മുഖ്യമന്ത്രി ആരാകണമെന്ന സമസ്യക്ക് ഉത്തരമേകാൻ കോൺഗ്രസ് പാർട്ടിയെടുക്കുന്ന കാലവിളംബവും അതിനിടയിൽ പരസ്യമായി അരങ്ങേറിയ ഉൾപ്പാർട്ടി പോരുകളും കർണാടകയിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ ഗരിമക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നു. കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളോട് വ്യക്തമാക്കുന്നത് അധികാരത്തർക്കം തീരാൻ അടുത്ത 48-72 മണിക്കൂറെടുക്കുമെന്നാണ്. പാർട്ടിയുടെ മികച്ച വിജയത്തിന്റെ ശിൽപികളായ രണ്ടു നേതാക്കളുടെ മുഖ്യമന്ത്രിമോഹങ്ങളെയും അധികാരതാൽപര്യങ്ങളെയും ശമിപ്പിക്കാൻ പാർട്ടി നേതൃത്വം വ്യത്യസ്ത സമവാക്യങ്ങൾ രൂപപ്പെടുത്തുകയും വാഗ്ദാനംചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും നേതാക്കൾ അയയുന്നില്ലെന്നു മാത്രമല്ല, അണികൾ ഡൽഹിയിലും കർണാടകയിലും പരസ്യമായ പോർവിളി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. അധികാരക്കസേര കരഗതമാകുമ്പോഴേക്കും വിട്ടുവീഴ്ചകളുടെ പാഠം വിട്ടുകളഞ്ഞ് തമ്മിൽ തല്ലുന്ന കോൺഗ്രസിന്റെ സഹജസ്വഭാവം ഒരു ജോഡോ-ഐക്യ-യാത്രകൊണ്ടും മാറാൻ പോകുന്നില്ലെന്ന് അടിവരയിടുകയാണ് ഐക്യത്തിന്റെ മകുടോദാഹരണമായി ഉയർത്തിക്കാണിച്ച കർണാടകയും.
സിദ്ധരാമയ്യയുടെ ജനകീയതയും ഡി.കെ. ശിവകുമാറിന്റെ ആസൂത്രണപാടവവും ഊടുംപാവുമായി നെയ്തെടുത്തതാണ് കർണാടകയിലെ മികച്ച വിജയമെന്നത് നിസ്തർക്കമായ വസ്തുതയാണ്. നിസ്സംശയം, ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ ഐക്യത്തിനും മുന്നേറ്റത്തിനും അനിതരസാധാരണമായ ഊർജപ്രവാഹത്തിന് അത് നിമിത്തമാകുകയും ചെയ്തു. ആസന്നമായ അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളിലും അതിനുശേഷം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ നേതൃപരമായ പങ്ക് അംഗീകരിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ കർണാടകയിലെ വലിയ വിജയം സമ്മാനിച്ചതിന്റെ പ്രതിഫലനംതന്നെയാണ്. കോൺഗ്രസുമായി സഹകരണത്തിന് പുതിയ ഫോർമുല കഴിഞ്ഞദിവസം കൊൽക്കത്തയിൽ മാധ്യമങ്ങൾക്കു മുന്നിൽ മമത ബാനർജി പങ്കുവെച്ചത് അതിനുള്ള ക്രിയാത്മകമായ സൂചനയുമാണ്. അതിന് സമാനമാണ്, കർണാടക മാതൃക മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കേണ്ടതുണ്ടെന്നും അതിനായി സമാന ചിന്താഗതിക്കാരായ പാർട്ടികൾ പൊതുമിനിമം പരിപാടിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ശരദ് പവാറിന്റെ പ്രസ്താവനയും.
എല്ലാവരും പ്രവചിച്ചിരുന്നതുപോലെ 2024ലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അത്ര എളുപ്പമാകുകയില്ലെന്ന് ഈ വാക്കുകൾ ബോധ്യപ്പെടുത്തുന്നു. അതുപോലെ, ഇന്ത്യ അഭിമുഖീകരിക്കുന്ന ഏകാധിപത്യപരമായ ഭരണകൂടപ്രവണതകളെ പ്രതിപക്ഷ ഐക്യത്തിലൂടെയും അടിത്തട്ടിലെ ശരിയായ പ്രവർത്തനങ്ങളിലൂടെയും മറികടക്കാനാകുമെന്ന വിശ്വാസം പൊതുസമൂഹത്തിലേക്ക് കൈമാറാനും കർണാടക വിജയത്തിലൂടെ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. പക്ഷേ, നേതാക്കളുടെ പരസ്പര ബഹുമാനവും അണികളുടെ കെട്ടുറപ്പും ഏതുനിമിഷവും പൊട്ടാവുന്ന ബലൂൺ മാത്രമാണെന്ന് തെളിയിക്കുന്നു അപരിഹാരമായി നീളുന്ന ഈ അധികാരമോഹത്തർക്കങ്ങൾ.
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ലാ എന്ന പഴമൊഴിയെ കോൺഗ്രസ് ഈ നിർണായക സന്ധിയിലും അന്വർഥമാക്കുമ്പോൾ അവരുടെ വിജയത്തിന് മധുരം പകരുന്നതിൽ സിവിൽ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഓർമിപ്പിക്കേണ്ടത് അനിവാര്യമാണ്. ബി.ജെ.പിയും സംഘ് പോഷക സംഘങ്ങളും അഴിഞ്ഞാടിയ വിദ്വേഷ രാഷ്ട്രീയത്തോടും അഴിമതിയോടുമുള്ള പ്രതിഷേധം കർണാടകയിൽ വ്യാപിപ്പിക്കുന്നതിൽ വിവിധ സാമൂഹിക സംഘങ്ങളുടെ ഏകോപനമായ ‘എദ്ദേളു കര്ണാടക’ പോലെയുള്ള വിവിധ കൂട്ടായ്മകൾക്കും സാമുദായിക പ്രസ്ഥാനങ്ങൾക്കും പങ്കുണ്ട്. ബി.ജെ.പിക്ക് മുൻതൂക്കമുള്ള 107 മണ്ഡലങ്ങളിൽ കോൺഗ്രസിന് അനുകൂലമായി ദലിത്, മുസ്ലിം വോട്ടുകൾ ഏകീകരിക്കുന്നതിൽ അത്തരം സംഘങ്ങൾ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് കോൺഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പുതന്ത്രം മെനഞ്ഞ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിലിനെപ്പോലെയുള്ളവർ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സിവിൽ സമൂഹങ്ങളുടെ പ്രവർത്തനം ദേശീയതലത്തിൽ വ്യാപിപ്പിക്കാൻ കോൺഗ്രസ് മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരം രാഷ്ട്രീയസാധ്യതകളുടെ ആത്മാവിനെയും ഊർജത്തെയുംകൂടിയാണ് കോൺഗ്രസ് നഷ്ടപ്പെടുത്തുന്നത്.
ആഭ്യന്തരമായി സംഘടനാപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കോൺഗ്രസ് പുലർത്തുന്ന അക്ഷന്തവ്യമായ അലംഭാവം ബി.ജെ.പിയുടെ രാഷ്ട്രീയക്കളികൾക്ക് അവസരം സൃഷ്ടിക്കുന്നതും ബഹുസ്വര രാഷ്ട്രീയത്തിൽ പ്രത്യാശപുലർത്തുന്നവരെ നിരാശപ്പെടുത്തുന്നതുമാണ്. നിയമസഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ട് സർക്കാറിനെതിരെ പ്രക്ഷോഭയാത്ര സംഘടിപ്പിക്കുന്ന തിരക്കിലാണ് സചിൻ പൈലറ്റ്. ആഭ്യന്തര സംഘർഷങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന രാജസ്ഥാനിലെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് തിരിച്ചുകയറാനുള്ള വഴി എളുപ്പമാക്കുകയാണ് അവിടെയും നേതാക്കളുടെ തമ്മിലടി. കേരളത്തിലും പാർട്ടി പുനഃസംഘടനയുടെ പേരിൽ നടക്കുന്ന തർക്കങ്ങൾ തീരുന്നമട്ടില്ല. ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ഇച്ഛാശക്തിയും തീരുമാനദൃഢതയും കാണിക്കുന്നതിൽ കോൺഗ്രസ് ഇനിയും പരാജയപ്പെടുകയാണെങ്കിൽ ആർജിച്ചുകൊണ്ടിരിക്കുന്ന വിശ്വാസ്യത കെട്ടുപോകാനാണ് ഇടവരുത്തുക. പിന്നീട് കോൺഗ്രസിന്റെ തിരിച്ചുവരവ് അത്ര എളുപ്പമാകുകയില്ലെന്ന് ആദ്യം തിരിച്ചറിയേണ്ടത് പാർട്ടി അണികളും നേതാക്കളുംതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.