അസാധാരണ സംഭവങ്ങളുടെയും ദുരന്തങ്ങളുടെയും കാലമാണിത്. അതിനെ ലോകം നേരിട്ടുകൊണ്ടുമിരിക്കുന്നു. ആ പട്ടികയിൽ, അത്യസാധാരണമായൊരു മരണമാണ് കഴിഞ്ഞ ദിവസം നമ്മൾ അറിഞ്ഞ അന്ന സെബാസ്റ്റ്യൻ എന്ന മലയാളി യുവതിയുടേത്.

ഏണസ്റ്റ് ആൻഡ് യങ് (ഇ.വൈ) എന്ന ആഗോള കോർപറേറ്റ് സ്ഥാപനത്തിന്റെ പുണെ ശാഖയിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ജൂലൈയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റായ ആ 27കാരി. അമിത ജോലിഭാരവും അതിനെ തുടർന്നുള്ള മാനസിക സമ്മർദവുമാണ് മരണകാരണമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. അന്നയുടെ മാതാവ് കമ്പനി ചെയർമാന് അയച്ച കത്തിൽ മകൾ നേരിട്ട പ്രയാസങ്ങളും മാനസിക സമ്മർദങ്ങളും ഹൃദയം നുറുങ്ങുന്ന വേദനയിൽ അക്കമിട്ട് പറയുന്നുണ്ട്. എന്താണ് കമ്പനിയിൽ നടക്കുന്നതെന്ന് ലോകമറിയട്ടെ എന്ന ഉദ്ദേശ്യത്തോടെ സ്ഥാപനത്തിലെ സഹപ്രവർത്തകർതന്നെയാണ് കത്ത് പുറത്തുവിട്ടത്.

അന്നയുടെ മരണം ദേശീയതലത്തിൽതന്നെ ചർച്ചയായതോടെ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയിരിക്കുകയാണ്. ജോലിയുമായി ബന്ധപ്പെട്ട് മുതിർന്ന സഹപ്രവർത്തകരിൽനിന്ന് വലിയ സമ്മർദമാണ് അന്ന നേരിട്ടതെന്ന് കത്തിൽ പറയുന്നു. പകലും രാത്രിയും വാരാന്ത്യങ്ങളിലുമെല്ലാം അമിതമായി ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. ഓഫിസിൽനിന്ന് താമസസ്ഥലത്ത് എത്തിയ ശേഷവും ജോലി ചെയ്യേണ്ടിവന്നു. പഠനത്തിലും സ്പോർട്സിലും സാമൂഹിക പ്രവർത്തനത്തിലുമെല്ലാം മുൻനിരക്കാരിയായിരുന്ന അവൾ അമിത ജോലിഭാരത്തിനു മുന്നിൽ ശാരീരികമായും മാനസികമായും തോറ്റുപോവുകയായിരുന്നു. സ്ഥാപനത്തിൽ പുതിയ ജോലി സംസ്കാരം ഉണ്ടാവാൻ ഇത് കാരണമാകട്ടെ എന്നു പറഞ്ഞാണ് മാതാവ് കത്ത് അവസാനിപ്പിക്കുന്നത്.

അന്നക്ക് ദിവസവും 16 മണിക്കൂറോളം ജോലിചെയ്യേണ്ടിവന്നിരുന്നതായി സുഹൃത്തുക്കൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. മാതാവിന്റെ കത്തിനെ തുടർന്ന് അന്വേഷണം ആരംഭിച്ച കമ്പനി മരണത്തിൽ ആരോപണവിധേയനായ മാനേജറോട് അവധിയിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ജോലിസമ്മർദം കുറക്കാനും പ്രയാസങ്ങൾ തുറന്നുപറയാനും സൗകര്യമൊരുക്കിയതായും അവർ അവകാശപ്പെടുന്നു.

മകളുടെ മരണം തളർത്തിയ ഒരു അമ്മയുടെ കത്തിലൂടെ പുറംലോകമറിഞ്ഞ ദുരവസ്ഥ കോർപറേറ്റ് സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന ഭൂരിപക്ഷം പേരും കടന്നുപോകുന്ന കഷ്ടപ്പാടിന്റെ നേർചിത്രമാണ്. പുതുതലമുറ സ്വകാര്യ ധനകാര്യ, ടെക് കമ്പനികളിൽ കടുത്ത മനുഷ്യശേഷി ചൂഷണമാണ് നടമാടുന്നതെന്ന ആക്ഷേപം കുറച്ചുകാലങ്ങളായുണ്ട്. മുൻകാലങ്ങളിൽ ശരാശരി ജോലി സമയം ഒമ്പതു മുതൽ ആറു വരെയായിരുന്നെങ്കിൽ ഇപ്പോഴത് ചുരുങ്ങിയത് ആറു മുതൽ ഒമ്പതു വരെ എന്നാണ്. വർക്ക് ഫ്രം ഹോം സമ്പ്രദായം വന്നതോടെ 24 മണിക്കൂറും ജോലി എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. മേഖലയിൽ മത്സരം വർധിച്ചതോടെ പിടിച്ചുനിൽകാൻ സമയവും കാലവുമില്ലാതെ, ആരോഗ്യം പരിഗണിക്കാതെ ജോലി ചെയ്യാൻ ജീവനക്കാർ നിർബന്ധിതരാവുന്നു. തങ്ങളുടെ ചോരയും നീരും കൊണ്ട് കമ്പനി കൈവരിക്കുന്ന നേട്ടങ്ങളുടെ ഒരു ഗുണഫലവും അനുഭവിക്കാൻ വിധിയില്ലാത്ത താഴേ തട്ടിലുള്ളവരാണ് കൂടുതൽ സമ്മർദവും തൊഴിൽ ഭാരവും അനുഭവിക്കേണ്ടിവരുന്നത്. സോഫ്റ്റ് വെയർ മേഖലയിൽ 40 ശതമാനത്തിലധികം പേരും ജോലി സമ്മർദം നേരിടുന്നു. പുതുതലമുറ ബാങ്കുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം നിലനിന്നിരുന്ന പൊതുമേഖല ബാങ്കുകളിൽപോലും സർക്കാർ റിക്രൂട്ട്മെന്റുകൾ നടത്താതെ ജീവനക്കാർക്ക് മേൽ കടുത്ത തൊഴിൽഭാരം കയറ്റിവെക്കുന്ന സാഹചര്യമാണുള്ളതെന്ന് ബാങ്കിങ് രംഗത്തെ തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നു. എന്തിനേറെ പറയുന്നു, കേരള പൊലീസിൽ സമീപകാലത്ത് അടിക്കടിയുണ്ടാവുന്ന ആത്മഹത്യകൾക്കും രാജികൾക്കുമുള്ള മുഖ്യകാരണം ജോലിസമ്മർദംതന്നെയാണ്.

കൂടുതൽ സമയം ജോലിചെയ്യുക, ചെയ്യിക്കുക എന്നത് ഒരിക്കലും പ്രോത്സാഹിക്കപ്പെടാവുന്നതല്ല. ഇത് നയിക്കുക അനാരോഗ്യകരമായ ജീവിത, ഭക്ഷണരീതിയിലേക്കുമാണ്. അന്തിമമായി ജീവിതം ദുരന്ത സമാനമാവുകയും ചെയ്യും. ആഴ്ചയിൽ 70 മണിക്കൂർ ജോലിചെയ്യുമെന്ന് വീമ്പ് പറയുന്ന കോർപറേറ്റ് സ്ഥാപനമുടമയായ നാരായണ മൂർത്തിയെപ്പോലുള്ളവർ കൊണ്ടാടപ്പെടുന്നതും തെറ്റായ ലക്ഷണമാണ്. അധികസമയം ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന ഓരോ അഭിനന്ദനവും ടോക്സിക് പോസിറ്റിവിറ്റിയാണ് നൽകുക.

16 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യം, മേലധികാരികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം, അവധിയില്ലാത്ത അവസ്ഥ, പുറത്തുപറഞ്ഞാൽ ജോലി നഷ്ടവും മാനസിക പീഡനവും, ഇതിന്റെ പേരിൽ മറ്റു സ്ഥലങ്ങളിൽ ജോലി ലഭിക്കാത്ത സാഹചര്യവും ഇതൊക്കെയാണ് ഓരോരുത്തരും നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരാണ് ചൂഷണത്തിന് ഇരയാകുന്നവരിൽ കൂടുതലും. ഒരു വർഷത്തെ പരിചയ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ ഇടങ്ങൾ കണ്ടെത്താൻ കഴിയുമെന്നതിനാൽ അമിത ജോലിഭാരവും മറ്റു പ്രശ്നങ്ങളും ഉണ്ടെങ്കിൽകൂടി അവിടെ എങ്ങനെയും തുടരാൻ നിർബന്ധിതരാവുകയാണ് അധികം പേരും.

ഇവയെയെല്ലാം സഹിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത് ഒരു നല്ല ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. എന്നാൽ, എല്ലാവർക്കും ഇവയെ മറികടക്കാൻ കഴിയണമെന്നില്ല. അത്തരത്തിൽ തുടക്കത്തിലേ വീണുപോയ മകളാണ് അന്ന. അന്നയുടെ ഈ ജീവത്യാഗം അവളുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നതുപോലെ, മറ്റു മക്കളെ ഇത്തരം ദുരന്തത്തിൽനിന്ന് രക്ഷിക്കാൻ ഉപകരിക്കട്ടെ.

Tags:    
News Summary - Madhyamam Editorial: work stress culture must change in Corporate Offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.