റബർ വില കിലോക്ക് 300 രൂപയാക്കിയാൽ കേരളത്തിൽനിന്നു ബി.ജെ.പിക്ക് പാർലമെന്റിലേക്ക് ഒരു എം.പിയെ വിജയിപ്പിച്ചുതരാമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ വാഗ്ദാനം രാഷ്ട്രീയചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയകോണുകളിൽനിന്ന് വിമർശനങ്ങൾ വന്നതോടെ പ്രസ്താവനക്ക് രാഷ്ട്രീയവ്യാഖ്യാനവുമായി അദ്ദേഹം രംഗത്തെത്തി. ബി.ജെ.പി ഉൾപ്പെടെ ഒരു പാർട്ടിയോടും സഭക്ക് അയിത്തമില്ലെന്നും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കാണ് തങ്ങളെ സഹായിക്കാൻ കഴിയുകയെന്നതുകൊണ്ടാണ് അവരെ പിന്തുണക്കുമെന്നു പറഞ്ഞതെന്നുമായിരുന്നു ബിഷപ് പാംപ്ലാനിയുടെ ന്യായം. സഭ ബി.ജെ.പിയോട് അടുക്കുന്നുവെന്ന ആശങ്ക ആർക്കെങ്കിലും ഉണ്ടെങ്കിൽ അതവരുടെ വീഴ്ചയാണെന്നും അതിരൂപത മേധാവി വ്യക്തമാക്കുന്നു.
കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ബി.ജെ.പി വട്ടം കൂട്ടുന്നതിനിടയിൽ സിറോ മലബാർ സഭയിലെ ആർച്ച് ബിഷപ് തന്നെ വോട്ടുസഹായ വാഗ്ദാനവുമായി രംഗത്തെത്തിയത് ഇടതുവലതു മുന്നണികളിൽ ഒരുപോലെ പ്രതികരണമുളവാക്കി. സി.പി.എമ്മാണ് ആദ്യം ഞെട്ടലും നിരാശയും പ്രകടിപ്പിച്ചത്. റബർവില മാത്രമല്ല പ്രശ്നമെന്നും രാജ്യത്തെ ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും നീക്കത്തെക്കുറിച്ച് ഓർക്കണമെന്നും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് 79 ക്രൈസ്തവ സംഘടനകൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധപരിപാടിയും 598 ആക്രമണങ്ങളെക്കുറിച്ച് അവരുന്നയിച്ച പരാതിയും അദ്ദേഹം ഓർമിപ്പിച്ചു. കർഷകരുടെ സങ്കടം വിവരിച്ച ബിഷപ്പിന്റെ പ്രതികരണം വൈകാരികമാണെന്നും റബറിന്റെ വില നോക്കി മാത്രം കേന്ദ്രത്തെ പിന്തുണക്കാനാവില്ലെന്നുമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിപ്രായം. മോദിസർക്കാറിന്റെ ക്രൈസ്തവവേട്ടയിലേക്ക് അദ്ദേഹവും സഭാനേതൃത്വത്തിന്റെ ശ്രദ്ധക്ഷണിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വിവിധ മത, സമുദായ, ജാതി വിഭാഗങ്ങളെ വലവീശിപ്പിടിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്ക് വശംവദരാകുന്നതിന്റെ ആപദ്സൂചനകളാണ് ക്രൈസ്തവസമൂഹത്തിലെയും വിവിധ രാഷ്ട്രീയപാർട്ടികളിലെയുമൊക്കെ പ്രമുഖർ പങ്കുവെക്കുന്നത്.
സംഘ്പരിവാർ ബൈബിളായ ‘വിചാരധാര’യിൽ ആഭ്യന്തരഭീഷണികളായി എണ്ണുന്ന മൂന്നിൽ, ഒന്ന് മുസ്ലിംകളാണെങ്കിൽ രണ്ട് ക്രൈസ്തവരാണ്. എന്നാൽ, കേരളത്തിൽ നിരന്തരം വാടിക്കരിയുന്ന പാർലമെന്ററി മോഹങ്ങൾ സാക്ഷാത്കരിച്ചുകിട്ടാനുള്ള പലതരം ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരഭീഷണികളിൽ ഒന്നിനെതിരെ മറ്റൊന്നിനെ അണിനിരത്തുന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കാനും മുസ്ലിം സമുദായത്തിനെതിരായി പകയും വിദ്വേഷവും വളർത്താനും കേരളത്തിൽ നടന്നുവരുന്ന ശ്രമങ്ങൾക്കു പിന്നിൽ ഈ അന്തർധാര സജീവമാണ്. അതുകൊണ്ടാണ് അതിരൂപത അധ്യക്ഷന്റെ പ്രസ്താവനയിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ബി.ജെ.പി ഒഴികെ എല്ലാവരും അതിനെതിരെ രംഗത്തുവന്നത്. സഭാനേതൃത്വത്തിന്റെ പ്രസ്താവന സ്വാഗതംചെയ്ത ബി.ജെ.പിയാകട്ടെ, വിലക്കാര്യത്തിൽ വല്ലതും പറയുകയല്ല, അതിലെ രാഷ്ട്രീയം ചികഞ്ഞ് ഹല്ലേലുയ്യ പാടുകയാണ് ചെയ്തത്. കേരളത്തിൽ ക്രൈസ്തവരിലൊരു വിഭാഗത്തിന്റെ വിദ്വേഷപ്രചാരണം പാരമ്യത്തിലെത്തിയിട്ടും ഒരക്ഷരം പ്രതികരിക്കാതെ പള്ളിയെയും പട്ടക്കാരെയും പാട്ടിൽ പിടിച്ച സി.പി.എമ്മിനെയും ഇടതുഭരണകൂടത്തെയും കക്ഷത്തിൽ നിന്നു വിടാതെതന്നെ, ബി.ജെ.പി അനുഭാവം നേടിയെടുക്കാനുള്ള അഭ്യാസമാണ് ആർച്ച് ബിഷപ് നടത്തിയത്. അത് തിരിച്ചറിഞ്ഞാവണം ബി.ജെ.പിയുടെ സോഷ്യൽ എൻജിനീയറിങ് കേരളത്തിൽ നടപ്പില്ല എന്നു സി.പി.എം മുന്നറിയിപ്പ് നൽകിയത്.
റബർ വിലക്കയറ്റത്തിനു സഹായിക്കാൻ കേന്ദ്രത്തിനേ കഴിയൂ എന്ന ആർച്ച് ബിഷപ്പിന്റെ പ്രസ്താവന കാര്യമറിയാതെയോ അറിഞ്ഞിട്ടും കാര്യമാക്കാതെയോ എന്നതിലേ സംശയമുള്ളൂ. ആഗോളീകരണത്തിന്റെ ഭാഗമായി ലോകത്തുണ്ടായ മാറ്റങ്ങളും അതനുസരിച്ച് സാമ്പത്തിക, വാണിജ്യ വിഷയങ്ങളിൽ തങ്ങളെടുക്കുന്ന തീരുമാനങ്ങളും സ്വന്തം ജനസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാൻ രാഷ്ട്രീയകക്ഷികൾക്കോ സംഘടനകൾക്കോ കഴിയാതെ പോയി. രാജ്യം ഒപ്പുവെച്ച ഗാട്ട്, ആസിയാൻ കരാറുകളാണ് റബറിന്റെ വിലയിടിച്ചത്. ബി.ജെ.പി പ്രധാനമന്ത്രിയടക്കം ആനയിച്ചുകൊണ്ടുവന്ന സ്വതന്ത്ര വ്യാപാരകരാറുകൾക്ക് വഴങ്ങിയ ഇന്ത്യയിൽ റബറിന് വില ഉയർത്താൻ സംസ്ഥാനത്തിനു മാത്രമല്ല, കേന്ദ്രത്തിനും കഴിയില്ല. അതറിയാൻ മോദിയുടെ ഭാഷയിൽ ഇരട്ട എൻജിൻ ഭരണമുള്ള കർണാടകയിലേക്ക് നോക്കിയാൽ മതി. രാജ്യത്ത് റബർ ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള കർണാടകയിൽ ദക്ഷിണ കന്നട, ചിക്കമഗളൂരു, കുടക് ജില്ലകളിലാണ് റബർ കൃഷി കാര്യമായി നടക്കുന്നത്. തലശ്ശേരി അതിരൂപതയുടെ ഉടപ്പിറപ്പുകളായ ഈ മൂന്ന് ഇടങ്ങളിലും മലയോര റബർകർഷകരായ അൽമായർ വമ്പിച്ച ഭൂരിപക്ഷത്തോടെ മൂന്ന് ബി.ജെ.പി എം.പിമാരെയാണ് തെരഞ്ഞെടുത്തയച്ചുകൊണ്ടിരിക്കുന്നത്. അവരിലൊരാൾ ഇപ്പോൾ കേന്ദ്രത്തിൽ മന്ത്രിയുമാണ്. എന്നാൽ, അവർക്കൊന്നും റബർ വിലയിൽ തൊടാൻ കഴിഞ്ഞിട്ടില്ല. അതിരൂപത അധിപൻ എന്ന നിലക്ക് അവരുടെ സ്വന്തം ആർച്ച് ബിഷപ്പിന് ഇക്കാര്യത്തിൽ ബി.ജെ.പിയെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുമില്ല. കർഷകരോടുള്ള മോദിസർക്കാറിന്റെ അനുഭാവം എന്തെന്നതിന് ഇന്ത്യയെ പിടിച്ചുകുലുക്കിയ കർഷകസമരങ്ങളുടെ മുൻപിൻകാല അനുഭവങ്ങളുണ്ട് ഉത്തരമായി. ഇതെല്ലാമിരിക്കെ റബർ വില കാട്ടി വോട്ടുവേണോ എന്നു ചോദിച്ചു പിറകെ ചെല്ലുന്നത് കർഷകരെ മാത്രമല്ല, രാജ്യത്ത് സംഘ്പരിവാർ അത്യാചാരങ്ങൾക്കെതിരെ നിലവിളിക്കുന്ന സ്വന്തം സഹോദരങ്ങളെക്കൂടി അപമാനിക്കുന്നതിനു തുല്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.