ഏതാണ്ട് ഒന്നര വർഷം മുമ്പ്, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനോട് കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗമായ വി. ശിവദാസൻ രാജ്യസഭയിൽ ഒരു ചോദ്യമുന്നയിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് ഐ.ഐ.ടികളിൽനിന്നായി എത്ര വിദ്യാർഥികൾ പാതിവഴിയിൽ പഠനമുപേക്ഷിച്ചുപോയി എന്നായിരുന്നു ചോദ്യം. മന്ത്രി വിശദമായൊരു മറുപടി നൽകി. പഠനം ഉപേക്ഷിച്ചവരിൽ 63 ശതമാനം പേരും സംവരണ വിഭാഗത്തിൽനിന്നുള്ളവരായിരുന്നുവത്രെ; അതിൽതന്നെ മൂന്നിൽ രണ്ടു പേരും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ളവരും! രാജ്യത്തെ ഏറ്റവും മികച്ച ഉന്നത കലാലയങ്ങളായ ഐ.ഐ.ടികൾ ഒന്നാംതരം ജാതിക്കോട്ടകളുമാണെന്ന കാലങ്ങളായുള്ള ആക്ഷേപത്തെ ശരിവെക്കുന്നതാണ് ഈ കണക്കുകൾ; ഐ.ഐ.ടികൾ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഏറക്കുറെ പൂർണമായും ഈയവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഈ ജാതിക്കോട്ടകളെ അതിജീവിക്കുക എന്നത് വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ദലിത്, ആദിവാസി, ന്യൂനപക്ഷ വിദ്യാർഥികളെ സംബന്ധിച്ച് അത്ര എളുപ്പമല്ല. അതുകൊണ്ടാണ്, അവിടെനിന്നും ഇടയ്ക്കിടെ ഈ വിഭാഗത്തിൽപെടുന്ന വിദ്യാർഥികളുടെ ആത്മഹത്യ വാർത്തകൾ കേൾക്കേണ്ടിവരുന്നത്.
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ രോഹിത് വെമുലക്കും മദ്രാസ് ഐ.ഐ.ടി വിദ്യാർഥി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനുംശേഷം ഇപ്പോഴിതാ ജാതിവിവേചനത്താൽ മറ്റൊരു വിദ്യാർഥികൂടി സ്വയം ഒടുങ്ങിയിരിക്കുന്നു. ബോംബെ ഐ.ഐ.ടിയിലെ ഒന്നാംവർഷ ബി.ടെക് വിദ്യാർഥിയും അഹ്മദാബാദ് സ്വദേശിയുമായ ദർശൻ സോളങ്കി എന്ന 18കാരനാണ് ഫെബ്രുവരി 12ന് ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്ന് ചാടി ജീവനൊടുക്കിയത്. തൊട്ടടുത്ത ദിവസം, മദ്രാസ് ഐ.ഐ.ടിയിൽ സ്റ്റീഫൻ സണ്ണി എന്ന ഗവേഷക വിദ്യാർഥിയും സമാനമായരീതിയിൽ ആത്മാഹുതി നടത്തി. സംഭവത്തെ തുടർന്ന്, വലിയ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്കുനേരെയുള്ള അധികൃതരുടെ വിവേചനപരമായ സമീപനമാണ് രണ്ടു മരണങ്ങൾക്കും കാരണമെന്ന പ്രതിഷേധക്കാരുടെ ആരോപണങ്ങൾ തള്ളിക്കളയാൻ കഴിയില്ല. മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത് അതാണ്. ഏതായാലും രണ്ടിടത്തും കലാലയ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം അന്വേഷണങ്ങളുടെ ഫലമെന്തായിരിക്കുമെന്നതും പഴയ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഊഹിക്കാവുന്നതേയുള്ളൂ.
‘‘എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രമെഴുത്തുകാരൻ. എന്നാല്‍, അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ” -രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പിൽനിന്നുള്ള വരികളാണിത്. ഇത്തരത്തിൽ വികാരനിർഭരമായൊരു കുറിപ്പൊന്നും ദർശൻ തയാറാക്കിയിരുന്നില്ല. എന്നാൽ, കുറിപ്പിലൊരിടത്ത് വെമുല പറഞ്ഞുവെച്ചപോലെ, ‘‘എന്റെ ജനനമാണ് എനിക്കു സംഭവിച്ച ഏറ്റവും വലിയ അപകടമെന്ന്’’ ദർശൻ പറയാതെ പറയുന്നുണ്ട്. ഒരു നാടിന്റെയും കുടുംബത്തിന്റെയുമെല്ലാം വലിയ പ്രതീക്ഷയായി മൂന്നുമാസം മുമ്പാണ് ദർശൻ ആ കലാലയത്തിലെത്തിയത്. പക്ഷേ, മറ്റേതൊരു പിന്നാക്ക വിദ്യാർഥിയെയും പോലെ അയാൾക്കും അവിടത്തെ ജാതിശീലങ്ങളെ അതിജയിക്കാനാകുമായിരുന്നില്ല. പലപ്പോഴും അവിടത്തെ ജാതിവെറിയന്മാർ അവരുടെ ക്രൂരവിനോദത്തിന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം ജെ.ഇ.ഇ പരീക്ഷയുടെ സ്കോർ കാർഡാണ്. അതിലെ ‘മെറിറ്റ്’ അനുസരിച്ചിരിക്കും പിന്നീട് ഓരോ വിദ്യാർഥിയുടെയും നിലനിൽപ്. സംവരണ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളുടെ ‘മെറിറ്റ്’ ചോദ്യംചെയ്യാൻ ഇതിലും മികച്ചൊരു ആയുധമുണ്ടോ? ആ ആയുധപ്രയോഗത്തിന് ദർശൻ സോളങ്കിയും ഇരയായി എന്നാണ് കൂടെ താമസിച്ചിരുന്നവർ പറയുന്നത്. പക്ഷേ, ഇതൊന്നും അധികൃതർ സമ്മതിച്ചുതരില്ല. എന്തിനേറെ, ഡയറക്ടറുടെ അനുശോചന സന്ദേശത്തിൽ ‘ദർശൻ സോളങ്കി’ എന്ന പേരുപോലും പരാമർശിക്കപ്പെട്ടില്ല. വേണമെങ്കിൽ, ഒരു അന്വേഷണമാകാമെന്ന പതിവു വർത്തമാനത്തിനപ്പുറം ഒരു ഉറപ്പും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
2014ൽ, ഇതേ കാമ്പസിൽ അനികേത് എന്ന ദലിത് വിദ്യാർഥിയും സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. അനികേതിന്റെ മാതാപിതാക്കളുടെ നിയമപോരാട്ടത്തിന്റെ ഫലമായി കാമ്പസിൽ ഇത്തരം ‘ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകങ്ങൾ’ ഒഴിവാക്കാനായി ‘എസ്.സി-എസ്.ടി സ്റ്റുഡന്റ്സ് സെൽ’ സ്ഥാപിക്കപ്പെട്ടു. ആ സംവിധാനമൊന്നും ഒരിക്കൽപോലും കാര്യക്ഷമമായി പ്രവർത്തിച്ചിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ് പുതിയ സംഭവത്തിലൂടെ.
ഐ.ഐ.ടികളിലെ അക്കാദമിക, ഭരണമേഖലകളിലത്രയും മേൽജാതി അധീശത്വം നിലനിൽക്കുന്നുവെന്നതിന്റെ എത്രയോ തെളിവുകൾ നമുക്കു മുന്നിലുണ്ട്. ഈ സവർണ ലോബിക്കുമുന്നിൽ പഠനം മുന്നോട്ടുകൊണ്ടുപോകാനാകാതെ കാമ്പസിന്റെ പടിയിറങ്ങിയവരും ജീവിതംതന്നെ അവസാനിപ്പിച്ചവരുമായ എത്രയോ പേരുണ്ട്. മദ്രാസ് ഐ.ഐ.ടിയിൽ കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ 40 പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴുവർഷത്തിനിടെ രാജ്യത്തെ 23 ഐ.ഐ.ടികളിലായി നാലായിരം വിദ്യാർഥികളെങ്കിലും കൊഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന മറ്റൊരു കണക്കും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. പൊതുവിൽ ഇത്തരം കലാലയങ്ങളിലേക്ക് എത്തിപ്പെടുക എന്നതുതന്നെ പിന്നാക്ക വിഭാഗക്കാർക്ക് ഏറെ ശ്രമകരമാണ്. സംവരണവിരുദ്ധതയുടെയും മറ്റും മുള്ളുവേലികൾ തകർത്ത് ആരെങ്കിലും ഇവിടെ കയറിപ്പറ്റിയാൽ അവരെ കാത്തിരിക്കുന്നതാകട്ടെ, ഇതുപോലുള്ള ദുരനുഭവങ്ങളും. ഹിന്ദുത്വയുടെ വംശഹത്യാ പദ്ധതിയുടെ മറ്റൊരു രൂപംതന്നെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.