ഉമിനീരു വറ്റി ഡാന്യൂബും കരയിക്കുന്ന ഉള്ളിയും

യുദ്ധവും ഗുരുതരമായ കാലാവസ്ഥ വ്യതിയാനവും ലോകത്തെ ക്രമേണ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളുകയാണെന്ന ആശങ്കജനകമായ വാർത്തയാണ് പുറത്തുവരുന്നത്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ കയറിയത് പല രാജ്യങ്ങളിലും സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഉൽപാദനത്തിലും വിതരണത്തിലുമുണ്ടായ ഇടിച്ചിലാണ് ജനത്തിനു മേൽ ഇടിത്തീയായി പതിച്ചത്. കയറ്റുമതി നിയന്ത്രിച്ചും ഉപഭോഗത്തിൽ കുറവു വരുത്തിയും പിടിച്ചുനിൽക്കാനുള്ള അഭ്യാസങ്ങൾ മിക്ക രാജ്യങ്ങളും സ്വീകരിച്ചുവരുകയാണ്. ഭക്ഷണം ലഭിക്കാതിരുന്ന ദരിദ്രജനത പുതിയ സാഹചര്യത്തിൽ പട്ടിണിമരണത്തിലേക്കുതന്നെ നീങ്ങുന്നതായി ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ രൂക്ഷമായ പച്ചക്കറി ക്ഷാമം. ഇതുവരെ ദാരിദ്ര്യരേഖക്കു താഴെയുള്ളവരായിരുന്നു നിത്യദുരിതം പേറിയിരുന്നതെങ്കിൽ നിത്യോപയോഗ പച്ചക്കറികളുടെ ദൗർലഭ്യം സുരക്ഷിതമായ ആഹാരക്രമത്തെ അവതാളത്തിലാക്കുകയും ലോകത്തിന്‍റെ മൊത്തം പോഷകാഹാരക്കുറവിനിടയാക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനം.

യുക്രെയ്ൻ യുദ്ധത്തോടെ തുടങ്ങിയ പച്ചക്കറി കമ്മി പാകിസ്താനിലുണ്ടായ കനത്ത പ്രളയം, മധ്യേഷ്യയിലെ ശക്തമായ ഹിമപാതം, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലെ കാലം തെറ്റിയ വരൾച്ച എന്നിവ കൂടിയായതോടെ പിന്നെയും രൂക്ഷഗതി പ്രാപിച്ചിരിക്കുന്നു. റഷ്യയുടെ യുദ്ധവും ഉപരോധവും നിമിത്തം ലോകത്തിന്‍റെ നാലിലൊന്ന് ഗോതമ്പ് ഉൽപാദിപ്പിച്ചിരുന്ന യുക്രെയ്നിൽനിന്നുള്ള ധാന്യക്കടത്ത് ഏതാണ്ട് പൂർണമായി നിലച്ചു. യുക്രെയ്ൻ തുറമുഖങ്ങളിൽ റഷ്യ ആക്രമണം പതിവാക്കിയതോടെ തുർക്കിയിലെ ബോസ്പോറസ് വഴിയായി ചരക്കുനീക്കം. കിഴക്കൻ യൂറോപ്പുമായി ലോകത്തിന്‍റെ ഇതരഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാതയും ഡാന്യൂബ് നദിയിലൂടെ വലിയ ബാർജുകളും ഉപയോഗിച്ച് റഷ്യയുടെ നാവിക ഉപരോധത്തെ മറികടക്കാനുള്ള നീക്കം അമേരിക്കയുടെ മുൻകൈയിലും നടന്നു. തൽഫലമായി ഗോതമ്പിനും മറ്റു ഭക്ഷ്യധാന്യങ്ങൾക്കുമുണ്ടായ വൻ വിലവർധനക്ക് അടുത്തിടെ ശമനം കണ്ടിരുന്നു. അതിന്‍റെ ആശ്വാസത്തിലിരിക്കെയാണ് ഉള്ളി, കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, മുളക് തുടങ്ങി നിത്യോപയോഗ പച്ചക്കറികളുടെ വില വാണംപോലെ കുതിച്ചുയരുന്നത്.

ഉള്ളിയാണ് ലോകത്തെ കരയിക്കുന്ന വില്ലൻ എന്ന് ആഗോളവിപണി പറയുന്നു. കിഴക്ക് ഫിലിപ്പീൻസിൽ ആഹാരക്രമത്തിന്‍റെ അവിഭാജ്യഘടകമായ ഉള്ളിക്ക് പൊന്നുംവിലയാണ്. കഴിഞ്ഞ വർഷം ചുഴലിക്കാറ്റു മൂലം ബില്യൺ കണക്കിന് പെസോയുടെ വിളയാണ് നഷ്ടത്തിലായത്. ഉള്ളിയുടെ വില കഴിഞ്ഞ നാലു മാസംകൊണ്ട് കിലോക്ക് 70 പെസോയിൽനിന്ന് 700 ആയി ഉയർന്നു. കസാഖ്സ്താൻ മുതൽ തുർക്കി വരെ പൊതു ചർച്ചാവിഷയം ഉള്ളിവില തന്നെ. പാകിസ്താനിലെ പ്രളയം ദക്ഷിണേഷ്യയെ ബാധിക്കുന്നുവെങ്കിൽ പ്രളയവും കൊടുങ്കാറ്റുമാണ് മൊറോക്കോക്ക് കെണിയായത്. യൂറോപ്യൻ നാടുകളിലെ അപ്രതീക്ഷിതമായ കൊടും വരൾച്ച ലോകത്തിന്‍റെ വലിയൊരു ഭാഗത്തെ വിഭവലഭ്യത തടസ്സപ്പെടുത്തി. ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളി കയറ്റിയയക്കുന്ന നെതർലൻഡ്സ് രൂക്ഷ വരൾച്ചയിലാണ്. ഇറ്റലി, സ്പെയിൻ, പോർചുഗൽ, ഫ്രാൻസ്, ജർമനി, ബെൽജിയം, റുമേനിയ, ഹംഗറി, ലക്സംബർഗ്, യുക്രെയ്ൻ, മൾഡോവ, അയർലൻഡ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെല്ലാം കഴിഞ്ഞ 500 വർഷത്തിനിടയിലെ കൊടുംവരൾച്ചയെ ആണ് അഭിമുഖീകരിക്കുന്നത്. ഡാന്യൂബ്, റിയോ, പോ തുടങ്ങി യൂറോപ്പിലെ ഏറ്റവും വലിയ നദികളെല്ലാം വരണ്ടുണങ്ങിയതിനാൽ മുഖ്യഗതാഗത മാർഗമായ ജലപാത അടഞ്ഞു, അതുവഴിയുള്ള ചരക്കുനീക്കവും.

യൂറോപ്പിന്‍റെ കഥയിതാണെങ്കിൽ ഉസ്ബകിസ്താൻ, തജികിസ്താൻ, കസാഖ്സ്താൻ, കിർഗിസ്താൻ തുടങ്ങിയ കൃഷിസമ്പന്നമായ മധ്യേഷ്യൻ രാജ്യങ്ങളിൽ ഹിമപാതമാണ് കടുത്ത ഭീഷണി. വൻതോതിലുള്ള ഉള്ളി ഇവിടെ ഉപയോഗശൂന്യമായി. തുർക്കിയിൽ വിലക്കയറ്റത്തോടൊപ്പം ഭൂകമ്പം കൂടിയായതോടെ കാര്യങ്ങൾ പിന്നെയും കുഴമറിഞ്ഞു. എല്ലാവരും കയറ്റുമതി പൂർണമായി നിരോധിച്ചെങ്കിലും ഫലം കാണാത്തത്ര വിഭവദൗർലഭ്യമാണ് അനുഭവിക്കുന്നത്. ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിൽ തക്കാളിയും കക്കിരിയും ഒരാൾക്ക് രണ്ടുവീതം മാത്രം എന്നതോതിൽ റേഷൻരീതിയിലേക്ക് മാറിയിരിക്കുന്നു.

മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ ലോകത്ത് ഭക്ഷ്യധാന്യ ഉൽപാദനത്തിൽ വലിയ ഇടിവുണ്ടായി. പച്ചക്കറി ക്ഷാമം ഈ കണക്കിനു പോയാൽ ലോകം രൂക്ഷമായ പോഷകാഹാരക്കുറവിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ഇതിനകം വന്നുകഴിഞ്ഞു. കുട്ടികളിൽ വളർച്ച മുരടിപ്പ്, ഗർഭിണികളിൽ വിളർച്ച തുടങ്ങിയ രോഗങ്ങൾ പോഷകാഹാരക്കുറവു മൂലം ഉണ്ടായിത്തീരും. കഴിഞ്ഞ മാസം ലോകബാങ്ക് പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ ലോകരാജ്യങ്ങളിലെ 42 ശതമാനം പേർക്കും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കിട്ടുന്നില്ല എന്നു പറയുന്നു. പൊതുകടത്തിന്‍റെ വർധന, കറൻസിയുടെ വിലയിടിവ്, ഉയർന്ന പണപ്പെരുപ്പം, വർധിക്കുന്ന പലിശനിരക്ക് എല്ലാംകൂടി ലോകം വൻതോതിലുള്ള മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അതിനൊരു തള്ളു കൂടി എന്ന മട്ടിൽ ഭക്ഷ്യവിഭവ ദൗർലഭ്യം ലോകത്തെ തുറിച്ചുനോക്കുന്നത്.

മനുഷ്യർ മനുഷ്യരോടും പ്രകൃതിയോടും ചെയ്യുന്ന യുദ്ധം തന്നെയാണ് ഈ പ്രതിസന്ധിയുടെ വലിയൊരു കാരണം എന്നുവരുമ്പോൾ പരിഹാരത്തിന്‍റെയും വലിയൊരു ഭാഗം നമ്മുടെ കൈയിൽ തന്നെയാണ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുകയാണ് ആദ്യപടി. അതുപോലെ കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന പ്രകൃതിചൂഷണത്തിന് മാന്യമര്യാദയുടെ അതിർവരമ്പുണ്ടാക്കാനും അതിനകത്ത് സ്വയം നിയന്ത്രണം പാലിക്കാനും തയാറായാൽ ഭൂമി വീണ്ടും പുഷ്പിണിയാകും, വിഭവസമൃദ്ധമാകും, ഭൂവാസികൾ ധന്യരാകും. സമ്പത്തുകാലത്ത് തൈ പത്തു നടാത്ത ബുദ്ധിമോശത്തിന് ഈ ആപത്തുകാലത്തെങ്കിലും പ്രായശ്ചിത്തം ചെയ്യാൻ നമ്മൾ, മനുഷ്യർ ഒരുക്കമുണ്ടോ? ഇല്ലെങ്കിൽ ഉള്ളി ഉലകത്തെ കണ്ണീർകടലിൽ മുക്കും, തീർച്ച.

Tags:    
News Summary - Madhyamam editorial on ukraine crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.