ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നു പാർലമെന്റുകൾ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഈ പാവന കേന്ദ്രത്തിൻ്റെ പുനരുദ്ധാരണവും പുതിയൊരെണ്ണത്തിന്റെ നിർമാണവുമെല്ലാം സാമാന്യമായി ജനാധിപത്യവിശ്വാസികൾക്ക് ആത്മവിശ്വാസവും ആഹ്ലാദവും പകരുന്ന രാഷ്ട്രീയ സന്ദർഭങ്ങളാണ്. പക്ഷേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, സഹസ്രകോടി രൂപ മുടക്കി അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ പുതിയൊരു ‘ശ്രീകോവിൽ’ രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ ഈ ആഹ്ലാദങ്ങളൊന്നും കാണുന്നില്ല. പുതിയ പാർലമെന്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ, രാജ്യത്തിന്റെയും ജനതയുടെയും ആവേശമല്ല, ആശങ്കകളുടെ ആഴമേറുന്നതാണ് കാണുന്നത്. ഏതൊരു നിർമിതിയും കേവല നിർമിതിയല്ല; കൃത്യമായ രാഷ്ട്രീയ വിചാരങ്ങൾ അതിന്റെ ഓരോ കല്ലിലും കൊത്തിവെച്ചിട്ടുണ്ടാകും. പുതിയ പാർലമെന്റ് കെട്ടിടം മുഴുവനായും അത്തരം രാഷ്ട്രീയ മുദ്രാവാക്യങ്ങളും ‘പുതിയ ഇന്ത്യ’യിലേക്കുള്ള പരിവർത്തനത്തിന്റെ പ്രഖ്യാപനങ്ങളുമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ‘പുതിയ ഇന്ത്യ’ എന്ന ആശയം ഏറെ വ്യക്തമാണ്; ഒരർഥത്തിൽ, സംഘ്പരിവാറിന്റെ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം തന്നെയാണത്. ആ പശ്ചാത്തലത്തിൽ വേണം ഹിന്ദുത്വയുടെ താത്ത്വികാചാര്യന്മാരിലൊരാളായ വി.ഡി സവർക്കറുടെ ജന്മവാർഷിക ദിനംതന്നെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തതിനെ കാണാൻ. ജനാധിപത്യ വിശ്വാസികളുടെ ആശങ്കയുടെ നിദാനവും ഇതൊക്കെത്തന്നെ. സ്വാഭാവികമായും, അവരെ പ്രതിനിധാനംചെയ്യുന്ന മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങൾ പ്രതിഷേധവുമായി രംഗത്തുവരും. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ രാഷ്ട്രീയപ്രതിരോധംതന്നെയാണത്. അതിനാൽ, ആ പ്രതിഷേധങ്ങളെ മാനിച്ചേ മതിയാകൂ.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രവേളയായി അടയാളപ്പെടുത്തേണ്ട നിർണായക സംഭവമാണ് എന്നതിൽ സംശയമില്ല. നിർഭാഗ്യവശാൽ, ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ നടപടികൾ മൂലം അത് വലിയ രാഷ്ട്രീയ വിവാദമായി പരിണമിച്ചിരിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചതു, അഹന്തയുടെ ശിലകളാൽ തീർത്തൊരു മന്ദിരമാണത് എന്നാണ്. ഭരണഘടനാമൂല്യങ്ങളെ തീർത്തും അവഗണിച്ചുകൊണ്ട്, രാജ്യത്തിന്റെ പ്രഥമപൗരിയായ രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രിയാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഇത് കേവലമൊരു പ്രോട്ടോകോൾ വിഷയമായി ചുരുക്കാനാവില്ല. ജനാധിപത്യ ഇന്ത്യയുടെ ശിൽപികൾ മുന്നോട്ടുവെച്ച സർവ ആശയധാരകളെയും വിസ്മൃതിയിലേക്ക് തള്ളിക്കൊണ്ടുള്ള ‘നവഭാരത’മാണ് മോദി ഭരണകൂടം ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തം. ഉദ്ഘാടനചടങ്ങിലെ പ്രധാന ഇനങ്ങളിലൊന്നായി പ്രഖ്യാപിച്ച ‘ചെങ്കോൽ പ്രതിഷ്ഠ’യുടെ കാര്യംതന്നെയെടുക്കുക’. തമിഴ്നാട്ടിൽനിന്നെത്തിയ ബ്രാഹ്മണ പുരോഹിതരുടെ സാന്നിധ്യത്തിൽ, വൈസ്രോയി മൗണ്ട് ബാറ്റണിൽനിന്ന് നെഹ്റു അധികാര ദണ്ഡ് ഏറ്റുവാങ്ങിയാണത്രെ രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. പ്രസ്തുത ചടങ്ങിന്റെ പുനരാവിഷ്കാരത്തിലൂടെ ‘പുതിയ ഇന്ത്യ’യുടെ ആദ്യ പ്രധാനമന്ത്രിയാകാനാണ് മോദിയുടെ പരിപാടി; ചെങ്കോലുമായി ബന്ധപ്പെട്ട ഈ കഥയിൽ വാസ്തവമുണ്ടോ എന്ന് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ടെങ്കിലും, സമ്മാനമായി ലഭിച്ച അധികാര ദണ്ഡ് അലഹബാദിലെ മ്യൂസിയത്തിന് കൈമാറുകയായിരുന്നു നെഹ്റു. രാജാധിപത്യകാലത്തെ അധികാരത്തിന്റെ പ്രതീകമായിരുന്ന ഒരു വസ്തു ജനാധിപത്യയുഗത്തിൽ കേവലമൊരു മ്യൂസിയം പീസാണെന്ന് അദ്ദേഹം കൃത്യമായി മനസ്സിലാക്കുകയും അത് ചരിത്രവിദ്യാർഥികൾക്കും ഭാവിതലമുറകൾക്കുമായി മാറ്റിവെക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം, മറ്റൊരു പ്രധാനമന്ത്രി ഇതേ പ്രതീകം ‘ശ്രീകോവിലിൽ’ പ്രതിഷ്ഠിക്കുമ്പോൾ അതിനെ ഏകാധിപത്യത്തിന്റെയും രാജാധിപത്യത്തിന്റെയും അടയാളമായേ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ, ഉദ്ഘാടനം ബഹിഷ്കരിച്ചുകൊണ്ടുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രസ്താവന അമിത് ഷായും മറ്റും ആക്ഷേപിക്കുന്നതുപോലെ കേവലമൊരു രാഷ്ട്രീയ ഗിമ്മിക്കല്ല; ജനാധിപത്യത്തിൽനിന്നും ഹിന്ദുത്വയുടെ രാജാധിപത്യത്തിലേക്കുള്ള ഭരണകൂടത്തിന്റെ പരിവർത്തനത്തിനെതിരായ സർഗാത്മകമായൊരു ഇടപെടൽതന്നെയാണ്.
മോദി സർക്കാറിന്റെ സെൻട്രൽ വിസ്റ്റ പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ പാർലമെന്റ് മന്ദിരവും നിർമിച്ചിരിക്കുന്നത്. പാർലമെന്റ്, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും പുതിയ വസതികൾ തുടങ്ങി ഭരണകൂടത്തിന്റെ വിവിധ കാര്യാലയങ്ങളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നൊരു വിശാലമായ പദ്ധതിയാണിത്. വാസ്തവത്തിൽ, ഇങ്ങനെയൊരു ആശയം നേരത്തേയുണ്ട്. മോദി അധികാരത്തിൽ വന്നപ്പോൾ ഈ പദ്ധതിയെ സംഘ്പരിവാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്നതാണ് നേര്. 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ തുടക്കം കോവിഡ് കാലത്തായിരുന്നു. സ്വതവേ, രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ അക്കാലത്ത് പദ്ധതി തൽക്കാലത്തേക്കെങ്കിലും നിർത്തിവെക്കണമെന്നത് പൊതുവായൊരു ആവശ്യമായിരുന്നു. എന്നാൽ, എല്ലാ പ്രതിപക്ഷ സ്വരങ്ങളെയും അവഗണിച്ചാണ് അവർ പദ്ധതിയുമായി മുന്നോട്ടുപോയത്. പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മോദി നിർവഹിച്ചപ്പോൾ പ്രതിപക്ഷം അത് ബഹിഷ്കരിച്ചത് ഇക്കാരണത്താലാണ്. എന്നാൽ, നാളെ മോദി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പ്രതിപക്ഷം ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നത് കൂടുതൽ പ്രസക്തമായ രാഷ്ട്രീയ കാരണങ്ങൾകൊണ്ടാണ്. അവരുടെതന്നെ വാക്കുകൾ കടമെടുത്താൽ, ആത്മാവ് ഊറ്റിക്കളഞ്ഞ പാർലമെന്റ് മന്ദിരമാണത്. അതുകൊണ്ടുതന്നെ, സ്വേച്ഛാധിപത്യത്തിനെതിരായ ഉൾക്കാമ്പുള്ളതും സചേതനവുമായ പോരാട്ടം തന്നെയാണ് ഈ ബഹിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.