മണിപ്പൂരിലെ വംശഹത്യയും ഭരണകൂടം തദ്വിഷയത്തിൽ പുലർത്തിക്കൊണ്ടിരിക്കുന്ന തികഞ്ഞ നിസ്സംഗതയും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെതിരെ ഐക്യപ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം സാങ്കേതികമായി പരാജയപ്പെട്ടതിൽ അത്ഭുതമൊന്നുമില്ല. ലോക്സഭയിൽ വൻ ഭൂരിപക്ഷമുള്ളൊരു സർക്കാറിനെ മറിച്ചിടുക എന്നത് ഒരു തരത്തിലും സാധ്യമല്ലെന്നിരിക്കെ, അവിശ്വാസപ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിട്ടത് മറ്റൊന്നായിരുന്നുവെന്നത് സുവ്യക്തമാണ്.
സർവ മേഖലകളിലും പരാജയപ്പെട്ട മോദി ഭരണകൂടത്തെ എല്ലാ അർഥത്തിലും തുറന്നുകാണിക്കാൻ മൂന്നു ദിവസം നീണ്ട അവിശ്വാസപ്രമേയ ചർച്ചകളിലൂടെ അവർക്ക് സാധിച്ചു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കും വാദമുഖങ്ങൾക്കും മുന്നിൽ ദുർബല പ്രതിരോധം തീർക്കാനേ ഭരണപക്ഷത്തിനായുള്ളൂവെന്ന് സ്മൃതി ഇറാനി മുതൽ നരേന്ദ്ര മോദി വരെയുള്ള നേതാക്കളുടെ സംസാരം ശ്രദ്ധിച്ചാൽ ബോധ്യമാകും. മറുപക്ഷത്താകട്ടെ, ഓരോ പാർട്ടി നേതാക്കളും മത്സരിച്ച് വിവിധ വിഷയങ്ങൾ ഉന്നയിച്ച് കത്തിക്കയറുന്നതിനും പാർലമെന്റ് സാക്ഷ്യംവഹിച്ചു.
പ്രതിപക്ഷസഖ്യമായ ‘ഇൻഡ്യ’യെ അതുയർത്തിപ്പിടിക്കുന്ന സർവ ജനാധിപത്യ സങ്കൽപങ്ങളോടെയും പാർലമെന്റിനുള്ളിൽ അവതരിപ്പിക്കുന്നതിനും അവിശ്വാസചർച്ചകളിലൂടെ പ്രതിപക്ഷത്തിന് സാധിച്ചുവെന്നതും ഈ സംഭവംകൊണ്ടുണ്ടായ ഒട്ടും ചെറുതല്ലാത്ത രാഷ്ട്രീയ വിജയമാണ്. ആ അർഥത്തിൽ, അടുത്തകാലത്തായി സജീവമായ ഐക്യപ്രതിപക്ഷ നീക്കങ്ങൾക്ക് കൂടുതൽ ഊർജംപകരുന്നതായി വർഷകാല സമ്മേളനത്തിലെ അവിശ്വാസപ്രമേയവും അതിന്മേലുള്ള ചർച്ചകളും.
മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വംശീയാക്രമണം മൂന്നു മാസം പിന്നിട്ടിട്ടും അതേക്കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്താത്ത പ്രധാനമന്ത്രിയെ സഭയിൽ സംസാരിപ്പിക്കുക എന്നതായിരുന്നു അവിശ്വാസപ്രമേയത്തിലൂടെ പ്രതിപക്ഷ മുന്നണി പ്രധാനമായും ലക്ഷ്യമിട്ടത്. ആദ്യ രണ്ടു ദിവസം സഭയിൽ വരാതിരുന്ന പ്രധാനമന്ത്രി ചർച്ചയുടെ അവസാന ദിവസം പാർലമെന്റിലെത്തി സംസാരിക്കാൻ നിർബന്ധിതനായി. അമിത് ഷാ അടക്കമുള്ള നേതാക്കളെ മുൻനിർത്തി പ്രതിരോധം തീർക്കാനുള്ള ഭരണപക്ഷനീക്കം ആദ്യ ദിവസംതന്നെ പാളിയിരുന്നു.
പ്രമേയം അവതരിപ്പിച്ച സൗരവ് ഗൊഗോയിയുടെ ചോദ്യങ്ങൾക്കു മുന്നിൽ ശരിക്കും അവർ പതറി. എന്തുകൊണ്ട് മോദി മണിപ്പൂർ സന്ദർശിച്ചില്ല, സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിൽ സമ്പൂർണമായി പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ എന്തുകൊണ്ട് മാറ്റുന്നില്ല തുടങ്ങിയ ചോദ്യങ്ങളിൽനിന്ന് മോദി ഒഴിഞ്ഞുമാറുന്നത് വീഴ്ച അംഗീകരിക്കാൻ അദ്ദേഹം ഇഷ്ടപ്പെടാത്തതുകൊണ്ടായിരിക്കാമെന്ന ഗൊഗോയിയുടെ രാഷ്ട്രീയ പരിഹാസം ഭരണപക്ഷത്തെ ശരിക്കും പ്രകോപിതരാക്കി.
രണ്ടാം ദിവസവും സമാനമായ വിമർശനശരങ്ങൾ മഹുവ മൊയ്ത്ര, കനിമൊഴി തുടങ്ങിയ നേതാക്കൾ ഉന്നയിച്ചു; അയോഗ്യത നീങ്ങി വീണ്ടും പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിയാകട്ടെ, സർക്കാറിന്റെ കോർപറേറ്റ് അജണ്ടകളെയും മോദിയുടെ ഫാഷിസത്തെയും ഒരുപോലെ വെളിപ്പെടുത്തുന്നതിൽ വിജയിച്ചു.
രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമവും വിലപ്പോയില്ല. ഈ ആരോപണങ്ങൾക്കെല്ലാം സമാധാനപ്രമേയം അവതരിപ്പിച്ച് രക്ഷപ്പെടാനാണ് ഭരണപക്ഷം ശ്രമിച്ചത്. മണിപ്പൂരിൽ സമാധാനത്തിന് എല്ലാവരോടും അഭ്യർഥിക്കുന്ന പ്രമേയം ആഭ്യന്തരമന്ത്രി അവതരിപ്പിക്കുമ്പോൾ പ്രധാനമന്ത്രി എവിടെ എന്ന ചോദ്യം ലോക്സഭയിൽ മുഴങ്ങിക്കേട്ടു.
ജനങ്ങളിൽനിന്നും മാധ്യമങ്ങളിൽനിന്നുമെന്നപോലെ, ജനപ്രതിനിധികളിൽനിന്നും വിട്ടുനിന്ന മോദി അവിശ്വാസചർച്ചക്ക് മറുപടിയെന്ന മട്ടിൽ രണ്ടേകാൽ മണിക്കൂർ സംസാരിച്ചെങ്കിലും പ്രമേയത്തിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്കുള്ള ഒരു മറുപടിയും പരിഹാരങ്ങളും നൽകാൻ അദ്ദേഹത്തിനായില്ല. പ്രതിപക്ഷത്തോടുള്ള പരിഹാസവും പുച്ഛവും മാത്രമായിരുന്നു സംസാരത്തിന്റെ ആകത്തുക; ഒപ്പം, യാഥാർഥ്യങ്ങളുമായി ബന്ധമൊന്നുമില്ലാത്ത പതിവ് അവകാശവാദങ്ങളും.
പ്രസംഗത്തിന്റെ ആദ്യ ഒന്നര മണിക്കൂറിൽ മണിപ്പൂർ എന്ന വാക്കുച്ചരിക്കാൻപോലും അദ്ദേഹം തയാറായില്ല. മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോഴാകട്ടെ, വിശേഷിച്ചൊരു പരിഹാരനിർദേശവും മുന്നോട്ടുവെച്ചില്ലെന്നു മാത്രമല്ല; ദുരാരോപണങ്ങളുടെയും ചരിത്രവിരുദ്ധമായ ആക്ഷേപങ്ങളുടെയും കുന്തമുന പ്രതിപക്ഷത്തിനുനേരെ തിരിക്കുകയും ചെയ്തു.
ഇതിനിടയിൽ, ബിരേൻ സിങ്ങിനെ വെള്ളപൂശാനും അദ്ദേഹം മറന്നില്ല. ‘രാജ്യം നിങ്ങളുടെ കൂടെയുണ്ടെ’ന്ന കേവല ആശ്വാസവാക്കല്ല മണിപ്പൂരിലെ ജനങ്ങൾക്കിപ്പോൾ ആവശ്യം. മറിച്ച്, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുകയും ആക്രമണകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. അത്തരം കാര്യങ്ങളിലേക്കൊന്നും വിരൽചൂണ്ടുന്ന ക്രിയാത്മകമായ ഒരു വരിപോലും മോദിയുടെ പ്രസംഗത്തിൽ കേട്ടില്ല.
ഭരണകൂടത്തിന്റെ ഹിംസാത്മക രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്നതിൽ വിജയിച്ചുവെന്ന് പ്രതിപക്ഷത്തിന് ആശ്വസിക്കാം. ആ ദിശയിൽ മുന്നോട്ടുപോകാൻ ‘ഇൻഡ്യ’ സഖ്യത്തിന് കരുത്തുപകരുന്നതായി പ്രമേയചർച്ചയും സഭയിൽ കേട്ട മുദ്രാവാക്യങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.