രാജ്യതലസ്ഥാനമായ ഡൽഹിയുടെ ഭരണം സംബന്ധിച്ച് ഈ മാസം 11 നു സുപ്രീംകോടതി നൽകിയ വിധിയെ റദ്ദാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ 19നു ഇറക്കിയ ഓർഡിനൻസ് ഡൽഹി സർക്കാറിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്നു പറയാം. പ്രസ്തുത ഓർഡിനൻസ് അനുസരിച്ച്, തലസ്ഥാന മേഖലയിലെ സർക്കാറിനുകീഴിൽ പ്രവർത്തിക്കുന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥന്മാർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മന്ത്രിമാർ ഇറക്കുന്ന ഉത്തരവുകളനുസരിച്ച് പ്രവർത്തിക്കണമെന്ന് നിർബന്ധമില്ല. കാരണം, അവർ കേന്ദ്രത്തിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവർണറുടെ (എൽ.ജി.) അധികാരത്തിൻ കീഴിലാണ്. ഇതിനർഥം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ പദ്ധതികളൊന്നും ഉദ്യോഗസ്ഥർ വേണ്ടവണ്ണം നടപ്പിലാക്കിക്കൊള്ളണമെന്നില്ല; മന്ത്രിമാർക്കിഷ്ടമുള്ള ഉദ്യോഗസ്ഥർ അവിടെ തന്നെ തുടർന്ന് കൊള്ളണമെന്നുമില്ല; എൽ.ജിക്കു അവരെ സ്ഥലം മാറ്റാം. കാരണം, സിവിൽ സർവിസ് ഉദ്യോഗസ്ഥർ എൽ.ജിക്കാണ് ഉത്തരം ബോധിപ്പിക്കേണ്ടത്. എൽ.ജി ആണെങ്കിൽ മന്ത്രിസഭയുടെ എല്ലാ തീരുമാനവും നടപ്പിലാക്കാൻ ബാധ്യസ്ഥനുമല്ല.
ഡൽഹി ഭരണത്തിൽ കേന്ദ്രമാണോ അതോ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറാണോ പരമാധികാരി എന്ന തർക്കത്തിന് അല്പം പഴക്കമുണ്ട്. 1991ൽ ഭരണഘടനയുടെ അറുപത്തൊമ്പതാം ഭേദഗതിയിലൂടെ ഡൽഹി ഇതര സംസ്ഥാനങ്ങൾക്ക് സമാനമായ അധികാരമുള്ള ഭരണകൂടമായി എന്നു പറയാം. ക്രമസമാധാനം, പൊലീസ്, ഭൂമി എന്നീ മൂന്നു മേഖലയിലെ അധികാരങ്ങൾ മാത്രമാണ് ഇതിനു പുറത്തുനിർത്തിയിരുന്നത്. എന്നാൽ, 2012ൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ 2015 ൽ കേന്ദ്രം ഒരു ഉത്തരവിലൂടെ ഇതു മാറ്റിമറിക്കാനുള്ള ആദ്യ ശ്രമം നടത്തി. അതനുസരിച്ച് ലഫ്. ഗവർണർക്ക് സർക്കാർ സർവിസ് വിഷയങ്ങളിൽ പരമാധികാരം ലഭിച്ചു. സ്വന്തം വിവേചനമനുസരിച്ച് മാത്രം മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിച്ചാൽ മതി. 2016ൽ ഡൽഹി ഹൈകോടതി ഇത് ഏതാണ്ട് ശരിവെച്ചപ്പോൾ ഡൽഹി സർക്കാർ സുപ്രീംകോടതിക്കു മുമ്പാകെ വിഷയം ഉന്നയിച്ചു. തുടർന്ന് 2018 ൽ പരമോന്നത കോടതി ഇറക്കിയ ഉത്തരവിൽ ലഫ്റ്റനന്റ് ഗവർണർ മുഖ്യമന്ത്രിയുടെ ഉപദേശം മാനിക്കാൻ ബാധ്യസ്ഥനാണെന്നും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് അധികാരമില്ല എന്നും വിധിച്ചു. എങ്കിലും സർവിസ് കാര്യങ്ങളിൽ ആർക്കായിരിക്കും അധികാരം എന്ന വിഷയത്തിൽ തീരുമാനം മറ്റൊരു ബെഞ്ചിന് വിടുകയും ആ ബെഞ്ച് അതിൽ ഭിന്നവിധി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു ഫുൾ ബെഞ്ചിന് റഫർ ചെയ്യുകയും ചെയ്തു. ആ വിധിയാണ് ഡൽഹി ഭരണകൂടത്തിനുള്ള അധികാരങ്ങൾ പുനഃസ്ഥാപിച്ചുകൊടുത്തത്.
എന്നാൽ, സ്വന്തം ഇംഗിതം നടപ്പിലാക്കണമെന്ന വാശിയിലാണ് മേയ് 19നു കേന്ദ്രം പുതിയ ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. മുഖ്യ ഉന്നം കെജ്രിവാൾ ഭരണകൂടത്തിന് താൽപര്യമുള്ള ഉദ്യോഗസ്ഥവൃന്ദത്തെ ലഭ്യമല്ലാതാക്കുകയും ബന്ധപ്പെട്ട തീരുമാനങ്ങൾ ലഫ്റ്റനന്റ് ഗവർണറെ (എൽ.ജി) ഉപയോഗപ്പെടുത്തി ഇല്ലാതാക്കുകയുമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രധാന വിമർശനം. സ്വന്തം അധികാരവും ലക്ഷ്യങ്ങളും നടപ്പിലാക്കാൻ എന്തു മാർഗവും സ്വീകരിക്കാൻ മടിക്കാത്ത ബി.ജെ.പി, കെജ്രിവാൾ ഭരണകൂടം നേടുന്ന ജനസമ്മതി ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൂടി പൂർണ സഹകരണത്തോടെയുള്ള പദ്ധതികളിലൂടെയാണെന്ന തിരിച്ചറിവിൽ അതില്ലാതാക്കാനും എല്ലാ തീരുമാനങ്ങളും തങ്ങൾ നിയമിച്ച എൽ.ജിയുടെ നിയന്ത്രണത്തിലാക്കാനും ഏതറ്റംവരെയും പോകും എന്നതിന്റെ തെളിവാണ് പുതിയ ഓർഡിനൻസ്. അക്ഷരങ്ങളിൽ പൊതിഞ്ഞുവെച്ചത് മറ്റു ‘വിശാല താല്പര്യങ്ങളാ’ണെങ്കിലും.
ഓർഡിനൻസിൽ പറയുന്നതനുസരിച്ച് നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ എന്നിവ സർവിസസ് സെക്രട്ടറി, ചീഫ് സെക്രട്ടറി, എൽ.ജി. എന്നിവരടങ്ങിയ കമ്മിറ്റി തീരുമാനിക്കുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ ഇരുട്ടിൽ നിർത്തുന്നു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ സർക്കാറിന് ഒരു പഴുതും ഉത്തരവ് നൽകുന്നില്ല. മിക്ക തൊഴിൽ മേഖലകളിലും ഒന്നരവർഷമായി ഒഴിവുകളൊന്നും നികത്താൻ കഴിഞ്ഞിട്ടില്ല. സെലക്ഷൻ ബോർഡ് മൊത്തം കുത്തഴിഞ്ഞ അവസ്ഥയിലാണ്. സത്യസന്ധതയും പ്രതിബദ്ധതയുമുള്ള ഒരു പാട് ഉദ്യോഗസ്ഥർ ശിക്ഷാരീതിയിൽ സ്ഥലംമാറ്റം ചെയ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടത്തെയോ, സാങ്കേതിക മേലധികാരിയായ ലഫ്.ഗവർണറെയോ ആരെയാണ് അനുസരിക്കേണ്ടതെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. നിയമസഭയിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരംപോലും പലരും നൽകുന്നില്ലത്രേ. മന്ത്രിമാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാനും ഉദ്യോഗസ്ഥർക്കു വൈമുഖ്യം. അതുകൊണ്ട്, ആശുപത്രി ചികിത്സകൾ, മലിനജല സംസ്കരണ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങളിലെ അറ്റകുറ്റപ്പണികൾ തുടങ്ങിയ നിർണായക മേഖലകളിൽ അതിന്റെ ആഘാതം ജനങ്ങൾ അനുഭവിക്കുന്നു. ഇതെല്ലാമുണ്ടായിട്ടും തങ്ങളുടെ ഇച്ഛാശക്തിയും ചില ഉദ്യോഗസ്ഥരുടെ അർപ്പണബോധവും കൊണ്ടുമാത്രമാണ് കാര്യങ്ങൾ ഭംഗിയായി മുന്നോട്ടുപോവുന്നതെന്നാണ് നിയമ മന്ത്രി കൈലാസ് െഗഹ്ലോട്ട് പറയുന്നത്.
മേയ് 11 ന്റെ സുപ്രീംകോടതി വിധിക്കുശേഷം പ്രവർത്തനത്തിൽ ഉദ്യോഗസ്ഥർ ഉന്മേഷം കാണിക്കാൻ തുടങ്ങിയ അവസ്ഥ ഓർഡിനൻസിനുശേഷം ഇല്ലാതായ മട്ടാണ്. എൽ.ജി നിയമിച്ച രണ്ടു ഉദ്യോഗസ്ഥർ ഭൂരിപക്ഷമാവുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വീറ്റോ ചെയ്യപ്പെടുന്നു. ഇതിനെയെല്ലാം തങ്ങളാലാവുന്ന മാർഗങ്ങളിൽ തരണംചെയ്തു ക്ഷേമപദ്ധതികളുമായി മുന്നോട്ടുപോവുമെന്ന് ഡൽഹി സർക്കാർ പറയുമ്പോഴും സംസ്ഥാനങ്ങളിലെ ബി.ജെ.പിയിതര ഭരണകൂടങ്ങളെ ഗവർണർമാരെ വെച്ച് ഞെരിച്ചമർത്തുന്ന സമീപനം തന്നെയാവും ഡൽഹിയിലും കേന്ദ്രത്തിന്റെ ലക്ഷ്യം. മേയ് 11 ന്റെ വിധിക്കെതിരെ കേന്ദ്രം നൽകിയ അപ്പീൽ കോടതി പരിഗണിക്കാനിരിക്കുന്നു. ഒപ്പം, ഡൽഹി സർക്കാറും ഓർഡിനൻസിനെതിരെ കോടതിയിലെത്തും. ആപ് അതിൽ വിജയിച്ചാലേ ഡൽഹിയുടെ കാര്യത്തിലെങ്കിലും ഫെഡറലിസത്തിന്റെയും ജനഹിതം ഭരണത്തിൽ പ്രതിഫലിക്കുന്നതിന്റെയും വിഷയത്തിൽ രാജ്യത്തിനു പ്രതീക്ഷക്കു വകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.