ബിഹാറിലെ ജാതി സെൻസസ്

ബിഹാറിൽ ജനുവരിയിൽ ആരംഭിച്ച ജാതി സർവേ ചർച്ചാവിഷയമായിട്ടുണ്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയി. സർവേയുടെ ആദ്യഘട്ടമായ വീടുകളിലെ കണക്കെടുപ്പ് ഏപ്രിലിനു മുമ്പ് തീരേണ്ടതാണ്; മൊത്തം വിവരശേഖരണ പ്രക്രിയ മേയിലും. അതിനിടയിൽ ജനുവരിയിൽതന്നെ സുപ്രീംകോടതിയിൽ സർവേ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികൾ വന്നെങ്കിലും അതെല്ലാം തള്ളിപ്പോയി. അവ തള്ളുമ്പോൾ കോടതി ചോദിച്ചത്, കണക്കുകളില്ലാതെ എങ്ങനെയാണ് ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നിശ്ചയിക്കുക എന്നായിരുന്നു. ജാതി തിരിച്ച ജനസംഖ്യ വിവരങ്ങളും സാമൂഹിക-വിദ്യാഭ്യാസ-സാമ്പത്തിക സ്ഥിതിവിവരങ്ങളും ശേഖരിക്കുകയാണ് ബിഹാറിലെ ജെ.ഡി (യു)-രാഷ്ട്രീയ ജനതാദൾ മുന്നണി സർക്കാറിന്‍റെ സുപ്രധാന തീരുമാനത്തിന്‍റെ ലക്ഷ്യംതന്നെ.

ഇന്ത്യയിൽതന്നെ ഒരുപക്ഷെ, ഏറ്റവും പിന്നാക്ക ശാക്തീകരണം ആവശ്യമുള്ള, അതിനുള്ള ശ്രമങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ബിഹാർ. മുഖ്യമന്ത്രി നിതീഷ് കുമാർ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നപ്പോൾപോലും സഖ്യവേദിയിൽ അത് ആവശ്യപ്പെട്ടതാണ്. മാത്രമല്ല, 2020ൽ ബിഹാർ നിയമസഭ ഐകകണ്ഠ്യേന 2021 സെൻസസ് ജാതി അടിസ്ഥാനത്തിൽ ആക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു. ഇപ്പോൾ ബിഹാർ സർക്കാർ 500 കോടി രൂപ സംസ്ഥാന ഫണ്ടിൽനിന്ന് നീക്കിവെച്ചുകൊണ്ടാണ് അഞ്ച് ലക്ഷത്തോളം ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി ഈ ബൃഹത് പ്രക്രിയക്ക് തുടക്കംകുറിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഔദ്യോഗികമായി ജാതി സെൻസസ് നടന്നത് 1931ൽ ബ്രിട്ടീഷ് ഭരണകാലത്താണ്. സ്വതന്ത്ര ഇന്ത്യയിൽ ഇതിനുവേണ്ടിയുള്ള മുറവിളി പലഘട്ടങ്ങളിലും ഉയർന്നെങ്കിലും മിക്കവാറും ഉന്നത ജാതിക്കാരുടെയും അവരാൽ ഭരിക്കപ്പെടുന്ന ഉദ്യോഗസ്ഥ-ഭരണ നേതൃത്വത്തിന്റെയും എതിർപ്പും തടസ്സങ്ങളും കാരണം നടക്കാറില്ല. ഭരണഘടനയിൽ നിർദേശിക്കപ്പെട്ടതനുസരിച്ച് പത്തു വർഷം കൂടുമ്പോൾ നടക്കുന്ന സെൻസസിൽതന്നെ ശേഖരിക്കപ്പെടുന്ന സമുദായ-ജാതി വിവരങ്ങൾ പുറത്തുവിടാറുമില്ല. അവസാനമായി നടന്ന 2011ലെ സെൻസസിന്റെയും അവസ്ഥ ഇതുതന്നെ. ബിഹാറിലെ ഇപ്പോൾ നടന്നുവരുന്ന ജാതിതിരിച്ച കണക്കെടുപ്പുതന്നെ ‘സർവേ’ എന്നാണ് വിളിക്കപ്പെടുന്നത്. സെൻസസ് എന്ന പ്രക്രിയ കേന്ദ്ര വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക്​ അത് നടത്താൻ അധികാരമില്ല.

ജാതി സർവേയെക്കുറിച്ച എതിർപ്പുകളുടെ മുഖ്യകാരണം സമുദായങ്ങളെക്കുറിച്ച വസ്​തുസ്ഥിതി വിവരങ്ങൾ പുറത്തുവരും എന്നതാണ്. പിന്നാക്ക വിഭാഗങ്ങൾ ജനസംഖ്യയുടെ എത്ര ശതമാനം വരുമെന്നും സർക്കാർ സേവന-വിദ്യാഭ്യാസ മേഖലകളിലും വൻകിട സ്വകാര്യ മേഖലയിലെ സിരാകേന്ദ്രങ്ങളിലും പ്രാതിനിധ്യം എത്രയെന്നും സർക്കാറിന്റെ സാമ്പത്തിക ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും എത്രമാത്രം അവർക്ക് പ്രാപ്യമാവുന്നു എന്നും കൃത്യമായ സംഖ്യകളോടെ പുറത്തുവരും. നിലവിൽ അനുപാതാതീതമായി ഇതെല്ലാം ആസ്വദിക്കുന്ന വിഭാഗങ്ങൾക്ക് ദഹിക്കാത്തതാണിവ. ഈ മേൽപാളി വിഭാഗം എപ്പോഴും എതിർപ്പിന് മറയാക്കുന്നത്​ ജാതി കണക്കെടുപ്പുകൾ വിഭാഗീയ ചിന്തകൾക്ക് ഇടവരുത്തു​മെന്ന വാദമാണ്​. അത് ഭരണഘടന അനുശാസിക്കുന്ന തുല്യതക്കുള്ള അവകാശത്തിനു വിരുദ്ധമാണത്രേ.

തുല്യതക്കുള്ള അവകാശത്തോടൊപ്പം അപവാദമെന്ന നിലയിൽ പ്രത്യേക പദ്ധതികൾ ആവാമെന്നത് ഭരണഘടനയിൽതന്നെ എഴുതിവെച്ചിട്ടുള്ള തത്ത്വമാണ്. അത് കൃത്യമായി നോക്കി പട്ടികജാതി പട്ടികവർഗക്കാർക്കു നൽകിയിരുന്ന 22.5 ശതമാനത്തിനു പുറമെ 27 ശതമാനം സംവരണം മറ്റു പിന്നാക്ക വിഭാഗക്കാർക്കുകൂടി ലഭ്യമാക്കാൻ വി.പി. സിങ് മന്ത്രിസഭ 1990ൽ നടപ്പാക്കിയ മണ്ഡൽ കമീഷൻ ശിപാർശകൾ സംവരണ ചരിത്രത്തിലെ നാഴികക്കല്ലായി. തദനന്തരം ആവിർഭവിച്ച ‘മണ്ഡൽ രാഷ്ട്രീയം’ എന്ന രാഷ്ട്രീയ പ്രതിഭാസം പുനരുജ്ജീവിപ്പിക്കപ്പെടും എന്നതാണ് രാഷ്ട്രീയമായി ബി.ജെ.പി ഭയക്കുന്ന മർമപ്രധാനമായ വിഷയം.

അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്റെ അനൈക്യത്തോടൊപ്പം പിന്നാക്കക്കാരുടെ വോട്ടും ഇന്ന് ബി.ജെ.പിക്ക് അനുകൂല ഘടകമായുണ്ട്. സർക്കാറിന്‍റെ വികസനനേട്ടങ്ങൾ പറഞ്ഞ് അതിൽ പിന്നാക്കക്കാരുൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തുന്നു എന്ന പ്രചാരണത്തിലാണ് ഈ പിന്തുണ നേടിയെടുക്കുന്നത്​. 2009ൽ ബി.ജെ.പി നേടിയ 22 ശതമാനം വോട്ടിൽനിന്ന് 2019ലെത്തുമ്പോൾ അത് 44 ശതമാനമാക്കി എന്ന് ലോക് നീതി-സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക-സ്വത്വ ശാക്തീകരണം സംഘ്പരിവാറിന് രുചിക്കുന്നതല്ല. ജാതി സർവേ പോലുള്ള കണക്കുകളിലൂടെ അതിനവസരം ഒരുങ്ങുന്നതിനെ എതിർക്കുന്നതും അതുകൊണ്ടാണ്. പിന്നാക്ക വിഭാഗങ്ങളുടെ യഥാർഥ അവസ്ഥ പുറത്തുവന്നാൽ ജാതിശ്രേണീ ഘടനക്കു പകരം ഹിന്ദുത്വയുടെ കൂടുതൽ വിശാലതയുള്ള മുഖമായി സംഘ്പരിവാർ തെളിച്ചുകാട്ടുന്ന ‘സർവാശ്ലേഷിയായ ഹിന്ദുത്വ’ തത്ത്വശാസ്‍ത്രം വിലപ്പോവാതെ വരും. 

Tags:    
News Summary - Madhyamam Editorial 2023 March 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.