പുറന്തള്ളലിന്‍റെ പുതു ഇന്ത്യ

മത, വംശവെറിയുടെ പേരിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷ മുസ്​ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുകയും അതിനെതിരെ പ്രതികരിക്കുന്നതിനെ മതവർഗീയതയായി ചിത്രീകരിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ്​ ബി.ജെ.പിയുടെ പുതിയ പരിപാടി. മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ കമ്മിറ്റിയും മറ്റു വസ്തുതാന്വേഷണ സമിതികളും മുന്നോട്ടുവെച്ച ശിപാർശകൾ നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ്​ ഫെബ്രുവരി 10ന്​ അവതരിപ്പിച്ച പ്രമേയം പാർലമെന്‍റ്​ തള്ളിക്കളഞ്ഞതും കർണാടകയിൽ മുസ്​ലിം പിന്നാക്കാവസ്ഥക്കു പരിഹാരമായി നടപ്പാക്കിവന്ന നാലു ശതമാനം സംവരണം ബസവരാജ്​ ബൊമ്മൈയുടെ ബി.ജെ.പി ഭരണകൂടം എടുത്തുകളഞ്ഞതും ഇതിനു തെളിവാണ്​. ഇന്ത്യയിലെ 14 ശതമാനം മുസ്​ലിംകളിൽ അഞ്ചര ശതമാനത്തിനു മാത്രമേ ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നുള്ളൂവെന്നും മുസ്​ലിം വനിതകളിൽ 13 ശതമാനം മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനു പ്രാപ്തി നേടുന്നുള്ളൂവെന്നും അതിനാൽ അവരുടെ ശാക്തീകരണത്തിനുള്ള ശിപാർശകൾ നടപ്പാക്കണമെന്നുമായിരുന്നു മുസ്​ലിംലീഗ്​ അംഗം പി.വി. അബ്​ദുൽ വഹാബ്​ രാജ്യസഭയിൽ അവതരിപ്പിച്ച പ്രമേയത്തിലെ ആവശ്യം​. പിന്നാക്കസമുദായമെന്ന നിലയിൽ മുസ്​ലിംകൾക്കു വകവെച്ചുകിട്ടേണ്ട അവകാശം ഉന്നയിച്ചതിനെ എതിർത്ത് കേ​ന്ദ്ര ന്യൂനപക്ഷകാര്യ-വനിത ശിശുവികസന മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചത്​ നരേന്ദ്ര മോദിയുടെ പുതു ഇന്ത്യയെ മതാടിസ്ഥാനത്തിൽ ശിഥിലീകരിക്കാൻ അനുവദിക്കില്ല എന്നാണ്​. കഴിഞ്ഞ വെള്ളിയാഴ്ച ശബ്​ദവോട്ടോടെ സഭ പ്രമേയം തള്ളി. ഇതേ നാളിൽതന്നെയാണ്​ കർണാടകയിലെ ബി.ജെ.പി സർക്കാർ, മുസ്​ലിം സംവരണം എടുത്തുകളഞ്ഞ്​ അവരെ മുന്നാക്ക സമുദായങ്ങളുടെ ഗണത്തിലേക്ക്​ ‘ഉയർത്തിയതും’.

കർണാടകയിൽ മുസ്​ലിംകൾ വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും പിന്തള്ളപ്പെട്ടുപോകുന്നുവെന്ന വിവിധ കമീഷനുകളുടെ കണ്ടെത്തലിനെ തുടർന്നാണ്​ 1994ൽ മുൻ പ്രധാനമന്ത്രി എച്ച്​.ഡി. ദേവഗൗഡ മുഖ്യമന്ത്രിയായിരിക്കെ ജനതാദൾ ഗവൺമെന്‍റ്​ സംവരണപ്പട്ടികയിൽ മുസ്​ലിംകൾക്കായി ‘രണ്ട്-ബി’ വിഭാഗം സൃഷ്ടിച്ച്​ നാലു ശതമാനം സംവരണം നൽകിയത്​. 1918ൽ ​മൈസൂർ നാട്ടുരാജ്യമായ കാലത്ത് തുടങ്ങിയതാണ്​ മുസ്​ലിംകളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച അന്വേഷണങ്ങളും പരിഹാരനിർദേശങ്ങളും. 1917ൽ നിലവിൽവന്ന പ്രജ മിത്ര മണ്ഡലിയുടെ നേതൃത്വത്തിൽ പിന്നാക്കസമുദായക്കാർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന്​ 1918ൽ അന്നത്തെ മൈസൂർ മഹാരാജാവ്​ കൃഷ്ണസ്വാമി ​​വോഡയാർ നാലാമൻ, ജസ്റ്റിസ്​ ലെസ്‍ലി സി. മില്ലറുടെ നേതൃത്വത്തിൽ കമീഷനെ നിയോഗിച്ചു. വിദ്യാഭ്യാസത്തിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്​ലിംകളടക്കമുള്ള പിന്നാക്കക്കാരുടെ പ്രാതിനിധ്യം തീരെ കുറവാണെന്ന്​ മില്ലർ കണ്ടെത്തി പരിഹാരനിർദേശങ്ങൾ സമർപ്പിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 1961ൽ ആർ. നാഗൻ ഗൗഡയു​ടെ അധ്യക്ഷതയിൽ രൂപവത്​കരിച്ച മൈസൂർ പിന്നാക്ക വിഭാഗ കമീഷൻ സംസ്ഥാനത്തെ മുസ്​ലിംകളെ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തി. ഈ കമീഷന്‍റെ ശിപാർശകൾ നടപ്പാക്കാൻ ഗവൺമെന്‍റ്​ മുന്നിട്ടിറങ്ങിയെങ്കിലും ഉന്നതജാതിക്കാരുടെ സമ്മർദത്തിൽ പിൻവലിയേണ്ടിവന്നു. 1975ൽ കോൺഗ്രസിലെ ദേവരാജ്​ അരശ്​ മുഖ്യമന്ത്രിയായിരിക്കെ, ആദ്യത്തെ കർണാടക പിന്നാക്കവിഭാഗ കമീഷനെ നിയോഗിച്ചു. സർക്കാർ ഉദ്യോഗങ്ങളിൽ മുസ്​ലിംകൾ പിറകിലായതിനാൽ ന്യൂനപക്ഷവിഭാഗം എന്ന പരിഗണനയിൽ പിന്നാക്കവിഭാഗമായി കണ്ട്​ സംവരണം നൽകണമെന്നായിരുന്നു കമീഷന്‍റെ നിർദേശം. 1977ൽ അരശ്​ ഗവൺമെന്‍റ്​ മറ്റു പിന്നാക്കവിഭാഗങ്ങൾക്കൊപ്പം മുസ്​ലിംകൾക്കും സംവരണം നിശ്ചയിച്ചു. ലിംഗായത്തുകളടക്കമുള്ള സമുദായക്കാർ ഇതിനെ എതിർത്തപ്പോൾ അവർക്കു മറ്റൊരു കമീഷനെ ​വെച്ചു. 1983ൽ രാമകൃഷ്ണ ഹെഗ്​ഡെ മുഖ്യമന്ത്രിയായിരിക്കെ, രണ്ടാം പിന്നാക്കവിഭാഗ കമീഷനായി ടി. വെങ്കടസ്വാമിയെ നിയോഗിച്ചപ്പോഴും മുസ്​ലിംസംവരണം തുടരാനായിരുന്നു ശിപാർശ​. ഇപ്പോൾ ബി.ജെ.പി പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന വൊക്കലിഗ, ലിംഗായത്ത്​ സമുദായക്കാർ അന്നും സംവരണത്തിനു വാദിച്ചതോടെ ആ റിപ്പോർട്ട്​ ശീതസംഭരണിയിലായി. 1988ൽ ഒ. ചിന്നപ്പ റെഡ്ഡിയുടെ നേതൃത്വത്തിൽ മൂന്നാം പിന്നാക്കവിഭാഗം കമീഷൻ നിയോഗിക്കപ്പെട്ടു. 1990ൽ അവർ റിപ്പോർട്ട്​ നൽകിയതും മുസ്​ലിംകളെ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തിയാണ്​. ഈ റിപ്പോർട്ട്​ പരിഗണിച്ച്​ 1994ൽ വീരപ്പ മൊയ്​ലിയുടെ കോൺഗ്രസ്​ സർക്കാർ മുസ്​ലിംകൾക്കായി സംവരണപ്പട്ടികയിൽ കാറ്റഗറി രണ്ട്​ അനുവദിച്ചു. ഈ കാറ്റഗറി രണ്ടിൽ മറ്റു പിന്നാക്കവിഭാഗങ്ങളും ഉണ്ടായിരുന്നതിനാൽ 1994ൽ ദേവഗൗഡ സർക്കാർ കാറ്റഗറിയെ എ, ബി എന്നിങ്ങനെ വേർതിരിച്ച്​ ‘ബി’ വിഭാഗത്തിൽ മുസ്​ലിംകളെ ഉൾപ്പെടുത്തി നാലു ശതമാനം സംവരണം നൽകുകയായിരുന്നു. പട്ടികയിൽ മൂന്ന്​ എ വിഭാഗത്തിലെ വൊക്കലിഗ വിഭാഗത്തിന്​ നാലും മൂന്ന്​ ബി വിഭാഗത്തിലെ ലിംഗായത്തിന് അഞ്ചും ശതമാനം സംവരണമുണ്ടായിരുന്നു. ഇതിൽനിന്നു മുസ്​ലിംകളെ നീക്കം ചെയ്ത്​ അവരുടെ സംവരണം നെടുകെ ​ഛേദിച്ച്​ ​വൊക്കലിഗർക്കും ലിംഗായത്തുകൾക്കും രണ്ടു ശതമാനം വീതം കൂട്ടി നൽകുകയാണ്​ ഇപ്പോൾ ബസവരാജ്​ ബൊമ്മൈ ചെയ്തത്​.

സംസ്ഥാനത്ത്​ നിയോഗിക്കപ്പെട്ട എല്ലാ കമീഷനുകളും മുസ്​ലിംകളുടെ പിന്നാക്കാവസ്ഥ കണ്ടെത്തിയാണ്​ അവരെ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തിയത്​. മുസ്​ലിംകളെ മതവിഭാഗം (Religion) എന്ന നിലക്കല്ല, സാമ്പത്തികവും സാമൂഹികവുമായി പിന്തള്ളപ്പെട്ട സമുദായം (Community) എന്ന നിലയിലാണ്​ അവരൊക്കെ കണ്ടതും സംവരണം ശിപാർശ ചെയ്​തതും. ദേവഗൗഡ 1994ൽ തന്‍റെ തീരുമാനത്തിന് എടുത്തുകാട്ടിയ കാരണം ശ്രദ്ധേയമാണ്​​. അന്ന്​ സംസ്ഥാനത്തെ പൊലീസ്​ കോൺസ്റ്റബിൾമാരിൽ മുസ്​ലിം പ്രാതിനിധ്യം ​വെറും 0.1 ശതമാനത്തിലും താഴെയാണ്​ എന്ന പൊലീസ്​ മേധാവി നൽകിയ വിവരം വെളിപ്പെടുത്തിയ ദേവ​ഗൗഡ ചോദിച്ചു: ‘‘എന്തേ, മുസ്​ലിംകൾ ഈ രാജ്യത്തെ ജനങ്ങളല്ലേ?’’ അദ്ദേഹത്തിന്‍റെ വിസ്മയകരമായ ചോദ്യത്തിനാണിപ്പോൾ ബി.ജെ.പി ഭരണകൂടം നിഷേധാത്മകമായി മറുപടി പറഞ്ഞിരിക്കുന്നത്​.

മുസ്​ലിംകളുടെ അവകാശം കവർന്ന്​ അത്​ ഹിന്ദുവിഭാഗങ്ങൾക്ക്​ അനുവദിച്ചുകൊടുക്കുകവഴി ഹിന്ദുത്വവംശീയതയുടെ ചാമ്പ്യനായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കടന്നുകിട്ടുകയാണ്​ ബൊമ്മൈയുടെ ലക്ഷ്യം. മതവൈരം വിതച്ചു വോട്ടുകൊയ്യുകയും ആ അന്യായത്തെ എതിർക്കുന്നതിനെ മതവർഗീയത ആരോപിച്ച്​ നിശ്ശബ്​ദമാക്കുകയും ചെയ്യുന്ന വിരോധാഭാസമാണിപ്പോൾ ഹിന്ദുത്വവാദികൾ പയറ്റുന്നത്​. അതിനവർ നൽകിയ പേരാണ്​ പുതു ഇന്ത്യ!

Tags:    
News Summary - Madhyamam Editorial 2023 march 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.