ഇന്ത്യയെ രക്ഷിക്കാൻ ഇൻഡ്യ



നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യ സർക്കാർ ഭരണത്തിന്റെ രണ്ടാമൂഴം പൂർത്തിയാക്കി മൂന്നാമൂഴം തേടി തെരഞ്ഞെടുപ്പിനെ നേരിടാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയുടെ ഭരണഘടനാപരമായ അസ്തിത്വവും മൗലികസ്വഭാവവും പരിരക്ഷിക്കുന്നതിന് 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഒറ്റക്കെട്ടായി പോരാടാൻ ജൂലൈ 19ന് ബംഗളൂരുവിൽ വിളിച്ചുചേർത്ത യോഗം കൈക്കൊണ്ട തീരുമാനത്തെ ചരിത്രപ്രധാനം എന്ന് വിശേഷിപ്പിക്കണം. കോൺഗ്രസിന് പുറമെ തൃണമൂൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ജനതാദൾ (യു), ആംആദ്മി, ഡി.എം.കെ, ശിവസേന, എൻ.സി.പി തുടങ്ങിയ പ്രമുഖ പ്രാദേശിക പാർട്ടികളും ഇടതുകക്ഷികളും മമതാ ബാനർജി (ബംഗാൾ), അരവിന്ദ് കെജ്രിവാൾ (ഡൽഹി), ഭഗവന്ത്മാൻ (പഞ്ചാബ്), ഹേമന്ത് സോറൻ (ഝാർഖണ്ഡ്), സിദ്ധരാമയ്യ (കർണാടക), എം.കെ. സ്റ്റാലിൻ (തമിഴ്നാട്), നിതീഷ്‍കുമാർ (ബിഹാർ) എന്നീ മുഖ്യമന്ത്രിമാരും പങ്കെടുത്ത പ്രതിപക്ഷ നേതൃസംഗമം ഹിന്ദുത്വപാർട്ടികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതേദിവസം ന്യൂഡൽഹിയിൽ ഭരണമുന്നണി വിളിച്ചുചേർത്ത 38 പാർട്ടികളുടെ എൻ.ഡി.എ കൺവെൻഷനും പ്രധാനമന്ത്രിയടക്കമുള്ളവരുടെ പ്രസംഗങ്ങളും അതിലേക്കുള്ള സൂചനകൾ നൽകുന്നു. ബി.ജെ.പിയെ ഒഴിച്ചുനിർത്തിയാൽ പ്രാദേശികതലത്തിൽ പോലും നിർണായക സ്വാധീനം തെളിയിച്ച പാർട്ടികൾ വിരലിലെണ്ണാവുന്നത്ര കൺവെൻഷനിൽ പങ്കെടുത്തവരിലില്ല. മിക്കതും മാതൃസംഘടനയെ പിളർത്ത് സ്വന്തം സ്ഥാനമാനങ്ങൾക്കായോ ഇ.ഡി വേട്ടയെ പേടിച്ചോ മോദി-അമിത് ഷാ ക്യാമ്പിൽ അഭയംതേടിയവരുടെ ഗ്രൂപ്പുകൾ മാത്രം. അതേസമയം, ഈ പാർട്ടികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളിൽ കുത്തിത്തിരിപ്പുണ്ടാക്കാനും വോട്ടുകൾ ഭിന്നിപ്പിക്കാനും ബി.ജെ.പി പരമാവധി ശ്രമിക്കുമെന്ന് തീർച്ച. ആ സാധ്യതകൂടി കണക്കിലെടുത്തുവേണ്ടിവരും പ്രതിപക്ഷ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മെനയാൻ. ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് അഥവാ ‘ഇൻഡ്യ’ എന്ന നാമകരണം ദേശീയതലത്തിൽ രാജ്യത്തിന്റെ വികസനവും മുഴുവൻ പൗരജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ടുള്ള നയസമീപനവുമാണ് സഖ്യം മുന്നോട്ടുവെക്കുന്നതെന്ന സന്ദേശം നൽകുന്നു. ജാതി സെൻസസിനെ ഒറ്റക്കെട്ടായി പിന്താങ്ങുകവഴി വൈവിധ്യത്തെ ഇല്ലാതാക്കി സവർണ മേധാവിത്വം അടിച്ചേൽപിക്കാനുള്ള എൻ.ഡി.എ പദ്ധതിയുടെ നിരാസത്തെ ഉദ്ഘോഷിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന അർഥത്തിലുള്ള ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനും ന്യൂനപക്ഷങ്ങൾക്കുനേരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ വിദ്വേഷപ്രചാരണത്തിനും സ്ത്രീകൾ, ദലിതുകൾ, ആദിവാസികൾ, കശ്മീരി പണ്ഡിറ്റുകൾ എന്നിവർ നേരിടുന്ന വർധിത കുറ്റകൃത്യങ്ങൾക്കുമെതിരെ പൊരുതാനും പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഐക്യസമ്മേളനം നൽകിയത്. പൊതുമിനിമം പരിപാടി അംഗീകരിക്കാനും കൺവീനറെ കണ്ടെത്താനും ഭാവിപരിപാടികൾ തീരുമാനിക്കാനുമായി ഒരുമാസത്തിനകം മുംബൈയിൽ ചേരാൻ തീരുമാനിച്ചാണ് ബംഗളൂരു സംഗമം സമാപിച്ചിരിക്കുന്നത്.

ഭിന്നസാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന പാർട്ടികളെ ഒരേ ലക്ഷ്യത്തിനുവേണ്ടി പൊതുപരിപാടികളുടെ അടിസ്ഥാനത്തിൽ ഏകീകരിക്കുന്നതും ലോക്സഭ സീറ്റുകൾ നീതിപൂർവം പങ്കിടുന്നതും ക്ഷിപ്രസാധ്യമോ പ്രയാസരഹിതമോ അല്ലെന്ന് വ്യക്തമാണ്. പക്ഷേ കണ്ടാലറിയാത്തവർ കൊണ്ടാലറിയും എന്ന ആപ്തവാക്യം പോലെ രാജ്യത്തെ ഫെഡറലിസത്തിന്റെ അടിവേരിൽ കത്തിവെച്ചും വൻകിട കോർപറേറ്റുകൾക്ക് രാജ്യത്തെ മൊത്തം തീറെഴുതിക്കൊടുത്തും സ്വന്തം പാളയത്തിലെ അഴിമതിക്കോമരങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കി പ്രതിപക്ഷ നേതാക്കളെ അഴിമതിയുടെ മറവിൽ വേട്ടയാടിക്കൊണ്ടും തനിനിറം വെളിപ്പെടുത്തിയ ഫാഷിസത്തെ തളക്കാനുള്ള ഒടുവിലത്തെ അവസരമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്ന തിരിച്ചറിവാണ് 26 പാർട്ടികളെ ഒരേ വേദിയിൽ അണിനിരത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഈയവസരംകൂടി സങ്കുചിത താൽപര്യങ്ങളുടെ പേരിൽ കളഞ്ഞുകുളിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത്യംകുറിക്കുന്നതോടെ തീവ്ര ഹിന്ദുത്വത്തിന്റെ അഴിഞ്ഞാട്ടമാണ് അനുഭവിക്കേണ്ടിവരുക. സംഘ്പരിവാറിലെ ആഭ്യന്തര വൈരുധ്യങ്ങൾ മൂർച്ഛിച്ചുവരുകയും ജനജീവിതം തന്നെ ദുസ്സഹമാകുന്ന നടപടികളിൽ കർണാടകയിൽ കണ്ടപോലെ ജനം മാറിച്ചിന്തിക്കുകയും ചെയ്യുന്ന സാഹചര്യം മതനിരപേക്ഷ ജനാധിപത്യപക്ഷത്തിന് പ്രത്യാശ നൽകുന്നതാണ്. പ്രധാനമന്ത്രിയെ കാലേക്കൂട്ടി തീരുമാനിക്കേണ്ടതില്ലെന്നും സീറ്റുവിഭജനത്തിൽ വിട്ടുവീഴ്ചകൾ വേണമെന്നുമുള്ള കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് പ്രതിപക്ഷ ഐക്യ സാധ്യതകളെ ബലപ്പെടുത്തുന്നു. ഓരോ പാർട്ടിയും അതതിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് മുഖ്യ ലക്ഷ്യത്തിനുവേണ്ടി പരമാവധി വിട്ടുവീഴ്ചകൾ ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു ലക്ഷ്യസാക്ഷാത്കാരം. കോർപറേറ്റുകളുടെ അകമഴിഞ്ഞ ധനപിന്തുണയോടെ പണം പൂർവാധികം ഒഴുക്കാൻ ഭരണകക്ഷിക്കുള്ള ശേഷിയെ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്ത 67 ശതമാനം സമ്മതിദായകരെ ഒരേപാതയിൽ അണിനിരത്തി പരാജയപ്പെടുത്തുക എന്ന വെല്ലുവിളി തികഞ്ഞ നിശ്ചയദാർഢ്യവും വിട്ടുവീഴ്ചയും ആവശ്യപ്പെടുന്നു.

Tags:    
News Summary - madhyamam editorial 2023 July 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.