തിരുവനന്തപുരം കിൻഫ്രയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സർവിസസ് കോർപറേഷന്റെ (കെ.എം.എസ്.സി.എൽ) മരുന്നുസംഭരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ഊർജസ്വലനായ അഗ്നിരക്ഷാസേനാംഗം രഞ്ജിത്തിന് ജീവൻ ബലിനൽകേണ്ടിവന്നിരിക്കുന്നു. വിലമതിക്കാനാകാത്ത ആ ജീവന് എന്തു നഷ്ടപരിഹാരവും ബദലാവുകയില്ല; കുടുംബത്തിന്റെ ഹൃദയമുരുകും വേദനക്ക് ശമനമേകുകയുമില്ല. എങ്കിലും കൃത്യനിർവഹണത്തിനിടയിൽ സംഭവിച്ച ആ ദാരുണാന്ത്യത്തിന് രഞ്ജിത്തിന്റെ കുടുംബത്തിന് നീതി ലഭിച്ചേ മതിയാകൂ. പരിഗണനയുടെയും കരുതലിന്റെയും അടയാളമായി മതിയായ നഷ്ടപരിഹാരം സർക്കാർ അവർക്ക് നൽകേണ്ടതുണ്ട്. രഞ്ജിത്തിന്റെ കുടുംബത്തിന്റെ അഗാധമായ ദുഃഖത്തിൽ ‘മാധ്യമ’വും പങ്കുചേരുന്നു. മെഡിക്കൽ കോർപറേഷന് കീഴിലെ രണ്ട് സംഭരണശാലകളാണ് കൊല്ലത്തും തിരുവനന്തപുരത്തുമായി ഒരാഴ്ചക്കിടയിൽ കത്തിയമർന്നിരിക്കുന്നത്. ഒരു കോടിയിലധികം രൂപ വിലവരുന്ന മരുന്നുകളും രാസവസ്തുക്കളുമാണ് തിരുവനന്തപുരത്ത് നശിച്ചതെങ്കിൽ കൊല്ലത്ത് പത്ത് കോടിയിലധികം രൂപയുടെ ആരോഗ്യസാമഗ്രികൾ വെണ്ണീറായി. തുടർച്ചയായി ഇത്തരം സംഭവങ്ങൾ എന്തുകൊണ്ടുണ്ടാകുന്നു എന്ന ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം പറയാനും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും സർക്കാറിന് ബാധ്യതയുണ്ട്.
ഈ അഗ്നിബാധകളിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നിരിക്കുന്നു. കോവിഡ് കാലത്തും ശേഷവും ആരോഗ്യവകുപ്പിൽ നടന്ന ആയിരത്തിലധികം കോടിയുടെ അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാനാണ് ഈ അഗ്നിബാധയെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിനായി രൂപവത്കരിച്ച മെഡിക്കൽ സർവിസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ നേരത്തെതന്നെ ആരോപണനിഴലിലാണ്. അഴിമതികളുടെ കഥകൾ അവിടെനിന്ന് വാർത്തകളായി ഇടതടവില്ലാതെ പുറത്തുവരുന്നുമുണ്ട്. പർച്ചേസിലെ തട്ടിപ്പ് മറക്കാൻ ഡിജിറ്റൽ ഫയലുകൾ മായ്ച്ചുവെന്ന ഗുരുതര വിഷയത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടന്നിരുന്നു. അതിനുപിന്നാലെ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് നൂറുകണക്കിന് ഫയലുകൾ അപ്രത്യക്ഷമായ വിവരവും പുറത്തുവന്നു. കോർപറേഷൻ ജനറൽ മാനേജർ ഡോ. ദിലീപ് കുമാർ അടക്കമുള്ളവർക്ക് അതിനെ തുടർന്ന് സ്ഥാനചലനമുണ്ടായെങ്കിലും അഴിമതി ഒരുശമനവുമില്ലാതെ തുടരുകയാണ്. അതിന്റെ പ്രത്യക്ഷ ലക്ഷണമാണ് കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഒമ്പത് മാനേജിങ് ഡയറക്ടർമാർ ഇരിപ്പുറക്കാതെ ആ കസേരയിൽ വിട്ടൊഴിഞ്ഞുപോകേണ്ടിവന്നത്.
കോവിഡ് കാലത്ത് ചട്ടങ്ങൾ പാലിക്കാതെ പ്രതിരോധ സാമഗ്രികളും മരുന്നുകളും വിപണിവിലയേക്കാൾ മൂന്നിരട്ടി അധികം നൽകി വാങ്ങിയെന്ന പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയടക്കം 13 പേർ പ്രതികളായ കേസ് ജൂൺ 15ന് ലോകായുക്ത പരിഗണിക്കാനിരിക്കെയാണ് രണ്ട് സംഭരണശാലകളും ദുരൂഹ സാഹചര്യത്തിൽ കത്തിയമർന്നിരിക്കുന്നത്. ബ്ലീച്ചിങ് പൗഡർ നിമിത്തം തീപിടിത്തമുണ്ടായി എന്ന ഔദ്യോഗിക വിശദീകരണം അവിശ്വസനീയമായ കഥയായി ഏവരും കരുതുന്നതിന്റെ കാരണം ഈ പശ്ചാത്തലംകൂടിയാണ്. തീപിടിത്തത്തിന് കാരണമായ ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽതന്നെ അഴിമതിയുടെ ഗന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ടെൻഡർ ക്ഷണിക്കാതെ, അവശ്യമരുന്ന് സംഭരിക്കാനുള്ള പട്ടികയിൽപെടുത്തിയാണത്രെ അമിതമായ അളവിൽ പൗഡർ വാങ്ങിയത്. തീപിടിത്തത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകളും കത്തിയമർന്നിട്ടുണ്ടെന്ന മൊഴികൾ ഒരു ചോദ്യം അവശേഷിപ്പിക്കുന്നു, കാലാവധി കഴിഞ്ഞ മരുന്നുകൾ എങ്ങനെ ഗോഡൗണിൽ എത്തി എന്ന്. ഗുണമേന്മയില്ലാത്ത മരുന്നുകൾ വാങ്ങി മെഡിക്കൽ കോർപറേഷൻ ഉപയോഗശൂന്യമാക്കുന്നുവെന്ന ആക്ഷേപത്തിന് സാധൂകരണമാകുകയാണ് ഈ തെളിവുകൾ. ഈ അഗ്നിബാധകൾ തെളിവുകൾ നശിപ്പിക്കാനോ അഴിമതി മറച്ചുവെക്കാനോ ഉള്ളതെന്ന തോന്നൽ ബലപ്പെടുന്ന സാഹചര്യത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന് സർക്കാർ തയാറാകേണ്ടതാണ്.
ആരോഗ്യമേഖലയിലെ അഴിമതിയാരോപണങ്ങൾ പലപ്പോഴും പുകയായി ഒടുങ്ങാനാണ് വിധി. ജീവസംരക്ഷണത്തിന്റെ അനിവാര്യതയിലും നിസ്സഹായത ചൂഷണംചെയ്ത് അനാസ്ഥകളുടെ കൂത്തരങ്ങാകുകയാണ് ആരോഗ്യപരിപാലന സംവിധാനം. മരുന്നുകളും കെമിക്കലുകളും വ്യത്യസ്ത സ്ഥലങ്ങളിൽ സൂക്ഷിക്കണമെന്ന വ്യവസ്ഥ എവിടെയും പാലിക്കപ്പെടുന്നില്ല. മരുന്നുകളും കെമിക്കലുകളും സൂക്ഷിക്കേണ്ട കെട്ടിടങ്ങൾക്ക് ആവശ്യമായ മാനദണ്ഡങ്ങളിലും ഒരു ശ്രദ്ധയുമില്ല. അവിടെയൊന്നും തീപിടിത്തമുണ്ടായാൽ അണക്കുന്ന സംവിധാനങ്ങളോ മുന്നറിയിപ്പ് അലാമുകളോ ഇല്ലായെന്ന് പറയുന്നത് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യതന്നെയാണ്. അതുകൊണ്ടുതന്നെ നിസ്സംശയം പറയാനാകും; ഇത്തരം അഴിമതികളുടെയും അനാസ്ഥകളുടെയും രക്തസാക്ഷിയാണ് രഞ്ജിത്ത് എന്ന ചെറുപ്പക്കാരൻ. അദ്ദേഹത്തിന്റെ ആത്മശാന്തിക്കുവേണ്ടിയെങ്കിലും മെഡിക്കൽ ഗോഡൗണുകളിൽ ഒരു സുരക്ഷാക്രമീകരണങ്ങളും പാലിക്കാതെ അനാസ്ഥ കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കപ്പെടേണ്ടതുണ്ട്. ഈ അഗ്നിബാധകളുടെ ദുരൂഹതകൾ മറനീക്കി സത്യം പുറത്തുവരുകയെന്നത് അദ്ദേഹത്തിന് ലഭിക്കേണ്ട പ്രാഥമിക നീതിയുടെ തേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.