കൊടകര ഹവാല കേസിൽ കേരള പൊലീസിന്റെ കണ്ടെത്തലുകൾ തള്ളിക്കളഞ്ഞുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ‘രാഷ്ട്രീയമുക്ത’ കുറ്റപത്രം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ചിരിക്കുന്നു. പ്രതികളായി 23 പേരെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരിൽ ആർക്കും ബി.ജെ.പിയുമായി നേരിട്ട് ബന്ധമില്ലെന്നുമാത്രമല്ല, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിക്കായി കൊണ്ടുവന്ന പണം എന്ന എന്ന പൊലീസ് നിഗമനത്തെയും നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡി. അവരുടെ കണ്ണിൽ ധർമജൻ എന്ന ബിസിനസുകാരൻ ട്രാവൻകൂർ പാലസ് ഹോട്ടൽ വക ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാൻ കൊടുത്തുവിട്ട 3.5 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കോളിളക്കമുണ്ടാക്കാനോ പ്രമാദമാകാനോ യാതൊരു സാധ്യതയുമില്ലാത്ത ഒരു ‘സാധാരണ’കേസ് മാത്രമാണ് കൊടകരയിൽ അരങ്ങേറിയത്. അതുകൊണ്ടുതന്നെ ധർമജന്റെ ആർ.എസ്.എസ് ബന്ധമോ കർണാടകയിൽനിന്ന് കൊണ്ടുവന്നതും ബി.ജെ.പിയുടെ ജില്ല ആസ്ഥാനങ്ങളിൽ വിതരണം ചെയ്തതുമായ 41.40 കോടിയുടെ കള്ളപ്പണത്തെക്കുറിച്ചോ 2021 മാർച്ച് ആറിന് കേരളത്തിലേക്ക് ബി.ജെ.പി അയച്ച 4.40 കോടി സേലത്തുവെച്ച് കൊള്ളയടിക്കപ്പെട്ട സംഭവമോ എന്തിന്, മുൻ ബി.ജെ.പി ഓഫിസ് സെക്രട്ടറി സതീഷ് തിരൂർ കള്ളപ്പണ ആരോപണം പരസ്യമായി അംഗീകരിച്ചിട്ടുപോലും അവയൊന്നുമന്വേഷിക്കാതെ സാധാരണ കുറ്റപത്രം നൽകി ഇ.ഡി തങ്ങളുടെ ‘ദൗത്യം’ പൂർത്തീകരിച്ചു. റമദാനിൽ ദരിദ്രർക്ക് ദാനധർമങ്ങൾ എത്തിച്ചുനൽകുന്ന സന്നദ്ധ സംഘങ്ങളുടെയും വ്യക്തികളുടെയും ഓഫിസുകളിലും വീടുകളിലും കയറി തീവ്രവാദത്തിന്റെ ആഗോള വലക്കണ്ണികൾ തപ്പുകയും കിട്ടിയില്ലെങ്കിൽ കൃത്രിമമായി അതുണ്ടാക്കുകയും ചെയ്യാൻ മടിയില്ലാത്ത അന്വേഷണ സംഘങ്ങളാണ് ബി.ജെ.പിയുടെ ഹവാലക്കേസിൽ ധാരാളം തെളിവുകളും മൊഴികളുമുണ്ടായിട്ടും ഒരു ചരടുമില്ലെന്ന് ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. നവഭാരതത്തിലെ നിയമ നടപടിക്രമങ്ങളുടെ നടപ്പുരീതികളിപ്പോൾ ഇങ്ങനെയൊക്കെയാണ്.
2021ലെ തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് കുഴല്‍പണം കടത്തിയത് എന്ന പൊലീസ് കുറ്റപത്രത്തിലെ നിഗമനവും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ്, സംഘടനാ സെക്രട്ടറിയുൾപ്പെടെ നേതാക്കളുടെ പങ്കുണ്ടെന്ന കണ്ടെത്തലും ഗൗരവത്തിലെടുക്കാതെ സമർപ്പിച്ച ഇ.ഡിയുടെ കുറ്റപത്രത്തിന്റെ സാധുതയെ നിയമപരമായി ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. രണ്ടു കുറ്റപത്രങ്ങളിലെയും വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾക്ക് രക്ഷപ്പെടാനും ഏറെ പ്രാധാന്യമേറിയ കേസ് ധൂളിയാക്കാനുമുള്ള ആസൂത്രിത പദ്ധതി അണിയറയിൽ ഒരുങ്ങുന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് കേസിൽ നടക്കുന്ന ട്വിസ്റ്റുകൾ. കേരളത്തിലും പുറത്തുമുള്ള ബി.ജെ.പി ഉന്നത നേതാക്കളുടെ കാര്‍മികത്വത്തിലാണ് തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍നിന്ന് കള്ളപ്പണം കൊണ്ടുവന്നത്. കേരളത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചത് കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി നേതാക്കളും മന്ത്രിമാരുമായിരുന്നു. ഇതെല്ലാം അന്വേഷണത്തിൽനിന്ന് പുറത്താകുന്നതോടെ കുറ്റവാളികൾ ശിക്ഷിക്കപ്പെടില്ലെന്ന് മാത്രമല്ല, വരുന്ന തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ കുത്തൊഴുക്കായിരിക്കും സംസ്ഥാനത്ത് സംഭവിക്കാൻ പോകുന്നത്. ആരായിരിക്കും അതിന്റെ ഗുണഭോക്താക്കളാകാൻ പോകുന്നതെന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ. അതു തടയാൻ സംസ്ഥാന സർക്കാറിന് സാധിക്കുന്നില്ലെങ്കിൽ നിയമവാഴ്ചയുടെ വീഴ്ചക്ക് മാത്രമല്ല, രാഷ്ട്രീയപരമായ വലിയ പരാജയത്തിനുകൂടിയായിരിക്കും ഭാവികേരളം സാക്ഷ്യം വഹിക്കുക.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത് പുതിയ കീഴ്വഴക്കങ്ങളൊന്നുമല്ലെന്നത് വസ്തുതയാണ്. പലപ്പോഴും ഇത്തരം അധികാര ദുഷ്പ്രവണതകൾ അന്വേഷണ എജൻസികളുടെ വിശ്വാസ്യത തകർക്കുകയും ചെയ്യുന്നു. പക്ഷേ, കൊടകരയിലെ ഹവാല കേസ് അന്വേഷണ ഏജൻസിയിലൂടെ അട്ടിമറിക്കപ്പെടുമ്പോൾ അവരുടെ വിശ്വാസ്യതയോടൊപ്പം തകരുന്നത് രാജ്യത്തിന്റെ നിയമവാഴ്ചയും പൊതുജനങ്ങൾക്ക് അതിലുള്ള വിശ്വാസവുംകൂടിയാണ്. അതുകൊണ്ട് രണ്ടു കുറ്റപത്രങ്ങൾ രണ്ടു തരത്തിലായത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ രണ്ട് അന്വേഷണ വിഭാഗങ്ങൾക്കും ബാധ്യതയുണ്ട്. തെറ്റുകൾ തിരുത്താനും പരസ്പര വിരുദ്ധമായ നിഗമനങ്ങൾ കോടതിയിലെത്തുമ്പോൾ യഥാർഥ പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള ജാഗ്രതയും സർക്കാറിനുണ്ടാകണം. അല്ലെങ്കിൽ നാഗ്പുർ അക്രമങ്ങളിലും ഡൽഹി വർഗീയകലാപത്തിലും സംഭൽ സംഘർഷത്തിലും ഇരകൾ പ്രതികളാക്കപ്പെടുകയും തുറുങ്കിലടക്കപ്പെടുകയും ചെയ്യുന്ന അസ്വസ്ഥജനകമായ അനുഭവങ്ങൾ കേരളത്തിലും ആവർത്തിക്കാനുള്ള സാധ്യതകളിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. രാഷ്ട്രീയ സ്വാധീനത്താൽ കേസുകൾ അട്ടിമറിക്കപ്പെടുകയും അധികാരത്തിന്റെ തണലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം തുടരുകയും ചെയ്യാം എന്നുമുള്ള അവസ്ഥ രൂപപ്പെടുന്നത് കേരളീയ സാമൂഹിക ജീവിതത്തിനും ഒട്ടും ശുഭകരമായിരിക്കില്ല. അതുകൊണ്ട് കൊടകര കുഴൽപണ കേസ് ധൂളിയാകാതിരിക്കാൻ നിയമപരവും രാഷ്ട്രീയപരവുമായ ഇച്ഛാശക്തി രാഷ്ട്രീയപാർട്ടികളും ഭരണകൂടവും ഒരുപോലെ പ്രകടിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.