസംഖ്യാ വിതരണത്തിലും മാറ്റം വരുത്തി ജമ്മു-കശ്മീരിലും മണിപ്പൂരിലുമൊക്കെ നടന്നുവരുന്ന ഭരണകൂട ഇടപെടലുകളുടെ അന്തർധാരയായി അത്തരം നിക്ഷിപ്ത താൽപര്യങ്ങളും അവിഹിത കൂട്ടുകെട്ടുകളുമുണ്ടെന്നത് വെറും ആരോപണമല്ല. ഇങ്ങനെ ദുരന്തങ്ങൾ വരാതിരിക്കാൻ പ്രതിരോധത്തിനുള്ള ദീർഘദൂര പരിപാടികളും വന്നുകഴിഞ്ഞ ദുരന്തത്തെ നിവാരണം ചെയ്യാൻ അടിയന്തര നടപടികളും സ്വീകരിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുകയാണ്.
പ്രകൃതിയെയും ഭൂവിഭവങ്ങളെയും പാട്ടിലാക്കാൻ എന്ത് അതിക്രമവും ആകാമെന്നു വരുമ്പോൾ പ്രകൃതിയുടെ പകവീട്ടലിൽനിന്ന് എങ്ങനെ മനുഷ്യർക്ക് രക്ഷപ്പെടാനാവും? അക്രമത്തിന്റെ ചൊൽപ്പടിയിൽ ചുവടുറപ്പിച്ചു നിൽക്കാമെന്ന മനുഷ്യരുടെ അഹന്ത കൂടിയാണ് ഈ പ്രളയപ്പെയ്ത്തിൽ ഒലിച്ചുപോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.