മധ്യപ്രദേശിലെ സിദ്ധിയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യം നടുക്കുന്നതാണെങ്കിലും അമ്പരപ്പിക്കുന്നതല്ല, ജോലിക്ക് കൂലി ചോദിച്ച ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന അതിക്രമകാരി രാജ്യത്ത് അമൃതകാലം കൊണ്ടുവരുമെന്ന് വീമ്പുപറയുന്ന ബി.ജെ.പിയുടെ പ്രാദേശിക നേതാവാണെന്നതും പുതുമയുള്ളതല്ല. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ച് വർഷം ആഘോഷിച്ച് തിമിർക്കുമ്പോഴും രാജ്യത്ത് ആദിവാസികളും ദലിതരുമുൾപ്പെടുന്ന അടിസ്ഥാന ജനസമൂഹം നേരിടേണ്ടി വരുന്ന ക്രൂരതകളുടെ ചെറിയൊരു ചിത്രം മാത്രമാണത്.
ഒരു ബി.ജെ.പി എം.എൽ.എയുടെ വലംകൈയായ പ്രതി പ്രവേശ് ശുക്ലയെ സംഭവത്തിന്റെ പേരിൽ അറസ്റ്റുചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട് മധ്യപ്രദേശ് ഭരിക്കുന്ന ബി.ജെ.പി സർക്കാർ. പ്രതിപക്ഷത്തിന്റെ ചോദ്യംചെയ്യൽ കടുത്തതോടെ പ്രതിരോധത്തിലായ ഘട്ടത്തിൽ പ്രതിയുടെ വീടിന്റെ ഒരു ഭാഗം അനധികൃത നിർമിതിയാണെന്ന് ആരോപിച്ച് ബുൾഡോസർവെച്ച് തകർത്തു, ഇയാൾക്കെതിരെ ദേശസുരക്ഷാ നിയമവും ചുമത്തി. എന്നാൽ, സംസ്ഥാന ബി.ജെ.പിയുടെ വാചാലമുഖങ്ങളിലൊന്നായ കേദാർനാഥ് ശുക്ല എം.എൽ.എ പ്രതി തന്റെ സഹായിയാണെന്ന് സമ്മതിക്കുന്നില്ല. ദലിത്-ആദിവാസി സമൂഹത്തിൽനിന്നുള്ള വ്യക്തികളാരെങ്കിലും വാക്കുകൊണ്ടുപോലും ദ്രോഹിക്കപ്പെട്ടാൽ കാലതാമസം വരുത്താതെ നടപടിവേണമെന്ന് നിയമപുസ്തകത്തിൽ വ്യവസ്ഥചെയ്തിട്ടുള്ള നാടാണ് നമ്മുടേത്. എന്നാൽ, മാസങ്ങൾക്ക് മുമ്പ് നടത്തിയ ഈ ഹീനകൃത്യത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ അത് വിഷയമായി ഉയർത്തുകയും ചെയ്തപ്പോൾ മാത്രമാണ് നടപടിയുണ്ടായത്. പരമ്പരാഗതമായി ബി.ജെ.പിക്ക് പിന്തുണയേകി വരുന്ന, സംസ്ഥാനത്തെ ഇരുപതിലേറെ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കരുത്തുള്ള കോൾ ഗ്രോത്ര വിഭാഗക്കാരനാണ് അതിക്രമത്തിനിരയായ യുവാവ്. ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം ഇതൊരു വടിയാക്കുമെന്ന് ഉറപ്പുള്ളതിനാൽ ബി.ജെ.പി ഭരണകൂടത്തിന് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് പട്ടികവർഗ ജനതക്കുനേരെ ഏറ്റവുമധികം അതിക്രമങ്ങൾ നടമാടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.
മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെ മാത്രമല്ല, ദലിതുകൾക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങളിലും കഴിഞ്ഞ ഒരു ശതകത്തിനിടെ വലിയ തോതിലെ വർധനവാണുണ്ടായിരിക്കുന്നത്. സ്കൂളിലെ കുടിവെള്ളപ്പാത്രത്തിൽനിന്ന് കുടിച്ചതിന് ഒരു ദലിത് ബാലനെ അധ്യാപകൻ അടിച്ചുകൊന്നിട്ട് അധികകാലമായിട്ടില്ല. ഡോ. അംബേദ്കറെ വാഴ്ത്തുന്ന ഗാനം മൊബൈൽ ഫോണിലെ റിങ് ടോണാക്കുന്നതും ദലിത് വിഭാഗത്തിൽനിന്നുള്ള നവവരൻ കുതിരപ്പുറത്ത് സഞ്ചരിക്കുന്നതും മേൽജാതിയിൽനിന്ന് വിവാഹം ചെയ്യുന്നതുമെല്ലാം ജാതിഭീകരരെ അസ്വസ്ഥരാക്കുന്നു, അവർ ഉടനടി ശിക്ഷ നടപ്പാക്കുന്നു. ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഹരിയാനയിലെ കർണാലിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം നോക്കുക- വർഷങ്ങളായി ഒരുമേൽജാതി കുടുംബത്തിന്റെ കൃഷിപ്പണികൾ ചെയ്തുവരുന്ന, കാലികളെ പോറ്റുന്ന പ്രേംചന്ദ് എന്ന അമ്പതു വയസ്സുള്ള ദലിത് തൊഴിലാളി തൊഴിലുടമയുടെ വീട്ടിൽവെച്ച് അടിയേറ്റു മരിച്ചു. ചെരിപ്പ് ധരിച്ച് വീട്ടിനുള്ളിൽ കടന്നതിനാണ് ആക്രമികൾ പ്രകോപിതരായതും ‘ശിക്ഷ’ നടപ്പാക്കിയതും. അടിയേറ്റ് ചോരവാർന്ന് വീണു കിടന്ന പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരു വാഹനം വിട്ടുകൊടുക്കാൻപോലും അവർ തയാറായില്ലെന്ന് പ്രേംചന്ദിന്റെ മകൻ വിലപിക്കുന്നു.
ദലിത് യുവാക്കളെ അടിച്ചുകൊല്ലുന്നതും പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നുതള്ളുന്നതുമെല്ലാം നിത്യസംഭവമായതോടെ മാധ്യമങ്ങൾ അവക്കിപ്പോൾ കുറഞ്ഞ വാർത്താമൂല്യം മാത്രമാണ് നൽകുന്നത്. ആദിവാസികൾക്കും ദലിതർക്കും മുസ്ലിംകൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ രാജ്യത്തിന്റെ ‘പൊതുമനഃസാക്ഷി’ക്ക് കാര്യമായ വേദനയൊന്നും തോന്നാറില്ല എന്നതും അവരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. ജാതിഭീകരതക്ക് വിരുദ്ധമായി നിലപാടെടുക്കുന്നവർക്കെതിരെ ഭരണകൂടം കരുതിവെച്ചിരിക്കുന്ന കനത്തശിക്ഷകളും മാധ്യമങ്ങളെയും പൊതുപ്രവർത്തകരെയും പിന്തിരിപ്പിക്കാനും ഭയപ്പെടുത്താനും പോന്നതാണ് എന്നതും കാണാതിരിക്കാനാവില്ല. ആദിവാസികൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ഭീമകൊറേഗാവ് കേസിൽ കുടുക്കി ജയിലിലടച്ച്, അടിസ്ഥാന മൗലികാവകാശങ്ങൾപോലും നിഷേധിച്ച് കൊലപ്പെടുത്തിയ ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വ വാർഷികമായിരുന്നു ഇന്നലെ. ഇതേ കേസിൽ അറസ്റ്റിലായ രാജ്യത്തെ എണ്ണം പറഞ്ഞ ദലിത്-മനുഷ്യാവകാശ പ്രവർത്തകർ തടവറയിൽ നീതിനിഷേധങ്ങൾക്കിരയാവുകയാണ്. ഹാഥറസിൽ ബലാത്സംഗക്കൊലപാതകത്തിനിരയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനും സംഘവും നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളും നമുക്ക് മുന്നിൽ തെളിവായുണ്ട്.
ആദിവാസി-ദലിത് സമൂഹത്തെ കാലാളുകളായി ഉപയോഗിച്ച്, മനുഷ്യാന്തസ്സുപോലും വകവെച്ചുകൊടുക്കാത്ത മനുരാജ്യം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ് സംഘ്പരിവാർ. അധികാരം കൈപ്പിടിയിലൊതുങ്ങിയാൽ അവരെ തീണ്ടാപ്പാടകലേക്ക് തള്ളുകയും ചെയ്യും. കൊട്ടിഘോഷിച്ച് നടത്തിയ പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങിൽ രാജ്യത്തിന്റെ പ്രഥമ പൗരിക്ക് ഇടമില്ലാതെ പോയതിന്റെ കാരണംപോലും മറ്റൊന്നല്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.