സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം പരിഗണിച്ച സുപ്രീംകോടതി മൂന്നംഗ ബെഞ്ച്, കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിന് റഫർ ചെയ്തിരിക്കുന്നു. ഏപ്രിൽ 18ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെ നയിക്കുന്ന ബെഞ്ച് ഹരജികൾ പരിഗണിക്കും. കോടതി നടപടികൾ തത്സമയ സംപ്രേഷണം നടത്തണമെന്ന ചില ഹരജിക്കാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് പുറമെ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചിരിക്കെ കേസിനു പതിവിൽ കൂടുതൽ പൊതുജനശ്രദ്ധ കിട്ടാനിടയുണ്ട്. സ്വവർഗരതി നിയമവിധേയമാക്കിയുള്ള 2018ലെ സുപ്രീംകോടതി വിധിയുടെ ചുവടു പിടിച്ച് ഒരേ ലിംഗക്കാരായ രണ്ടുപേർക്ക് വിവാഹിതരാവാനും അനുവാദം ഉണ്ടാവണമെന്ന വാദം ഉന്നയിക്കുന്നതും വിവിധ ഹൈകോടതികളിൽ വന്നതുമായ ഹരജികൾ ജനുവരി ഒന്നിന് ഒന്നിച്ചുചേർത്ത് സുപ്രീംകോടതി തന്നെ പരിഗണിച്ച ശേഷമാണ് ഇപ്പോഴത്തെ വിധി. ഇതിനിടയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിനു നോട്ടീസയക്കുകയും അതിനു കേന്ദ്രം നൽകിയ സത്യവാങ്മൂലം പരിഗണിക്കുകയും ചെയ്തു. ഹരജികൾ പൊതുവായി ആവശ്യപ്പെട്ടത് ഹിന്ദു വിവാഹനിയമം, സ്‌പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം എന്നിവയിൽ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കപ്പെടണം എന്നാണ്. 2018ൽ പരമോന്നത കോടതി സ്വവർഗരതി അംഗീകരിച്ചതിനാൽ അതിന്‍റെ യുക്തിപരമായ തേട്ടമെന്ന നിലയിൽ ഉഭയസമ്മത പ്രകാരമുള്ള അത്തരം ബന്ധങ്ങൾ വിവാഹത്തിലേക്കുകൂടി സംക്രമിപ്പിക്കണം എന്നതാണ് വാദം.
ഈ അപേക്ഷയുമായി 2020ൽ ഹരജി സമർപ്പിച്ച അഭിജിത്-അയ്യർ മിത്ര ഉന്നയിച്ച ഒരു വാദം ഹിന്ദു വിവാഹനിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചാണ്. അതായത്, ഹിന്ദു വിവാഹനിയമത്തിൽ രണ്ടു ഹിന്ദു വ്യക്തികൾ എന്നല്ലാതെ ഒരാണും പെണ്ണും തമ്മിൽ എന്ന് പറയുന്നില്ല, ഒരേ ലിംഗത്തിൽപെടുന്നവർക്കും അതാവാമെന്നും അർഥം വരും. മറ്റു മതേതര വിവാഹനിയമങ്ങളും ഇങ്ങനെത്തന്നെയാണ് എന്നു മറ്റു ഹരജിക്കാരും ചൂണ്ടിക്കാട്ടുന്നു. സ്‌പെഷൽ മാരേജ് ആക്ടിൽ ഭർത്താവ്, ഭാര്യ എന്നീ പദങ്ങൾ തന്നെ ഉപാധികൾ പറയുന്നിടത്തില്ലത്രെ. പ്രായം പറയുന്നിടത്തും പുരുഷന് 21ഉം സ്ത്രീക്ക് 18 ഉം എന്നുണ്ടെങ്കിലും അത് പരസ്പരമുള്ള വിവാഹബന്ധത്തിനുതന്നെ ആവണമെന്നില്ല, രണ്ടു പുരുഷന്മാർക്കോ സ്ത്രീകൾക്കോ ആവാം എന്നുമുണ്ട് വാദം.
സ്വവർഗരതി നിയമവിധേയമാക്കിയ വിധിതന്നെ ഏറെ വിമർശനം ഏറ്റുവാങ്ങിയതാണ്. കോടതിവിധി അതിനെ കുറ്റമല്ലാതാക്കിയിട്ടേ ഉള്ളൂ (അഥവാ ശിക്ഷയില്ല) എന്നും അതിനെ അംഗീകരിച്ചിട്ടില്ല എന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യകുലം ജനിതകമായ ലിംഗ സവിശേഷതകളാൽ വരിക്കുന്ന നൈസർഗിക ബന്ധങ്ങളുടെ സ്ഥാപനവത്കരണമാണ് വിവാഹം. എങ്കിലും നവലോകത്തിന്റെ ഒരു അപവാദം വ്യാപകമായപ്പോൾ വിരുദ്ധ ലിംഗ വിവാഹപാരമ്പര്യത്തെയും അതിനു വാദിക്കുന്നവരെയും ആധുനികതയുടെയും ലിംഗ സ്വാതന്ത്ര്യ-സമത്വ സിദ്ധാന്തത്തിന്റെയും പേരിൽ അഭിശംസിക്കുന്ന ഒരു വലിയ വിഭാഗം വളർന്നു കഴിഞ്ഞിരിക്കുന്നു.
ഇന്ത്യൻ സംസ്കാരത്തിന് നിരക്കാത്തതാണ് സ്വവർഗവിവാഹം എന്ന വാദം സർക്കാറിന്‍റെ സത്യവാങ്മൂലത്തിലും ഉന്നയിച്ചത് യുക്തിതലത്തിൽ കോടതിക്ക് പരിശോധിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാൽ, മുപ്പതിനുമേൽ രാജ്യങ്ങളിൽ സ്വവർഗവിവാഹം തന്നെ അനുവദനീയമാക്കിയിരിക്കുന്നു എന്നതും നേരാണ്. പത്തു രാജ്യങ്ങളിൽ കോടതി വിധികളിലൂടെയാണ് ഇതു നിലവിൽ വന്നതെങ്കിൽ മറ്റു 22 രാജ്യങ്ങളിൽ നിയമനിർമാണത്തിലൂടെയാണ്. പക്ഷേ, ഇത് ലോകജനസംഖ്യയുടെ 17 ശതമാനമേ വരൂ. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന ഒരു വ്യാഖ്യാനം വെച്ചുകൊണ്ടാണ് സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ാം വകുപ്പ് നേരത്തേ അത് റദ്ദാക്കിയത്. എങ്കിലുമത് വിവാഹത്തിനുള്ള അനുവാദമാവുന്നില്ല.
സ്വവർഗവിവാഹം സമൂഹത്തിൽ വലിയ ഉലച്ചിലുകൾക്കിടയാക്കും എന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സ്വവർഗരതി കുറ്റമല്ലാതാക്കുന്ന വിധി വലിച്ചുനീട്ടി വിവാഹബന്ധത്തിനു ആധാരമാക്കുന്ന നിലയെത്തുമ്പോൾ അത് പാർലമെന്റിന്റെ നിയമനിർമാണ പരിധിയിൽ വരുന്ന കാര്യമാണ് എന്നും കേന്ദ്രം വാദിച്ചു. മാത്രമല്ല, വ്യത്യസ്ത വ്യക്തിനിയമങ്ങളിൽ ഉൾപ്പെട്ട കുടുംബ ബന്ധങ്ങളും അനന്തരാവകാശനിയമങ്ങളുമൊക്കെയായി പല തലങ്ങളും സ്പർശിക്കുന്നതുമാണ്. ഇതെല്ലാം സ്വവർഗവിവാഹം നിയമവിധേയമാണോ എന്ന കോടതിയുടെ ഒരൊറ്റ പരിഗണനക്കുള്ളിൽ തീരുന്നതല്ല.
ലിംഗത്തിന്റെ പേരിൽ മാത്രം വിവേചനം നടക്കാത്ത കാലത്തോളം ഭരണഘടനയിലെ സമത്വവിഭാവനയെ, പല ഹരജിക്കാരും ആരോപിച്ചപോലെ, സ്വവർഗവിവാഹ നിരോധനം ഹനിക്കുന്നില്ല. അടിസ്ഥാനപരമായി വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധമാണെന്നത് സുവിദിതമായിരിക്കെ അതല്ലാത്ത കൂട്ടുജീവിതത്തിനു വിവാഹത്തിന്റെ മേൽക്കുപ്പായം ധരിപ്പിക്കുന്നതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യമുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നിയമത്തിലും ജീവിതത്തിലും ഭാര്യ, ഭർത്താവ്, സന്താനം, മുൻ ഭാര്യ, മുൻ ഭർത്താവ്, അപര ലൈംഗിക ബന്ധങ്ങൾ, അനന്തരാവകാശം, ദത്ത് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉയർന്നുവരും. നിയമ നിർമാണത്തിന്റെ ആ തലം കോടതി സ്വന്തം നിലയിൽ പരിശോധിക്കുന്നത് എത്രമാത്രം ശരിയായ സമീപനമാണെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. നിയമനിർമാണസഭകൾക്ക് വിട്ടുകൊടുക്കേണ്ട ഒരു മേഖലയിലാണ് ഭരണഘടന ബെഞ്ചിന് ഇനി ഇടപെടേണ്ടിവരുക. സമൂഹത്തിന്‍റെ ബഹുതല സമവാക്യങ്ങളും നിയമനിർമാണത്തിന്‍റെ വിവിധ മേഖലകളും ഉൾക്കൊണ്ടായിരിക്കുമോ കോടതി തീർപ്പിലെത്തുക എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക വിധി വരുമ്പോൾ മാത്രമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.