‘‘മരണമാണിപ്പോൾ ശാമിലെ ഒരേയൊരു വിജയി.
മറ്റൊന്നിനെക്കുറിച്ചും ആരും സംസാരിക്കുന്നുപോലുമില്ല.
സുനിശ്ചിതമായ കാര്യമെന്തെന്നാൽ,
അത് കബന്ധങ്ങളുടെ ജയഘോഷമാണ്’’- ഏതാണ്ട് പത്തുവർഷം മുമ്പ്, വിഖ്യാത സിറിയൻ എഴുത്തുകാരി സമർ യസ്ബക് സ്വന്തം രാജ്യത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. ആ വരികൾ കുറിക്കുമ്പോൾ അവിടെ നാലുലക്ഷത്തോളം പേർ ഭരണകൂട ഭീകരതയാലും ആഭ്യന്തര യുദ്ധത്താലും കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു; അതിന്റെ പതിന്മടങ്ങ് സിറിയക്കാർ അഭയാർഥികളാവുകയും ചെയ്തു. ഇന്നും വലിയ മാറ്റങ്ങളില്ലാതെ കബന്ധങ്ങളുടെ ജയഘോഷങ്ങൾ തുടരുകയാണവിടെ. 2011ൽ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ആഞ്ഞടിച്ച അറബ് വസന്തത്തിന്റെ ഓളങ്ങൾ തന്നെയായിരുന്നു സിറിയയിലും അലയടിച്ചത്. തുനീഷ്യയിലും ഈജിപ്തിയും യമനിലും ലിബിയയിലുമെല്ലാം ദശകങ്ങളായി വിരാജിച്ചിരുന്ന ഏകാധിപതികളെ ജനകീയ പ്രക്ഷോഭത്തിലൂടെ താഴെയിറക്കാനായെങ്കിലും സിറിയയിൽ അത് സാധ്യമായില്ല. പകരം, ഏകാധിപത്യത്തിനെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ അവിടത്തെ ഭരണാധികാരി ബശ്ശാർ അൽ അസദ് നിർദാക്ഷിണ്യം നേരിട്ടു; അക്ഷരാർഥത്തിൽ നരനായാട്ട്. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ തുടങ്ങിയ ജനകീയ പ്രക്ഷോഭം പതിയെ ആഭ്യന്തരയുദ്ധത്തിലേക്കും വൈദേശിക സായുധ ഇടപെടലുകളിലേക്കും വഴിമാറിയതോടെ അറബ് വസന്തത്തിന്റെ ഓളങ്ങൾക്ക് സിറിയയിൽ മരണത്തിന്റെ ഗന്ധമായി.
വിമതർക്ക് സ്വാധീനമുണ്ടായിരുന്ന മേഖലകളിൽ റഷ്യൻ വ്യോമസേനയുടെ സഹായത്തോടെയും ഇറാന്റെയും മറ്റും പിന്തുണയോടെയും ബശ്ശാർ ഭരണകൂടം പിടിച്ചുനിന്നുവെന്നുവെന്ന് നിരീക്ഷിച്ചാലും തെറ്റില്ല. ഇതിനായി രാസായുധ പ്രയോഗം വരെ നടത്തി. 13 വർഷവും എട്ടു മാസവും മൂന്നാഴ്ചയും പിന്നിട്ട സിറിയൻ സംഘർഷത്തിന്റെ കണക്കെടുക്കുമ്പോൾ ചുരുങ്ങിയത് ആറുലക്ഷം സിറിയക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 60 ലക്ഷത്തിലധികം പേർ ആഭ്യന്തര പലായനത്തിന് ഇരയായപ്പോൾ അത്രതന്നെ ആളുകൾ തുർക്കിയ അടക്കമുള്ള രാജ്യങ്ങളിൽ അഭയം തേടി. ഈ നരവേട്ടക്ക് അന്ത്യം കുറിക്കാനുള്ള അന്താരാഷ്ട്ര ഇടപെടലുകളെല്ലാം കടലാസിലൊതുങ്ങിപ്പോയി എന്നതാണ് സിറിയൻ സംഘർഷത്തിന്റെ മറ്റൊരു അനുബന്ധ ദുരന്തം.
എന്നാൽ, അപ്രതീക്ഷിതമെന്നോ അവിചാരിതമെന്നോ വിശേഷിപ്പിക്കാവുന്ന തരം വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിറിയയിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. ആ രാജ്യത്തിന്റെ തന്നെ ഭാഗധേയം മാറ്റിമറിക്കാനും ഒരുവേള, ബശ്ശാർ ഭരണകൂടത്തിനുതന്നെ അന്ത്യംകുറിക്കാനും പുതിയ സംഭവവികാസങ്ങൾ വഴിവെച്ചേക്കുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. നവംബർ 27ന്, ഹൈഅത് തഹ്രീർ അശ്ശാം (എച്ച്.ടി.എസ്) എന്ന സായുധ വിമത സംഘം വടക്കു പടിഞ്ഞാറൻ സിറിയയിലെ അലെപ്പോ നഗരം പിടിച്ചടക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലബനാൻ സംഘർഷത്തിൽ ഇസ്രായേൽ-ഹിസ്ബുല്ല വെടിനിർത്തൽ ധാരണയുണ്ടായ അതേ രാത്രിയിലായിരുന്നു എച്ച്.ടി.എസിന്റെ ഓപറേഷൻ എന്നതും ശ്രദ്ധേയമാണ്. മുമ്പ് അൽ ഖാഇദയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഏതാനും നേതാക്കൾ രൂപം നൽകിയ സംഘടനയാണ് എച്ച്.ടി.എസ് എന്നാണ് പറയപ്പെടുന്നത്; നിലവിൽ സംഘത്തലവൻ അബൂ മുഹമ്മദ് അൽ ജൂലാനിയാണ്. വ്യവസ്ഥാപിതമായ പരിശീലനം സിദ്ധിച്ച ഏതാണ്ട് മുപ്പതിനായിരത്തിലധികം വരുന്ന സൈനിക സംഘമാണിതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയയുമായി അതിർത്തി പങ്കിടുന്ന സിറിയയിലെ ഇദ്ലിബ് പ്രവിശ്യയുടെ പൂർണ നിയന്ത്രണം ഏതാനുംകാലമായി എച്ച്.ടി.എസിനാണത്രെ. ഇദ്ലിബിൽനിന്ന്, തൊട്ടടുത്ത പ്രവിശ്യയായ അലെപ്പോയിലേക്ക് കുതിച്ച സംഘം തലസ്ഥാന നഗരവും പിന്നീട് 13 സമീപ ഗ്രാമങ്ങളും പിടിച്ചെടുത്തു. ബശ്ശാറിന്റെ സൈനിക വിമാനത്താവളവും അവർ കൈപ്പിടിയിലൊതുക്കി. ശേഷം, ഇദ്ലിബിനും അലെപ്പോക്കും തെക്കുഭാഗത്തായുള്ള ഹമാ നഗരവും നിയന്ത്രണത്തിലാക്കി. അവിടെനിന്ന് സിറിയയിലെ വ്യവസായ നഗരമായ ഹുംസിലേക്ക് എച്ച്.ടി.എസ് സൈനിക നീക്കം നടത്തുന്നതായാണ് ഏറ്റവും പുതിയ വാർത്തകൾ. സിറിയയുടെ വടക്കു-കിഴക്കൻ മേഖല ആഭ്യന്തര കലാപത്തിന്റെ ഒന്നാം നാൾതൊട്ടേ ബശ്ശാറിന് തലവേദനയാണ്. ഇവിടം കേന്ദ്രീകരിച്ചാണ് പലപ്പോഴും വിവിധ വിമത സൈനിക വിഭാഗങ്ങൾ അവരുടെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നത്. ഒരുപരിധിവരെ ഇതിൽ ചില സംഘങ്ങൾക്ക് തുർക്കിയയുടെ സഹായവും ലഭിച്ചു. എന്നിട്ടും, ബശ്ശാർ പിടിച്ചുനിന്നത് റഷ്യയുടെ സഹായത്താലാണ്. വിമതസംഘത്തിന്റെ സൈനിക നിലയങ്ങൾ കേന്ദ്രീകരിച്ച് റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളാണ് ബശ്ശാറിന് രക്ഷയായത്. എന്നാലിപ്പോൾ, റഷ്യയുടെ സൈനിക ഇടപെടലിനെയും അതിജീവിച്ചാണ് എച്ച്.ടി.എസ് മുന്നേറിക്കൊണ്ടിരിക്കുന്നത്. വടക്കൻ സിറിയ ഏതാണ്ട് പൂർണമായിത്തന്നെ ബശ്ശാറിന് നഷ്ടപ്പെട്ട മട്ടാണിപ്പോൾ. റഖാ ഉൾപ്പെടെയുള്ള പ്രവിശ്യകൾ എച്ച്.ടി.എസ് ഇതര വിമത സൈനികരുടെ നിയന്ത്രണത്തിലായിട്ടുണ്ട്; ഇപ്പോൾ തന്ത്രപ്രധാനമായ നഗരങ്ങൾ എച്ച്.ടി.എസും പിടിച്ചെടുത്തിരിക്കുന്നു. അവശേഷിക്കുന്നത് തലസ്ഥാന നഗരം ഉൾപ്പെടുന്ന ഡമസ്കസ്, ഹുംസ്, ദൈറു സൂർ, ഖുനായത്ര, അൽ സുവൈദ തുടങ്ങിയ പ്രവിശ്യകൾ മാത്രമാണ്; 14 പ്രവിശ്യകളിൽ പകുതിപോലും സുരക്ഷിതമല്ലെന്നർഥം.
ആഭ്യന്തര സംഘർഷം തുടങ്ങിയതിൽപിന്നെ, ഇത്തരമൊരു സന്ദിഗ്ധഘട്ടം ബശ്ശാർ അഭിമുഖീകരിച്ചിട്ടില്ല. നേരത്തെ പ്രതിസന്ധിയുണ്ടായപ്പോഴൊക്കെ സഹായത്തിന് റഷ്യയും ഇറാനും ലബനാനിലെ ഹിസ്ബുല്ലയുമെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും സവിശേഷ സാഹചര്യങ്ങളാൽ ഈ രാജ്യങ്ങൾക്കും സംഘങ്ങൾക്കും ബശ്ശാറിനൊപ്പം വേണ്ടവിധം നിൽക്കാൻ സാധിക്കുന്നില്ല. ഈ പഴുത് ഉപയോഗിച്ചാണ് എച്ച്.ടി.എസ് സൈനിക നീക്കം നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സിറിയയിലെ സ്ഥിതിവിശേഷങ്ങൾ മറ്റൊരു ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നുവെന്നാണ് സംഭവങ്ങളെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നിരീക്ഷിച്ചത്. അതിനാൽ, ബശ്ശാർ അടിയന്തരമായി സമാധാന ചർച്ചക്ക് തയാറാവണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കൃത്യമായ രാഷ്ട്രീയ സൂചനകളുണ്ട് ഈ നിലപാടിൽ. ഈ നിലയിൽ ബശ്ശാറിന് അധികകാലം തുടരാനാകുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ, പുതിയ സംഭവവികാസങ്ങൾ അഞ്ച് പതിറ്റാണ്ട് പിന്നിട്ട അസദ് യുഗത്തിന്റെ അന്ത്യത്തിലേക്ക് വഴിതെളിക്കുമോ എന്ന ചോദ്യം ഈ ഘട്ടത്തിൽ ഒട്ടും അപ്രസക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.