കോൺഗ്രസിന്‍റെ പുതുനിശ്ചയങ്ങൾ

ക്യവും അച്ചടക്കവും ഇച്ഛാശക്തിയുമായി നഷ്ടപ്രതാപം വീണ്ടെടുക്കാനും അടുത്ത പൊതു​തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയ​പ്പെടുത്തി കേന്ദ്രഭരണം പിടിക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ്​ കേ​ാൺഗ്രസിന്‍റെ 85 ാം പ്ലീനറി സമ്മേളനം ഞായറാഴ്ച സമാപിച്ചത്​. ഇന്ത്യയിൽ കോൺഗ്രസ്​ അധികാരത്തിലുള്ള രണ്ടേ രണ്ടു​ സംസ്ഥാനങ്ങളി​ലൊന്നായ ഛത്തിസ്​ഗഢിലെ റായ്പൂരിലെ നാലുനാൾ സമ്മേളനം പിരിഞ്ഞത്​ അടുത്ത തെരഞ്ഞെടുപ്പിനുള്ള കച്ച മുറുക്കിയാണ്​. സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 58 രാഷ്ട്രീയ പ്രമേയങ്ങളുടെ പൊതുശബ്​ദം 2024ലെ ​പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ മത്സരമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയും നേതൃദ്വയത്തിലെ രണ്ടാമനുമായ അമിത്​ ഷായുടെ വെല്ലുവിളിക്കുള്ള മറുപടിയാണ്​. ബി.ജെ.പിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന്​ സമ്മേളനം തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയുടെ ശൈലിയിൽനിന്നു ഒരു പടി കടന്ന്​ 2024-25 സാമ്പത്തികവർഷത്തേക്കു കാണുന്ന ഗവൺമെന്‍റ്​ നയപരിപാടികളുടെ വിശദാംശങ്ങൾ ചില പ്രമേയങ്ങളിലുണ്ട്​. ആരോഗ്യപരിരക്ഷയുടെ ബജറ്റ്​ വിഹിതം ഇരട്ടിപ്പിക്കൽ, ഭരണഘടന സ്ഥാപനങ്ങളുടെ കെട്ടുറപ്പ്​, തെരഞ്ഞെടുപ്പ്​ ശുദ്ധീകരണം, ജുഡീഷ്യറിക്കും മീഡിയക്കും സ്വാതന്ത്ര്യം, പൗരാവകാശ, സ്വാതന്ത്ര്യസംരക്ഷണം, പാർശ്വവത്​കൃതർക്കും ന്യൂനപക്ഷങ്ങൾക്കും സാമ്പത്തിക, സാമൂഹികശാക്തീകരണം പകരുന്ന പുതിയ പരിപാടികൾ തുടങ്ങി തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ടുള്ള പ്രമേയങ്ങളാണ്​ പ്ലീനറി സമ്മേളനത്തി​​ന്‍റേത്​​. തൊഴിലില്ലായ്മ, ദാരിദ്ര്യനിർമാർജനം, പണപ്പെരുപ്പം, സ്ത്രീശാക്തീകരണം, ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു വിഷൻ ഡോക്യുമെന്‍റ്​ 2024 പുറത്തിറക്കാൻ പാർട്ടിക്ക്​ ​പരിപാടിയുണ്ട്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്നു ഭിന്നമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുകയല്ല, നാടിനെ പ്രതിസന്ധിയിലാഴ്ത്തിയ മോദിയുടെ ഭരണവീഴ്ചകൾ ചൂണ്ടിയുള്ള പ്രചാരണത്തിനാണ്​ കോൺഗ്രസ്​ ഊന്നൽ നൽകുക എന്നും വ്യക്തമാക്കിയിട്ടുണ്ട്​.


ബി.ജെ.പി വ​രേണ്യപൂജാരിമാരുടെ പാർട്ടിയായി മാറിയെന്ന്​ ആരോപിച്ച കേ​ാൺഗ്രസ്​ ജാതി സെൻസസും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും എതിരായ വിദ്വേഷ അതിക്രമങ്ങൾക്കെതിരെ നിയമനിർമാണവും നടത്തുമെന്നും ​പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി-വർഗ-ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾ ആരംഭിക്കുന്ന സംരംഭങ്ങൾക്കു ധനസഹായം, പത്ത്​, പന്ത്രണ്ട്​ ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്​ സാമ്പത്തികസഹായം, വീട്ടമ്മമാർക്ക്​ അലവൻസ്​ തുടങ്ങി കീഴാള ന്യൂനപക്ഷങ്ങളിലേക്ക്​ ഇറങ്ങാനുള്ള പരിപാടികളും പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്​. ഭരണഘടന ഭേദഗതി ചെയ്ത്​ പാർട്ടി പദവികളിൽ അമ്പതു ശതമാനം പട്ടികജാതി/വർഗ/ന്യൂനപക്ഷവിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. സംവരണം ചെയ്തതും അല്ലാത്തതുമായ എല്ലാ പദവികളിലും പാതി സ്ത്രീകൾക്കും യുവാക്കൾക്കുമായി നീക്കിവെക്കാനും നിശ്ചയിച്ചിട്ടുണ്ട്​. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നഗരവാസികൾക്കിടയിലാണ്​ കോൺഗ്രസ്​ പിന്തള്ളപ്പെട്ടത്​. ആം ആദ്​മി കടന്നുവന്നതും അതിലേക്കുത​ന്നെ. അതിനാൽ, നഗരവോട്ടർമാരെ മുന്നിൽകണ്ടുള്ള വികസനപരിപാടികൾകൂടി പുതിയ നയരേഖയുടെ ഭാഗമാകും.

ഹിന്ദുത്വവംശീയ അജണ്ട ബി.ജെ.പി കടുപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതും അതിന്‍റെ മൃദുഭാവം ആം ആദ്​മി കൈയിലെടുക്കുകയും ചെയ്തതോടെ വർഷങ്ങളായി ഹിന്ദുത്വയെ നേർപ്പിക്കാനുള്ള വൃഥാവ്യായാമം ഉള്ള വോട്ടുബാങ്ക്​ നേർപ്പിക്കുന്നതിലേ കലാശിക്കൂ എന്ന തിരിച്ചറിവി​ൽ പാർട്ടി എത്തിയതിന്‍റെ സൂചനകളും റായ്പൂരിൽ കണ്ടു. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചോർച്ച തടഞ്ഞ്​ ഏകീകരിക്കാനുള്ള ശ്രമത്തിലേക്കു മാറുകയാണ്​ പാർട്ടി. അതിലെ ശൈഥില്യം ഒഴിവാക്കാനാണ്​ വിശാല മുന്നണിക്കായി സമ്മേളനം ഇരുകൈയും നീട്ടിയതും മൂന്നാംമുന്നണിയെന്ന ആത്മഹത്യ നീക്കത്തിനെതിരെ ശക്തമായി മുന്നറിയിപ്പ്​ നൽകിയതും. ബി.ജെ.പിയുടെ ഹിന്ദുത്വവംശീയതയെയും ഭ്രാന്തൻ​ ദേശീയതയേയും അനുഭവത്തിലെ അപാകങ്ങൾ ചൂണ്ടി ശക്തമായി ​എതിർക്കാനാണ്​ തീരുമാനം. ഹിന്ദുത്വത്തിനുപകരം സാമൂഹിക പുനരുജ്ജീവനവും സാമൂഹിക നീതിയും എടുത്തുകാട്ടും. ദേശീയതയെ ധ്രുവീകരണായുധമാക്കുന്ന ബി.ജെ.പി ചൈനയുടെ കടന്നുകയറ്റത്തിനു മുന്നിൽ പകച്ചുനിൽക്കുന്നതും അദാനിയെന്ന മോദികാലത്തെ ഈസ്റ്റ്​ ഇന്ത്യ കമ്പനിക്ക്​ രാജ്യം പതിച്ചുനൽകുന്നതും എടുത്തുയർത്തി അവരുടെ കാപട്യം ജനത്തെ ബോധ്യപ്പെടുത്തും. ഇങ്ങനെ ബി.ജെ.പിയെ അധികാരത്തിൽനിന്നിറക്കാനുള്ള സമഗ്രമായ പ്രവർത്തനപരിപാടിയാണ്​ കോൺഗ്രസ്​ ആവിഷ്കരിച്ചിരിക്കുന്നത്​.

തൃണമൂലതലത്തിലുള്ള ജനവികാരം മനസ്സിലാക്കാൻ ജോഡോ യാത്ര കോൺഗ്രസിനെ സഹായിച്ചു​. അരുണാചൽ പ്രദേശ്​ മുതൽ ഗുജറാത്ത്​ വരെ മറ്റൊരു യാത്ര തീരുമാനിച്ചിട്ടുണ്ട്​. ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടിയാണ്​ ബഹുജനാടിത്തറയും കേഡർ ഘടനയുമുള്ള കരുത്തുറ്റ പുതു കോൺഗ്രസിനെ അവതരിപ്പിക്കാനും വ്യക്തമായ ദിശാബോധത്തോടെ വരും തെരഞ്ഞെടുപ്പുകളെ നേരിടാനുമുള്ള റായ്പൂർ തീരുമാനം. പ്രമേയങ്ങളൊക്കെ പ്രവൃത്തിപഥത്തി​ൽ എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കുന്നു വിജയമെന്ന്​ രാഹുൽ, പ്രിയങ്ക ഗാന്ധിമാർ സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്​. പാർട്ടിയെ പുനരുദ്ധരിക്കാനുള്ള തീരുമാനം നേരത്തേ കൈക്കൊണ്ടതാണ്​. കഴിഞ്ഞ മേയിൽ ഉദയ്പൂരിൽ ചിന്തൻ ശിബിരിലും ദൃഢതീരുമാനങ്ങളുണ്ടായി. അതൊക്കെയും വഴിയിൽ കിടന്ന അനുഭവമാകുമോ അവരെക്കൊണ്ട്​ ഇതു​ പറയിച്ചത്​ എന്നറിയില്ല. എന്നാൽ, ഒന്നുറപ്പിക്കാം. കൈകൾ കോർത്തു മുന്നോട്ട്​ (ഹാഥ്​ സേ ഹാഥ്​ ജോഡോ) എന്നാണ്​ പുതു കോൺഗ്രസ്​ മുദ്രാവാക്യം. അകത്തും പുറത്തും ഇതു പ്രയോഗത്തിൽ വരുത്താനായാൽ കോൺഗ്രസിന് ഇനിയും പോർവിളിക്കും പോരാട്ടത്തിനും ബാല്യമല്ല, നിറയൗവനം തന്നെയുണ്ട്​.

Tags:    
News Summary - madhyamam editorial New promises of Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.