പൊലീസിന്റെ ഗുണ്ടാസൗഹൃദം

സംസ്ഥാനത്ത് ആശങ്കജനകമായി ശക്തിപ്പെടുന്ന ഗുണ്ടാവിളയാട്ടങ്ങൾക്ക് കൂടുതൽ ജാഗ്രതയോടെ തടയിടാനും ഗുണ്ടകളെ അമർച്ച ചെയ്യാനുമായി കേരള പൊലീസ് ‘ഓപറേഷൻ ആഗ്’ ആരംഭിച്ചിരിക്കെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഒരുക്കിയ വിരുന്ന​ുണ്ണാനെത്തിയ ഡിവൈ.എസ്.പിയെയും മൂന്നു പൊലീസ് ഉദ്യോഗസ്ഥരെയും പൊലീസ് തന്നെ പിടികൂടിയ സംഭവം മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന് വരുത്തിവെച്ച അപമാനം ചർച്ചാവിഷയമായത് തികച്ചും സ്വാഭാവികമാണ്.

മേയ് 31ന് സർവിസിൽനിന്ന് വിരമിക്കാനിരിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാബുവാണ് ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ട തമ്മനം ഫൈസൽ വീട്ടിൽ പന്തലിട്ടൊരുക്കിയ യാത്രയയപ്പ് പരിപാടിയിൽ വിശിഷ്ടാതിഥിയായെത്തിയത്. എറണാകുളം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടും അനുവാദത്തോടും കൂടിയാണ് ഗംഭീര യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നാണ് വിവരം. സംഭവം വാർത്തയായതോടെ തൽക്കാലം ഡിവൈ.എസ്.പി സസ്​പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. പൊതുജനങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ഉദ്യോഗസ്ഥൻ ഗുണ്ടകളെ സഹായിക്കുന്നു എന്ന ധാരണ പരക്കാൻ ഇടയാക്കുന്നതാണ് ബാബുവിന്റെ നടപടി എന്ന കാരണത്താലാണ് നടപടി വേണ്ടിവന്നതെന്ന് ഗവർണറുടെ ഉത്തരവിൻപ്രകാരം ജോയന്റ് സെക്രട്ടറി പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

ഈയിനത്തിൽപെട്ട ആദ്യത്തേതോ ഒറ്റപ്പെട്ടതോ ആയ സംഭവമാണിതെങ്കിൽ സമാധാനിക്കാമായിരുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ അപേക്ഷിച്ച് കേരള പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടതാണെന്ന് നമ്മുടെ സർക്കാറുകൾ അവകാശപ്പെടാറുണ്ട്. അത് ശരിയാണെങ്കിൽ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ പൊലീസ് സേനയോട് ഏറെ സഹതാപമാണ് തോന്നുക. കേരളത്തിലെ പൊലീസിന്റെ കൊള്ളരുതായ്മകളും അഴിമതിയും ധാർമികത്തകർച്ചയും ജനങ്ങൾ അനുഭവിക്കുന്നതുതന്നെ കാരണം. 2016 ജൂൺ ഒന്നുമുതൽ 2023 ജനുവരി വരെയുള്ള ആറു വർഷക്കാലത്തെ കണക്കുകൾ പ്രകാരം 828 പൊലീസുകാർ പ്രതികളായ കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നതാണ്. മോഷണം മുതൽ വധശ്രമം വരെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടവരാണ് പൊലീസ് ക്രിമിനലുകൾ. പോക്സോ കേസ് പ്രതികളുമുണ്ട് കൂട്ടത്തിൽ.

അവരിൽ 58 പേരെ പിരിച്ചുവിടാൻ നടപടി​കളെടുത്തതായും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. ജീവപര്യന്തമോ പത്തുവർഷം തടവുശിക്ഷ കിട്ടാവുന്നതോ ആയ കേസുകളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെയാണ് പിരിച്ചുവിടുന്നത്. സ്വാഭാവികമായും അതിജാഗ്രതയോടെ അന്വേഷിച്ച് തെളിവുകൾ ഹാജരാക്കിയാൽ മാത്രമേ ഈ നടപടി സ്വീകരിക്കാനാവൂ. വേലിതന്നെ വിള തിന്നുന്ന സാഹചര്യത്തിൽ പൊലീസുകാരെക്കുറിച്ച് അന്വേഷണം എത്രത്തോളം സത്യസന്ധമായി നടക്കുമെന്ന് സംശയിക്കാൻ ന്യായമുണ്ട്. രാഷ്ട്രീയ സമ്മർദങ്ങൾ, കോഴ, കൈക്കൂലി പോലുള്ള മാർഗങ്ങളിലൂടെ ക്രിമിനലുകൾക്ക് രക്ഷപ്പെടാനുള്ള വാതിലുകൾ തുറന്നുകിടക്കുന്നുവെന്ന് എടുത്തുപറയേണ്ടതായിട്ടില്ല.

സർക്കാറിന്റെ മുഖ്യ വരുമാനമാർഗമായ മദ്യത്തിന്റെ ലഭ്യത മുമ്പൊരിക്കലുമില്ലാത്തവിധം സുഗമവും സാർവത്രികവുമായിരിക്കെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാരടക്കം ഒരേസമയം അതിന്റെ ഗുണഭോക്താക്കളും ഉപകരണങ്ങളുമായി മാറുന്നത് സ്വാഭാവിക പ്രക്രിയയാണ്. ഗുണ്ടകളും കുറ്റവാളികളുമാകട്ടെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതും ലഹരിതന്നെ. മാരക ലഹരികൾ പങ്കുവെക്കപ്പെടുന്ന പാർട്ടികളിലും മദ്യസൽക്കാരങ്ങളിലും ഉയർന്ന പൊലീസുദ്യോഗസ്ഥന്മാർ അതിഥികളായും വിളമ്പുകാരായും എത്തുന്നത് പതിവായിരിക്കുന്നുവെങ്കിൽ കേരളം എത്തിനിൽക്കുന്നത് എവിടെയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മദ്യസൽക്കാരങ്ങളൊരുക്കുന്നത് ഗുണ്ടാതലവന്മാരോ അധോലോക നായകരോ അവരെയൊക്കെ സംരക്ഷിച്ചുനിർത്തുന്ന വ്യവസായികളോ രാഷ്ട്രീയ നേതാക്കളോ ആയിരിക്കുമെന്നതും തിക്തസത്യമാണ്. ഇതൊക്കെ കണ്ടും അനുഭവിച്ചും വളരുന്ന പുതിയ തലമുറ നേരത്തേ കാലത്തേ ക്രിമിനലുകളുടെ പാതയിലേക്ക് ആകർഷിക്കപ്പെടുന്നത് കണ്ടില്ലെന്നുവെക്കാനാവില്ല.

തിരുവനന്തപുരത്ത് വിളിച്ചുചേർത്ത കോൺഗ്രസ് വിദ്യാർഥി സംഘടനയുടെ പരിപാടി അടിപിടിയിൽ കലാശിച്ചതിന്റെ പിന്നിൽ മദ്യമാണെന്ന് സംഘടന വക്താക്കൾതന്നെ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ഒരുവശത്ത് നടക്കുമ്പോഴാണ് ഐ.ടി പാർക്കുകളിൽകൂടി ബാറുകൾ ആരംഭിക്കാനും മാസം ഒന്നാംതീയതി ബാറുകൾ അടച്ചിടണമെന്ന വിലക്കുകൂടി എടുത്തുകളയാനും സർക്കാർ തീരുമാനിക്കാൻ പോവുന്നത്. അതിന്റെ പിന്നിൽ നടന്നതായി വെളിപ്പെട്ട കോടികളുടെ കോഴയാണ് ഇപ്പോൾ വിവാദവിഷയം. അല്ലാതെ സർക്കാറിന്റെ അത്യുദാരമായ മദ്യനയം തിരുത്തേണ്ടതിന്റെ ആവശ്യകതയല്ല. ഇത്തരമൊരു അധാർമിക സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളുടെയും തെമ്മാടികളുടെയും ആതിഥ്യം സ്വീകരിക്കുന്നത് മാത്രം വലിയ ആനക്കാര്യമല്ല. തൽക്കാലം ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ ചില സസ്​പെൻഷനുകളൊക്കെ നടക്കും എന്നേ കരുതേണ്ടതുള്ളൂ.

Tags:    
News Summary - Police friendship of gangsters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT