സമാശ്വാസകരമായ വിധി

ണ്ടു പതിറ്റാണ്ടു മുമ്പ് യു.പിയിൽ മുലായം സിങ് സർക്കാർ കൊണ്ടുവന്ന ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്റസ എജുക്കേഷൻ ആക്ട് 2004ന്റെ നിയമസാധുത ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ശരിവെക്കുകയും പ്രസ്തുത ആക്ടിനെ റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി തള്ളിക്കളയുകയും ചെയ്തതോടെ യോഗി ആദിത്യനാഥ് സർക്കാറിന്റെ മദ്റസ ഉന്മൂലനപദ്ധതിക്ക് തൽക്കാലത്തേക്കെങ്കിലും തടയിടപ്പെട്ടിരിക്കുന്നു. സെക്കുലറിസത്തെ താത്ത്വികമായും പ്രയോഗത്തിലും എതിർക്കുന്ന ഹിന്ദുത്വ സർക്കാർ, മതേതരത്വ വിരുദ്ധവും ഇന്ത്യൻ ഭരണഘടനയുടെ ലംഘനവുമാണെന്ന് പ്രഖ്യാപിച്ചാണ് മദ്റസ ഗള​ച്ഛേദ യത്നത്തിന് അലഹബാദ് ഹൈകോടതിയുടെ അനുകൂല വിധി നേടിയെടുത്തത്. എന്നാൽ, മതപരവും മതേതരവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോവാനും മതന്യൂനപക്ഷങ്ങൾക്ക് അവകാശമുണ്ടെന്ന് ഭരണഘടനയുടെ മുപ്പതാം ഖണ്ഡിക വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി യു.പി സർക്കാറിന്റെ വാദത്തെ നിരാകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏകദേശം 16,000 മദ്റസകളിൽ പഠിക്കുന്ന 17 ലക്ഷത്തോളം കുട്ടികളുടെ ഭാവിയെക്കുറിച്ച ആശങ്ക കോടതിവിധിയോടെ ദുരീകരിക്കപ്പെട്ടിരിക്കുന്നു. ഈ കുട്ടികളെ മുഴുവൻ സർക്കാർ-എയ്ഡഡ് സ്കൂളുകളിലേക്ക് മാറ്റാനുള്ള പുറപ്പാടിലായിരുന്നു യു.പി സർക്കാർ.

യഥാർഥത്തിൽ പരക്കെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നപോലെ കേവലം മതപാഠശാലകളല്ല യു.പി, ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്ന മദ്റസകൾ. മതപരവും മതേതരവുമായ വിഷയങ്ങൾ പഠിപ്പിക്കപ്പെടുന്ന മുഴുസമയ സ്കൂളുകളാണവ. ഉർദു മീഡിയം സ്കൂളുകൾ എന്ന് വേണമെങ്കിൽ പറയാവുന്ന ഈ സ്ഥാപനങ്ങളിൽ നീണ്ടകാലം മുതൽ അമുസ്‍ലിം വിദ്യാർഥികളും പഠിക്കുന്നുണ്ട്. പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തുടങ്ങി അനേകം ദേശീയ വ്യക്തിത്വങ്ങൾ മദ്റസ സന്തതികളാണെന്നോർക്കണം. സർക്കാർ സ്കൂളുകൾ നാമമാത്രമായി പോലും നിലവിലില്ലാത്ത അനേകായിരം ഗ്രാമങ്ങളുണ്ട് രാജ്യത്ത്. അവിടങ്ങളിലെ തലമുറകൾ നിരക്ഷരരായ വിറകുവെട്ടുകാരും വെള്ളംകോരികളുമായി ജീവിതം എന്ന ശിക്ഷ അനുഭവിച്ചുതീർക്കുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനോടൊപ്പം പൊരുതിയ ജംഇയ്യതുൽ ഉലമ ഹിന്ദിന്റെയും മറ്റു മതസംഘടനകളുടെയും മേൽനോട്ടത്തിലും സഹായത്തിലുമായി പ്രദേശവാസികൾ സ്ഥാപിച്ച് നടത്തുന്ന മദ്റസകളെയാണ് രാജ്യത്തുനിന്ന് ഇസ്‍ലാമിക സംസ്കാരം മുച്ചൂടും പിഴുതെറിയാൻ പ്രതിജ്ഞബദ്ധരായ വിഭാഗം ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഓർക്കാതെ വയ്യ. ദാറുൽ ഉലൂം ദയൂബന്ദ്, നദ്‍വതുൽ ഉലമ ലഖ്നോ തുടങ്ങിയ ലോകപ്രസിദ്ധമായ കലാശാലകളിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ പണ്ഡിതരാണ് ഇന്നേവരെ നിരാക്ഷേപമായി മദ്റസ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നതും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമാന മനസ്കർക്കും ഇതൊന്നും അജ്ഞാതമായതല്ല മുസ്‍ലിം തലമുറകളുടെ ഇസ്‍ലാമിക സാംസ്കാരിക പശ്ചാത്തലത്തെ പൊളിച്ചുമാറ്റാനുള്ള യത്നത്തിന് പ്രചോദനം. അതിതീവ്രമായ വംശീയ പക്ഷപാതിത്വത്തിന് ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിട്ടുപോലും ഒരു പുനർവിചാരത്തിന് അവർ തയാറല്ല.

മറ്റൊരു വശംകൂടി മദ്റസ പ്രസ്ഥാനത്തിനുള്ളത് കാണാതെപോവരുത്. സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയപോലെ കടുത്ത ദാരിദ്ര്യവും പട്ടിണിയും പരിവട്ടവുമാണ് മുസ്‍ലിം കുടുംബങ്ങളെ സ്വസന്തതികളെ നിലവാരമുള്ള സ്കൂളുകളിലേക്ക്​ അയക്കുന്നതിൽനിന്ന് തടയുന്നത്. മദ്റസകളിലാണെങ്കിൽ ഉദാരമതികളുടെ സഹായം വഴി താമസവും ഭക്ഷണവും വിദ്യാഭ്യാസ ചെലവുകളും സൗജന്യമായി ലഭിക്കുന്നു. ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം രാജ്യത്ത് ഇപ്പോഴും അവശേഷിക്കുന്ന 22 കോടി ദരിദ്രരിൽ വലിയ വിഭാഗം പൗരത്വഭീഷണി പോലും നേരിടുന്ന മതന്യൂനപക്ഷമാണ്. മദ്റസകളുടെ നിലവാരമുയർത്തുകയും കോടതിയിൽ സർക്കാറിനുവേണ്ടി ഹാജരായ നിയമജ്ഞർ അവകാശപ്പെട്ടപോലെ ആധുനിക വിദ്യാഭ്യാസം വ്യവസ്ഥാപിതമായി നൽകുകയുമാണ് സർക്കാറിന്റെ ലക്ഷ്യമെങ്കിൽ മദ്റസകൾക്ക് വ്യവസ്ഥാപിതമായി അംഗീകാരവും ധനസഹായവും അനുവദിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, 2016ലെ കണക്കുപ്രകാരം രാജ്യത്തൊട്ടാകെ 10,064 മദ്റസകൾക്ക് മാത്രമാണ് സർക്കാറുകളിൽനിന്ന് ധനസഹായം ലഭിക്കുന്നത്. അതുപോലും അപര്യാപ്തമാണെന്നത് വേറെ. ആയിരക്കണക്കിന് മദ്റസകൾ ചില്ലിക്കാശ് സർക്കാറിൽനിന്ന് ലഭിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഈ സൗഭാഗ്യംപോലും ലഭിക്കാതെ അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ട 1.1 കോടി മുസ്‍ലിം കുട്ടികളുണ്ടെന്നാണ് 2021ലെ കണക്ക്. നഗ്നമായ ഈ യാഥാർഥ്യങ്ങളെ മറച്ചുപിടിച്ച് ഒരു ജനതയെ അപ്പാടെ രാഷ്ട്രനിർമാണ പ്രക്രിയയിൽനിന്ന് മാറ്റിനിർത്തുന്ന മനോഭാവത്തെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ, അത്രയും നല്ലത്. അതെന്തായാലും നാനാജാതി മതസ്ഥരായ മനുഷ്യജന്മങ്ങളെ തുല്യരായി കാണുന്ന ഒരു ഭരണഘടനയും അതിന്റെ ചൈതന്യം ഉൾക്കൊണ്ട് നീതി നടപ്പാക്കുന്ന ജുഡീഷ്യറിയുമുണ്ടെന്ന സമാശ്വാസമാണ് രാജ്യത്തെ മനുഷ്യസ്നേഹികളെ നയിക്കുന്നത്. 

Tags:    
News Summary - Madhyamam editorial on supreme court verdict UP Board of Madrasa Education Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.