ഫലസ്തീനിൽ ഗസ്സക്കുമേൽ തുടരുന്ന പൈശാചിക ആക്രമണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കെത്തന്നെ, 23 ലക്ഷം ജനസംഖ്യയുള്ള ചെറുചീന്തിനെ സൈനികഭരണത്തിൻ കീഴിലാക്കാനുള്ള ശ്രമവുമായി ഇസ്രായേൽ രംഗത്തെത്തിയിരിക്കുന്നു. അരലക്ഷം മനുഷ്യരെ കൂട്ടക്കശാപ്പിനിരയാക്കിയിട്ടും മതിയാക്കാതെ ഗസ്സയിൽ നിന്നു ഫലസ്തീനികളെ നിർമൂലനം ചെയ്ത് ഗസ്സ പിടിക്കാനുള്ള പദ്ധതിയുമായാണ് ഇസ്രായേൽ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. രണ്ടാമൂഴത്തിൽ അധികാരമേറിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കുടിയിറക്കു പദ്ധതിയുടെ കർമപരിപാടിയാണ് ഇപ്പോൾ ഇസ്രായേൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഹമാസുമായി യുദ്ധവിരാമ കരാർ നിലനിൽക്കെത്തന്നെ ആണ്ടുതോറും റമദാനിൽ നടത്തിവരുന്ന മനുഷ്യക്കുരുതി അതിക്രൂരമായ രീതിയിൽ ഇസ്രായേൽ ഇത്തവണയും തുടർന്നത് ഈയൊരു പദ്ധതിയുടെ ഭാഗമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ഏജൻസി, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുറന്നു പറയുന്നു. ഗസ്സയിൽ ഇപ്പോൾ നടക്കുന്ന വ്യാപകമായ വംശഹത്യയും നശീകരണവും ആകസ്മികമല്ലെന്നും ഗസ്സയെ ജീവിക്കാൻ കൊള്ളാത്തയിടമാക്കി മാറ്റാനുള്ള കൃത്യമായ കണക്കുകൂട്ടിയ പദ്ധതിയാണ് അതെന്നുമാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ നിരീക്ഷണം. ഗസ്സയെ ‘ഏറ്റെടുക്കാനുള്ള’ ട്രംപിന്റെ നിർദേശവും ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കാനുള്ള ഇസ്രായേലിന്റെ നീക്കവും വംശഹത്യ കൂടുതൽ രൂക്ഷമാക്കുമെന്ന് എച്ച്.ആർ.ഡബ്ല്യു മുന്നറിയിപ്പ് നൽകുന്നു.
ഐക്യരാഷ്ട്ര സഭയുടേത് അടക്കമുള്ള ജീവകാരുണ്യ, സമാധാന ഏജൻസികളുമായി കഴിഞ്ഞയാഴ്ച വിവിധ ഘട്ട ചർച്ചകൾ നടത്തിയ, ഇസ്രായേലിന്റെ സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഏജൻസിയായ ‘കോഗാറ്റി’നെ ഗസ്സയിലെ ജീവകാരുണ്യ സേവനങ്ങളുടെ മേൽനോട്ടം ബിന്യമിൻ നെതന്യാഹു ഗവൺമെന്റ് ഏൽപിച്ചുകഴിഞ്ഞു. ‘കുഴപ്പക്കാരല്ലെന്ന് ഉറപ്പുവരുത്തിയ’ ഗസ്സക്കാർക്ക് കർക്കശ നിയന്ത്രണത്തിലുള്ള ലോജിസ്റ്റിക്സ് ഹബുകളിലൂടെ സഹായമെത്തിക്കുന്ന ഉത്തരവാദിത്തം കോഗാറ്റിന് ആയിരിക്കും. ജനുവരിയിലെ യുദ്ധവിരാമക്കരാറിന്റെ രണ്ടാംഘട്ടം ആരംഭിക്കാനിരിക്കെ, ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) പിന്മാറുമെന്നു കരുതിയിരിക്കെയാണ് ഗസ്സയിലെ ദൈനംദിന ജീവിതം പൂർണ ഇസ്രായേൽ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന കോഗാറ്റ് പ്ലാൻ പ്രാബല്യത്തിൽ വരുന്നത്. ഈജിപ്തിൽനിന്ന് ഗസ്സയിലേക്കുള്ള റഫാ അതിർത്തി എന്നേക്കുമായി അടച്ച്, പകരം ഇസ്രായേൽ നിയന്ത്രണത്തിലുള്ള കറം ശാലോം അതിർത്തി വഴി സഹായവിതരണം നടത്താനാണ് പദ്ധതി. റഫാ അടയുന്നതോടെ, ഇസ്രായേൽ നിരോധിച്ച ഏറ്റവും വലിയ യു.എൻ ദുരിതാശ്വാസ സംഘമായ യു.എൻ റിലീഫ് ഏജൻസി ഫോർ ഫലസ്റ്റീനിയൻ റെഫ്യൂജീസ് (UNRWA) എന്ന എൻ.ജി.ഒയുടെ പ്രവർത്തനം ഏറക്കുറെ നിലക്കും. ഗസ്സയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഇതര ഏജൻസി (എൻ.ജി.ഒ)കളും ഇസ്രായേലിൽ രജിസ്റ്റർ ചെയ്യണമെന്നും അവരുടെ സ്റ്റാഫുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും ഇസ്രായേൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൽ പുതിയൊരു ഭരണവിഭാഗം തന്നെ തുറക്കാനുള്ള പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ നിർദേശത്തിന് മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഗസ്സയിൽനിന്നു സ്വമേധയാ വിട്ടുപോകാൻ തയാറുള്ളവർക്ക് സുരക്ഷിതവും നിയന്ത്രിതവുമായ വഴിയൊരുക്കുകയാണ് പ്രതിരോധ മന്ത്രാലയത്തിൽ തുറക്കുന്ന ഡയറക്ടറേറ്റ് ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു. പുറംനാടുകളിലേക്കുള്ള അവരുടെ വഴി, യാത്ര, കാൽനട യാത്രികരുടെ പരിശോധന, കര-കടൽ-വ്യോമമാർഗ സഞ്ചാരത്തിനുള്ള ഉപാധികൾ എല്ലാം ഇസ്രായേൽ സംഘാടനത്തിലായിരിക്കും. ഇസ്രായേൽ-അന്താരാഷ്ട്ര നിയമങ്ങൾക്കു വിധേയമായിരിക്കും ഈ നീക്കമെന്നും യു.എസ് പ്രസിഡന്റിന്റെ ഗസ്സ പ്ലാനിനനുസരിച്ചായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി.
ഇതേസമയത്തുതന്നെ, വെസ്റ്റ്ബാങ്കിൽ 13 സ്വതന്ത്ര ജൂത കുടിപാർപ്പുകേന്ദ്രങ്ങൾ നിർമിക്കാനുള്ള ധനമന്ത്രി ബസാലേൽ സ്മോറിച്ചിന്റെ നിർദേശത്തിന് ഇസ്രായേൽ പച്ചക്കൊടി കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കം അനധികൃതമായി വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ കൂട്ടിച്ചേർക്കാനുള്ള സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് എച്ച്.ആർ.ഡബ്ല്യു കുറ്റപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ഈ അനധികൃത പാർപ്പിട സമുച്ചയ നിർമാണത്തിനും ട്രംപിന്റെ സമ്പൂർണ പിന്തുണയുണ്ട്.
അങ്ങനെ ക്രമത്തിൽ ഗസ്സയെയും വെസ്റ്റ്ബാങ്കിനെയും ഇസ്രായേലിനോട് ചേർക്കുകയും അവർ വിട്ടുകൊടുക്കുന്ന ഒരു ചെറുതുമ്പിൽ ഫലസ്തീൻ രാഷ്ട്രഫലകം തൂക്കുകയും ചെയ്യുകയെന്ന, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന അഹന്തക്കാണ് ഇസ്രായേലും അമേരിക്കയും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 2023 ഒക്ടോബറിൽ വംശഹത്യ തുടങ്ങിയപ്പോൾതന്നെ ഗസ്സയെ ജനശൂന്യമാക്കി അധിനിവേശംചെയ്യുകയെന്ന പദ്ധതി ഇസ്രായേലിന്റെ ഇന്റലിജൻസ് മന്ത്രാലയം തയാറാക്കിയതായി അവിടത്തെ സാംസ്കാരിക മാഗസിൻ ‘മെകോമിത്’ വാർത്ത പുറത്തുവിട്ടിരുന്നു. ഈജിപ്ത് നിയന്ത്രണത്തിലുള്ള സീനായിലേക്കായിരുന്നു പിന്നീട് ഏറെ വിവാദമായ ആ നാടുകടത്തൽ നിർദേശം വന്നത്. ട്രംപ് രണ്ടാമൂഴത്തിൽ മുന്നോട്ടുവെച്ച ഫലസ്തീനി മുക്ത ഗസ്സയെ ഏറ്റെടുക്കാനുള്ള ആശയവും ഇതിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് ഇസ്രായേലിന്റെ പുതിയ നീക്കങ്ങൾ തെളിയിക്കുന്നു. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ചെറുത്തുനിൽക്കുന്ന ഒരു ഫലസ്തീനിയെയും ഗസ്സയിൽ പൊറുപ്പിക്കില്ലെന്നും തുറന്നുതരുന്ന ‘സമാധാന പുറപ്പാടി’നു തയാറില്ലെങ്കിൽ ഗസ്സയെ ചുട്ടുകരിച്ചുതന്നെ വെട്ടിപ്പിടിക്കുമെന്നുമാണ് നെതന്യാഹുവും ട്രംപും ഒരുപോലെ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി തലസ്ഥാനത്ത് ഈജിപ്തും ജോർഡനും ഒത്തുചേർന്ന് 53 ബില്യൺ യു.എസ് ഡോളർ ചെലവിൽ ഗസ്സയെ പുനരുദ്ധരിക്കാനുള്ള പദ്ധതിയാവിഷ്കരിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് എല്ലാം മുടിച്ചേ അടങ്ങൂ എന്ന യാങ്കി സയണിസ്റ്റ് പടയുടെ പുതിയ നിഷ്കാസനയജ്ഞം. അത് എങ്ങനെ കലാശിക്കുമെന്ന് നിലവിലെ നിലയിൽ അവർക്കേ അറിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.