ഓരോ തവണയുമെന്നപോലെ ഇന്നലെ കേരള നിയമസഭയിൽ ധനമന്ത്രി ബജറ്റ് പ്രസംഗം വായിക്കുേമ്പാഴും യുവകേരളം കാതോർത്തിരുന്നത് തൊഴിൽ എന്ന വാക്കിനായാണ്. നിരാശപ്പെടുത്തിയില്ല, നിലവിലെ മന്ത്രിസഭയുടെ അവസാന ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നതുതന്നെ തൊഴിൽ, ഉന്നതവിദ്യാഭ്യാസമേഖലകൾക്കാണ്. 2021-22 വർഷം എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രി ഡോ. തോമസ് െഎസക് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിൽ നാലായിരം തസ്തികകൾ, കാർഷികമേഖലയിൽ രണ്ടു ലക്ഷം തൊഴിൽ, പ്രവാസി തൊഴിൽ പദ്ധതിക്ക് 100 കോടി രൂപ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി, തൊഴിൽപരിശീലനത്തിന് 250 കോടി എന്നിങ്ങനെ തൊഴിൽമേഖലകളെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികളുടെ പ്രഖ്യാപനമുണ്ട്. എന്നാൽ, ഇതൊക്കെ കേട്ട് ഒരുപാട് ആശ്വസിക്കാനും സന്തോഷിക്കാനുമാകുമോ? കാരണം കേരളത്തിലെ തൊഴിലില്ലാപ്പടയോട്, അതുമല്ലെങ്കിൽ യോഗ്യത തെളിയിച്ച ഉദ്യോഗാർഥികളോട് ഭരണകൂടം കാണിച്ചുപോരുന്ന കടുത്ത അനീതിതന്നെ.
പി.എസ്.സിയെ നോക്കുകുത്തിയാക്കിയും റാങ്ക്ലിസ്റ്റിന് പാഴ്കടലാസിെൻറപോലും വിലകൽപിക്കാതെയും മുന്നോട്ടുപോകുന്നവർ അറിയുന്നുണ്ടാകുമോ, എട്ടും പത്തും മണിക്കൂർ ഡ്യൂട്ടിക്കിടെ പത്തു മിനിറ്റ് ഇരിക്കാൻപോലും അനുമതിയില്ലാത്ത തുണിക്കടത്തൊഴിലാളികളായ യുവതികൾ മുതൽ പകലന്തിയോളം വീടുകൾ കയറിയിറങ്ങി കറി മസാലയും ചൈനീസ് കളിപ്പാട്ടങ്ങളും വിൽക്കുന്ന ചെറുപ്പക്കാർവരെ നിസ്സഹായതയുടെ സങ്കടപ്പുഴ താണ്ടിയത് ഈ പ്രതീക്ഷയുടെ പങ്കായം കൊണ്ടായിരുന്നുവെന്ന്. കഠിനജോലിയുടെ ക്ഷീണത്തിൽ കണ്ണുതൂങ്ങി പാതിരാവിലും ഉറക്കമിളച്ചിരുന്ന് പഠിച്ച പി.എസ്.സി പരീക്ഷയുടെ റാങ്ക് പട്ടികയിൽ പേരുണ്ട്. ഇന്നല്ലെങ്കിൽ നാളെ സർക്കാർമുദ്ര പതിച്ച കവർ വീട്ടുവിലാസം തേടിയെത്തുമെന്നും ആരുടെ മുന്നിലും വളയാതെ അന്തസ്സോടെ സർക്കാർ ഉദ്യോഗസ്ഥരാകുമെന്നുമുള്ള കലർപ്പില്ലാത്ത പ്രതീക്ഷ സൂക്ഷിച്ച ലക്ഷക്കണക്കിനു പേർ. ആ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പാർട്ടിയും പക്ഷഭേദവുമൊന്നുമില്ല. എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. പക്ഷേ, ഇക്കാലമത്രയും തുഴഞ്ഞുനീങ്ങിയ അവർക്കു മുന്നിൽനിന്ന് പൊടുന്നനെ കരയകന്നു പോകുന്നു. ലിസ്റ്റ് കാലാവധി അവസാനിക്കാൻ മൂന്നു മാസത്തിൽ താഴെമാത്രം സമയം ബാക്കിനിൽക്കെ 36,783 പേരുള്ള എൽ.ഡി. ക്ലർക്ക് റാങ്ക്പട്ടികയിൽനിന്ന് 30 ശതമാനം പേർക്കുപോലും പി.എസ്.സി നിയമനം നൽകിയിട്ടില്ല. എൽ.ഡി. ക്ലാർക്ക് തസ്തികയിൽ മാത്രമല്ല, ഇക്കഴിഞ്ഞ വർഷങ്ങളിൽ പുറത്തുവന്ന റാങ്കുപട്ടികകൾ മിക്കവയുടെയും സ്ഥിതി ഇതുതന്നെ. ഒഴിവുകളില്ലാത്തതോ സാമ്പത്തികപ്രതിസന്ധിയോ നിയമനനിരോധമോ അല്ലായിരുന്നു കാരണമെന്നറിയുക.
വഴിവിട്ട, ദുഃസ്വാധീനങ്ങളും തിണ്ണമിടുക്കും യോഗ്യതയാക്കി നൂറുകണക്കിന് ഇഷ്ടക്കാരെ ഓരോ സർക്കാർ വകുപ്പിലും സാംസ്കാരിക സ്ഥാപനങ്ങളിലും കുത്തിത്തിരുകുന്നതുകൊണ്ടാണ് റാങ്ക്പട്ടികയുടെ മുകളിലെ വരിയിൽ പേരുവന്നിട്ടും അർഹരായ യുവജനങ്ങൾക്ക് നിയമനം ലഭിക്കാതെ പോകുന്നത്. കെൽട്രോൺ, കില, ടൂറിസം, സാംസ്കാരിക, തൊഴിൽ വകുപ്പുകളിലെ അന്യായ നിയമനത്തിെൻറ തോത് 'മാധ്യമം' കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റാങ്ക് ലിസ്റ്റ് നിലനിൽക്കെ 'സപ്ലൈകോ'യിലും ഇത് ആവർത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. ധനകാര്യ, നിയമ സെക്രട്ടറിമാർ എതിർപ്പറിയിച്ചിട്ടും അതും മറികടന്ന് തിരക്കിട്ട് നടത്തിവരുന്ന 'ഇഷ്ടജന സ്ഥിരപ്പെടുത്തൽ മേള' അക്ഷരാർഥത്തിൽ സാമാന്യനീതിയുടെയും സാമൂഹിക നീതിയുടെയും ലംഘനമാണ്. അനർഹനിയമനം അരങ്ങ് തകർക്കുന്നതിനൊപ്പം ഭരണഘടനാനുസൃതമായ സംവരണം വഴി പിന്നാക്ക സമുദായങ്ങൾക്ക് ലഭിക്കേണ്ട പ്രാതിനിധ്യവും അട്ടിമറിക്കപ്പെടുന്നു. നിലവിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നടന്ന നിയമനങ്ങൾ പരിശോധിക്കുേമ്പാൾ ഇതൊന്നും യാദൃശ്ചികമാണെന്നു കരുതാനാവില്ല. ഓരോ വകുപ്പിലും വരുന്ന ഒഴിവുകൾ യഥാസമയം ഇ-വേക്കൻസി സോഫ്റ്റ്വെയർ മുഖേന സുതാര്യമായി പി.എസ്.സിയിൽ അറിയിക്കണമെന്ന തീരുമാനം ചില വകുപ്പു മേധാവികൾ ചേർന്ന് സംഘടിതമായി അവഗണിച്ച് അട്ടിമറിച്ചതുതന്നെ വഴിവിട്ട ചവിട്ടിക്കയറ്റലുകൾക്കു വേണ്ടിയായിരുന്നുവെന്ന് ഇപ്പോൾ ബോധ്യമാവുന്നു. സർവകലാശാലകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോടതി കയറിയിറങ്ങേണ്ടി വന്നിരിക്കുന്നു ഉദ്യോഗാർഥികൾക്ക്.
പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിൽ സർക്കാർമേഖലയിൽ എത്ര മാത്രമുണ്ടാകുമെന്ന് അറിവായിട്ടില്ല. ഡിജിറ്റൽ, സ്റ്റാർട്ട്അപ് അനുബന്ധ തൊഴിലുകളായിരിക്കും ഏറെയുമെന്ന് മന്ത്രി സൂചനയും നൽകിയിരിക്കുന്നു. ആരോഗ്യമേഖലയിൽ പുതു തസ്തികകൾ വരുന്നത് അത്യന്തം സ്വാഗതാർഹമാണ്. നിപയും പ്രളയാനന്തര പ്രശ്നങ്ങളും കോവിഡുമെല്ലാം ആഘാതമേൽപിച്ചിട്ടും കേരളം ഒരു രോഗക്കിടക്കയായി മാറാതിരുന്നത് നമ്മുടെ ആതുരശുശ്രൂഷകർ ഒരാൾ നാലാളിനു സമാനമായി വിശ്രമരഹിതമായി പരിശ്രമിച്ചതുകൊണ്ടാണ്. അടിയന്തരമായി പരിഹരിക്കേണ്ടതാണ് അവിടുത്തെ ആൾക്ഷാമം. എന്നാൽ, അവയിലെ നിയമനരീതിയും പി.എസ്.സിയെ മറികടന്നും സംവരണം അട്ടിമറിച്ചുമാകും എന്നുണ്ടെങ്കിൽ പ്രതീക്ഷക്ക് വകയേതുമില്ല. ബജറ്റ് വെറും ബഡായിയായി അവശേഷിക്കും.
ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്ന് ചുമതലയേറ്റയുടനെ സെക്രേട്ടറിയറ്റ് ജീവനക്കാരെ ഓർമിപ്പിച്ച മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. ഓരോ റാങ്ക് ലിസ്റ്റിലും ഒരു പാട് ജീവിതങ്ങളാണുള്ളതെന്നും അതുവെച്ച് പന്താടരുതെന്നും ദൗർഭാഗ്യവശാൽ അദ്ദേഹത്തെയും അനുചരന്മാരെയും ഓർമപ്പെടുത്തേണ്ടി വന്നിരിക്കുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.