ഒരു ഇളംകൈത്തണ്ട നിറയെ അടിയേറ്റ് തിണർത്ത ചുവന്ന പാടുകൾ; അധ്യാപകൻ തല്ലിയതാണ്, മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയെ. ക്ലാസിൽ പഠിപ്പിച്ച കണക്ക് പുസ്തകത്തിൽ എഴുതിയില്ല എന്ന ‘മഹാപാതക’ത്തിനാണ് പത്തനംതിട്ട ഇടയാറൻമുളയിലെ ഒരു സ്കൂളിൽ അധ്യാപകൻ കുട്ടിയെ ദേഹോപദ്രവമേൽപിച്ചതും വെറും നിലത്തിരുത്തി മാനസികമായി തളർത്തിയതും. അധ്യാപകനിപ്പോൾ അറസ്റ്റിലാണ്, അയാളെ സസ്പെൻഡ് ചെയ്യുകയും സർക്കാർ റിപ്പോർട്ട് തേടുകയുമുണ്ടായിട്ടുണ്ട്. ശാരീരികമായി ഉപദ്രവിക്കാനുള്ള അവകാശം അധ്യാപകർക്കില്ല എന്ന് തറപ്പിച്ച് പറഞ്ഞിട്ടുമുണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പക്ഷേ, അതുകൊണ്ട് അവസാനിപ്പിക്കരുത് എന്ന് പറയേണ്ടിവരുന്നു.
പ്രായംകൊണ്ടോ, അധികാരംകൊണ്ടോ സമ്പത്തുകൊണ്ടോ മേൽശക്തിയുള്ളവർ ഒരു അവകാശം എന്നകണക്കിന് ഏറെക്കാലം മുമ്പ് മുതലേ നടപ്പാക്കിവരുന്നതാണ് കുഞ്ഞുങ്ങൾക്കെതിരായ ശാരീരികശിക്ഷകൾ. പണ്ടുകാലത്തെ ആശാൻ പള്ളിക്കൂടങ്ങളിലും സ്കൂളുകളിലും മദ്റസകളും വേദപാഠ ക്ലാസുകളുമുൾപ്പെടെ മതപാഠശാലകളിലും ഇത് ഒരു അംഗീകൃത നടപടിക്രമം എന്നമട്ടിൽ നിർബാധം തുടർന്നു. കൂടുതൽ തല്ലുന്ന അധ്യാപകർ കൂടുതൽ മിടുക്കരാണെന്നും അവർ മിടുക്കരായ വിദ്യാർഥികളെ സൃഷ്ടിക്കുന്നു എന്നുമുള്ള മിഥ്യാധാരണപോലും ഒരുകാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ പ്രാകൃതനടപടി കുഞ്ഞുങ്ങളുടെ സന്തോഷങ്ങളെയും സ്വപ്നങ്ങളെയും ചിന്തകളെയും തല്ലിക്കൊഴിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് പരിഷ്കൃത സമൂഹങ്ങൾ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറ്റലി, ജപ്പാൻ, മൊറീഷസ് എന്നീ രാജ്യങ്ങൾ അരനൂറ്റാണ്ട് മുമ്പുതന്നെ സ്കൂളുകളിലെ ശാരീരിക ശിക്ഷകൾ നിരോധിച്ചതാണ്. ഇന്ന് ഏകദേശം 130 രാജ്യങ്ങളിലേക്ക് ഈ നിരോധനം വ്യാപിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് പലയിടത്തും കുട്ടികളെ ‘തല്ലി ശരിയാക്കൽ’ ഇന്നും തുടരുന്നു.
സ്കൂളുകളിലെ ചൂരൽവടി പ്രയോഗത്തിനെതിരെ മാതൃകസൃഷ്ടിച്ച നാടാണ് നമ്മുടേത്. വിദ്യാഭ്യാസ വിദഗ്ധനും പ്രകൃതിജീവന പ്രചാരകനുമായ കെ. ബഷീർ പതിറ്റാണ്ടുകൾ മുമ്പ് മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസറായിരിക്കെ പുറപ്പെടുവിച്ച വടി നിരോധന ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഒഡിഷ സർക്കാർ അവിടത്തെ സ്കൂളുകളിൽ വടി പ്രയോഗം നിരോധിച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിലെ 17ാം വകുപ്പ് പ്രകാരം രാജ്യത്തൊരിടത്തും കുഞ്ഞുങ്ങളെ ശാരീരികമായി ശിക്ഷിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അനുവദനീയമല്ല. 2019 ജൂണ് 28ന് കേരളസംസ്ഥാന ബാലാവകാശ കമീഷന് സ്കൂളുകളിൽ ചൂരൽവടി ഉപയോഗം നിരോധിച്ച് കർശന നിർദേശം നൽകിയിട്ടുള്ളതാണ്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെതിരായ ഉത്തരവുകളും നിർദേശങ്ങളും പലവുരു പല കോണുകളിൽനിന്ന് വേറെയും വന്നിട്ടുണ്ട്. എന്നിട്ടും എങ്ങനെയാണ് അധ്യാപകർ ചൂരൽവടിയുമായി ക്ലാസുകളിലെത്തുന്നത്, അതും ചെറിയ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ക്ലാസുകളിൽ?.
മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സമ്മർദങ്ങൾക്കിടയിൽ ഞെരിയുകയാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം. മുതിർന്നവരുടെ ലോകം ആലോചനാലേശമില്ലാതെ ചെയ്തുകൂട്ടുന്ന പ്രവൃത്തികളാണ് ഈ സമ്മർദങ്ങൾക്ക് ആക്കംകൂട്ടുന്നത്. ചുറ്റിനും ചതിക്കുഴികൾ നിറഞ്ഞ ഇത്തരമൊരുഘട്ടത്തിൽ കുഞ്ഞുങ്ങളെ ഇടറിവീഴാതെ വഴികാണിച്ച് മുന്നിലേക്ക് നടത്തുക എന്ന ഉത്തരവാദിത്തം മുമ്പത്തേക്കാളേറെ കരുതലോടെ നിർവഹിക്കപ്പെടേണ്ടതുണ്ട്. വടിയുടെയും വഴക്കിന്റെയും അടിയുടെയും പിന്തുണയോടെ മാത്രമേ അധ്യാപകർക്ക് അതിനു സാധിക്കുന്നുള്ളൂ എന്നുവരുകിൽ അത് അവരുടെ കഴിവുകേടാണ്. കൂടുതൽ പഠിച്ചും കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയ മാർഗങ്ങൾ സ്വായത്തമാക്കിയുമാണ് അവരതിനെ മറികടക്കേണ്ടത്. വടിയെ ഒരു അധ്യാപന സഹായിയായി നമ്മുടെ അധ്യാപന പരിശീലനപദ്ധതികൾ എണ്ണുന്നുവെങ്കിൽ അതും പൊളിച്ചടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതിനൊപ്പം ഗൗരവമായി ചർച്ചചെയ്യേണ്ടതാണ് നേമത്തെ സ്കൂളിൽ പത്തു ദിവസം മുമ്പ് ആരതി എസ്. എന്ന പത്താം ക്ലാസ് വിദ്യാർഥിനി സ്വയം ഹത്യചെയ്ത സംഭവം. സാമൂഹികമായും സാമ്പത്തികമായുമുള്ള പ്രതികൂലാവസ്ഥകളിൽ നിൽക്കുമ്പോഴും എല്ലാറ്റിനെയും തരണംചെയ്ത് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവുപുലർത്തി ആത്മവിശ്വാസത്തോടെ മുന്നോട്ടുനടന്ന ആ ദലിത് പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചത് അധ്യാപികയുടെ മാനസികപീഡനങ്ങളും അധിക്ഷേപവുമാണെന്ന് കുടുംബം ആരോപിക്കുന്നു. ഇനിയുമൊരു കുഞ്ഞിനെയും ഇത്തരത്തിൽ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിക്കാൻ സർക്കാറിനും സമൂഹത്തിനും സാധിക്കണം. അധ്യാപകർ സ്വേച്ഛാധിപതികളെപ്പോലെ പെരുമാറുന്ന ഒരുകാലത്ത് കുട്ടികൾക്ക് നിർഭയമായി ലോകത്തെ സമീപിക്കാൻ എങ്ങനെയാണ് ധൈര്യമുണ്ടാവുക?
അധ്യാപകസുഹൃത്തുക്കളേ, കുട്ടികളെ ഗൗതമ ബുദ്ധനെയും മഹാത്മാഗാന്ധിയെയും ഉദാഹരിച്ച് പഠിപ്പിക്കുന്നതിന് മുമ്പ് അഹിംസയുടെ പാഠങ്ങൾ നിങ്ങൾ നിങ്ങളിൽനിന്നുതന്നെ തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.