നീണ്ടുപോകുന്ന യുക്രെയ്ൻ പ്രതിസന്ധി



യുക്രെയ്ൻ യുദ്ധം ലോകത്തിന്റെ ശാന്തി കെടുത്തിയിട്ട് 16 മാസത്തോളമായി. അതു ശമിക്കുന്ന ലക്ഷണമൊന്നും കാണാനില്ല. മാത്രമല്ല, അതിനുള്ള ബോധപൂർവമായ ശ്രമം യു.എന്നിന്‍റെയോ മറ്റു രാഷ്ട്രങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. യുദ്ധം ലോകക്രമത്തിൽ ചെലുത്തുന്ന പ്രത്യക്ഷ സ്വാധീനം ആഗോളതലത്തിൽതന്നെ വലിയ ആകുലതകൾക്കിടയാക്കുന്നുണ്ട്. ഗോതമ്പ് ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം, എണ്ണ വിപണിയിലെ അസ്ഥിരത, മൈക്രോചിപ്പിന്‍റെ അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം, റഷ്യക്കുമേലുള്ള ഉപരോധംകൊണ്ടുള്ള ചരക്കുകളുടെ വരവുകുറവ്, മൊത്തം യുദ്ധം കൊണ്ടുള്ള മാന്ദ്യം എന്നിങ്ങനെ അന്താരാഷ്ട്ര വാണിജ്യമേഖല സ്തംഭിച്ചുനിൽക്കുകയാണ് 2022 ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയതു മുതൽ.

ഇതെഴുതുമ്പോൾ യുക്രെയ്ൻ, റഷ്യൻ അധിനിവേശത്തിലുള്ള ചില നഗരങ്ങൾ തിരിച്ചുപിടിക്കുകയും പ്രതിരോധം ഉറപ്പിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. അതിലപ്പുറം നേട്ടങ്ങളൊന്നും അവർക്ക് ഇതുവരെ ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ഇപ്പോഴും തിരിച്ചടികൾക്ക് ഒരുക്കങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ടു ഭാഗത്തും മരിച്ചുവീണത് ആയിരങ്ങളാണ്. കഴിഞ്ഞ തിങ്കളാഴ്ച യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി ഏഴു ഗ്രാമങ്ങൾ തിരിച്ചുപിടിച്ചതായി അവകാശപ്പെട്ടിരുന്നു. പടിഞ്ഞാറുനിന്ന് സുലഭമായി കിട്ടിയ ആയുധങ്ങൾ യുക്രെയ്നിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും യുദ്ധഭൂമിയിൽ എടുത്തുപറയാൻ മാത്രമുള്ള നേട്ടങ്ങളായി അവ പരിണമിച്ചിട്ടില്ല. റഷ്യൻ സൈന്യം അണക്കെട്ട് തകർത്തതടക്കം ചില ആഘാതങ്ങൾ യുക്രെയ്നിനുമേൽ ഏൽപിക്കുകയും ചെയ്തു. യുക്രെയ്ൻ സൈന്യങ്ങൾ റഷ്യയുടെ ബോൾഗൊറോഡ് അതിർത്തി മേഖലയിലെ നഗരങ്ങളിൽ ആക്രമണങ്ങളിലൂടെ കടന്നുകയറാൻ സാധിച്ചതാണ് എടുത്തുപറയാനുള്ള ഒരു നേട്ടം. ഒപ്പം കിഴക്കേ അതിർത്തിയിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ബഖ്‌മുത് നഗരം തിരിച്ചുപിടിക്കാനുള്ള മുന്നേറ്റവും അപൂർണമായി നിൽക്കുന്നു. ഇവിടെയാണ് ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം നടന്നതും യോദ്ധാക്കൾ കൂടുതൽ മരിച്ചതും.

റഷ്യൻ സൈന്യത്തിനുമേൽ പരമാവധി പ്രഹരമേൽപിച്ച് ആവുന്നത്ര ഭൂഭാഗങ്ങൾ പിടിച്ചടക്കുക, പാശ്ചാത്യ ആയുധങ്ങളുടെ പിൻബലത്തോടെ അൽപം ദുർബലമായ റഷ്യയെ വരുതിയിലുള്ള അയൽക്കാരായി നിർത്തുക എന്നതാണ് യുക്രെയ്ൻ തന്ത്രം. അതിനു റഷ്യക്കും റഷ്യ പിടിച്ചടക്കി കൈവശംവെക്കുന്ന ക്രീമിയക്കുമിടയിലെ പാലം തകർത്ത് ബന്ധം വിച്ഛേദിച്ചോ മറ്റു മാർഗങ്ങളിലൂടെയോ റഷ്യൻ താവളങ്ങളെ അപകടത്തിലാക്കണം. എന്നാൽ, അതത്ര എളുപ്പമുള്ളതായി ആരും കരുതുന്നില്ല.

അമേരിക്കയും ചൈനയും ഇപ്പോഴും നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കുകയാണ്. ആയുധങ്ങൾ എത്ര വേണമെങ്കിലും അയക്കാമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറയുമ്പോഴും നേരിട്ട് സൈന്യത്തെ അയച്ച് യുദ്ധം മൂർച്ഛിപ്പിക്കാൻ സന്നദ്ധരല്ല അമേരിക്ക. വേണ്ടിവന്നാൽ ആണവായുധങ്ങൾപോലും ഉപയോഗിക്കാൻ മടിക്കാത്ത റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ ഒരു പരിധിക്കപ്പുറം പ്രകോപിപ്പിക്കാൻ അമേരിക്കക്ക് താൽപര്യമില്ല. റഷ്യക്ക് പൂർണ പിന്തുണ നൽകുന്ന ചൈനയാണെങ്കിൽ ഏഷ്യയിൽ അമേരിക്കയോടും യൂറോപ്യൻ ഭാഗത്ത് നാറ്റോയോടും രണ്ടു പോർമുഖം തുറക്കാൻ ഇഷ്ടപ്പെടുന്നില്ല. ചൈന ഒഴിവാക്കാൻ ശ്രമിക്കുന്നത് റഷ്യയുടെ പരാജയം മാത്രമല്ല, ഒരു ആണവ ഏറ്റുമുട്ടലും യൂറോപ്പുമായുള്ള ബന്ധവിച്ഛേദവുംകൂടിയാണ്. അതിനാൽ ഭീമമായ തോതിൽ റഷ്യയെ സഹായിക്കാൻ ഈ അവസ്ഥയിൽ ചൈന തയാറല്ല; എങ്കിലും റഷ്യ പരാജയം അഭിമുഖീകരിക്കുന്ന ഘട്ടം വന്നാൽ ചൈന നോക്കിനിൽക്കില്ല എന്നും നിരീക്ഷകർ വിലയിരുത്തുന്നു.

യുക്രെയ്ൻ യുദ്ധം പല രീതികളിൽ നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിശകലനങ്ങൾ. പാശ്ചാത്യ സഹായത്തോടെ യുക്രെയ്ൻ വമ്പിച്ച മുന്നേറ്റം നടത്തി, റഷ്യയുടെ ചരക്കുവരവ് തകർത്ത്, റഷ്യ പിടിച്ചടക്കിയ ഡോൻബാസ് മേഖലയിലെ ഭൂരിഭാഗവും തിരിച്ചുപിടിച്ചേക്കാം. അതിന് റഷ്യ തോറ്റ് പ്രസിഡന്റ് പുടിൻ അധികാരഭ്രഷ്ടനാവണം. വരുന്ന മാർച്ചിലാണ് റഷ്യയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പക്ഷേ, പുടിൻ അത്തരമൊരു സന്ദർഭത്തിൽ ആണവായുധങ്ങൾ ഉപയോഗിച്ചേക്കുമോ അതോ, റഷ്യയിൽ ആഭ്യന്തര കുഴപ്പങ്ങൾ സംഭവിക്കുകയും അതുവഴി ആണവായുധങ്ങൾ പുതിയ കരങ്ങളിൽ എത്തിച്ചേരുകയും ചെയ്യുമോ എന്ന ആശങ്കയും നിലവിലുണ്ട്. മറ്റൊരു സാധ്യത, റഷ്യക്ക് യുദ്ധത്തിൽ അൽപം ക്ഷീണം സംഭവിക്കുകയും അതുവഴി അൽപം മയപ്പെട്ട ഒരു പുടിൻ ഭരണകൂടം നിലവിൽ വരുകയും ചെയ്യുകയാണ്. അതൊക്കെ അതിമോഹങ്ങളായി കലാശിക്കാനാണ് സാധ്യത. അപ്പോൾ പിന്നെ നിലവിലെ സ്തംഭനാവസ്ഥ തുടരുകയും റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങൾ തുടർന്ന് കൈവശം വെക്കുകയും ചെയ്യുന്നതാണ്. അതോടെ, പുടിൻ കൂടുതൽ രണോത്സുകനാവാനും അതുവഴി മുഴുവൻ യുക്രെയ്ൻ പിടിച്ചടക്കി പാവ സർക്കാറിനെ കിയവിൽ പ്രതിഷ്ഠിക്കാനുമുള്ള സാധ്യതയാണ് തെളിയുക. ദീർഘകാലം നീണ്ടുനിൽക്കുന്ന ശീതയുദ്ധ സമാനമായ അന്തരീക്ഷത്തിന് അതു വഴിയൊരുക്കും. ഇതിൽ ഏതെങ്കിലും മാറ്റം വരണമെങ്കിൽ ഒരു ഭരണമാറ്റം അമേരിക്കയിലോ റഷ്യയിലോ ഉണ്ടാവണം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി ഡോണൾഡ് ട്രംപ് തന്നെ വീണ്ടും ചിത്രത്തിൽ വന്നിരിക്കെ വാഷിങ്ടണിൽ അത്തരമൊരു സാധ്യത തള്ളിക്കളഞ്ഞുകൂടാ. ട്രംപ് ആണെങ്കിൽ യുക്രെയ്നിനെ സഹായിച്ച് അമേരിക്ക ശതകോടികൾ തുലക്കുകയാണെന്നും താൻ അധികാരത്തിൽ വന്നാൽ ഉടൻ യുദ്ധത്തിൽനിന്ന് പിന്മാറുമെന്നും പ്രഖ്യാപിച്ചതാണ്. റഷ്യയിലാകട്ടെ, പുടിന്‍റെ പകരക്കാരൻ ആരെന്നത് ഊഹങ്ങൾക്കതീതമായ കടുത്ത അനിശ്ചിതത്വങ്ങളിൽ ഒന്നു മാത്രമാണിപ്പോൾ. ഒരു മേശക്കു ചുറ്റുമിരിക്കാനുള്ള അന്തരീക്ഷവും ചർച്ചകളിലൂടെ ഒരു ഫോർമുലയും ഉണ്ടാക്കിയെങ്കിൽ തൽക്കാലത്തേക്കെങ്കിലും ആഗോള അശാന്തി ഒഴിവാക്കാൻ ഒരിടമുണ്ടാകും എന്നു മാത്രമേ ഇപ്പോൾ പറയാൻ പറ്റൂ. 

Tags:    
News Summary - Madhyamam Editorial 2023 June 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.