പ്രതിപക്ഷമുയർത്തിയ പ്രതിഷേധം മറികടക്കാൻ സർക്കാർ നിയമസഭയെ ‘ഗില്ലറ്റിൻ’ ചെയ്തിരിക്കുന്നു. അവശേഷിക്കുന്ന എട്ടു ദിവസത്തിൽ അവതരിപ്പിക്കേണ്ട ബില്ലുകളെല്ലാം കൂട്ടത്തോടെ ഒരു ചർച്ചയുമില്ലാതെ പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം സ്മരിക്കപ്പെടുക എന്തിന്റെ പേരിലായിരിക്കും? ബഹളങ്ങൾകൊണ്ട് അലങ്കോലമായ ഫലശൂന്യമായ ഒരു നിയമസഭാസമ്മേളനം. നമ്മുടെ രാഷ്ട്രീയനേതാക്കളുടെ ആശയദാരിദ്ര്യവും പിടിവാശികളും നിമിത്തം അനുനയ സാധ്യതകൾ ഇല്ലാതാക്കി എന്ന ചീത്തപ്പേര്. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പല നിർണായക ബില്ലുകളും ഒരുചർച്ചയും ഇല്ലാതെ അംഗീകരിക്കപ്പെടുന്ന പ്രവണത ദേശീയതലത്തിൽ സ്വാഭാവികമായ കാലത്ത് അതിനെതിരെ പാർലമെന്റിൽ ‘അപരന്റെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന ഒരു പുലരിക്കായി പ്രയത്നിക്കുക’ എന്ന് ആഹ്വാനംചെയ്ത് പോരാടുന്നവരാണ് നിയമസഭയിൽ തമ്മിൽ തല്ലി പ്രതിപക്ഷത്തിനെ വ്യത്യസ്താഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ, ജനങ്ങളുടെ ആശങ്കകൾ നിയമസഭയിൽ ഉയർത്താതെ 4000 കോടിയിലേറെ രൂപയുടെ അധിക നികുതിഭാരം വരുത്തുന്ന ധനബില്ലും വിവാദ നിർദേശങ്ങളടങ്ങിയ പൊതുജനാരോഗ്യ ബില്ലും നിയമമാക്കി മാറ്റിയെടുത്തത്. പാർലമെന്റിലാകട്ടെ, നിയമസഭകളിലാകട്ടെ, ജനങ്ങളോടുമാത്രം പ്രതിബദ്ധതയുണ്ടാകേണ്ട ഭരണാധികാരികൾ അവരുടെ വിഷമസന്ധികളെ മറികടക്കാൻ എത്ര സമർഥമായാണ് ജനാധിപത്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത്. ഒരു സംശയവുമില്ല. ലോക്സഭയിലേതുപോലെ നിയമസഭയിലും കഴിഞ്ഞദിവസങ്ങളിൽ അരങ്ങേറിയത് ജനാധിപത്യത്തിന്റെ ധ്വംസനമാണ്.
ഖജനാവിന് കനത്ത ബാധ്യത വരുത്തിവെക്കുന്ന ഇത്തരം നിയമസഭാസമ്മേളനങ്ങൾ നമുക്കെന്ത് സംഭാവനയാണ് സമ്മാനിക്കുന്നത്? ഫ്രഞ്ച് വിപ്ലവകാലത്ത് അധിക വേദനയില്ലാതെ ശിരച്ഛേദം ചെയ്യാനാകുമെന്നർഥത്തിൽ വിപ്ലവാനുകൂലികൾ ആഘോഷപൂർവം ഏറ്റെടുത്ത പുരോഗമനപരമായ ഉപകരണമായിരുന്നു ഗില്ലറ്റിനുകൾ. ജനാധിപത്യത്തെ വേദനയില്ലാതെ ശിരച്ഛേദം ചെയ്യുന്ന വർത്തമാനകാല ഗില്ലറ്റിനുകളാണോ നമ്മുടെ നിയമസഭകളും പാർലമെന്റുകളും? അതേ എന്ന വേദനിപ്പിക്കുന്ന ഉത്തരത്തിലേക്ക് എത്തിക്കുന്നു ജനാധിപത്യ ശ്രീകോവിലുകളിൽ അരങ്ങേറുന്ന മടുപ്പിക്കുന്ന പ്രഹസന രാഷ്ട്രീയനാടകങ്ങൾ. രാഷ്ട്രീയ അഭിപ്രായഭിന്നതകൾ സഭകളെ പ്രക്ഷുബ്ധമാക്കുക സർവസാധാരണമാണ്. തന്ത്രങ്ങളും മറുതന്ത്രങ്ങളും പയറ്റാനൊരുങ്ങിത്തന്നെയാണ് ഭരണപക്ഷവും പ്രതിപക്ഷവും സഭാസമ്മേളനങ്ങളിൽ ഒരുങ്ങിയിറങ്ങുക. പക്ഷേ, അത് പ്രാഥമികമായി പുലർത്തേണ്ട ജനാധിപത്യമര്യാദകളെ ചവിട്ടിമെതിച്ചാകരുത്. ഒരു കാരണവശാലും നിയമസഭയുടെ അടിസ്ഥാനദൗത്യത്തെ തകർക്കാൻ ഇടവരുന്നതാകരുത്.
ദൗർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയമസഭയിൽ അരങ്ങേറിക്കൊണ്ടിരുന്നത് അഭിമാനിക്കാൻ ഒട്ടും വകയില്ലാത്ത, അപമാനിതരാകാൻ ഒട്ടേറെ വസ്തുതകളുമുള്ള കാര്യങ്ങളാണ്. സ്പീക്കറുടെ ഓഫിസിന് മുന്നിൽ നടന്ന അനിഷ്ടസംഭവങ്ങളും കൈയാങ്കളിയും അതിനെത്തുടർന്ന് നിയമസഭയിലെ പ്രതിപക്ഷ സത്യഗ്രഹങ്ങളും അവയോടുള്ള ഭരണപക്ഷത്തിന്റെ സമീപനങ്ങളും ഇരുകൂട്ടരും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിഹത്യാപ്രയോഗങ്ങളും അങ്ങേയറ്റം അപഹാസ്യമായിരുന്നു. അവ പരിഹരിക്കുന്നതിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നുവെന്ന് പറയാതെവയ്യ. അനുനയവും വിട്ടുവീഴ്ചകളും പരാജയമായി വ്യാഖ്യാനിക്കുമെന്ന ഭയം എല്ലാവർക്കുമുണ്ടായിരുന്നു. അതിന്റെ പരിണതഫലം നിയമസഭയുടെ ദൗത്യവും ലക്ഷ്യവും പ്രഹസനമാക്കി എന്നതാണ്. ഖജനാവിന് അഥവാ ജനങ്ങളുടെ സമ്പത്ത് ജനാധിപത്യത്തിന്റെ പേരിൽ പാഴായിപ്പോയി എന്നതുമാത്രമാണ്.
സഭയുടെ ആദ്യഘട്ടത്തിൽ ഏവരുടെയും മുക്തകണ്ഠ പ്രശംസക്കർഹമായ മികവാണ് സ്പീക്കറെന്നനിലയിൽ എ.എൻ. ഷംസീർ നിയമസഭയിൽ പ്രകടിപ്പിച്ചത്. പക്ഷേ, നടുത്തളത്തിലെ സമരച്ചൂടിനും മുഖ്യമന്ത്രിയടക്കം ഭരണപക്ഷമുയർത്തിയ വാഗ്വാദങ്ങൾക്കും മുന്നിൽ മണികെട്ടാനാകാതെ നിസ്സഹായനായിപ്പോയി അദ്ദേഹം. നിയമസഭാനടപടികൾ അലങ്കോലപ്പെടുന്നത് അവസാനിപ്പിക്കാൻ സർക്കാറും സ്പീക്കറുടെ ഓഫിസും അനൗപചാരികമായി നടത്തിയ നീക്കങ്ങൾ ഫലംകണ്ടില്ല. പ്രതിപക്ഷത്തെ മുഖവിലക്കെടുക്കുന്നതിലും അനുനയിപ്പിക്കുന്നതിലും പരാജയപ്പെടുകയും ചെയ്തു. അടിയന്തരപ്രമേയങ്ങൾക്ക് അവതരണാനുമതി തേടുന്ന നോട്ടീസിന് പഴയതുപോലെ അനുവാദം നൽകാനാകില്ലെന്ന് സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി കൈക്കൊണ്ട കാർക്കശ്യം പിന്നീട് അയവുവരുത്താൻ സന്നദ്ധമായിരുന്നുവെങ്കിൽ ഗില്ലറ്റിനിലൂടെ നിയമസഭ അനന്തമായി പിരിയാനുള്ള പ്രമേയം അവതരിപ്പിക്കേണ്ടിവരുമായിരുന്നില്ല. പ്രതിപക്ഷം കാര്യോപദേശക സമിതി ബഹിഷ്കരിച്ചതോടെ സമവായത്തിന്റെ അവസാന സാധ്യതകളും ഇല്ലാതായി. ഇനി, സഭാനന്തരം ഇരുകൂട്ടർക്കുമിടയിലെ ധാർഷ്ട്യങ്ങളാണ് ഒത്തുതീർപ്പിനെ അസാധ്യമാക്കി എന്ന് പരസ്പരം പഴിപറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആർക്കും കഴിയില്ല. കാരണം, ഭരണ പ്രതിപക്ഷാംഗങ്ങളുടെ ബഹളങ്ങൾ ആത്യന്തികമായി നിയമസഭയെയാണ് പ്രഹസനമാക്കിയത്. ജനാധിപത്യ സംവിധാനങ്ങളെയാണ് ദുർബലമാക്കിയത്. സ്പീക്കർ നിയമസഭയിൽ പറഞ്ഞതുപോലെ മുഴുവൻ നിയമസഭ സാമാജികരോടും ഓർമിപ്പിക്കാനുള്ളത് ഒരുകാര്യം മാത്രമാണ്-ഇതെല്ലാം ജനം കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.