നാൽപത്തഞ്ചോളം മനുഷ്യരുടെ മരണത്തിൽ കലാശിച്ച അക്രമവും ഹിംസയും അഴിഞ്ഞാടിയ പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം പൂർണമായി പുറത്തുവരാനിരിക്കെ 90 ശതമാനം സീറ്റുകൾ നേടി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടികളെയാകെ തകർത്തുതരിപ്പണമാക്കി മുന്നേറ്റം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സമാധാനപരമായ തെരഞ്ഞെടുപ്പിന് കഴിഞ്ഞ കാലത്തൊരിക്കലും ബംഗാൾ സാക്ഷ്യംവഹിച്ചിട്ടില്ലെങ്കിലും ഇത്തവണ ചോരക്കളി അഭൂതപൂർവമായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. 70,000 പ്രാദേശിക പൊലീസുകാർക്ക് പുറമെ ഭരണകക്ഷിയായ തൃണമൂലിന്റെ എതിർപ്പിനെ മറികടന്ന് മോദിസർക്കാർ 65,000 സി.ആർ.പിക്കാരെയും സമാധാനപാലനത്തിനയച്ചു. പക്ഷേ, അക്രമസംഭവങ്ങളൊതുക്കി സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്താൻ സുരക്ഷാസേനക്ക് സാധിച്ചില്ലെന്നതിന്റെ തെളിവാണ് 697 ജില്ല പരിഷത് ബൂത്തുകളിലും 9730 പഞ്ചായത്ത് സമിതികളിലും വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. ബാലറ്റ് പെട്ടികൾ തട്ടിക്കൊണ്ടുപോയി കള്ളവോട്ടുകൾ നിറക്കൽ, ബൂത്ത് പിടിക്കൽ, പ്രിസൈഡിങ് ഓഫിസർമാരെ ആക്രമിക്കൽ തുടങ്ങിയ സംഭവങ്ങൾ മുർഷിദാബാദ്, കുച്ച്ബിഹാർ, മാൽഡ, ദക്ഷിണ 24 പർഗാനാസ്, നോർത്ത് ദിനാജ്പുർ, നാദിയ ജില്ലകളിലാണ് കൂടുതൽ നടമാടിയത്. കൊല്ലപ്പെട്ടവരിൽ നല്ലപങ്ക് ഭരണകക്ഷിയായ തൃണമൂൽ പ്രവർത്തകരാണെന്ന വസ്തുത പ്രതിപക്ഷം ആരോപിക്കുംപോലെ ഏകപക്ഷീയമായിരുന്നില്ല തേർവാഴ്ച എന്ന് കാണിക്കുന്നു. ഒടുവിൽ ഫലങ്ങൾ പുറത്തുവരുമ്പോൾ മമതാബാനർജിയുടെ പ്രഭാവവും സ്വാധീനവും ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് തെളിയുന്നത്. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 42,097 സീറ്റുകൾ ഇതിനകം തൃണമൂൽ ജയിച്ചുകഴിഞ്ഞു. പ്രതിപക്ഷത്തെ ബി.ജെ.പിക്ക് 9223ഉം ഇടതുമുന്നണിക്ക് 3021ഉം കോൺഗ്രസിന് 2430 സീറ്റുകളുമാണ് ബുധനാഴ്ച ഉച്ചവരെ കൈവന്നത്. അവശേഷിച്ച സീറ്റുകളിലധികവും തൃണമൂൽ സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നു. ജില്ല പരിഷത്തുകളിലാവട്ടെ, 208 സീറ്റ് ഭരണകക്ഷിയെ തുണച്ചപ്പോൾ ബി.ജെ.പിക്ക് വെറും നാലെണ്ണമേ കിട്ടിയിട്ടുള്ളൂ. കോൺഗ്രസ് നാല് പരിഷത്തുകൾ നേടിയപ്പോൾ ദയനീയമാണ് സി.പി.എമ്മിന്റെ സ്ഥിതി. രണ്ടേ രണ്ട് പരിഷത് സീറ്റുകളുമായി നോക്കുകുത്തിയാവേണ്ടിവന്നിരിക്കുന്നു 35 വർഷം സംസ്ഥാനം ഭരിച്ച പാർട്ടി. നിയമസഭ തെരഞ്ഞെടുപ്പിലെന്ന പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനിലും കോൺഗ്രസുമായുണ്ടാക്കിയ കൂട്ടുകെട്ട് സി.പി.എമ്മിന് നഷ്ടക്കച്ചവടമായി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീലയുയരുമ്പോഴേക്ക് തൃണമൂലിന്റെ അപ്രതിരോധ്യമായ മുന്നേറ്റവും പ്രതിപക്ഷത്തിന്റെ തകർച്ചയുമെന്നത് അവർക്ക് ഹൃദയമിടിപ്പിന് വേഗം കൂട്ടുന്നതാണ്. മൊത്തം 42 ലോക്സഭ സീറ്റുകളിൽ നിലവിൽ തൃണമൂലിന് 22 സീറ്റുകളും ബി.ജെ.പിക്ക് 18ഉം കോൺഗ്രസിന് രണ്ടും സീറ്റുകളാണുള്ളത്. സി.പി.എമ്മിന് വട്ടപ്പൂജ്യവും. പഞ്ചായത്ത്-ജില്ല പരിഷത് തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് എന്ന് സമ്മതിച്ചാലും ഫലത്തെയാകെ തകിടംമറിക്കുന്ന മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ല. അതിനർഥം ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം യാഥാർഥ്യമായാൽതന്നെ പ്രാദേശിക കക്ഷികളുടെ വിലപേശൽശക്തി വർധിക്കുന്നതോടൊപ്പം കോൺഗ്രസിനും മേൽക്കൈ ഏറെയൊന്നും പ്രതീക്ഷിക്കാനാവില്ല എന്നതുതന്നെ. പരമാവധി വിട്ടുവീഴ്ച ചെയ്ത് തൃണമൂൽ, ഡി.എം.കെ, സമാജ്വാദി തുടങ്ങിയ പാർട്ടികളെ കൂടെനിർത്താൻ സാധിച്ചാലേ കോൺഗ്രസ് കണക്കുകൂട്ടുന്ന അട്ടിമറിക്ക് നേരിയ സാധ്യതയെങ്കിലും കാത്തിരിക്കേണ്ടതുള്ളൂ. ബംഗാളിൽ മമത ബാനർജിക്കുശേഷം ആര് എന്നചോദ്യം ഉയർന്നുതുടങ്ങി. ആദർശപരമായോ പ്രത്യയശാസ്ത്രപരമായോ വ്യതിരിക്തതയൊന്നും അവകാശപ്പെടാനില്ലാത്ത വ്യക്ത്യാധിഷ്ഠിത പാർട്ടിയാണ് തൃണമൂൽ. ഇപ്പോൾ മിക്ക പാർട്ടികളും അത്തരമൊരു പതനത്തിലെത്തിയിരിക്കുന്നു എന്നത് വേറെ കാര്യം. മമതയുടെ മറവിൽ കളിക്കുന്നതും പിൻഗാമിയാവാൻ പണിയെടുക്കുന്നതും മരുമകൻ അഭിഷേക് ബാനർജിയാണ്. മരുമകനാണ് പിൻഗാമിയെന്ന സൂചനകൾ മമതയും നൽകാതിരിക്കുന്നില്ല. മതേതര ജനാധിപത്യവും സ്വാതന്ത്ര്യവും കടുത്തഭീഷണി നേരിടുന്ന വർത്തമാന പരിതസ്ഥിതിയിൽ ഭരണഘടനയുടെ മൗലിക തത്ത്വങ്ങളോട് അഭിഷേകിനും പാർട്ടിക്കും എത്രമാത്രം പ്രതിബദ്ധതയുണ്ട് എന്ന് കാണാനിരിക്കുന്നതേയുള്ളൂ. ബംഗാളിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന മതന്യൂനപക്ഷമാണ് തൃണമൂലിന്റെ അടിസ്ഥാനശക്തി. അതിലേക്ക് ബംഗാളി ഉപദേശീയതയുടെ വീറും വീര്യവും ചേർത്തുകൊണ്ടാണ് ഒടുവിലത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഴുവൻ ശക്തിസന്നാഹങ്ങളെയും ഭീഷണിയെയും മമത അതിജീവിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ കടന്നുകയറ്റമോ ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ രംഗപ്രവേശനമോ ഒന്നും മമതയെ കൈവിടാൻ ന്യൂനപക്ഷത്തെ പ്രേരിപ്പിച്ചിട്ടില്ല. അതേസമയം, ബി.ജെ.പിയുടെ സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ ഫലപ്രദമായി നേരിടുക എന്നത് മമതക്കിപ്പോഴും വെല്ലുവിളിയാണുതാനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.