ലോകം ഭീകരതയുടെ ബന്ദിയാകുമ്പോൾ

ഫാത്തിമ ജഅ്ഫർ അബ്ദുല്ല എന്ന ഒമ്പതുകാരി ലബനാനിലെ വീട്ടിൽ, സ്കൂളിലേക്കുവേണ്ടി ഗൃഹപാഠം ചെയ്യുന്നതിനിടെ അടുക്കളയിലെത്തിയതായിരുന്നു. മേശപ്പുറത്തെ പേജർ ‘ബീപ്’ അടിക്കുന്നു. പിതാവിന് കൊടുക്കാനായി അവളത് കൈയിലെടുക്കുന്നു. അവളുടെ കൈയിലിരിക്കെ പേജർ പൊട്ടിത്തെറിക്കുന്നു. മുഖമാകെ ചിന്നിച്ചിതറി അവൾ മരിച്ചു. അവളു​ടെ സംസ്കാരച്ചടങ്ങിനിടെ പിന്നെയും സ്ഫോടനം; സാധാരണക്കാർ കൊല്ലപ്പെട്ടു. 11 വയസ്സുള്ള ബാലനടക്കം അനേകം സിവിലിയന്മാർ വേറെയും കൊല്ലപ്പെട്ടു; അസംഖ്യം പേർക്ക് വലുതും ചെറുതുമായ പരിക്കുപറ്റി. തെരുവിൽ കളിക്കുന്ന കുട്ടികൾക്ക് കണ്ണ് നഷ്ടപ്പെട്ടു. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്ന അമ്മമാർക്ക് കൈകാലുകൾ നഷ്ട​മായി. പച്ചക്കറി കച്ചവടക്കാരൻ തലതകർന്ന് മരിച്ചു. വീടുകൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. ആശുപത്രികളിൽ ഡോക്ടർമാർക്ക് ഗുരുതരമായ പരിക്കേറ്റു. ഇത് അറിയാതെ പറ്റിയ അപകടങ്ങളല്ല. ആസൂത്രിതമായി, പ്രത്യാഘാതങ്ങളെപ്പറ്റി തികഞ്ഞ ബോധ്യത്തോടെ നടത്തിയ സ്ഫോടനങ്ങളാണിവ. ലബനാനിലും സിറിയയിലും നടന്ന ഈ ഇലക്ട്രോണിക് ഭീകരത ആ രാജ്യങ്ങളുടെ മാത്രം വിഷയമാണെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. പേജർ പല രാജ്യങ്ങളിലും കാലഹരണപ്പെട്ടെങ്കിലും വാക്കി ടോക്കി അങ്ങനെയല്ല. ഗതാഗതത്തിനും സുരക്ഷക്കും മറ്റുമായി രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ റേഡിയോ ഉപകരണങ്ങളും ലബനാനിൽ അടുത്ത ദിവസം പൊട്ടിത്തെറിച്ചു. കുറെയാളുകൾ അങ്ങനെയും കൊല്ലപ്പെട്ടു. മൊബൈൽ ഫോൺ, ലാപ്ടോപ്, സൗരോർജ സെല്ലുകൾ തുടങ്ങി സാധാരണക്കാരടക്കം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാർത്തവിനിമയ ഇലക്ട്രോണിക് ഉപകരണങ്ങളും ഭീകരായുധമായി മാറ്റപ്പെട്ടു. പൈശാചികമായ ഹിംസാഭ്രാന്ത് തലക്കുപിടിച്ച ഒരു ആക്രമിസംഘത്തിനു മാത്രം സാധിക്കുന്നതാണിത്. മനുഷ്യോപകാരത്തിനുള്ള സാ​ങ്കേതികവിദ്യകൾ കൂട്ടക്കൊലക്കുള്ള ആയുധങ്ങളാക്കുന്ന ഗവേഷണവും സംഘാടനവും നിർവഹണവും നടത്തുക അവരാണ്. അവർ ഒരു മേഖലയെ മാത്രമല്ല, ലോകമെങ്ങും ഹിംസയുടെ പുതിയ വാതിലുകൾ തുറന്നിരിക്കുന്നു. തെമ്മാടികളുടെ കൈയിൽ പുതിയ ആയുധങ്ങൾ വെച്ചുകൊടുത്തിരിക്കുന്നു. മനുഷ്യാവകാശ ലംഘനത്തിനും യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യക്കും സൈബർ വിദ്യയെക്കൂടി പ്രാപ്തമാക്കിയിരിക്കുന്നു. ലോകത്താകെ അശാന്തി വിതച്ചിരിക്കുന്നു.

ആരാണ് ഈ ആക്രമിസംഘം? രാഷ്ട്രനേതൃത്വങ്ങളും മാധ്യമങ്ങളും വിദഗ്ധരും ഒരേസ്വരത്തിൽ പറയുന്ന പേര് ഇസ്രായേലിന്റേതാണ്. ആ രാജ്യം അത് നിഷേധിച്ചിട്ടില്ല. ഗസ്സയിലെ സ്വാതന്ത്ര്യപോരാളികൾക്ക് പിന്തുണ നൽകുന്ന ഹിസ്ബുല്ലയാണ് ആക്രമണങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന് വ്യക്തമാണ്. ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ‘യുദ്ധത്തിന്റെ ഗുരുത്വകേന്ദ്രം വടക്കോട്ട്’ (ലബനാൻ ഭാഗത്തേക്ക്) തിരിക്കുകയാണെന്നും ‘യുദ്ധത്തിൽ പുതിയൊരു ഘട്ടമായെ’ന്നും പറഞ്ഞത് ഇതേ സമയത്താണ്. 1996ൽ, ഹമാസ് ആയുധ വിദഗ്ധനായിരുന്ന യഹ്‍യ അയ്യാശിനെ മൊബൈൽ ഫോൺ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയത് ഇസ്രായേലായിരുന്നു. നിർമിതബുദ്ധി, ഡ്രോൺ, ആൽഗോരിതം തുടങ്ങി വിവിധ സാ​ങ്കേതിക സാധ്യതകൾ സംഹാരത്തിനുവേണ്ടി വികസിപ്പിക്കുന്ന രാജ്യമാണത്. സ്ഫോടനത്തിന് ഉപകരണമാക്കപ്പെട്ട മോട്ടറോള 2024 പേജറുകളും മൊബൈൽ ഫോണുകളും പരക്കെ ഉപയോഗിക്കുന്ന ലബനാനിൽ അവ ഉപയോഗിക്കാത്ത ഒരേയൊരു സ്ഥാപനം ‘അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബൈറൂത്’ ആശുപത്രിയാണെന്നും, അവിടെ ഉണ്ടായിരുന്ന മോട്ടറോള ഉപകരണങ്ങൾ ഒരാഴ്ച മുമ്പ് ഒഴിവാക്കിയെന്നും റിപ്പോർട്ടുണ്ട്. ആക്രമണങ്ങൾ തുടങ്ങിയതിന്റെ തലേന്ന് ഒരു അമേരിക്കൻ വിമാനം ലബനാന് മുകളിലൂടെ കടന്നുപോയി എന്ന വാർത്ത ശരിയാണെങ്കിൽ അമേരിക്കയും സംശയപ്പട്ടികയിലാണ്. ഹംഗറിയിലെ ഒരു വ്യാജ കമ്പനിയാണ് ഉപകരണങ്ങളുടെ നിർമാണ-വിതരണ ലൈസൻസ് വാങ്ങിയ ശേഷം സ്ഫോടകങ്ങൾ നിറച്ച് ലബനാനിൽ ഹിസ്ബുല്ലക്കും മറ്റും വിറ്റത്. ഇത് ഏതെങ്കിലുമൊരു രാജ്യത്തോടോ വിഭാഗത്തോടോ ഉള്ള യുദ്ധപ്രഖ്യാപനമല്ല. ലോകത്തിന് മുഴുവനുമുള്ള തുറന്ന ഭീഷണിയാണ്. അതുകൊണ്ടു​തന്നെ അന്താരാഷ്ട്രതലത്തിൽ സമഗ്രമായ അന്വേഷണവും തുടർ നടപടികളും ഇക്കാര്യത്തിൽ ആവശ്യമാണ്.

ലോകമാകെ നേരിടുന്ന അശാന്തിയുടെ മർമം ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ അധിനിവേശവും പതിറ്റാണ്ടുകളായി അവരവിടെ നടപ്പാക്കുന്ന വംശീയവിവേചനവും ഇപ്പോൾ ഒരു വർഷത്തോളമായി നടത്തുന്ന വംശഹത്യയുമാണ്. ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭ അനേകം പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിലും ഒന്നുപോലും ആ രാജ്യം അനുസരിച്ചിട്ടില്ല. ഫലസ്തീൻ ജനതക്ക് അധിനിവേശത്തെ ചെറുക്കാനും സ്വാതന്ത്ര്യത്തിനായി സായുധസമരം വരെ നടത്താനും അവകാശമുണ്ടെന്ന അന്താരാഷ്ട്ര നിയമം ഏട്ടിലിരിക്കുമ്പോൾ, ‘ഇസ്രായേലിന്റെ സ്വയംരക്ഷാ അവകാശ’മെന്ന വ്യാജവാദമുയർത്തിക്കൊണ്ട് അമേരിക്കയെയും ബ്രിട്ടനെയും ജർമനിയെയും മറ്റും ബന്ദികളും വിധേയരുമാക്കിയിരിക്കുന്നു സയണിസ്റ്റ് രാജ്യം. ‘ചുവപ്പുവര ലംഘിച്ചാൽ എല്ലാ സഹായവും നിർത്തു’മെന്ന് ഇസ്രായേലിനോട് പലകുറി പറഞ്ഞ യു.എസ് ഭരണകൂടം ആ വര പിന്നെയും പിന്നെയും നീട്ടിവരച്ചതല്ലാതെ ഇസ്രായേലിന്റെ നരനായാട്ടിന് വ്യാപ്തി കുറഞ്ഞില്ല. അത് കൂടിയതായാണ് ലോകം കാണുന്നത്. വംശഹത്യയുടെ പേരിൽ ലോക കോടതി ആ രാജ്യത്തിനെതിരെ നടപടി തുടങ്ങിയിട്ടും വിധേയരാഷ്ട്രങ്ങളായ അമേരിക്കയും മറ്റും ഉപരോധം പോയിട്ട് ആയുധവിൽപന കുറക്കുന്നതുപോലും ചിന്തിച്ചിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങളും ലോകനീതിയുമാണ് ഇസ്രായേലി ഭീകരതയുടെ ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ആ ഭീകരതയാകട്ടെ പോർമുഖങ്ങളിലൊതുങ്ങുന്നതല്ല. നമ്മുടെ ലാപ്ടോപ്പും ടാബ്​ലറ്റും മൊബൈൽ ഫോണും റേഡിയോ ഉപകരണങ്ങളുമെല്ലാം നമുക്കുതന്നെ കെണിയാകുന്ന തരത്തിൽ അത് സർവവ്യാപിയായിരിക്കുന്നു. അടുക്കളയിലും കിടപ്പുമുറിയിലും കളിസ്ഥലങ്ങളിലും ഓഫിസുകളിലുമെത്തി കൊച്ചുകുഞ്ഞുങ്ങളെവരെ വിരലറ്റംകൊണ്ട് ഛിന്നഭിന്നമാക്കാൻപോന്ന ഈ ഭീകരതയാണ് ഇന്ന് ലോകത്തിന്റെ പൊതുശത്രു.

Tags:    
News Summary - Madhyamam editorial When the world is in the grip of terror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.