പതിവിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്ര. 2014ൽ, പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആറു തവണ അമേരിക്കയുടെ അതിഥിയായപ്പോഴൊന്നുമില്ലാത്ത സവിശേഷതകളാണ് ഇപ്പോഴത്തെ ഏഴാം യാത്രയെ ശ്രദ്ധേയമാക്കിയത്. മുൻകാലങ്ങളിൽ അമേരിക്കയിലെ അനുയായിവൃന്ദങ്ങളിൽ നിന്നുകേട്ട ആഘോഷ മുദ്രാവാക്യങ്ങൾക്കു പകരം ചിലയിടങ്ങളിൽ നിന്നെങ്കിലും പ്രതിഷേധസ്വരങ്ങൾ ഉയർന്നു. സ്വന്തം രാജ്യത്തുപോലും അഭിമുഖീകരിച്ചിട്ടില്ലാത്ത മാധ്യമചോദ്യങ്ങളെയും അവിടെ നേരിടേണ്ടിവന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ മോദിയെ അമേരിക്കയിലെ പ്രമുഖ ജനാധിപത്യ-മനുഷ്യാവകാശ സംഘടനകൾ സ്വീകരിച്ചത് വിവിധ പ്രതിഷേധപരിപാടികൾ ആവിഷ്കരിച്ചായിരുന്നു. സമാനതകളില്ലാത്തവിധം ന്യൂനപക്ഷവേട്ട നടത്തുന്ന മോദിക്കും അദ്ദേഹത്തിന്റെ സർക്കാറിനുമെതിരെ ബാനറുകളും പ്രതിഷേധ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ച ഡിജിറ്റൽ സ്ക്രീനുകളുമായി ട്രക്കുകൾ നിരത്തിലൂടെ നീങ്ങുന്ന കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ചില ഡിജിറ്റൽ സ്ക്രീനുകളിൽ മോദിയെ ‘ക്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നുവരെ വിശേഷിപ്പിച്ചു. ‘മോദി നോട്ട് വെൽക്കം’ എന്ന ഹാഷ് ടാഗിൽ നടക്കുന്ന പ്രചാരണവും ട്വിറ്റർ ട്രെൻഡിങ്ങുകളിലൊന്നായിരുന്നു. എന്തിനേറെ, മോദിയുടെ ന്യൂനപക്ഷവേട്ടയിൽ മുൻപ്രസിഡന്റ് ബറാക് ഒബാമ പോലും ആശങ്ക അറിയിച്ചു. കഴിഞ്ഞദിവസം, അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനൊപ്പമുള്ള സംയുക്ത വാർത്തസമ്മേളനത്തിനുശേഷം ‘വാൾസ്ട്രീറ്റ് ജേണലി’ന്റെ റിപ്പോർട്ടർ ഈ പ്രതിഷേധങ്ങളുടെകൂടി പശ്ചാത്തലത്തിൽ മോദിക്കുനേരെ തൊടുത്തുവിട്ട ചോദ്യത്തിനുമുന്നിൽ അദ്ദേഹം ഒരുനിമിഷം പകച്ചുപോയി. ഈ പ്രതിഷേധത്തെയും പതർച്ചയെയുമെല്ലാം ജനാധിപത്യ വീണ്ടെടുപ്പിന്റെ ശുഭസൂചനകളായി വിലയിരുത്തുന്നവരുമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ, രാജ്യം കൂടുതലായി ഫാഷിസവത്കരണത്തിന്റെ പാതയിലേക്ക് ദ്രുതഗതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ നടന്ന ജാതിപരമായ അക്രമങ്ങൾ, ന്യൂനപക്ഷഹിംസകൾ, പൗരാവകാശപ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും അക്കാദമിക്കുകളുടെയും കൊലപാതകങ്ങളും അറസ്റ്റുകളും, ദലിത്-ആദിവാസി വിരുദ്ധ സമീപനങ്ങൾ, പൗരത്വഭേദഗതി നിയമങ്ങൾപോലുള്ള പാർലമെന്റ് നടപടികൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ആർക്കും വ്യക്തമാവും. ഭരണമേൽക്കുമ്പോൾ തയാറാക്കിയ അജണ്ടയിൽ എന്തെങ്കിലും ബാക്കിയുണ്ടോ എന്നേ ഇനി അറിയേണ്ടതുള്ളൂ; ഏറ്റവുമൊടുവിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചു. മോദി സർക്കാർ ഇക്കാലയളവിനുള്ളിൽ എന്തുചെയ്തു എന്നു ചോദിച്ചാലും ജനാധിപത്യ, വംശീയ ഹിംസയുടെ ഈ കണക്കുകളാണ് മുന്നിൽവരിക. രാജ്യത്തെ വികസനപാതയിലേക്കുയർത്താൻ കൊണ്ടുവന്ന നോട്ടുനിരോധനമുൾപ്പെടെയുള്ള ‘സാമ്പത്തിക പരിഷ്കരണ’ങ്ങളെല്ലാം അക്ഷരാർഥത്തിൽ പട്ടിണിയാണ് സമ്മാനിച്ചത്. ഭരണ‘മികവി’ന്റെ ഈ ബാക്കിപത്രങ്ങൾ പ്രതിപക്ഷം കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾക്കുമുന്നിൽ കൃത്യമായി അവതരിപ്പിച്ചപ്പോൾ അവിടങ്ങളിലെല്ലാം ഹിന്ദുത്വക്ക് സാരമായ പരിക്കേറ്റു. ആ പ്രതിഷേധത്തിരയുടെ അനുരണനങ്ങൾതന്നെയാണ് മോദിക്ക് അമേരിക്കയിലും ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. മണിപ്പൂരിൽ ഭരണകൂട പിൻബലത്തിൽ ഒരു വേട്ടസംഘം മേഖലയിലെ ന്യൂനപക്ഷ ഗോത്രവർഗങ്ങൾക്കുനേരെ നരനായാട്ട് തുടങ്ങിയിട്ട് ദിവസം അമ്പത് പിന്നിട്ടിട്ടും ഒരക്ഷരംപോലും ഉരിയാടാൻ പ്രധാനമന്ത്രി സന്നദ്ധനായിട്ടില്ല. അങ്ങനെയൊരാൾ, യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ജനാധിപത്യത്തിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുന്നു എന്നതായിരുന്നു ഈ സന്ദർശനത്തിലെ ഏറ്റവും വലിയ കൗതുകം. ആ പരിഹാസ്യ നിമിഷങ്ങൾക്ക് സാക്ഷിയാകാതെ ചില സെനറ്റ് അംഗങ്ങൾ പരിപാടി ബഹിഷ്കരിച്ചു. ഒബാമയുടെ പ്രതിഷേധസ്വരത്തെയും ഇതോടു കൂട്ടിവായിക്കാവുന്നതാണ്.
നയതന്ത്ര ചർച്ചകളുടെ പതിവു കെട്ടുകാഴ്ചകൾക്കപ്പുറം ഈ സന്ദർശനംകൊണ്ട് എന്തെങ്കിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവോ? പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിലെ കരാർ പ്രഖ്യാപനങ്ങൾ പുതിയതാണെന്ന് പറയാൻ കഴിയില്ല; മുൻകാലങ്ങളിൽ ഇരു രാജ്യങ്ങളും സാധ്യമാക്കിയ നയതന്ത്ര സൗഹാർദത്തിന്റെ സ്വാഭാവിക തുടർച്ചയാണ് അവ. ഇന്ത്യക്ക് അതിൽ വലിയ നേട്ടങ്ങളുണ്ട്. ഉദാഹരണത്തിന്, മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള അമേരിക്കയുടെ ആർട്ടിമിസ് പദ്ധതിയുമായി സഹകരിക്കാൻ നിർദിഷ്ട കരാറിലൂടെ ഇന്ത്യൻ ശാസ്ത്രസംഘത്തിന് സാധിക്കുമെന്നത് ചെറിയ കാര്യമല്ല; അതോടൊപ്പം, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് ഇന്ത്യയിൽ നിന്നൊരാൾക്ക് യാത്രപോകാനുള്ള അവസരവും ലഭിക്കുന്നുണ്ട്. യുദ്ധജെറ്റുകളുടെ നിർമാണ സാങ്കേതികവിദ്യ കൈമാറ്റവും സെമികണ്ടക്ടർ ഗവേഷണസഹായവുമെല്ലാം ഭാവിയിൽ ഇന്ത്യക്ക് ഗുണംചെയ്യും. അതേസമയം, യു.എസ്-ചൈന വൻശക്തി പോരിൽ ഇന്ത്യ അമേരിക്കക്കൊപ്പം നിലയുറപ്പിക്കണമെന്ന പരോക്ഷമായൊരു ‘വ്യവസ്ഥ’ ഈ കരാറുകളിലെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളാകാനേ ഇതുപകരിക്കൂ എന്ന് ഇതിനകംതന്നെ പലരും വിലയിരുത്തിക്കഴിഞ്ഞു. അങ്ങനെ നോക്കുമ്പോൾ, പുതിയ നയതന്ത്ര കരാറുകൾ ഒരുപക്ഷേ ഊരാക്കുടുക്കായി മാറിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.